Tuesday May 22, 2018
Latest Updates

കൌണ്ടി മേയോയിലെ മലയാളികള്‍ക്ക് എന്‍ഡ കെന്നിയെ കുറിച്ച് പറയാനുള്ളത് :മണ്ഡലവിശേഷം(മേയോ)

കൌണ്ടി മേയോയിലെ മലയാളികള്‍ക്ക് എന്‍ഡ കെന്നിയെ കുറിച്ച് പറയാനുള്ളത് :മണ്ഡലവിശേഷം(മേയോ)

കാസില്‍ബാര്‍:എന്‍ഡ കെന്നിയെ പറ്റി മേയോയിലെ മലയാളികള്‍ക്ക് എന്തഭിപ്രായമാണ് ഉള്ളത്?നല്ലത് മാത്രമേ പ്രധാനമന്ത്രിയെ കുറിച്ചു പറയാനുള്ളോ?അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് 5 വര്‍ഷം തികച്ച ശേഷം വീണ്ടും ജനവിധി തേടുന്ന കെന്നി ഇത്തവണയും ജനവിധി തേടുന്നത് മേയോ മണ്ഡലത്തില്‍ നിന്നാണ്.തീര്‍ച്ചയായും കെന്നിയുടെ സ്വന്തം മണ്ഡലത്തിലെ മലയാളികള്‍ അവരുടെ റ്റി ഡിയെ എങ്ങനെ വിലയിരുത്തുന്നു എന്നത് കൌതുകമാവും.

കൗണ്ടി മേയോയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഏറെയുണ്ടെങ്കിലും മലയാളികള്‍ നൂറിലധികം വരില്ല.2005-2009 കാലത്ത് ഇരുനൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും പിന്നിട് ആസ്‌ട്രേലിയിലേയ്ക്കുള്ള കുടിയേറ്റം തുടങ്ങിയതോടെ മലയാളികളുടെ എണ്ണവും കുറഞ്ഞു തുടങ്ങി.കാസില്‍ബാര്‍,ബല്ലിന,ചാള്‍സ് ടൌണ്‍,ന്യൂ പോര്‍ട്ട്,ബാലിന്‍ റോബ്, ഫോക്‌സ്‌ഫോര്‍ഡ്, ക്ലെയര്‍ മോറിസ്,തീര്‍ഥാടന കേന്ദ്രമായ നോക്ക്,എന്നിവയുള്‍പ്പെടെയുള്ള കൌണ്ടിയില്‍ അത്രയ്ക്ക് ജനകീയനൊന്നുമല്ല ഐറിഷ് പ്രധാനമന്ത്രി.meyo 16

ഇരുപത്തിനാലാമത്തെ വയസില്‍ പിതാവ് ഹെന്റ്രി കെന്നിയുടെ പിന്ഗാമിയായി മേയോയില്‍ നിന്നും പാര്‍ലമെന്റില്‍ എത്തിയ കെന്നി വര്‍ഷങ്ങളോളം പിന്‍ബെഞ്ചില്‍ ഇരുന്ന ശേഷമാണ്.നാല് വര്‍ഷം സ്‌കൂള്‍ ടീച്ചറായിരുന്ന കെന്നി വിദ്യാഭ്യാസ സഹമന്ത്രിയായത് 1986ലാണ്.പിറ്റേ കൊല്ലം നടന്ന തിരഞ്ഞെടുപ്പില്‍ ഫിനഗേല്‍ തോറ്റതിനെ തുടര്‍ന്ന് ദീര്‍ഘകാലം പ്രതിപക്ഷത്തായിരുന്ന ഇദ്ദേഹം ടൂറിസം,ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായി 1994 ല്‍ തിരികെയെത്തി.1997ലെ ഫിനഗേല്‍ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് ശേഷം 2011 ലാണ് കെന്നി അധികാരത്തില്‍ തിരിച്ചെത്തിയത്.

മലയാളികള്‍ കെന്നിയുടെ സര്‍ക്കാരിനെ നന്ദിയോടെ സ്മരിക്കേണ്ടവരാണെന്നാണ് തന്റെ അഭിപ്രായമെന്ന് വെസ്റ്റ് പോര്‍ട്ടിലെ താമസക്കാരനായ പൊന്‍കുന്നം ഇളംങ്ങുളം സ്വദേശിയും അധ്യാപകനുമായ ബോബി തോമസ് പറയുന്നു.കെന്നിയുടെ ഭരണപരമായ നേട്ടങ്ങളില്‍ അഭിപ്രായവ്യത്യാസമുള്ളവര്‍ക്ക് പോലും കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കുന്നതില്‍ ഈ സര്‍ക്കാര്‍ വഹിച്ച പങ്ക് അംഗീകരിക്കാതെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.തുല്യമായ നീതി പ്രവാസികള്‍ക്ക് നല്‍കിയത് കൊണ്ട് തന്നെ കെന്നിയ്ക്ക് വോട്ടു കൊടുക്കണം എന്നാണു ബോബിയുടെ അഭിപ്രായം.

