Sunday September 24, 2017
Latest Updates

എല്ലാവരും മാന്യന്മാരും,മാണി മാത്രം മദ്യം മണക്കുന്നവനും!

എല്ലാവരും മാന്യന്മാരും,മാണി മാത്രം മദ്യം മണക്കുന്നവനും!

ന്തൊരു വിരോധാഭാസം, മദ്യക്കച്ചവടക്കാരില്‍ നിന്നു പണം കൈപ്പറ്റിയ സംസ്ഥാനത്തെ ഏക വ്യക്തി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയാണെന്ന് ആരൊക്കെയോ ചേര്‍ന്നു കണ്ടെത്തിയിരിക്കുന്നു..! ഇനി അദ്ദേഹത്തെ കൈയാമം വയ്ക്കുക, തെരുവിലൂടെ നടത്തുക, ജയിലിലാക്കുക, ശിക്ഷയായി തൂക്കുമരം വരെ കൊടുക്കാം. അതോടെ അത്തരമൊരു വലിയൊരു നിയമരാഹിത്യം മലയാളമണ്ണില്‍ നിന്നുതന്നെ അപ്രത്യക്ഷമായിക്കൊള്ളും പോലും..!

കഷ്ടം. എത്ര വിചിത്രവും വിഭ്രാന്തവും വിരോധാഭാസവുമാണു സമീപകാല കേരള മനസ്. തിരിച്ചടിക്കാത്ത ഒരാളെ വളഞ്ഞിട്ട് ആക്രമിക്കാന്‍ കിട്ടിയാല്‍ നിര്‍ദയം കടിച്ചുകീറാന്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത സമൂഹമായി മലയാളി മാറിയിരിക്കുന്നു എന്നതാണു കെ.എം. മാണിക്കെതിരേയുള്ള ആരോപണങ്ങളും ആക്രോശങ്ങളും വ്യക്തമാക്കുന്നത്. മാണി മദ്യക്കാരില്‍ നിന്നു കോഴ വാങ്ങി പോലും. അതൊരു വലിയ കുറ്റമാണത്രെ. മാണി ഇനി ആര്‍ക്കും തൊട്ടുകൂടാന്‍ പാടില്ലാത്തവനാണെന്നു പോലും മുദ്ര വയ്ക്കപ്പെട്ടിരിക്കുന്നു..!

മദ്യക്കച്ചവടം നല്ലതോ ചീത്തയോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. മദ്യം നിയമവിധേയമായി വില്‍ക്കുന്നവര്‍ തൊട്ടുകൂടാത്ത വരൊന്നുമല്ല. അങ്ങനെയാകാന്‍ പാടില്ല. പശുവിറച്ചിയും പന്നിയിറച്ചിയും വില്‍ക്കുന്നവര്‍ പോലും ഈ നാട്ടിലുണ്ട്. അവരുമായി ഇടപാടുകളുള്ള ഒരുപാടൊരുപാട് ആളുകള്‍ പൊതുസമൂഹത്തില്‍ പല തട്ടുകളില്‍ ജീവിക്കുന്നു. മദ്യക്കച്ചവടക്കാര്‍ ഭരണത്തില്‍പ്പോലുമിരിക്കുന്നു. എന്നിട്ടും മദ്യത്തെയും മദ്യക്കച്ചവടത്തെയും അവരുടെ പണത്തെയും അപഹസിക്കും വിധത്തില്‍, മദ്യക്കച്ചവടക്കാരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്ന ശീലം ചിലര്‍ക്കെങ്കിലും കൈവന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ സ്വാധീനം തന്നെ, സംശയമില്ല.

മദ്യം മണക്കുന്ന പണം എന്നൊന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെയാണ് ഈ കപടസദാചാരം. മത്സ്യമാംസങ്ങള്‍ സ്പര്‍ശിച്ച നോട്ട് എനിക്കുവേണ്ട എന്നു സസ്യഭുക്കുകള്‍ പറഞ്ഞാലെങ്ങനെയിരിക്കും?!

കെ.എം. മാണി കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക കക്ഷിയുടെ അനിഷേധ്യ നേതാവാണ്. മാണി കോണ്‍ഗ്രസ് മുന്നണിയുടെ ഒപ്പമാണെങ്കിലും, അദ്ദേഹത്തെ കൂടെ കിട്ടിയാല്‍ കൊള്ളാം എന്ന് സിപിഎമ്മും ബിജെപിയും ഏറെ നാളായി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസിനൊപ്പം തന്നെ എക്കാലവും നിന്നുകൊള്ളാം എന്ന ചിന്തയൊന്നും മാണിക്കുമില്ല. പ്രായോഗിക രാഷ്ട്രീയമാണു കേരള കോണ്‍ഗ്രസ് എക്കാലവും പയറ്റുന്നത്. ആ പാര്‍ട്ടിക്ക് ഒരു പ്രത്യയശാസ്ത്രം ഉണ്ടെങ്കില്‍, അത് അന്നന്നത്തെ പ്രായോഗിക രാഷ്ട്രീയം എന്നതു മാത്രമാണ്.

