Wednesday May 23, 2018
Latest Updates

മലയാള മനോരമയുടെ മികച്ച കഥകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് അയര്‍ലണ്ടിലെ രാജന്‍ വയലുങ്കലിന്റെ കഥയും

മലയാള മനോരമയുടെ മികച്ച കഥകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് അയര്‍ലണ്ടിലെ  രാജന്‍ വയലുങ്കലിന്റെ കഥയും

ഡബ്ലിന്‍:മലയാളമനോരമ ഓണ്‍ലൈന്‍ കേരളം പിറവിയോട് അനുബന്ധിച്ച് പ്രവാസികള്‍ക്കായി നടത്തിയ ചെറുകഥാ മത്സരത്തില്‍ മികച്ച കഥകളായി തിരഞ്ഞെടുക്കപ്പെട്ടവയുടെ പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള രാജന്‍ ദേവസ്യ വയലുങ്കലിന്റെ കഥയും.

മണ്‍കുടുക്ക’ എന്ന രാജന്‍ വയലുങ്കലിന്റെ കഥയാണ് മനോരമ നടത്തിയ കഥാമത്സരത്തിലെ മികച്ച ആറു കഥകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത്.

മലബാറിലെ ഒരു ഗ്രാമത്തിലേക്ക് ആദ്യമായി ജോലി കിട്ടി പോയ ചെറുപ്പക്കാരനായ ഒരാള്‍ ആദ്യ ശമ്പളവും വാങ്ങി ഓണാഘോഷത്തിനായി ഗ്രാമത്തിലേക്ക് മടങ്ങുന്ന കഥ ഹൃദയസ്പര്‍ശിയായാണ് രാജന്‍ ദേവസ്യ’മണ്‍കുടുക്കയില്‍’വിവരിക്കുന്നത്.

ഐറിഷ് മലയാളി’യടക്കമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഒട്ടേറെ കഥകള്‍ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.പുതിയ ഒരു നോവലിന്റെ പണിപ്പുരയിലാണ് തിരക്കിനിടയിലും ഇപ്പോള്‍ രാജന്‍ വയലുങ്കല്‍.ജീവിതത്തില്‍ ആദ്യമായി എഴുതിയ ഒരു കഥ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും വലിയ ഒരു മാധ്യമത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്ലിനിലെ പ്രമുഖമായ ‘മലയാളം സംഘടനയുടെ സെക്രട്ടറി കൂടിയായ ഡബ്ലിന്‍കാരുടെ പ്രിയപ്പെട്ട രാജേട്ടന്‍’ സെന്റ് ജെയിംസസ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്.സിന്‍ഡിക്കേറ്റ് ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹം ചങ്ങനാശേരി സ്വദേശിയാണ്.

ഭാര്യ മോനി രാജന്‍  ദമാമിലെ കിംഗ് ഫാഗദ് മിലട്ടറി ഹോസ്പിറ്റലിലെ നഴ്സിംഗ് അസിസ്റ്റന്റ് ഡയറക്റ്ററായി ജോലി ചെയ്യുന്നു.

മനോരമ കഥാ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രാജന്‍ വയലുങ്കലിന്റെ ‘മണ്‍കുടുക്ക’ വായിക്കാം mank

ദ്രമായി അടുക്കിവെച്ച ഓര്‍മ്മയുടെ കെട്ടുകളില്‍ പതുക്കെയൊന്നു തലോടി. വെറുതെ ഒരു കൗതുകം. ഏറെ… വളരെയേറെ പഴക്കമുളള ഓര്‍മ്മകള്‍. അവയിലലിഞ്ഞു ചേര്‍ന്ന കണ്ണീരിന്റെ നനവും, സ്‌നേഹത്തിന്റെ പരിശുദ്ധിയും സന്തോഷത്തിന്റെ തിരത്തളളലും എന്നെ അസ്വസ്ഥനാക്കി.

