Sunday September 24, 2017
Latest Updates

കോഴപ്പണം എണ്ണാന്‍ മാണിയുടെ വീട്ടില്‍ യന്ത്രം, മാണിയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച്ച പാലായില്‍ ഹര്‍ത്താല്‍ 

കോഴപ്പണം എണ്ണാന്‍ മാണിയുടെ വീട്ടില്‍ യന്ത്രം, മാണിയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച്ച പാലായില്‍ ഹര്‍ത്താല്‍ 

കൊച്ചി:ധനകാര്യമന്ത്രി കെ എം മാണി കോടികള്‍ കോഴ വാങ്ങി എന്നതിന് വിവിധ സ്ഥലങ്ങളില്‍ നിന്നും സ്ഥിരീകരണം വന്നതോടെ മാണിയ്ക്ക് രാജി വെയ്ക്കാതെ നിവൃത്തിയില്ലാതെ വന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.ഇന്ന് റിപ്പോര്‍ട്ടര്‍ ടി വി യിലൂടെ ബിജു രമേശ് രണ്ടാം ഘട്ട തെളിവും പുറത്തു വിട്ടതോടെ മാണിയുടെ ജനപിന്തുണയും ജനവിശ്വാസവും കുറയുന്നതാണ് കോട്ടയത്ത് നിന്നുള്ള വാര്‍ത്തകള്‍.

ബജറ്റ് വിറ്റും മാണി പണം വാങ്ങിയെന്നതിന് ബാലകൃഷ്ണപിള്ളയും,തോമസ് ഐസക്കും ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്ന് ശരി വെയ്ക്കുന്ന തെളിവുകളാണ് ബിജു രമേഷിന്റെ ഇന്നത്തെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ സാധാരണക്കാരില്‍ ഏറെയും. അനുമോന്‍ എന്ന ബാറുടമ നെടുമ്പാശേരിയില്‍ വെച്ചു കെ എം മാണിയ്ക്ക് രണ്ടു കോടി രൂപ കൊടുത്തെന്നും,മറ്റ് ഭാരവാഹികള്‍ പാലായിലെ വീട്ടില്‍ എത്തിയും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ചും വീണ്ടും കോഴപ്പണം കൊടുത്തെന്നുമാണ് ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ വെച്ച് നടത്തിയതായി പറയപ്പെടുന്ന ചര്‍ച്ചയുടെ ശബ്ദ രേഖ പുറത്ത് വിട്ടു കൊണ്ട് ബിജു രമേശ് പറഞ്ഞത്.

അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി സ്ഥാനം പോലും ഉപേക്ഷിച്ച് ധനകാര്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കാട്ടിയ വ്യഗ്രത മാണിയ്ക്ക് ഇപ്പോള്‍ എതിരായിരിക്കുകയാണ്.വാങ്ങുന്ന കോഴപ്പണം എണ്ണാന്‍ യന്ത്രം പോലും മാണിയുടെ വീട്ടില്‍ ഉണ്ടെന്ന ബാറുടമകളുടെ ആരോപണം ഞെട്ടലോടെയാണ് കേരളം കേള്‍ക്കുന്നത്.

k_m_maniമാണിയുടെ പേരിലുള്ള വിവാദത്തിന്റെ മറവില്‍ ‘കോഴമന്ത്രിസഭയിലെ ‘ബാക്കിയെല്ലാ കോഴക്കാരും രക്ഷപ്പെടുന്ന മാന്ത്രിക കാഴ്ച്ചയും ഇപ്പോള്‍ കേരളം കാണുകയാണ്.മോശക്കാരന്‍ മാണി മാത്രം.ആദര്‍ശ പുരുഷനായി കേരളം വാഴ്ത്തിയ അധ്വാന വര്‍ഗത്തിന്റെ അപ്പോസ്‌ത്തോലന്‍, ബിജു രമേശ് എന്ന ബാറുടമയുടെ വാശിക്ക് മുന്‍പില്‍ താടിയ്ക്ക് കൈയ്യും കൊടുത്ത് വിഷാദവനായിയിരിക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ല..കൂടെ നിന്നവര്‍ പലരും ഓടിയൊളിച്ചിരിക്കുകയാണ്. മാധ്യമ നിരയില്‍ നിന്ന് കേരളാ കോണ്‍ഗ്രസിന് വേണ്ടി പൊരുതി കൊണ്ടിരുന്ന ആന്റണി രാജുവിനെ കാണാനെയില്ലെന്നു പ്രതിപക്ഷം പോലും പറയാന്‍ തുടങ്ങി.മാണി വെള്ളം കുടിയ്ക്കുന്ന ചിത്രവുമായാണ് പാലാക്കാരുടെ ദീപിക പത്രം ഇന്ന് പുറത്തിറങ്ങിയത്.ഇടതുപക്ഷമാവട്ടെ മാണി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് ശനിയാഴ്ച്ച ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

പി സി ജോര്‍ജ്,മാണിയ്ക്ക് അനുകൂലമായാണോ എതിരായാണോ പറയുന്നതെന്ന് അദേഹത്തിന് പോലും അറിയില്ലയെന്ന തോന്നലാണ് പൊതു ജനത്തിനുള്ളത്.കേരളാ കോണ്‍ഗ്രസ് ക്യാമ്പുകള്‍ ശോകമൂകമാണ്.ചിലരിലെങ്കിലും ഉള്ളില്‍ ആഹ്ലാദവും ഉയരുന്നുണ്ടെന്നു കെ എം മാണിയ്ക്ക് പോലുമറിയാം. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജിന്റെ ആത്മാവ് കെ.എം മാണിയെ വേട്ടയാടി തുടങ്ങിയതായി പഴമക്കാര്‍ പറഞ്ഞു തുടങ്ങി.കെ.എം ജോര്‍ജിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് വിജിലന്‍സ് കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 1976 ഡിസംബര്‍ 11 നായിരുന്നു കെ.എം ജോര്‍ജിന്റെ അന്ത്യം. അതേ ഡിസംബര്‍ 11 നാണ് ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്.

