Sunday December 11, 2016
Latest Updates

കാശ്മീര്‍ വിഘടന വാദി നേതാവ് മസ്രത്ത് ആലം അറസ്റ്റില്‍

കാശ്മീര്‍ വിഘടന വാദി നേതാവ് മസ്രത്ത് ആലം അറസ്റ്റില്‍

കേന്ദ്രസര്‍ക്കാറിന്റെ ശക്തമായ സമ്മര്‍ദ ഫലമായി വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തു. ശ്രീനഗറില്‍ ഇന്ത്യാ വിരുദ്ധ റാലി നടത്തിയതിനാണ് അറസ്റ്റ്.  പുല്‍വാമ ജില്ലയിലെ ത്രാള്‍ ടൗണില്‍ ഇന്ന് നടത്താനിരുന്ന റാലിക്ക് പോലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.

ത്രാള്‍ ടൗണില്‍ റാലി നടത്താന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്ന് ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനിയെയും മസ്രത്ത് ആലമിനെയും ഇന്നലെ രാത്രിമുതല്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. അറസ്റ്റിലാണെങ്കിലും റാലിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ആലം പറഞ്ഞു. എന്തൊക്കെ തടസ്സം സൃഷ്ടിച്ചാലും പരിപാടിയില്‍ ജനപങ്കാളിത്തം കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ റാലി പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആലം കുറ്റപ്പെടുത്തി.

ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും കശ്മീരിലേക്ക് മടങ്ങിയെത്തിയ ഗീലാനിയെ സ്വീകരിക്കാന്‍ വേണ്ടി ശ്രീനഗറില്‍ ആലം സംഘടിപ്പിച്ച റാലിയില്‍ ഇന്ത്യാവിരുദ്ധത പ്രകടമായിരുന്നു. ലഷ്‌കര്‍ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹഫീസ് സെയ്ദിനൊപ്പം ചേരാന്‍ ആഹ്വാനം ചെയ്ത ആലം അനുയായികള്‍ക്കൊപ്പം പാകിസ്താന്‍ പതാക വീശുന്ന ദ്രിശ്യങ്ങളും പുറത്തു വന്നിരുന്നു.

ഇതേ തുടര്‍ന്നാണ് ആലത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് കര്‍ശന നടപടി ആവശ്യപ്പെട്ടത്. കശ്മീര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ആലത്തിനെ പിഡിപി ബിജെപി സഖ്യം അധികാരത്തില്‍ എത്തിയതോടെയാണ് മോചിപ്പിച്ചത്.

Scroll To Top