Monday August 21, 2017
Latest Updates

മംഗളായാന്‍: ബ്രേയിലെ ആഘോഷം നാളെ വൈകിട്ട് 7 മണിയ്ക്ക് 

മംഗളായാന്‍: ബ്രേയിലെ ആഘോഷം നാളെ വൈകിട്ട് 7 മണിയ്ക്ക് 

ഡബ്ലിന്‍ :ആകാംക്ഷാ പൂര്‍വ്വം കാത്തിരിക്കുകയാണ് ഇന്ത്യ.ലോകമെമ്പാടുമുള്ള ഭാരതീയരോടൊപ്പം ആഹ്ലാദം പങ്കിടാനുള്ള തയാറെടുപ്പിലാണ് അയര്‍ലണ്ടിലെ ഇന്ത്യാക്കാരും.ബ്രേയിലെ സനം ഇന്ത്യന്‍ റസ്‌റ്റോറാന്റ്റില്‍ നാളെ വൈകിട്ട് 7 മണിയ്ക്കാണ് ആഘോഷ പരിപാടികസംഘടിപ്പിച്ചിരിക്കുന്നത്.പ്രഭാഷണം,ചര്‍ച്ച ,മധുരപലഹാര വിതരണം,എന്നിവയാണ് ഇതോടനുബന്ധിച്ച് ഉണ്ടാവുക. 

വിവിധ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മംഗളയാന്‍ ലക്ഷ്യത്തിലെത്താന്‍ ഇനി ഒരു ദിനം കൂടി മാത്രമേയുള്ളൂ .എല്ലാം മംഗളമാകുകയാണെങ്കില്‍ മംഗളയാന്‍ നാളെ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തും. ഇതുവരെയുള്ള ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ മംഗളയാന്‍ അവസാന നിമിഷവും ആ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

മംഗളയാന്റെ പ്രധാന എന്‍ജിനായ ലാമിന്റെ (ലിക്വിഡ് അപ്പോജി മോട്ടോര്‍) പരീക്ഷണ ജ്വലനത്തില്‍ ശാസ്ത്രജ്ഞര്‍ ഇന്നലെ വിജയിച്ചതോടെ പ്രതീക്ഷ ആകാശത്തിന്റെ അതിരുകളും കടന്നു.

ലാം വിജയകരമായി നാല് സെക്കന്റോളം പ്രവര്‍ത്തിപ്പിച്ചാണ് മംഗള്‍യാന്‍ ചൊവ്വയുടെ ആകര്‍ഷണ മണ്ഡലത്തിലെത്തിയത്. ഇതോടെ ചൊവ്വാ പര്യവേഷണത്തില്‍ നിര്‍ണ്ണായക ഘട്ടമാണ് വിജയകരമായി പൂര്‍ത്തിയായിരിക്കുന്നത്. ചൊവ്വയുടെ ഗുരുത്വാകര്‍ഷണ സ്വാധീന മണ്ഡലത്തിലാണു പേടകം ഇപ്പോള്‍. നാളെ രാവിലെ ദിശ തിരിച്ച്, വേഗം കുറച്ച്, നിശ്ചിത പാതയില്‍ ചൊവ്വയെ വലംവയ്ക്കുന്ന തരത്തിലേക്കു പേടകത്തെ എത്തിക്കുക എന്ന കടമ്പ മാത്രമാണ് ഇനി മുന്നിലുള്ളത്.

ചൊവ്വയോട് ഏറ്റവും അടുത്തു 460 കിലോമീറ്ററും അകലെ 80,000 കിലോമീറ്ററും വരുന്ന ദീര്‍ഘവൃത്തപഥത്തില്‍ മംഗളയാനെ കൃത്യമായി എത്തിക്കുക എന്നതാണ് ലാമിന്റെ ദൗത്യം. കഴിഞ്ഞ 10 മാസമായി നിദ്രയിലാഴ്ന്നു കിടന്നിരുന്ന ലാം എന്‍ജിന്‍ 3.968 സെക്കന്‍ഡ് നേരത്തേക്കാണ് ഇന്നലെ പ്രവര്‍ത്തനിരതമായത്.

