Wednesday September 20, 2017
Latest Updates

ധനമന്ത്രി കുറ്റകാരനെന്ന നിഗമനത്തിലല്ലെന്ന് ചെന്നിത്തല;പുതിയ തയ്യാറെടുപ്പുകളുമായി മാണി 

ധനമന്ത്രി കുറ്റകാരനെന്ന നിഗമനത്തിലല്ലെന്ന് ചെന്നിത്തല;പുതിയ തയ്യാറെടുപ്പുകളുമായി മാണി 

കൊച്ചി :ബാര്‍ കോഴ കേസില്‍ മാണി കുറ്റക്കാരനാണെന്ന നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രാഥമിക നടപടിയെന്ന നിലയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ചെന്നിത്തല പറഞ്ഞു 

അതെ സമയം മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ സംസ്ഥാനത്തിനു പുത്തരിയല്ലെങ്കിലും മന്ത്രി മാണിക്കെതിരെയുള്ള വിജിലന്‍സ് കേസ് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

യുഡിഎഫിനോടുള്ള മമത അനുദിനം കുറഞ്ഞു കൊണ്ടിരുന്ന കേരള കോണ്‍ഗ്രസിന് ഇടത്തോട്ടുള്ള ചായ്‌വ് കൂടി വന്നപ്പോഴാണ് ബാര്‍ കോഴ കേസ് അരങ്ങിലെത്തിയത്. അതു കൊണ്ടു തന്നെ കേസിനു പിന്നില്‍ കോണ്‍ഗ്രസിന്റെയും പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കരങ്ങളുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നതും.സമീപ കാലത്ത് മധ്യ തിരുവിതാംകൂറില്‍ കേരളാ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റവും കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കിയിരുന്നു.ഇടതു മുന്നണിയോടൊപ്പം മാണിയും കൂടി ചേര്‍ന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ കാറ്റ് മാറിവീശുമെന്നുറപ്പായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ മാണിഗ്രൂപ്പിനെ ഒതുക്കാന്‍ രംഗത്തിറങ്ങിയതിന്റെ അനന്തരഫലമാണ് ബാര്‍ കോഴയായി കേരളാകോണ്‍ഗ്രസിന്റെ മേല്‍ പതിച്ചത്.

സ്വന്തം മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകളില്‍ ഒരു താല്‍പര്യവും കാണിക്കാത്ത യുഡിഎഫ്, മന്ത്രി മാണിക്കെതിരെയുള്ള കേസില്‍ അമിതാവേശം കാണിച്ചുവെന്നാണ് കേരള കോണ്‍ഗ്രസിന്റെ മുഖ്യപരാതി. ആരോപണം വന്നെങ്കിലും പിന്നീട് ബാര്‍ ഉടമകള്‍ തന്നെ അതിനു മേല്‍ ഐസിട്ടതിനാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുമെന്ന് കേരള കോണ്‍ഗ്രസ് കരുതിയിരുന്നില്ല. കേസെടുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നത് അവര്‍ക്കു മനസിലായത്. മന്ത്രിമാരായ എം.കെ.മുനീര്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, പി.ജെ. ജോസഫ് എന്നിവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് കേസുകളുണ്ട്.ഇഴഞ്ഞു നീങ്ങുന്ന തുടരന്വേഷണമാണ് ഇതില്‍ പലതിലും സംഭവിക്കുന്നത്.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ടൈറ്റാനിയം വിഷയത്തില്‍ കേസുമായി വലയുന്നു. മാണിയെ ഒന്നു വിറപ്പിച്ചു വിടുക എന്ന മട്ടില്‍ കോഴ ആരോപണത്തെ തഴുകിക്കൊണ്ടിരുന്ന കോണ്‍ഗ്രസും പെട്ടു പോയത് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന്റെ കടുത്ത നിലപാടിലാണ്. 

കേസെടുക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നും അഥവാ കേസെടുത്തില്ലെങ്കില്‍ താന്‍ അവധിയെടുക്കുകയോ മാറി നില്‍ക്കുകയോ ചെയ്യുമെന്നും വിന്‍സന്‍ എം. പോള്‍ ആഭ്യന്തര മന്ത്രിയെ അറിയിച്ചതായാണു റിപ്പോര്‍ട്ടുകള്‍. അത്തരമൊരു സാഹചര്യം വരുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നറിയാവുന്ന സര്‍ക്കാര്‍ കേസെടുക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. അതിനു മുന്‍പ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മാണിയോടു സംസാരിച്ചുവെങ്കിലും അദ്ദേഹത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നതായിരുന്നില്ല അത്. അങ്ങേയറ്റം അതൃപ്തനാണു മാണിയിപ്പോള്‍. ഇടതു പക്ഷത്തേയ്ക്കുള്ള വഴി ഏതാണ്ടു സുഗമമായി വന്നു എന്നു കരുതിയിരുന്നപ്പോഴാണ് ആക്ഷേപം ഉയര്‍ന്നത്.

