Tuesday October 16, 2018
Latest Updates

മാണി ഗ്രൂപ്പ് എന്‍ ഡി എ മുന്നണിയിലേയ്ക്ക് ?,ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാന്‍ ബി ജെ പി

മാണി ഗ്രൂപ്പ് എന്‍ ഡി എ മുന്നണിയിലേയ്ക്ക് ?,ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാന്‍ ബി ജെ പി

ന്യൂഡല്‍ഹി: . കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു താത്പര്യമുണ്ടെങ്കില്‍ ജോസ് കെ. മാണി എംപിയെ കേന്ദ്രമന്ത്രിയാക്കാമെന്ന സൂചനകള്‍ ബിജെപി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.യൂ ഡി എഫ് വിട്ടു വന്നാല്‍ . മാണി ഗ്രൂപ്പിനെ ബിജെപി ദേശീയ സഖ്യത്തിന്റെ ഭാഗമാക്കാമെന്ന സന്നദ്ധതയും അറിയിച്ചതായാണു വിവരം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വേണ്ട വിധം സഹായിച്ചില്ലെന്നും തന്നെയടക്കം തോല്പ്പിക്കാന്‍ ഗൂഡാലോചന നടന്നിരുന്നുവെന്നും കെ എം മാണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ അതീവ ദുര്‍ബലമായി മാറിയ കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങളുടെ പണിപ്പുരയിലാണ് ബി ജെ പി നേതാക്കള്‍.

കേന്ദ്രമന്ത്രിസഭാ ഉടന്‍ പുനസംഘടിപ്പിക്കുന്നുണ്ട്.ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും താത്പര്യപ്രകാരം നിരവധി ദൂതന്മാര്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കേന്ദ്രമന്ത്രിയെ സംസ്ഥാനത്തിനു സമ്മാനിക്കാന്‍ കേന്ദ്രനേതൃത്വം ഒരുക്കമാണ്. രാജ്യസഭയില്‍ സുരേഷ് ഗോപിയും ലോകസഭയില്‍ റിച്ചാര്‍ഡ് ഹേയും കേരളത്തില്‍ നിന്നുണ്ട്. ലോക്‌സഭാംഗം കൂടിയായ ജോസ് കെ. മാണി യുഡിഎഫ് വിട്ടുവന്നാല്‍ അദ്ദേഹത്തെ കേന്ദ്ര സഹമന്ത്രിയാക്കാമെന്നാണു വാഗ്ദാനം.

 മുന്നണി മാറി പ്രതിശ്ചായ നന്നാക്കാന്‍ കെ എം മാണി


മുന്നണി മാറി പ്രതിശ്ചായ നന്നാക്കാന്‍ കെ എം മാണി

 

തെരഞ്ഞെടുപ്പിനു വളരെ മുന്‍പു തന്നെ മാണി ഗ്രൂപ്പിനെ ഒപ്പം കൊണ്ടുവരാന്‍ ബിജെപി നീക്കം നടത്തിയിരുന്നു. അന്നും ജോസ് കെ. മാണിക്കു കേന്ദ്രമന്ത്രിപദമാണു മുന്നോട്ടുവച്ചത്. ചില ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ ചാണ്ടി നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍ മൂലം മാണിക്കു മുന്നണി വിടാനായില്ല.
ഇടതുപക്ഷം അധികാരത്തിലെത്തുകയും ഇനിയുള്ള അഞ്ചുകൊല്ലം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപിയുമായി കൂട്ടുകൂടുന്നതാണു മെച്ചമെന്നു മാണിയും ഒപ്പമുള്ള പലരും ചിന്തിച്ചുതുടങ്ങിയതായാണു വിവരം. എന്നാല്‍ ആറ് എംഎല്‍എമാരില്‍ എത്രപേര്‍ ഇതിനു സമ്മതം മൂളുമെന്നതാണു പ്രശ്‌നം. കോഴക്കേസില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടായതിനു ശേഷം ഉമ്മന്‍ ചാണ്ടിയുമായും കോണ്‍ഗ്രസ് നേതൃത്വവുമായും മാണി കടുത്ത നീരസത്തിലുമാണ്.

കെ.എം. മാണി കേരളത്തിലെ എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും താത്പര്യമുണ്ടെന്നാണു റിപ്പോര്‍ട്ട്.പാലായില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെയും ബി ജെപിയുടെയും ഒരു വിഭാഗം പിന്തുണ കെ എം മാണിയ്ക്ക് രഹസ്യമായി നല്കിയത് ഇത്തരം ഒരു കാഴ്ചപ്പാടോടെയായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി പലേടത്തും നേരിട്ടു മത്സരിക്കാനുള്ള സാഹചര്യം ഒരുക്കിയെടുക്കാനാണു ബിജെപി സഖ്യത്തിന്റെ നീക്കം. യുഡിഎഫിനെ പിളര്‍ത്താനും ദുര്‍ബലമാക്കാനും കോണ്‍ഗ്രസിനുള്ളില്‍ കുഴപ്പങ്ങളുണ്ടാക്കാനും വരുംനാളുകളില്‍ ശക്തമായ ശ്രമങ്ങളുണ്ടാകും.
അധികാരമില്ലാത്ത യുഡിഎഫിനെ വേഗത്തില്‍ തകര്‍ക്കാനാവുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.മാണി ഗ്രൂപ്പ് ഒപ്പം വരികയും ജോസ് കെ. മാണിക്കു കേന്ദ്രമന്ത്രിപദം നല്‍കുകയും ചെയ്താല്‍ ക്രൈസ്തവ വിഭാഗത്തിനിടയില്‍ കടന്നുകയറാനാവുമെന്നും ദേശീയതലത്തില്‍ പ്രതിച്ഛായ വളര്‍ത്താനാവുമെന്നും അവര്‍ ചിന്തിക്കുന്നു.
മാണി ഗ്രൂപ്പ് ഒപ്പം വന്നാല്‍ റബര്‍ അടക്കമുള്ളവയുടെ വിലത്തകര്‍ച്ച, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങിയവയില്‍ കൂടുതല്‍ അനുകൂലമായ നിലപാടുകളെടുക്കാന്‍ കേന്ദ്രം തയാറായേക്കും. കോട്ടയം മണ്ഡലത്തിലെ ബിജെപി ബിഡിജെഎസ് വോട്ടുകളുടെ കാര്യമായ വളര്‍ച്ച അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കു വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്

Scroll To Top