അരനൂറ്റാണ്ടായി പ്രതിയോഗിയില്ലാത്ത രാഷ്ട്രീയ നേതാവായി ജീവിക്കുന്ന കെ.എം. മാണിയെപ്പോലെ ഒരാള്‍ എന്തുകൊണ്ടു കേരളത്തിന്റെ മുഖ്യമന്ത്രിയായില്ല എന്ന ചോദ്യം മാണിയെയും കേരളത്തെയും നന്നായി അറിയാവുന്ന ലോകത്തെ ഏതൊരാളും സ്വാഭാവികമായി ചോദിച്ചുപോകും. എന്നിട്ടും മാണി സാറിന് അതിനുള്ള അവസരമൊത്തില്ല. റബ്ബറും മദ്യവും മലഞ്ചരക്കും കത്തോലിക്കാ സഭയും എങ്ങനെ ഒന്നിച്ചുപോകും എന്ന ചോദ്യത്തിനുള്ള ഉത്തരം പോലെ തന്നെ സങ്കീര്‍ണമാണു മാണി സാറിന്റെ മുഖ്യമന്ത്രിപദവും.
മാണി മാത്രം എങ്ങനെ മദ്യക്കച്ചവടക്കാരുടെ പണം വിതരണത്തില്‍ ഏക പ്രതിയായി എന്നതാണ് അത്ഭുതം.

മദ്യക്കച്ചവടക്കാരുടെ, മദ്യക്കമ്പനികളുടെ, കള്ളവാറ്റുകാരുടെ പണം കൈക്കില തൊട്ടു വാങ്ങാത്ത ഏതൊരാളാണു കേരള രാഷ്ട്രീയത്തിലുള്ളതെന്നു നെഞ്ചില്‍ കൈവച്ചു പറയട്ടെ. എന്നിട്ടാവാം മാണിയെ ക്രൂശിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിനെതിരേ രംഗത്തുവന്നിരിക്കുന്ന ബാര്‍ ഉടമകള്‍ ഏതു ദൈവത്തിന്റെ മുന്നില്‍ നിന്നാണു സത്യമിടുക, കെ.എം. മാണിക്കല്ലാതെ വേറെയൊരാള്‍ക്കു തങ്ങള്‍ ഇന്നോളം ചില്ലിക്കാശ് കൊടുത്തിട്ടില്ല എന്ന്, കാര്യങ്ങള്‍ പലതും സാധിച്ചെടുത്തിട്ടില്ല എന്ന്.

മദ്യക്കച്ചവടക്കാരില്‍ നിന്നു പിരിവു വാങ്ങുന്നതു വലിയൊരപരാധമായി മാറിയതെന്നാണ്? മുഴുവന്‍ രാഷ്ട്രീയക്കാരും ഉത്തരം പറയേണ്ട ചോദ്യമാണിത്. മദ്യം മണക്കുന്ന പണം വീട്ടിലും ഓഫിസിലും കെട്ടുകെട്ടായി എത്തിച്ചതിന്റെ കണക്കുകള്‍ മദ്യക്കച്ചവടക്കാര്‍ തുറന്നു പറഞ്ഞാല്‍ ജയിലില്‍ കിടക്കാന്‍ കെ.എം. മാണി ഒറ്റയ്ക്കാവില്ല, പല നിറങ്ങളിലുള്ള നൂറുകണക്കിനു നേതാക്കളുണ്ടാവും. എന്നിട്ടും മാണി എങ്ങനെ ഏക പ്രതിയാകുന്നു എന്നതാണു പ്രശ്‌നം. ഇതൊരു കേവല നിയമപ്രശ്‌നമല്ല. ധാര്‍മികത എന്നൊന്നുണ്ടെങ്കില്‍, ആയതിന്റെ അടിസ്ഥാനത്തില്‍ കൂടിയുള്ള പ്രശ്‌നമാണ്. മദ്യക്കച്ചവടത്തെ ഏറ്റവും നീചമായ ബിസിനസായി ആരാണു കേരളത്തില്‍ അവതരിപ്പിച്ചത് എന്നതും പ്രശ്‌നമാണ്.

നിയമപരമായി നികുതിയടച്ചു നിയമവിധേയമായി കച്ചവടം നടത്തുന്ന ഒരാളെ, അയാള്‍ വില്‍ക്കുന്ന വസ്തുവിനെ മാത്രം വിലയിരുത്തി നല്ലവന്‍, മോശക്കാരന്‍ എന്നൊക്കെ മുദ്ര കുത്തുന്നതാണു പ്രശ്‌നം. ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത വൈചിത്ര്യം. മദ്യത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ വില്‍പ്പനക്കാര്‍ സര്‍ക്കാര്‍ തന്നെയാണ് എന്നോര്‍ക്കുക..!

