Thursday December 08, 2016
Latest Updates

മാണിയുടെ രാജിക്കായി യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍; കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത

മാണിയുടെ രാജിക്കായി യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍; കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത

കല്‍പ്പറ്റ: ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റയില്‍ പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.

മാണി രാജിവെക്കുന്നതാണ് ജനാധിപത്യ മര്യാദയെന്നും മാണിയെ വയനാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും പോസ്റ്ററില്‍ പറയുന്നു. അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരാന്‍ സാഹചര്യമുള്ളപ്പോള്‍ എന്തിനാണ് ഭരണത്തില്‍ കടിച്ചുപിടിക്കുന്നതെന്നും പോസ്റ്ററില്‍ ആക്ഷേപമുണ്ട്.

കെ കരുണാകരനോട് കാണിക്കാത്ത അനുകമ്പ കോണ്‍ഗ്രസ് എന്തിനാണ് മാണിയോട് കാണിക്കുന്നതെന്നും പോസ്റ്ററില്‍ ചോദിക്കുന്നുണ്ട്.

കേരളാ കോണ്‍ഗ്രസ് എമ്മില്‍ നേതാക്കള്‍ തമ്മില്‍ തുറന്ന യുദ്ധം നടക്കുന്നതിനിടെയാണ് മാണിയുടെ രാജിക്കായി യൂത്ത് കോണ്‍ഗ്രസില്‍നിന്നും സമ്മര്‍ദ്ദമുണ്ടാകുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയപ്പോള്‍ അദ്ദേഹത്തെ തിരുത്തി സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് രംഗത്ത് എത്തിയിരുന്നു. വൈസ് പ്രസിഡന്റ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ഡീന്റെ തിരുത്ത്.

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് യുവജന വിഭാഗം പി.സി. ജോര്‍ജ്ജിന്റെ കോലം കത്തിച്ചത് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ തെളിവാണ്. കോലം കത്തിച്ചവര്‍ വിവരദോഷികളാണെന്നും കോലം കത്തിച്ചത് പാര്‍ട്ടിയാണോ എന്ന് മാണി സാറാണ് പറയേണ്ടതെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള പി.സി. ജോര്‍ജിന്റെ പ്രതികരണം.

Scroll To Top