ഉത്രാടത്തലേന്നു ബാങ്കില്‍ തിരക്കുണ്ടായിരുന്നു. അടുത്ത രണ്ടു ദിവസം ഓണാവധി. ഉച്ചയ്ക്കു തന്നെ പൊയ്‌ക്കൊളളാന്‍ മാനേജര്‍ പ്രത്യേക അനുവാദം തന്നു. ഇനി എത്ര ദൂരം യാത്ര ചെയ്താലാണ് വീട്ടിലെത്തുക?

ഒരു മാസം കൊണ്ട് ബാങ്കിലെ ജോലി കുറെയൊക്കെ മനസ്സിലാക്കി. കൂട്ടലുകളും കിഴിക്കലുകളും, ഒടുവില്‍ രണ്ടറ്റവും കൂട്ടി മുട്ടണം – ഡെബിറ്റും ക്രെഡിറ്റും. ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍ എന്തെല്ലാം എഴുതിച്ചേര്‍ക്കാനിരിക്കുന്നു. ഇനിയിപ്പോള്‍ അതാകാം. പഴയതൊക്കെ മായിക്കണം. പട്ടിണി, ദാരിദ്ര്യം, അപകര്‍ഷകത, അവഗണന- ഒക്കെ മായിക്കണം.

ദാരിദ്ര്യം ഒരു പാപമല്ലെന്ന് എംടിയുടെ ‘കാല’ ത്തില്‍ കൃഷ്ണന്‍കുട്ടി സേതുവിനോടു പറയുന്നത് ഓര്‍മ്മയിലെത്തി. ദാരിദ്ര്യം ശാപമായിരിക്കാം. എന്റേത് ആരുടെ ശാപമാകാം? ഭൂതകാലം ചികഞ്ഞെടുത്തു സ്വയം മുറിവേല്‍പ്പിക്കണ്ട. ഒരു താത്വികന്റെ മേലങ്കി എടുത്തണിഞ്ഞു.

കാഷ്യറുടെ കൈയ്യില്‍ നിന്നു വാങ്ങിയ ആദ്യ ശമ്പളം പാന്റിന്റെ കീശയില്‍ സൂക്ഷിച്ചു വച്ചു. വഴിച്ചെലവിനുളളത് ഷര്‍ട്ടിന്റെ കീശയിലും. ആദ്യ ശമ്പളം ; 981 രൂപ. ബാങ്കിങ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷയെഴുതി കിട്ടിയ സ്ഥിരമായ ജോലി. ആരുടെയൊക്കെയോ പുണ്യവും പ്രാര്‍ത്ഥനയും ; അമ്മയുടെ, അനുജത്തിയുടെ, സുഹൃത്തുക്കളുടെ, ഗുരുക്കന്മാരുടെ….

അമ്മ അന്നും ഇന്നും എന്റെ ദൗര്‍ബ്ബല്യം. അച്ഛനെക്കുറിച്ച് നേരിയ ഓര്‍മ്മ മാത്രം. അച്ഛനും അമ്മയും എനിക്കൊരാള്‍ തന്നെ; അമ്മ. അച്ഛന്‍ എന്തിനു ഞങ്ങളെ ഉപേക്ഷിച്ചു പോയെന്നറിയില്ല. ജീവിതത്തില്‍ നിന്ന് ഒരൊളിച്ചോട്ടം. ഞാന്‍ ചോദിച്ചിട്ടില്ല, അമ്മ പറഞ്ഞിട്ടുമില്ല,കുറ്റപ്പെടുത്തിയിട്ടുമില്ല. അമ്മ ഞങ്ങളെ വളര്‍ത്തി വലുതാക്കി, പഠിപ്പിച്ചു. അയല്‍പക്കങ്ങളിലെ വീട്ടുവേല, കന്നുകാലി വളര്‍ത്തല്‍…നൊമ്പരങ്ങള്‍ തന്റേതു മാത്രമാക്കി ഒതുക്കിവച്ചു. സ്വാഭിമാനം ആര്‍ക്കും തീറെഴുതി കൊടുക്കാതെ ഞങ്ങളെ ഇത്രടമെത്തിച്ച അമ്മയെ തൊഴുകൈയ്യോടെ അല്ലാതെ കാണാനാവില്ല.

