Tuesday December 06, 2016
Latest Updates

കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ മാത്യു വട്ടക്കുഴി കാലം ചെയ്തു

കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ മാത്യു വട്ടക്കുഴി കാലം ചെയ്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ മാത്യു വട്ടക്കുഴി കാലം ചെയ്തു. ചൊവ്വാഴ്ച മൂന്നോടെ കാരിത്താസ് ആശുപത്രിയിലായിരുന്നു ദേഹവിയോഗം.
1977 ഫെബ്രുവരിയില്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ ചാന്‍സിലറും വികാരിജനറാളുമായിരുന്നു.

1987 ല്‍ രൂപതാ ബിഷപ്പായി നിയമിക്കുകയായിരുന്നു. 2001 ല്‍ വിരമിച്ച ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഭൗതികശരീരം ഇന്നു വൈകുന്നേരം ആറിന് മാതൃ ഇടവകയായ ചെങ്കല്‍ തിരുഹൃദയ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ബുധനാഴ്ച രാവിലെ 7.30നു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഒന്‍പതിന് വിലാപയാത്രയായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ രണ്ടിന് സമൂഹബലിയോടെ ശുശ്രൂഷകള്‍ ആരംഭിച്ച് കത്തീഡ്രലില്‍ കബറടക്കം നടത്തും.

1930 ഫെബ്രുവരി 20ന് വാഴൂര്‍ ചെങ്കല്‍ തിരുഹൃദയപള്ളി ഇടവകാംഗ വട്ടക്കുഴിയില്‍ പരേതരായ ജോസഫ്- റോസമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. വാഴൂര്‍ എല്‍പി സ്‌കൂള്‍, 18-ാം മൈല്‍ മാര്‍ത്തോമ യുപി സ്‌കൂള്‍, പൊന്‍കുന്നം കെവിഎം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1947-ല്‍ ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. ശ്രീലങ്കയിലെ കാന്‍ഡി, പൂന മേജര്‍ സെമിനാരികളില്‍ വൈദിക പഠനത്തിനുശേഷം 1956ല്‍ മാര്‍ മാത്യു കാവുകാട്ട് പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

എരുമേലി അസംപ്ഷന്‍ ഫെറോന, ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു. 1959ല്‍ മാര്‍ മാത്യു കാവുക്കാട്ടിന്റെ സെക്രട്ടറിയായി. തുടര്‍ന്ന് കനോന്‍ നിയമത്തില്‍ റോമില്‍ നിന്ന് ഡോക്ടറേറ്റ് നേടി.1964, 73 വര്‍ഷങ്ങളില്‍ ചങ്ങനാശേരി അതിരൂപതയുടെ ചാന്‍സിലറായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം അമേരിക്കയില്‍ സേവനമനുഷ്ഠിച്ചു.

1977 ഫെബ്രുവരിയില്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ ചാന്‍സിലറും വികാരി ജനറാളുമായിരുന്നു. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായപ്പോള്‍ ഒരു വര്‍ഷം രൂപത അഡ്മിനിസ്‌ട്രേറ്ററായിരുന്നു. 1987 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി അഭിഷക്തനായി. 2001 ജനുവരിയില്‍ വിരമിച്ചശേഷം കാഞ്ഞിരപ്പള്ളി ബിഷപ്‌സ് ഹൗസില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 2005-ലായിരുന്നു പൗരോഹിത്യ സുവര്‍ണ ജൂബിലി.

ദേഹവിയോഗ വേളയില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ കാരിത്താസ് ആശുപത്രിയിലുണ്ടായിരുന്നു

Scroll To Top