Friday December 09, 2016
Latest Updates

മാണി ഇന്ന് പാലായില്‍ ,രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറുപടി പറയും

മാണി ഇന്ന് പാലായില്‍ ,രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറുപടി പറയും

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് പാലായില്‍ മറുപടി പറയാമെന്ന് മുന്‍ധനമന്ത്രി കെ.എം മാണി. സംശയങ്ങള്‍ ദൂരീകരിച്ച് താന്‍ മടങ്ങി വരും. ആരോടും പരിഭവവും വിദ്വേഷവുമില്ല. എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

അല്പസമയത്തേക്ക് ദുര്‍ബലനാക്കിയാലും ദൈവം ശക്തനാക്കും. ഭരണ നേട്ടങ്ങളിലാണ് തന്റെ സംതൃപ്തി. പ്രശാന്തില്‍ നിന്ന് പ്രശാന്തമായി പാലായിലേക്ക് പോകുന്നുവെന്നും മാണി പറഞ്ഞു. തിരുവനന്തപുരത്തുനിന്നും പാലായിലേക്കുള്ള യാത്രയ്ക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടം മുതല്‍ പാലാ വരെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മാണി യാത്രയാവുന്നത്.ഇന്ന് രാവിലെ പട്ടത്തു നിന്നാണ് യാത്ര പുറപ്പെട്ട മാണിയ്ക്ക് വഴിയിലുടനീളം ആവേശകരമായ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.കൊട്ടാരക്കര, അടൂര്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേര്‍ മാണിയെ കാത്തിരുന്നു. പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കിടങ്ങൂര്‍, പാലാ എന്നിവിടങ്ങളിലും സംസാരിക്കും. യാത്രയില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അനുഗമിക്കും.

പാലായിലെ യോഗത്തില്‍ മന്ത്രി പി.ജെ.ജോസഫ് പങ്കെടുക്കും. ഇന്നലെ ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു മാണി യാത്ര പറഞ്ഞു. ധന, നിമയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും രണ്ട് പ്രത്യേക യോഗങ്ങള്‍ വിളിച്ച് മാണിക്കു വികാരനിര്‍ഭരമായ യാത്രയയപ്പു നല്‍കി.

Scroll To Top