അമ്മ പലപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു – നല്ലതു ചിന്തിക്കുക, പ്രവര്‍ത്തിക്കുക. ശരിയും തെറ്റും തിരിച്ചറിയുക. അമ്മയുടെ വാക്കുകള്‍ മനസില്‍ കൊണ്ടുനടക്കുന്നു, വേദവാക്യം പോലെ. ചെറിയ പഠിപ്പു മാത്രമുളള ഒരാളുടെ വലിയ മൂര്‍ച്ചയുളള വാക്കുകള്‍.

ഞാന്‍ സുഹൃത്തുക്കളോടു യാത്ര പറഞ്ഞിറങ്ങി രവി എന്നെ കാത്തു നിന്നു.

ബാങ്ക് ജോലിയില്‍ പ്രവേശിക്കാന്‍ മലബാറിലെ ഈ മലയോര ഗ്രാമത്തിലെത്തിയ ആദ്യനാള്‍ മുതല്‍ രവി എന്റെ ഉറ്റവനും ഉടയോനുമായി. അപരിചിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നത് രവി. ഇന്നലെകളിലെ ദുഃഖങ്ങളുടെ ചെപ്പു തുറക്കുമ്പോള്‍ അതേറ്റു വാങ്ങുകയും പ്രതികരിക്കുകയും ചെയ്യുന്ന ശുദ്ധ മനുഷ്യന്‍. ബാങ്ക് സമയം കഴിഞ്ഞാല്‍ വെറുതെ കുശലം പറഞ്ഞിരിക്കും. അല്ലെങ്കില്‍ എങ്ങോട്ടെങ്കിലും യാത്ര. ഗുളികനും, വസൂരിയും, തീ ചാമുണ്ഡിയും ഉറഞ്ഞു തുളളിയ തെയ്യത്തറകളില്‍, കൊട്ടിയൂര്‍ ക്ഷേത്രത്തില്‍, പറശ്ശിനി കടവില്‍……

ബാങ്ക് ജോലിക്കാരന്റെ പ്രൗഢിക്കു ചേരാത്ത ബാഗും തൂക്കി രവി ഒപ്പം നടന്നു. തലേ രാത്രിയിലെ കനത്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഭൂമി ഇപ്പോഴും വിറ കൊളളുന്നു. സുഖമുള്ളൊരു കുളിരില്‍ പുതിയ നാമ്പുകള്‍ തല നീട്ടുന്നു. തെളിഞ്ഞ ആകാശത്തു വെളളി മേഘങ്ങള്‍ ഘോഷയാത്ര നടത്തുന്നു. പൂ പറിച്ചു നടക്കുന്ന കുസൃതി പിളേളര്‍ക്കു പിടി കൊടുക്കാതെ ചെമ്പരത്തിപ്പൂക്കള്‍ വേലിക്കല്‍ അഹങ്കാരത്തോടെ ഇളകിയാടി. ഓണത്തുമ്പികള്‍ തൊട്ടും തൊടാതെയും കുന്തളിച്ചു പാറി നടന്നു. വര്‍ണ്ണശലഭങ്ങള്‍ പൂച്ചെത്തിയെ പുല്‍കാന്‍ ശ്രമിക്കുകയും ചിലപ്പോഴൊക്കെ പരാജയപ്പെടുകയും ചെയ്യുന്നു.

കര്‍ക്കിടകത്തിലെ മല വെളളപ്പാച്ചിലില്‍ ടാറിട്ട റോഡിലാകെ കുഴികള്‍ രൂപം കൊണ്ടു. പാഞ്ഞു വന്ന വണ്ടികള്‍ കുഴിയിലെ ചെളി വെളളം തെറിപ്പിച്ചു കടന്നു പോയി. ചാലുകള്‍ കീറി അലസമായൊഴുകിയ ഉറവ വെളളത്തില്‍ കാലുകള്‍ നനച്ചു ഞാന്‍ രവിയോടൊപ്പം രണ്ടു ഫര്‍ലോങ് അകലെയുളള പേരാവൂര്‍ ബസ് സ്റ്റാന്‍ഡിലേക്കു നടന്നു.

ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ മേലാകെ വിയര്‍പ്പില്‍ കുളിച്ചു. നടപ്പിന്റെ വേഗത കൊണ്ടാകാം ശരീരത്തിനു ചെറിയൊരു തളര്‍ച്ച തോന്നി. പക്ഷേ, ഓണത്തിരക്കിന്റെ ആരവം ആവേശം കൊളളിച്ചു. ആള്‍ത്തിരക്കില്‍ രവി തന്നെ ആദ്യം ബസില്‍ കയറി എനിക്കിരിക്കാന്‍ സീറ്റൊപ്പിച്ചു. ബാഗ് സീറ്റിനടിയിലും വച്ചു. യാത്ര പറയുമ്പോള്‍ അമ്മയേയും അനിയത്തിയേയും അന്വേഷണം അറിയിക്കാന്‍ രവി പറഞ്ഞു.

പേരാവൂരില്‍ നിന്നു തലശ്ശേരി വഴി കോഴിക്കോട് വരെ ബസ് യാത്ര. അവിടെ നിന്നു മറ്റൊരു ബസില്‍ ചങ്ങനാശേരിയിലെത്തണം. ബസ് തലശ്ശേരി വിട്ടപ്പോള്‍ വലതു വശത്തു കടലും, മുക്കുവ കുടിലുകളും കണ്ടു. കടല്‍ക്കാറ്റിന്റെ ഉപ്പുരസത്തില്‍ മയങ്ങണമെന്നു തോന്നി. പക്ഷേ, ആഗ്രഹങ്ങളും പ്രതീക്ഷകളും പീലി വിടര്‍ത്തിയാടാന്‍ തുടങ്ങിയപ്പോള്‍ മയക്കം വഴി മാറി. കരയെ പുല്‍കാന്‍ ആര്‍ത്തിയോടെ വന്ന വമ്പന്‍ തിരമാലകള്‍ കടല്‍ഭിത്തിയില്‍ തലതല്ലി ചിതറുന്നതു കണ്ടു.

ജോലി കിട്ടിയതിനുശേഷം ആദ്യമായി നാട്ടിലെത്തുമ്പോഴുളള സുന്ദര നിമിഷങ്ങള്‍. അമ്മയ്ക്കും, അനിയത്തിക്കും, ഓണസമ്മാനം. അല്ലെങ്കില്‍ വേണ്ട, അതൊക്കെ അമ്മയുടെ ഇഷ്ടം പോലെ ചെയ്തു കൊളളട്ടെ. തന്നെ ഉളളറിഞ്ഞു സ്‌നേഹിച്ച സുഹൃത്തുക്കള്‍ക്കും, ഗുരുക്കന്മാര്‍ക്കും, എന്തെങ്കിലുമൊക്കെ ചെയ്യണം. ആദ്യ ശമ്പളം അവര്‍ക്കു കൂടി അവകാശപ്പെട്ടതാണ്.

ചങ്ങനാശേരിയില്‍ ഉറക്കച്ചടവോടെ ബസിറങ്ങിയപ്പോള്‍ പാതിരാ കഴിഞ്ഞു. ബാഗ് തോളത്തിട്ട് നടക്കാന്‍ തീരുമാനിച്ചു. രണ്ടു മൈല്‍ ദൂരം നടക്കാവുന്നതേയുളളൂ. നിരത്തില്‍ ആളുകള്‍ പതിവിലും കൂടുതലുണ്ട്. ഓണ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന രാത്രിയില്‍ നിഴലെനിക്കു കൂട്ടായി. ഈ പാടവരമ്പ് പിന്നിട്ട്, കൈത്തോട് മുറിച്ചു കടന്ന്, പൊക്കത്തില്‍ കാണുന്ന, തിണ്ണയില്‍ റാന്തല്‍ വിളക്കു മുനിഞ്ഞു കത്തുന്ന എന്റെ വീട്ടിലെത്താന്‍ അധിക നേരം വേണ്ട.

