Monday December 05, 2016
Latest Updates

സ്വവര്‍ഗ വിവാഹ റഫറണ്ടം:സര്‍വേ ഫലങ്ങള്‍ ഒപ്പത്തിനൊപ്പം ,മലയാളികള്‍ ഏത് പക്ഷത്തിന് വോട്ടുചെയ്യും?

സ്വവര്‍ഗ വിവാഹ റഫറണ്ടം:സര്‍വേ ഫലങ്ങള്‍ ഒപ്പത്തിനൊപ്പം ,മലയാളികള്‍ ഏത് പക്ഷത്തിന് വോട്ടുചെയ്യും?

ഡബ്ലിന്‍ :സ്വവര്‍ഗാനുരാഗ വിവാഹം നിയമവിധേയമാക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് അയര്‍ലണ്ടില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയുടെ ഫലം ഏകദേശം ഒപ്പത്തിനൊപ്പമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്രയും നാളും ഹിതപരിശോധനയില്‍ ‘യെസ്’ മൂളുന്നവരായിരുന്നു കൂടുതലെങ്കിലും ഇപ്പോള്‍ നോ എന്ന് പറയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഐറിഷ് ടൈംസും ഐപിഎസ്ഒഎസ് എംആര്‍ബിഐയും ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ് അനുകൂലിക്കുന്നവര്‍ക്കൊപ്പം പ്രതികൂലിക്കുന്നവരുടെ എണ്ണവും എത്തിയത്. മെയ് 22നാണ് ഹിതപരിശോധന വോട്ടെടുപ്പ്. അതിനായുള്ള ക്യാംപെയ്‌നിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നടത്തിയ സര്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ ആറു ശതമാനം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ സര്‍വെയില്‍ അനുകൂലിക്കുന്നവരുടെ എണ്ണം 80 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 74 ആയി കുറഞ്ഞു.

സാമ്പിള്‍ സര്‍വെയില്‍ വിജയിക്കുമെന്ന് തോന്നിയ പല ഹിതപരിശോധനകളും വോട്ടെടുപ്പിന്റെ സമയത്ത് പരാജയപ്പെട്ട ചരിത്രം അയര്‍ലണ്ടിലുണ്ട്.അതുകൊണ്ട് തന്നെ വോട്ടെടുപ്പ് കഴിയുമ്പോള്‍ മാത്രമെ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ മനസ്സിലിരിപ്പ് എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു.

സ്വവര്‍ഗാനുരാഗ വിവാഹത്തിന് ചെറുപ്പക്കാര്‍ക്കിടയില്‍ നല്ല പിന്തുണയുണ്ടെങ്കിലും പ്രായം കൂടുന്തോറും ഇതിനെ എതിര്‍ക്കുന്നവരുടെ എണ്ണം കൂടുതലാണ്. 65 വയസ്സിന് മുകളിലുള്ളവരുടെ ഗ്രൂപ്പില്‍നിന്നാണ് നോ യെ പിന്തുണയ്ക്കുന്നവര്‍ ഏറ്റവും കൂടുതലുള്ളത്. ഹിതപരിശോധനാ വോട്ടിംഗ്
പോലുള്ള സാഹചര്യത്തില്‍ ഏറ്റവു കൂടുതല്‍ വോട്ടു ചെയ്യാന്‍ എത്തുന്നതും ഈ എയ്ജ് ഗ്രൂപ്പിലുള്ളവരാണ് എന്നതിനാല്‍ ഇവരുടെ നിലപാട് നിര്‍ണ്ണായകമാണ്.

ലിംഗാടിസ്ഥാനത്തില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നതായി സര്‍വേ ഫലത്തില്‍ വ്യക്തമാക്കുന്നത്.തൊഴിലിന്റെ അടിസ്ഥാനത്തില്‍ നോ വോട്ടു ചെയ്യുക കൂടുതലും കൃഷിക്കാരാണ്.

സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്വവര്‍ഗാനുരാഗ വിവാഹത്തോട് ഭരണകക്ഷികളായ ഫിനെ ഗെലിനും ലേബര്‍ പാര്‍ട്ടിക്കും യോജപ്പാണ്.ലേബര്‍ വോട്ടര്‍മാരില്‍ 80 ശതമാനം ആളുകളും ഫിനെ ഗെല്‍ വോട്ടര്‍മാരില്‍ 59 ശതമാനം വോട്ടര്‍മാരും യെസ് എന്ന് അഭിപ്രായമുള്ളവരാണ്.സിന്‍ ഫിനിലാവട്ടെ 70 ശതമാനം പേരും കത്തോലിക്കാ ആഭിമുഖ്യമുള്ള ഫിനാഫാളിലെ 54 ശതമാനം പേരും യെസ് വോട്ടു ചെയ്യുന്നവരാണ്.

റഫറണ്ടം വോട്ടെടുപ്പില്‍ താരതമ്യേനെ കുറഞ്ഞ പോളിംഗാണ് നടക്കാറുള്ളത് എന്നതിനാല്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരുടെയും വോട്ടുകള്‍ നിര്‍ണ്ണായകമാണ്.പൊതുവെ യാഥാസ്ഥിതികര്‍ എന്ന് വിശേഷിക്കപ്പെടുന്ന ഇന്ത്യാക്കാര്‍ അടക്കമുള്ള ഒരു ലക്ഷത്തോളം കുടിയേറ്റ വോട്ടര്‍മാരില്‍ കൂടുതലും നോ വോട്ടായിരിക്കും ചെയ്യുകയെന്നാണ് നിരീക്ഷകര്‍ പറയുന്നത്.എന്നാല്‍ ഇവരില്‍ എത്ര പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കും എന്നത് ഹിതപരിശോധനയുടെ ഫലത്തെ ബാധിക്കുക തന്നെ ചെയ്യും.

രണ്ട് റഫറണ്ടങ്ങളാണ് ഒന്നിച്ചു നടക്കുന്നത്.രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണമോ എന്നാണ് രണ്ടാമത്തെ റഫറണ്ടത്തിലെ വിഷയം.

Scroll To Top