Sunday March 25, 2018
Latest Updates

അയര്‍ലണ്ടില്‍ ഏറ്റവും അധികം മക്കളുള്ള മലയാളി കുടുംബത്തിന് ലോക ജനസംഖ്യാ ദിനത്തില്‍ പറയാനുള്ളത് ….

അയര്‍ലണ്ടില്‍ ഏറ്റവും അധികം മക്കളുള്ള മലയാളി കുടുംബത്തിന് ലോക ജനസംഖ്യാ ദിനത്തില്‍ പറയാനുള്ളത് ….

ന്ന് ലോകജനസംഖ്യാ ദിനത്തില്‍ ഞാന്‍ മാര്‍ട്ടിന്‍ ജോസഫിനെ കുറിച്ചാണ് ഓര്‍മ്മിച്ചത്.അയര്‍ലണ്ടിലെ മലയാളികള്‍ മൂക്കന്നൂര്‍ മാളിയേക്കല്‍ കുടുംബാംഗമായ മാര്‍ട്ടിന്‍ ജോസഫിനെ അറിയാന്‍ സാധ്യതയുണ്ട്.അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികളില്‍ ഏറ്റവും അധികം മക്കളുള്ള റിക്കോര്‍ഡുമായാണ് മാര്‍ട്ടിനും ഭാര്യ സ്മിതാമോള്‍ മാര്‍ട്ടിനും അറിയപ്പെടുന്നത്. താമസിക്കുന്നത് പുണ്യഗ്രാമമായ നോക്കിലാണ് .നോക്കിലെ മാതാവിന്റെ അനുഗ്രഹമായാണ് ഇത്രയും മക്കളെ തങ്ങള്‍ക്കു ലഭിച്ചതെന്ന് കരുതുന്ന ഈ ദമ്പതികള്‍ കൂടുതല്‍ മക്കളുണ്ട് എന്ന ഒറ്റ കാരണത്താല്‍ ഒത്തിരിയേറെ സന്തോഷമാണ് അനുഭവിക്കുന്നത് എന്ന് ലോകത്തിന് സാക്ഷ്യം നല്‍കാന്‍ മടിയ്ക്കാത്തവരാണ്.

ഡബ്ലിനില്‍ കഴിഞ്ഞ മാസം നടന്ന കേരളാ ഹൗസ് കാര്‍ണിവല്‍ വേളയിലാണ് ഞാന്‍ മാര്‍ട്ടിനെയും കുടുംബത്തെയും പരിചയപ്പെടുന്നത്.കൗണ്ടി മേയോയില്‍ നിന്നും മണിക്കൂറുകളോളം വണ്ടിയോടിച്ചു ഡബ്ലിനില്‍ എത്തിയ ഇവര്‍ വളരെ വൈകും വരെ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.തിരക്കുകള്‍ക്കിടയിലും അയര്‍ലണ്ടിലെ ആഘോഷങ്ങളിലും മലയാളി കൂട്ടായ്മകളിലും സജീവമാകാന്‍ ഈ കുടുംബം ഏറെ ശ്രദ്ധിക്കാറുണ്ട്.

2005 ല്‍ അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി എത്തിയ കിഴക്കമ്പലം സ്വദേശിനി സ്മിതമോളെ മാര്‍ട്ടിന്‍ ജോലി ചെയ്തിരുന്ന അമേരിക്കയിലേയ്ക്ക് കൊണ്ടുപോകാമെന്നായിരുന്നു ഉദ്ദേശ്യം.ജോലിയായും പിന്നീട് ബിസിനസ് രംഗത്തും വര്‍ഷങ്ങള്‍ അമേരിക്കയില്‍ ജോലി ചെയ്ത മാര്‍ട്ടിന് അതത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല താനും.എന്നാല്‍ ഇടയ്ക്ക് അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍ട്ടിന്‍ നോക്കിനെയും സ്മിതമോളോടൊപ്പം പ്രണയിച്ചു പോയതോടെ കഥ മാറി.അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങള്‍ വിറ്റ് 2007 ല്‍ നോക്കില്‍ തന്നെ സ്ഥിര താമസമാക്കി.