2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ചതുമുതല്‍ മംഗളയാന്‍ ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വലുതാക്കിയത് ലാം പ്രവര്‍ത്തിപ്പിച്ചാണ്. നവംബര്‍ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനുമാണ് ഈ യന്ത്രം അതിനായി പ്രവര്‍ത്തിപ്പിച്ചത്. പേടകം ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഇതിനെ ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്. അതില്‍പ്പിന്നെ, നിദ്രയിലായിരുന്ന യന്ത്രത്തെയാണ് തിങ്കളാഴ്ച ഉണര്‍ത്തിയത്.

മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രതിഷ്ഠിക്കാന്‍ ബുധനാഴ്ച നിശ്ചയിച്ചിട്ടുള്ള 24 മിനിറ്റ് നീളുന്ന പൂര്‍ണ ജ്വലനത്തിന്റെ റിഹേഴ്‌സലാണ് ഇന്നലെ കഴിഞ്ഞത്. ചൊവ്വാ പ്രവേശനത്തിന് വാഹനത്തിന്റെ വേഗം സെക്കന്റില്‍ 22.1 കിലോമീറ്ററില്‍ നിന്ന് 4.4 കിലോമീറ്ററായി കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. അപ്പോള്‍ പേടകം ചൊവ്വയോട് 400 കിലോമീറ്ററോളം അടുത്തായിരിക്കും. ഗ്രഹത്തിന്റെ ആകര്‍ഷണത്തില്‍ കുരുങ്ങുന്ന പേടകം, ദീര്‍ഘവൃത്തപഥത്തിലൂടെ ചുറ്റാന്‍ തുടങ്ങും. അപ്പോജി മോട്ടറിന്റെ വിപരീതദിശയിലുള്ള ജ്വലനത്തിലൂടെയാണ് ഇതു സാധിക്കുന്നത്. ഒപ്പം സഞ്ചാരപാതയില്‍ ചെറിയ തിരുത്തല്‍ വരുത്തുകയും ചെയ്യും.

നാളെ രാവിലെ 6.50ന് ഉപഗ്രഹത്തെ എതിര്‍ദിശയിലേക്കു തിരിച്ച് ആവേഗം കുറയ്ക്കും. 7.17ന് 24.14 മിനിറ്റ് നേരത്തേക്ക് ലാം എന്‍ജിന്‍ ജ്വലിപ്പിക്കും. തുടര്‍ന്ന് യഥാര്‍ഥ ദിശയിലേക്ക് ഉപഗ്രഹത്തെ തിരിച്ചുകൊണ്ടു വരുന്നതോടെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കടക്കുകയായി. ദൗത്യം വിജയിക്കുകയാണെങ്കില്‍, ആദ്യ സൂചനകള്‍ എട്ടേകാലോടെ ലഭ്യമാകും. ചൊവ്വാ ഭ്രമണപഥത്തിലേക്കു മംഗള്‍യാന്‍ കടക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യവുമുണ്ടാകും.

മംഗള്‍യാന്‍ എന്ന മാഴ്‌സ് ഓര്‍ബിറ്റല്‍ മിഷന്‍ ചൊവ്വ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുന്നതോടെ ചൊവ്വയിലേക്ക് വിജയകരമായി പരീക്ഷണ പേടകം അയക്കുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമാകും. ചൊവ്വയിലെ ധാതുക്കളെ തിരിച്ചറിയാനും ഉപരിതലഘടന വിശകലനം ചെയ്യാനുമുള്ള ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. അമേരിക്ക, റഷ്യ, യുറോപ് എന്നീ രാഷ്ട്രങ്ങളാണ് ഇതിനു മുമ്പ് ചൊവ്വാദൗത്യം വിജയകരമായി പരീക്ഷിച്ചത്. ജപ്പാനും ചൈനയും ചൊവ്വാ ദൗത്യം പരീക്ഷിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു മംഗള്‍യാന്റെ ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേലോഡ്) പേടകത്തില്‍ സംയോജിപ്പിച്ചിട്ടുണ്ട്.

അതേ സമയം യുഎസ് ബഹിരാകാശ ഏജന്‍സിയായ ‘നാസ’യുടെ ‘മാവെന്‍’ പേടകം സമാന ദൗത്യവുമായി ചൊവ്വയുടെ ഭ്രമണ പഥത്തില്‍ ഇന്നലെ എത്തിച്ചേര്‍ന്നിരുന്നു.


Scroll To Top