Wednesday December 07, 2016
Latest Updates

ഇന്ത്യക്കാരെ ചീത്ത വിളിച്ച നടനെ പുറത്താക്കി

ഇന്ത്യക്കാരെ ചീത്ത വിളിച്ച നടനെ പുറത്താക്കി

ബെല്‍ഫാസ്റ്റ് :ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന ട്വീറ്റുകളുമായി രംഗത്തെത്തിയ പാകിസ്ഥാന്‍ സ്വദേശിയായ നടനെ ബ്രിട്ടീഷ് ചാനല്‍ തങ്ങളുടെ സീരിയലില്‍ നിന്ന് പുറത്താക്കി.സംഭവത്തില്‍ മാപ്പ് പറഞ്ഞെങ്കിലും വംശീയ വിദ്വേഷത്തിന്റെ അതിപ്രസരം മൂലമാണ് നടന് നടപടിയെ നേരിടേണ്ടി വന്നത്.

പ്രമുഖ ചാനലായ ഐ.ടി.വിയാണ് ഇന്ത്യാവിരുദ്ധ ട്വീറ്റുകളുടെ പേരില്‍ മാര്‍ക് അന്‍വര്‍ എന്ന 45കാരനായ നടനെ പുറത്താക്കിയത്. ലോകത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ടെലിവിഷന്‍ പരമ്പരയും ബ്രിട്ടനിലെ ജനപ്രിയ പരമ്പരകളില്‍ ഒന്നുമായ കോറണേഷന്‍ സ്ട്രീറ്റ് എന്ന സീരിയലില്‍ നിന്നാണ് മാര്‍ക്ക് അന്‍വറിനെ ഒഴിവാക്കിയത്.

മാര്‍ക് അന്‍വറിന്റെ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വച്ച് സണ്‍ഡേ മിറര്‍ പ്രസിദ്ധികരീച്ച വാര്‍ത്തയാണ് വിവാദങ്ങളിലേയ്ക്ക് നയിച്ചത്. കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട മാര്‍ക് അന്‍വറിന്റെ ട്വീറ്റുകളാണ് വിവാദമായത്. നമ്മുടെ കാശ്മീരി സഹോദരന്മാരെയും സഹോദരിമാരേയും ഇന്ത്യക്കാര്‍ കൊന്നുതള്ളുന്നു. ഇന്ത്യക്കാരെ ‘ബാസ്റ്റര്‍ഡ്സ്’ എന്നാണ് മാര്‍ക് അന്‍വര്‍ വിശേഷിപ്പിക്കുന്നത്. പാകിസ്ഥാനി നടീനടന്‍മാര്‍ ഇന്ത്യയില്‍ ജോലി ചെയ്യരുതെന്നും അന്‍വര്‍ ആവശ്യപ്പെടുന്നു. ഒപ്പം മറ്റ് അധിക്ഷേപ പരാമര്‍ശങ്ങളുമുണ്ട്.

ഇന്ത്യക്കാരെ അധിക്ഷേപിച്ച് കൊണ്ടുള്ള അന്‍വറിന്റെ പരാമര്‍ശങ്ങള്‍ തീര്‍ത്തും അപലപനീയവും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്ന് ഐ.ടി.വി വ്യക്തമാക്കി. ഇതില്‍ വംശീയ വിദ്വേഷവും അടങ്ങിയിട്ടുണ്ടെന്ന് ഐ.ടി.വി വക്താവ് അഭിപ്രായപ്പെട്ടു. ജിംനേഷ്യം നടത്തുന്ന ഷെരീഫ് നസീര്‍ എന്ന കഥാപാത്രത്തെയാണ് കോറണേഷന്‍ സ്ട്രീറ്റില്‍ മാര്‍ക് അന്‍വര്‍ അവതരിപ്പിക്കുന്നത്. ടോം ഹാങ്ക്സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പോള്‍ ഗ്രീന്‍ഗ്രാസിന്റെ ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍ ഫിലിപ്സ് അടക്കമുള്ളവയില്‍ മാര്‍ക് അന്‍വര്‍ അഭിനയിച്ചിട്ടുണ്ട്. ലോകടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരമ്പരയായ കോറണേഷന്‍ സ്ട്രീറ്റ് 1960ലാണ് ആരംഭിച്ചത്. ചാള്‍സ് രാജകുമാരന്‍ അടക്കമുള്ളവര്‍ പരമ്പരയില്‍ അതിഥി താരങ്ങളായി എത്തിയിട്ടുണ്ട്.

Scroll To Top