മാണി ഇപ്പോള്‍ ഈ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടതിനു മുഖ്യകാരണക്കാരന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. സുധീരന്റെ നയത്തെ പരസ്യമായി തള്ളിപ്പറഞ്ഞു തന്റെ പാര്‍ട്ടിയുടെ നിലപാട് സുവ്യക്തമായി അവതരിപ്പിക്കാന്‍ കഴിയാതെ പോയ മാണി തന്നെയാണ് ഈ പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണക്കാരന്‍.

മദ്യനയത്തില്‍ ആടിക്കളിച്ചു എന്നതാണു കെ.എം. മാണി എന്ന ദീര്‍ഘദര്‍ശിയായ രാഷ്ട്രീയക്കാരനു ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അമളി. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചു റെക്കോഡിട്ട ധനമന്ത്രിയായിട്ടു കൂടി അദ്ദേഹത്തിനു മദ്യനയത്തില്‍ പാളിച്ച പറ്റി. അവിടെയാണ് ഈ പതനത്തിനു തുടക്കം.

എനിക്കെന്താ മുഖ്യമന്ത്രിയായാല്‍ എന്ന ന്യായമായ ചോദ്യം ഇടയ്‌ക്കെപ്പൊഴോ അല്‍പ്പം ഉറക്കെ ചോദിച്ചുപോയി എന്നതാണു മറ്റൊരപരാധം. അവിടെത്തുടങ്ങി ശനിദശ. അങ്ങനെയങ്ങു സ്വയം പ്രഖ്യാപിച്ചാലോ എന്നായി ഇടത്തും വലത്തുമുള്ള പല നേതാക്കളും. അവര്‍ അവസരം കാത്തിരുന്നു. വാരിക്കുഴികള്‍ ഒരുക്കിവച്ച് മറ്റു ചിലരും. വീണയുടന്‍ ആര്‍പ്പുവിളിക്കാന്‍ എല്ലാ കോണിലും ആളുണ്ടായി. വീണാല്‍ ചവിട്ടും എന്ന പൊതു രാഷ്ട്രീയ സ്വഭാവം മാണി സാറിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നു.

ഓര്‍ക്കാപ്പുറത്തു പ്രധാനമന്ത്രിയായവരെത്ര..! നരസിംഹ റാവുവും വി.പി. സിങ്ങും ചന്ദ്രശേഖറും ദേവഗൗഡയും മന്‍മോഹന്‍ സിങ്ങുമെല്ലാം അങ്ങനെ അപ്രതീക്ഷിതമായി ആ വലിയ പദവിയിലെത്തിയവരാണ്. അരങ്ങില്‍ ശ്രീധരനും വീരേന്ദ്രകുമാറും ഒ. രാജഗോപാലുമൊക്കെ കേന്ദ്രമന്ത്രിമാരായതും അങ്ങനെതന്നെ. ചില പ്രത്യേക സാഹചര്യങ്ങളാണ് ഇവരെയൊക്കെ കേന്ദ്രമന്ത്രിമാരാക്കിയത്. ഇങ്ങനെ ചിലര്‍ക്കൊക്കെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആകാന്‍ കഴിഞ്ഞിട്ടും കെ.എം. മാണിക്കു കേരളം വിട്ടൊരു തട്ടകം കിട്ടിയില്ല എന്നതു പഠനാര്‍ഹമാക്കേണ്ട വിഷയം തന്നെ.

ഒപ്പം കൊണ്ടുനടന്നു വളര്‍ത്തി വലുതാക്കി എംപിയാക്കിയിട്ടും, ചതിച്ചു കാലുമാറിപ്പോയ പി.സി. തോമസ് പോലും കേന്ദ്രമന്ത്രിയായി എന്നോര്‍ക്കുമ്പോഴാണു കെ.എം. മാണിയുടെ നഷ്ടം എത്ര വലുതെന്നു ബോധ്യപ്പെടുക.

മാണി അകപ്പെട്ട കെണി ഒട്ടും ചെറുതല്ല. തീര്‍ത്തും നിസാരവും സര്‍വസാധാരണവുമായ ഒരു വിഷയത്തില്‍ ഇത്രത്തോളം രാഷ്ട്രീയമായി ഒറ്റപ്പെട്ടുപോകുന്ന ഒരവസ്ഥ ഇദ്ദേഹത്തെപ്പോലെ ഒരാള്‍ക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. എന്നിട്ടും അതു സംഭവിച്ചുവെങ്കില്‍ കള്ളന്‍ കപ്പലില്‍ത്തന്നെ. എല്ലാവരും മാന്യന്മാരും മാണി മാത്രം മദ്യം മണക്കുന്നവനും എന്നത് ആരെയാണു ചിരിപ്പിക്കാത്തത്, ചിന്തിപ്പിക്കാത്തത്?

വി ആര്‍ കുമാര്‍ 

Scroll To Top