ഇടവപ്പാതിയിലെ തിമിര്‍പ്പിനുശേഷവും കൈത്തോട്ടില്‍ വെളളം കുറഞ്ഞിട്ടില്ല. നിശ്ചലമായി ഒഴുകുന്നെന്നു മാത്രം. പരല്‍ മീനുകള്‍ തുടിക്കുമ്പോള്‍ മുകള്‍പ്പരപ്പില്‍ വൃത്തങ്ങള്‍ വലുതാകുന്നത്. നിലാവെളിച്ചത്തില്‍ ദൃശ്യമായി. അമ്മ ഉറങ്ങിയിട്ടുണ്ടാവില്ല. ഈ രാത്രിയില്‍ എന്നോടൊപ്പം ഉണ്ണാതെ അമ്മ ഉറങ്ങില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ഞാന്‍ കൈത്തോട് ചാടിക്കടന്നു. ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന ചില്ലറ തുട്ടുകള്‍ കലപില കൂട്ടിയതു ശ്രദ്ധിച്ചു.

പാന്റിന്റെ കീശയില്‍ ഭദ്രമായി വെച്ച ആദ്യ ശമ്പളത്തിന്റെ പുത്തന്‍നോട്ടുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു. കീശയില്‍ കൈയ്യിട്ടപ്പോള്‍ പണമുണ്ടായിരുന്നില്ല… കീശ തന്നെ അറുത്തുമാറ്റിയിരിക്കുന്നു! ബസിലെ തിരക്കില്‍ എപ്പഴോ അതു സംഭവിച്ചിരിക്കണം. ഒറ്റ നിമിഷം കൊണ്ട് പീലി വിടര്‍ത്തിയാടിയ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും കരിഞ്ഞു വീണു.

നിലാവ് അസ്തമിച്ചു. കാലുകള്‍ക്ക് കൂരിരുട്ടിന്റെ കരിമ്പടത്തില്‍ ചവുട്ടി നടക്കാനുളള ശക്തിയില്ലാതായി.
അമ്മയെ കാണാതെ, അനിയത്തിയെ കാണാതെ, തിരികെപ്പോയാലോ എന്നു ചിന്തിച്ചു. പാടില്ലെന്ന് മനസ് ശക്തമായി വാദിച്ചു.

ആളനക്കം കേള്‍പ്പിക്കാതെ പതുക്കെ കതകില്‍ മുട്ടി. അമ്മ കതകു തുറന്നു. കെട്ടിപ്പിടിച്ചു വിതുമ്പി. എന്റെ മാനസികാവസ്ഥ അമ്മയ്ക്കറിയില്ലല്ലോ. അനിയത്തിയെ ഉണര്‍ത്താതെ അമ്മയോടു കാര്യം പറഞ്ഞു. കൈയ്യിലൊന്നുമില്ലാതെ ഓണദിവസങ്ങള്‍ അവിടെ ചെലവഴിക്കാന്‍ പറ്റാത്തതിന്റെ ബുദ്ധിമുട്ട് അമ്മ മനസിലാക്കി. സൂക്ഷിച്ചു വച്ച മണ്‍കുടുക്ക കൈയ്യിലേല്‍പ്പിച്ച് അമ്മ പറഞ്ഞു ‘ ഇതില്‍ ബസ് കൂലിക്കും അത്യാവശ്യം ചെലവിനും വേണ്ട നാണയങ്ങള്‍ ഉണ്ടാകും. മോന്‍ തിരികെ പൊയ്‌ക്കോളൂ. ഒന്നു കൂടി ഓര്‍ക്കുക. ജീവിതയാത്ര ഇവിടം കൊണ്ടു തീരുന്നില്ല. തളര്‍ന്നു പോയാല്‍ എങ്ങുമെത്തിച്ചേരില്ല’

നിലാവ് മായും മുമ്പേ, നാടുണരും മുമ്പേ, ഉണ്ണികളും പൂത്തുമ്പികളും ഉണരും മുമ്പേ, ചെത്തിയും ചെമ്പരത്തിയും തുമ്പയും കോളാമ്പിയും ഇതള്‍ വിടര്‍ത്തും മുമ്പേ ഞാന്‍ തിരികെ നടന്നു. മണ്‍ കുടുക്കയുടെ ഭാരം എന്നെ വഴി നടത്തിച്ചു.

 

Scroll To Top