മൂന്നാം ക്ലാസ്‌കാരി മരിയ മുതല്‍ രണ്ടര വയസുകാരികളായ അന്നയും സേറയും വരെയുള്ള ആറു മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.ജോസഫ് മാര്‍ട്ടിന്‍,ഡേവിഡ് മാര്‍ട്ടിന്‍,ഡാനിയേല്‍ മാര്‍ട്ടിന്‍ എന്നിങ്ങനെ മൂന്ന് ആണ്‍മക്കളും ഇവര്‍ക്കിടയിലുണ്ട്.

ഓരോ മക്കളും ഒരോ അനുഗ്രഹമായാണ് തങ്ങള്‍ കരുതുന്നത് എന്നാണ് ഈ ദമ്പതികള്‍ക്ക് പറയാനുള്ളത്.ഓരോ കുടുംബത്തിനും ജഗദീശ്വരന്‍ ഒരു അനുഗ്രഹം അനുഗ്രഹം നല്‍കുമ്പോള്‍ അതു സ്വീകരിക്കുക എന്ന കടമയുമുണ്ട്. ദൈവത്തോടും പ്രകൃതിയോടും ചെയ്യുന്ന അനീതിയാവും അത്തരം അനുഗ്രഹത്തെ നിഷേധിക്കലിലൂടെ ചിലര്‍ ചെയ്യന്നത് എന്ന അഭിപ്രായമാണ് ഈ ദമ്പതികള്‍ക്കുള്ളത്.അധികം മക്കളുള്ളത് കൊണ്ടു തങ്ങള്‍ക്ക് ഒരു കുറവും ഉള്ളതായി ഇവര്‍ കരുതുന്നതേയില്ല.

ജനസംഖ്യയെകുറിച്ചുള്ള പരിചിന്തനത്തിന് വേണ്ടി ഐക്യരാഷ്ട്ര സഭ മാനവരാശിയുടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രത്യേകദിനമാണ് ജൂലൈ 11. ലോക ജനസംഖ്യാദിനം.

ജനസംഖ്യ ഓരോ രാജ്യത്തും വ്യത്യസ്തമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ നല്ല ഭാവിയ്ക്ക് ജനസംഖ്യ കുറയ്ക്കണം എന്നാണ് ലക്ഷ്യമിടുന്നത്.jana2

ഇപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ 120 കോടിയില്‍ അധികമാണ്. ഇത് 2101 ആവുമ്പോഴേക്കും ഇരട്ടി കവിയുമെന്നാണ് പ്രശസ്ത ജനസംഖ്യാ വിദഗ്ധന്‍ കാള്‍ ഹോബിന്റെ പഠനം വ്യക്തമാക്കുന്നത്. എങ്കിലും ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ വികസിത രാജ്യമെന്ന പദവി നേടാന്‍ നടത്തേണ്ട പോരാട്ടത്തിനെക്കാള്‍ കടുത്ത രീതിയില്‍ ദാരിദ്ര്യത്തിനെതിരെ പോരാടേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ പഠനങ്ങള്‍.എന്നാല്‍ അത്തരത്തിലുള്ള പഠനങ്ങള്‍ എത്രത്തോളം ശരിയാണ് എന്നത് പുനഃപരിശോധിക്കേണ്ടതുണ്ട് എന്ന് കരുതുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ ഏറെയാണ്.