മാണിയോട് ഭരണതലത്തി ല്‍ ചേര്‍ന്നുനിന്ന് പാര്‍ട്ടി ഭരണ അച്ചുതണ്ടായി പ്രവര്‍ത്തിച്ചുവന്നവരാണ് പുതിയ സംഭവ വികാസത്തില്‍ ഏറെ ഖിന്നരായിരിക്കുന്നത്. എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ അഴിമതി കേസില്‍ പാര്‍ട്ടി പോയാലും നേതാവിന്റെ മന്ത്രിസ്ഥാനം പോവരുതെന്ന് കരുതുന്നവര്‍ കേസ് ഒത്തുതീര്‍ക്കാനുള്ള അണിയറ നീക്കം നടത്തിവരുന്നുണ്ട്. അതിന് കടകവിരുദ്ധ സമീപനമാണ് നേതാവ് രാജിവെച്ചാലും പാര്‍ട്ടി തകരരുതെന്ന് കരുതുന്ന മറുചേരി.

മദ്യകച്ചവടക്കാരുടെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന ആക്ഷേപം പാര്‍ട്ടിയുടെമേല്‍ വീണ തീരാകളങ്കമാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. അത്തരത്തിലുള്ള സന്ദേശങ്ങള്‍ അവര്‍ സമാന ചിന്താഗതിക്കാരുമായി കൈമാറുന്നുണ്ട്. കേരള കോണ്‍ഗ്രസ് അഴിമതിരഹിത ഭരണവും കര്‍ഷക ക്ഷേമവും ലക്ഷ്യമാക്കി രൂപപ്പെട്ട പ്രസ്ഥാനമാണെന്നും അതിന് ഇത്തരത്തില്‍ വിലകുറഞ്ഞ അഴിമതിയുടെ ഭാണ്ഡം പേറേണ്ടിവന്നത് നാണക്കേടാണെന്നുമാണ് ഇവരുടെ വാദം.

പക്ഷെ ആര് രക്ഷിക്കാന്‍ ഇറങ്ങിയാലും പാലായിലും,കാഞ്ഞിരപ്പള്ളിയിലും,പൂഞ്ഞാറ്റിലും,ഏറ്റുമാനൂരിലും,മൂവാറ്റുപുഴയിലും ,തൊടുപുഴയിലും,കടുത്തുരുത്തിയിലുമുള്ള സാധാരണക്കാരുടെ പാര്‍ട്ടിയെന്ന പ്രതിച്ഛായോ മലബാറിന്റെയും ഹൈറേഞ്ചിന്റെയും സംരക്ഷകരെന്ന ഖ്യാതിയോ കേരളാ കോണ്‍ഗ്രസില്‍ നിന്നും വഴുതി പോകുന്ന കാഴ്ച്ചയാണ് കേരളജനത കാണുന്നത്.

ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്ക് നിന്ന് 25 നിയമസഭാ സീറ്റുകള്‍ മത്സരിച്ചു നേടിയ കെ എം ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ കാര്‍ഷിക കേരളത്തിന് മറക്കാനാവില്ല.അതിനു ശേഷം രൂപപ്പെട്ട പല പ്രാദേശിക പാര്‍ട്ടികളും ഭാരതത്തിന്റെ രാഷ്ട്രീയഭൂമികയില്‍ കരുത്തു തെളിയിച്ച ചരിത്ര നേട്ടങ്ങളുമായി തിളങ്ങുമ്പോള്‍ തീയില്‍ കുരുത്ത കേരളാ കോണ്‍ഗ്രസിനെ,കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വെറും വാലാക്കി, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം കെ എം മാണിയ്ക്ക് മാത്രമാണെന്ന് തിരിച്ചറിയുന്നവരാണ് ഇപ്പോള്‍ സന്തോഷിക്കുന്നത്.

അധ്വാനവര്‍ഗത്തിന്റെ മൊത്താവകാശം ഏറ്റെടുക്കുന്നുവെന്ന് അവകാശപ്പെട്ടപ്പോഴും റബര്‍ വിലയിടിവിലും,പട്ടയ പ്രശ്‌നത്തിലും ,മുല്ലപ്പെരിയാര്‍ സമരത്തിലും അവകാശപൂര്‍വം ഏറ്റെടുക്കേണ്ടിയിരുന്ന ഉത്തരവാദിത്വം കൈയ്യൊഴിഞ്ഞതിനു ചരിത്രം കേരളാ കോണ്‍ഗ്രസിന് നല്‍കുന്ന ശിക്ഷയാണ് ഈ കൂട്ട അപമാനമെന്ന് ഇപ്പോഴും പാര്‍ട്ടിയെ ആദരവോടെ നോക്കികാണുന്നവര്‍ ഒരിക്കല്‍ കൂടി പറഞ്ഞാല്‍ അതും അധികമാവില്ല. 

കെ എം മാണിയെന്ന,കാര്‍ഷിക കേരളത്തിന്റെ പൊന്നോമന പുത്രന് മാന്യമായി സ്ഥാനം ഒഴിഞ്ഞു പോകാനുള്ള അവസരം ഇനി കേരളീയര്‍ നല്‍കുമോ എന്നത് മാത്രമാണ് കാത്തിരുന്നു കാണേണ്ടത്.

Scroll To Top