ഇടതു മുന്നണി മന്ത്രി മാണി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു നടത്തിയ പ്രഹസന മാര്‍ച്ചുകളിലൊക്കെ സോളാര്‍ വിഷമാണ് ഉന്നയിച്ചിരുന്നത്. മാണി എന്ന പേരു പോലും പലയിടത്തും മിണ്ടിയിരുന്നില്ല. ഇതൊക്കെ ഇടതു പാളയത്തിലേയ്ക്കുള്ള പച്ച സിഗ്‌നലായി കേരള കോണ്‍ഗ്രസും മാണിയും കരുതിയിരുന്നു. മാണി മുഖ്യമന്ത്രിയായാല്‍ എന്താണു സംഭവിക്കുക എന്ന മട്ടിലേയ്ക്കു വരെ കാര്യങ്ങളെത്തിയിടത്തു നിന്നുളള ഈ പതനം കേരള കോണ്‍ഗ്രസിനു താങ്ങാനാവുന്നതല്ല.

മാണി അങ്ങോട്ടും സിപിഐ ഇങ്ങോട്ടുമെന്ന ചിന്താഗതിയിലായിരുന്ന യുഡിഎഫിനും കേസെടുത്ത സാഹചര്യത്തെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി അധികാരത്തിലിരിക്കവേ കേസില്‍ മുഖ്യപ്രതിയായ വ്യക്തിയെ താങ്ങുക എന്നത് ഇടതു മുന്നണിക്ക് ഇനി ചിന്തിക്കാനാവില്ല. പ്രത്യേകിച്ചും വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുകയും ഇടതു രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മാണിയെ വഴിവിട്ടു താങ്ങാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലും കഴിയില്ല. ഈ സാഹചര്യത്തില്‍ ഇനി മാണിക്കു മാര്‍ഗം ബിജെപി ഭാഗത്തേയ്ക്കുള്ള നീക്കമായിരിക്കും. അതു വ്യക്തമായി തിരിച്ചറിഞ്ഞാണ് ബിജെപിയും തന്ത്രങ്ങള്‍ നീക്കുന്നത്. മോദി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മനമിളകിയിരുന്ന പലര്‍ക്കും ഈ നീക്കം അത്താണിയാവുകയും ചെയ്യും.ഏതെങ്കിലും ഒരു പക്ഷത്തു നിന്നാലല്ലാതെ കേരള രാഷ്ട്രീയത്തില്‍ രക്ഷയില്ല എന്നറിയാവുന്ന തന്ത്രജ്ഞനാണു മാണി.കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള തന്ത്രജ്ഞത കേരളത്തിലെ ബിജെപി നേതൃത്വത്തിനുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഇനി കേരളത്തിലെ മുന്നണി ബന്ധങ്ങളുടെ ഗതി.

തന്നെ സഹായിക്കും എന്ന് കരുതി മാണി നോക്കിയിരുന്ന മെത്രാന്മാരും പള്ളിക്കാരും കോണ്‍ഗ്രസിന്റെ തന്ത്രങ്ങളില്‍ നിശബ്ദരായിരിക്കുന്നതും മാണിയ്ക്ക് സഹിക്കാനാവില്ല.മാണിയുടെ അഴിമതി കൈയ്യോടെ പിടിച്ചു എന്ന ബാറുടമകളുടെയും ചില ചാനലുകാരുടെയും അവകാശവാദത്തെ മലയോര കര്‍ഷകര്‍ അടക്കമുള്ള കേരളാ കോണ്‍ഗ്രസുകാര്‍ പോലും അര്‍ദ്ധ മനസോടെ അംഗീകരിച്ചു കഴിഞ്ഞു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.സ്വന്തം പാളയത്തില്‍ നിന്നും ജനം വിട്ടു നില്‍ക്കുകയും കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോവുകയും ചെയ്താല്‍ എണ്‍പത് കഴിഞ്ഞ മാണിയ്ക്ക് മാത്രമല്ല പാലായിലെയും, തൊടുപുഴയിലെയും,ഇടുക്കിയിലേയും,കോട്ടയത്തെയും ഒരു പക്ഷേ പൂഞ്ഞാറിലേയും കേരളാ കോണ്‍ഗ്രസിന്റെ നേതാക്കന്‍മാര്‍ക്ക് പോലും പിടിച്ചു നില്‍ക്കാനാവില്ലയെന്നുമുറപ്പാണ് . 

കര്‍ഷകന് പട്ടയം നേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ നടത്താതെയും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സജീവമായി തുടര്‍ ഇടപെടലുകള്‍ നടത്താതെയും,റബര്‍ വിലയിടിവ് അടക്കമുള്ള കാര്‍ഷിക പ്രതിസന്ധികളില്‍ ക്രിയാത്മക സമീപനം എടുക്കാതെയും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ച് നേതാക്കന്‍മാരുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന കേരളാ കോണ്‍ഗ്രസിന് ചരിത്രം നല്‍കുന്ന തിരിച്ചടി  കൂടിയാണ് ഇപ്പോഴത്തെ അനുഭവം

Scroll To Top