Saturday December 03, 2016
Latest Updates

ബാര്‍ കോഴക്കേസില്‍ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു 

ബാര്‍ കോഴക്കേസില്‍ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു 

തിരുവനന്തപുരം:ധനമന്ത്രി കെ എം മാണി മന്ത്രിസ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചനകള്‍.മന്ത്രിയോടൊപ്പം ഉണ്ടെന്ന് പുറത്തു മേനി പറയുന്ന കോണ്‍ഗ്രസ് മാണിയെ കൈവിടുന്നതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ പോലും ഭിന്നിപ്പും പിളര്‍പ്പും ഉണ്ടാകുന്ന വിധത്തില്‍ കാര്യങ്ങള്‍ നീങ്ങിയെക്കാം.മാണി ഒറ്റയ്ക്കല്ല എന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അദ്ധേഹത്തിന് പാര്‍ട്ടിയുടെ പൂര്‍ണ്ണപിന്തുണ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

അതെ സമയം ബാര്‍ കോഴ കേസില്‍ കുടുങ്ങിയ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. തുടര്‍ന്നു സഭ ഇന്നേക്കു പിരിഞ്ഞു. ഡല്‍ഹിയിലായിരുന്ന മന്ത്രി കെ.എം. മാണി ഇന്ന് സഭയിലെത്തിയിരുന്നു.

രാവിലെ ചോദ്യത്തോരവള ആരംഭിച്ചപ്പോഴുള്ള പ്രതിപക്ഷ പ്രതിഷേധം ശമിക്കാതെ വന്നതോടെയാണ് സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മാണി രാജിവയ്കുക, പുറത്താക്കുക തുടങ്ങിയ പ്‌ളക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷം ബഹളംവച്ചു.

ആദ്യ ചോദ്യത്തിനുള്ള മറുപടിക്കായി മന്ത്രി എം. കെ. മുനീര്‍ എഴുന്നേറ്റതും പ്രതിപക്ഷം ബഹളം തുടങ്ങി. അത് രൂക്ഷമായതോടെ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സഭ നിറുത്തി.

ചോദ്യോത്തരവേളയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് പകര്‍ത്താന്‍ അനുവാദമുണ്ട്. എന്നാല്‍, ബഹളത്തെത്തുടര്‍ന്ന് സഭ നിറുത്തിവച്ചതോടെ ദൃശ്യങ്ങള്‍ എടുക്കുന്നത് വിലക്കി.

ചോദ്യോത്തരവേളയുടെ സമയം കഴിഞ്ഞ് വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സുരേഷ് കുറുപ്പാണ് നോട്ടീസിന് നല്‍കിയത്. നിയമം നിയമത്തിന്റെ വഴിക്കും മാണി മാണിയുടെ വഴിക്കുമാണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു.

മാണി രാജിവയ്ക്കണമെന്നും ബാര്‍ കോഴകേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്നും സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് സംഘവുമായി സംസാരിച്ചു എന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. കോഴപ്പണം കണ്ടെത്താന്‍ മന്ത്രി മാണിയുടെ ഓഫീസും വീടും പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. മാണി കുറ്റക്കാരനാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടില്ല. മാണിക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മാണിയും പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ നിലപാടിനെ കുറിച്ച് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണെന്നും മാണി പറഞ്ഞു.

എന്നാല്‍ മാണിയെ രക്ഷിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

വിജിലന്‍സിനെ സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കി. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വി.എസ് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി മാണിയെ പിന്തുണച്ചു. മാണിക്ക് വിജിലന്‍സ് കേസുമായി ബന്ധമില്ല. ബാറുകള്‍ പൂട്ടിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

തുടര്‍ന്നും ബഹളം ശമിക്കാതെ വന്നപ്പോഴാണ് സഭ ഇന്നത്തേയ്ക്കു പിരിയാന്‍ തീരുമാനമായത്.



Scroll To Top