Thursday November 15, 2018
Latest Updates

ക്ഷണിച്ചവരെ സ്വീകരിക്കാനാവാതെ മനോജ് യാത്രയായി,  സ്വാന്തനവുമായി അയര്‍ലണ്ടിലെ മലയാളികള്‍ 

ക്ഷണിച്ചവരെ സ്വീകരിക്കാനാവാതെ മനോജ് യാത്രയായി,  സ്വാന്തനവുമായി അയര്‍ലണ്ടിലെ മലയാളികള്‍ 

കില്‍കോക്ക് (കൗണ്ടി കില്‍ഡയര്‍)’ നാളെ നമുക്ക് കാണാം,വരുമല്ലോ?’ പ്രത്യാശയോടെ മനോജ് സക്കറിയ ആ വാക്കുകള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍ത്തിരിക്കില്ല അതിനും മുമ്പേ സ്വര്‍ഗ്ഗമാലാഖാ തന്നെ അനന്തതയുടെ തീരത്തേക്ക് കൂട്ടാനെത്തുമെന്ന്….നിറഞ്ഞ പ്രതീക്ഷയോടെ അയര്‍ലണ്ടിന്റെ സ്വപ്നഭൂമിയിലെത്തിയായ കില്‍കോക്കിലെ മനോജ് സക്കറിയ എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രമായിരുന്നു ആ സന്ദേശം അയച്ചത്.

അയര്‍ലണ്ടിലെ ഹെവന്‍ലീ ഫീസ്റ്റ് കൂട്ടായ്മയുടെ പാസ്റ്റര്‍ നൈജു ഡാനിയേലിനെ സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മനോജ് സന്ദേശം അയച്ചത്.മനോജും മക്കളും അയര്‍ലണ്ടില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കില്‍കോക്കിലെ ഇവരുടെ ഭവനത്തില്‍ ഒരു പ്രാര്‍ഥനാശുശ്രൂഷ നടത്താമെന്ന് നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചിരുന്നു.അതനുസരിച്ച് ഇന്നലെയായിരുന്നു ആ പ്രാര്‍ഥനാ യോഗം നടക്കേണ്ടിയിരുന്നത്.ഏറെപേരെ ആ യോഗത്തിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തിരുന്നു. മരണത്തിലെയ്ക്കാണ് താന്‍ പോവുന്നതെന്ന് അറിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഫോണ്‍ സന്ദേശത്തിലൂടെ പാസ്റ്റര്‍ നൈജുവിനോടും നടത്തിയത്.

പക്ഷേ ആ പുതിയ തുടക്കത്തിന് മുമ്പേ അനുഗ്രഹം തേടിയുള്ള അര്‍ത്ഥനയ്ക്കും മുമ്പേ മനോജിനെ സ്വന്തം സന്നിധിയിലേക്ക് വിളിയ്ക്കാനായിരുന്നു ദൈവത്തിനിഷ്ടം.

സൗദിയില്‍ വര്‍ഷങ്ങള്‍ കൂട്ടിവെച്ച സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ചതിനൊപ്പം ബാങ്ക് വായ്പ കൂടിയെടുത്താണ് കൂരോപ്പടയില്‍ സ്വന്തമായി ഒരു കൊച്ചു വീട് പണുത്തത്.കഴിഞ്ഞ വര്‍ഷം വീടിന്റെ കേറിത്താമസം കഴിയുമ്പോള്‍ തന്നെ അയര്‍ലണ്ടിലേക്കുള്ള ജോലി ഏതാണ്ട് ഉറപ്പാക്കിയിരുന്നു.നല്ല കാലത്തിന്റെ ആ സ്വപ്‌നം കൂടി കണ്ടുകൊണ്ടാണ് ബാങ്ക് ലോണ്‍ എടുത്തത്.

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ വിട്ട് അയര്‍ലണ്ടിലേക്ക് പോരുമ്പോള്‍ ഷിജിയും പ്രതീക്ഷിച്ചത് ഭര്‍ത്താവിനെയും,മക്കളെയും എത്രയും വേഗം കൂട്ടി ഇവിടെയെത്താമെന്നാണ്.അങ്ങനെ ഒരു വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ശേഷമാണ് മനോജും,മക്കളും ഡിസംബര്‍ 27 ന് അയര്‍ലണ്ടില്‍ എത്തിയത്.ഒരു പകലിന് ശേഷം വീണ്ടും ജീവിതം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍.ആ വിശ്രമദിനത്തിന്റെ അവസാനമാണ് മനോജ് നിത്യവിശ്രമത്തിലേയ്ക്ക് യാത്രയായത്.