വളരുന്ന ജനതതിയെ പോറ്റാനും പരിപാലിക്കാനും നമ്മള്‍ വളരുന്നുണ്ടോ എന്ന ചോദ്യത്തിന് അനുകൂലമായി ഉത്തരം പറഞ്ഞാല്‍ ജനസംഖ്യാ പ്രശ്നത്തിന് ഉത്തരമാകും.പക്ഷെ അത്തരമൊരു ചോദ്യത്തിന് ശരിയായ മറുപടി കണ്ടെത്താനും പരിഹാരം കണ്ടെത്താനും ശ്രമിക്കുന്നുണ്ടോ എന്നതാണ് ചിന്താവിഷയമാക്കേണ്ടത്.ജനസംഖ്യാ വര്‍ദ്ധനവും ദാരിദ്ര്യവും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ ലോകവ്യാപകമായി ജനസംഖ്യ വര്‍ദ്ധിച്ചിട്ടും ദാരിദ്ര്യം വര്‍ദ്ധിക്കുന്നില്ല എന്നത് വസ്തുതയാണ്.

ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വര്‍ദ്ധന തോത് 1952നെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി നേരെ മറിച്ചും. ഉത്തര്‍പ്രദേശ് പോലെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു മാതാവിന് ശരാശരി നാല് കുട്ടികള്‍ വരെയുണ്ട്.

അയര്‍ലണ്ടിലാവട്ടെ ജനസംഖ്യാ വളര്‍ച്ച കീഴ്പ്പോട്ടാണ്.1841 ലെ സെന്‍സസ് പ്രകാരം 6.5 മില്യണ്‍ ജനങ്ങള്‍ ഉണ്ടായിരുന്ന അയര്‍ലണ്ടിലെ ഇപ്പോഴത്തെ ജനസംഖ്യ 4.58 മില്യണ്‍ മാത്രമാണ്.എങ്കിലും യൂറോപ്പിലെ ഏറ്റവും കൂടിയ ജനസംഖ്യാ വളര്‍ച്ചയുള്ള രാജ്യം എന്ന നിലവാരത്തില്‍ അയര്‌ലണ്ട് എത്തികഴിഞ്ഞു.

അമേരിക്ക അടുത്തകാലത്ത് പുറത്തുവിട്ട കണക്ക് അനുസരിച്ച് ലോക ജനസംഖ്യ 2012 ആവുമ്പോഴേക്കും ഏഴ് ബില്യന്‍ കവിയും. ലോക ജനസംഖ്യാ നിരക്ക് ഇപ്പോള്‍ 1.2 ശതമാനമെന്ന കണക്കിലാണ് വര്‍ദ്ധിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ വിദ്യാസമ്പന്നമാവുന്നതിനൊപ്പം നിരക്കില്‍ കുറവ് ഉണ്ടാവുമെന്നും കരുതുന്നു. കണക്കുകള്‍ പ്രകാരം 2050 ആവുമ്പോഴേക്കും ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 0.5 ശതമാനം എന്ന നിലയിലേക്ക് താഴും.

ലോകം ആപത്കരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു എന്നു പറയുമ്പോള്‍ നാം ഭാരതത്തിന്റെ മാത്രം അവസ്ഥ കണ്ടാല്‍ പോര.ലോകത്തെ ഒന്നായി കാണുക തന്നെ വേണം.

നോക്കിലെ മാര്‍ട്ടിന്‍ ജോസഫും കുടുംബവും ലോകത്തിനു നല്‍കുന്ന സന്ദേശം അതാണ്.കുറയുന്ന ജനസംഖ്യ വഴി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കാന്‍ നാം അനുവദിച്ചു കൂടാ.ഒരിടത്ത് കുറയ്ക്കാനുള്ള ശ്രമം തുടരുമ്പോള്‍ മറുഭാഗത്തു ജനസംഖ്യ വര്‍ദ്ധിക്കുന്ന പ്രതിഭാസം തുടര്‍ന്നാലേ ലോകത്തിന് കൃത്യമായ ദശാസന്ധികള്‍ കടന്ന് പോകാനാവൂ.

ഒരു ചിരിയോടെ മാര്‍ട്ടിനും എന്നോട് പറഞ്ഞു.’ദൈവം അനുവദിച്ചാല്‍ ഇനിയും എത്രപേരെ വേണമെങ്കിലും സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍!’
റെജി സി ജേക്കബ്

Scroll To Top