മക്കളായ പത്തുവയസുകാരി മിക്ക എലിസബീത്തിനെയും,സാബിയോ സക്കറിയായെയും (5 വയസ്)തൊട്ടടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഇനിയും വിശ്വസിക്കാനായിട്ടില്ല ഷിജിയ്ക്ക്.അസ്വസ്ഥതകള്‍ ഉണ്ടെന്ന് അറിയാമായിരുന്നു.കാലാവസ്ഥാവ്യത്യാസത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് എന്നാണ് അവര്‍ കരുതിയത്.ഒറ്റനോട്ടത്തില്‍ കുഴപ്പങ്ങള്‍ ഒന്നും കാണാനും ഇല്ലായിരുന്നു.പുലര്‍ച്ചെ അടുക്കളയിലേയ്ക്ക് വെള്ളമെടുക്കാന്‍ പോയ മനോജ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

കണ്ണീരടങ്ങാതെ വിധിയുടെ നിയോഗത്തിന് കീഴടങ്ങാനേ ആ കുടുംബത്തിന് ഇനിയാവു.ഈ വിദൂരദേശത്ത് എത്തിച്ച് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവകരങ്ങളില്‍ അവരെ ഏല്‍പ്പിച്ച് സ്വര്‍ഗസീയോനിലേയ്ക്ക് നിശ്ചിത സമയത്ത് മനോജ് യാത്രയാവുകയായിരുന്നു.

അയര്‍ലണ്ടിലെ മലയാളികള്‍ ഇന്നലെ ദിവസം തുടങ്ങിയത് ആ ദുഃഖവാര്‍ത്ത അറിഞ്ഞുകൊണ്ടായിരുന്നു.ഈ മനോഹരനാട്ടില്‍ ജീവിതം തുടങ്ങാനെത്തിയ മലയാളി സഹോദരന്റെ നിര്യാണവാര്‍ത്ത ഏവരെയും ഞെട്ടിച്ചു.

കില്‍കോക്കിലെ മലയാളി സമൂഹം മാത്രമല്ല,ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ അജ്ഞാതനായ ആ സുഹൃത്തിന്റെ വിയോഗമറിഞ്ഞു പാഞ്ഞെത്തിയിരുന്നു.മനോജും കുടുംബവും ഉള്‍പ്പെട്ട ഹെവന്‍ലീ ഫീസ്റ്റ് വിശ്വാസസമൂഹത്തിലെ എല്ലാ അംഗങ്ങളും തന്നെ കില്‍കോക്കിലെത്തിയിരുന്നു.സംഘടനാ പ്രതിനിധികളും,മത സാംസ്‌കാരികനേതാക്കളും ആ കുടുംബത്തിന് ആശ്വാസവുമായെത്തി.പാസ്റ്റര്‍ നൈജു ഡാനിയേലിന്റെയും,പാസ്റ്റര്‍ ബിനിലിന്റേയും നേതൃത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തപ്പെട്ടു. വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ര്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യനും സ്വാന്തനവുമായെത്തി.

ഈ വിദൂര ദേശത്ത് ഞങ്ങളെല്ലാം കൂടെയുണ്ടെന്ന സമാശ്വാസം ആ കുടുംബത്തെ ഒട്ടൊന്നുമല്ല ആശ്വസിപ്പിച്ചത്.കൈയ്യിലും,ബാങ്കിലുമെല്ലാം ഉണ്ടായിരുന്ന പണമെല്ലാം കൂട്ടിവെച്ചാണ് അയര്‍ലണ്ടിലേക്കുള്ള ടിക്കറ്റ് എടുത്തത്.ഈ ദേശത്തിലാണ് അവര്‍ പ്രതീക്ഷയര്‍പ്പിച്ചത്.

ആ കുടുംബത്തിന്റെ അപ്രതീക്ഷിത ദുഃഖത്തിലും നഷ്ടത്തിലും,മനസറിഞ്ഞു സഹായിക്കാന്‍ എല്ലാവരും വളരെ പെട്ടന്ന് തന്നെ തയാറെടുക്കുകയാണ്.ഫ്യുണറല്‍ ഹോമിന്റെ ചിലവുകളിലേയ്ക്കും,നാട്ടിലേക്കുള്ള യാത്രയ്ക്കും ,സംസ്‌കാര ചടങ്ങുകള്‍ക്കും മാര്‍ഗം കണ്ടെത്തണമെന്ന ഉദ്ദേശമെങ്കിലും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്.പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഷിജിമോള്‍ എവിടെ നിന്നും ഇതൊക്കെ പെട്ടന്ന് കണ്ടെത്തും ?

സഹായിക്കേണ്ടത് അയര്‍ലണ്ടിലെ മലയാളി സമൂഹമാണ് എന്ന തിരിച്ചറിവിലാണ് ഷിജിമോളുടെ അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കില്‍കോക്കിലെ മലയാളികളും,വിവിധ സാമൂഹ്യപ്രവര്‍ത്തകരും,സംഘടനകളും രംഗത്തിറങ്ങുന്നത്. പാസ്റ്റര്‍ നൈജു ഡാനിയേല്‍ ,വിനോദ് ഓസ്‌കാര്‍, ചില്‍സ് കുര്യാക്കോസ്,വിധു സോജിന്‍ എന്നിവരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഒരു താത്കാലിക സംവിധാനം ഈ ആവശ്യത്തിലേയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രതിസന്ധിയിലും സങ്കടത്തിലും അലയുന്ന മനോജിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന് ആഗ്രഹിക്കുന്ന സുമനസുകള്‍ക്ക് താഴെകാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നല്‍കാവുന്നതാണ്.

ഷിജിമോള്‍ തോമസ് 
IBAN -IE93AIBK93320134398056 .BIC-AIBKIE2D.

Scroll To Top