എങ്കിലും കെന്നിയെ വെസ്റ്റ്‌പോര്‍ട്ട് ,കാസില്‍ ബാര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അത്ര ഇഷ്ടമൊന്നുമല്ലെന്ന് വെളിപ്പെടുത്താനും ബോബി മറന്നില്ല.മേയോയിലെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുടെ കുറവിനെക്കുറിച്ച് എപ്പോഴും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നവരെ ശല്യക്കാര്‍ എന്നു വിശേഷിപ്പിച്ച് കാസില്‍ബാറില്‍ വെച്ച് എന്‍ട കെന്നി നേരിട്ടിരുന്നു.

ശല്യപ്പെടുത്തുന്ന കാര്യത്തില്‍ ഈ ജനങ്ങളെല്ലാം അയര്‍ലണ്ടിലെ ചാമ്പ്യന്മാരാണെന്നും കെന്നി പറഞ്ഞു. കാസില്‍ബാര്‍ സാമ്പത്തിക വീണ്ടെടുപ്പ് നടത്തുകയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നും കെന്നി കൂട്ടിച്ചേര്‍ത്തു.

റാലിക്ക് ശേഷം നടത്തിയ മുഖാമുഖത്തില്‍ ശല്യക്കാര്‍ എന്ന് വിശേഷിപ്പിച്ചത് ആരെയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ കെന്നിയോട് പ്രത്യേകം ചോദിച്ചിരുന്നു. സാധാരണക്കാരെയാണെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഇതിന് ദേശീയ രാഷ്ട്രീയവുമായി ബന്ധമൊന്നുമില്ലെന്നും ജനങ്ങള്‍ നല്ലതു കാണാന്‍ ശ്രമിക്കുന്നില്ലെന്നും കെന്നി അഭിപ്രായപ്പെട്ടു.

കാസില്‍ബാറിന്റെ പ്രധാന സാമ്പത്തിക സ്‌ത്രോതസ്സുകളില്‍ ഒന്നായ വെല്‍കം ഇന്‍ എന്ന സ്ഥാപനം ഈയിടെ പൂട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ബിസിനസ് രംഗത്തെ തകര്‍ച്ചയെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചിരുന്നു. സ്ഥാപനം നേരത്തെ നിര്‍ത്തലാക്കിയതാണെന്നും,ഇത് ബാങ്കുമായോ കമ്പനിയുടെ വസ്തുവകകളുമായോ ബന്ധപ്പെട്ട കാര്യമാണ്. ഇതു മൂലം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടില്ലെന്ന് പ്രതീക്ഷിക്കാമെന്നും കെന്നി മറുപടി പറഞ്ഞു.

ഗ്രാമതലങ്ങളില്‍ കെന്നി കാര്യമായ ഒന്നും ചെയ്‌തെന്നു തോന്നുന്നില്ലെന്നാണ് ചാള്‍സ്‌ടൌണിലെ ആദ്യകാല മലയാളി കൂടിയായ ജോഷി ലൂക്കോസിന്റെ അഭിപ്രായം.പ്രതിപക്ഷ ടി ഡി യായ ഡാര കലേരിയുടെ സാന്നിധ്യം എപ്പോഴും പ്രാദേശികതലങ്ങളില്‍ ഉണ്ടായിരുന്നു.കെന്നി ഞങ്ങളുടെ ടി ഡിയായിരുന്നു എന്ന് പോലും തോന്നിയിട്ടില്ല.കോതമംഗലം സ്വദേശിയായ അദ്ദേഹം പറഞ്ഞു.

എന്നാല്‍ എന്ട കെന്നിയ്ക്ക് നേരെയുള്ള ഇത്തരം ആരോപണങ്ങള്‍ ശരി തന്നെയാണ് എന്നാണ് ബല്ലിനയിലെ മധു മാത്യുവിന്റെ അഭിപ്രായം.അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി എന്ട കെന്നി ഒന്നും ചെയ്തിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അഞ്ചു കൊല്ലം മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് മേയോയിലെ മിക്ക പ്രദേശങ്ങളും.പ്രധാനമന്ത്രിയുടെ മണ്ഡലം എന്ന ആനുകൂല്യം ഒന്നും ലഭിച്ചിട്ടില്ല’.ഏറ്റുമാനൂരിലെ റോയല്‍ കണ്‍സ്ട്രക്ഷന്‍ ഉടമ കൂടിയായ മധു പറഞ്ഞു.

എങ്കിലും ഒന്നാമതെത്തിയില്ലെങ്കിലും എന്‍ട കെന്നി രണ്ടാമതായെങ്കിലും ജയിച്ചേക്കും എന്നാണ് മധുവിന്റെ പ്രതീക്ഷ.meyo 11

ഒരുലക്ഷത്തോളം വോട്ടര്‍മാര്‍ ഉള്ള മണ്ഡലത്തില്‍ 75%പേരും വോട്ടു ചെയ്തിരുന്നു.കഴിഞ്ഞ തവണ ഒന്നാമത് കെന്നി തന്നെയായിരുന്നു.12,360 ഫസ്റ്റ് വോട്ടുകള്‍ മാത്രം ജയിക്കാന്‍ ക്വാട്ട വേണ്ടിയിരുന്ന മണ്ഡലത്തില്‍ എന്ട കെന്നിയ്ക്ക് 17,472 വോട്ട് ലഭിച്ചു.രണ്ടാം സ്ഥാനത്ത് എത്തിയ ഫിനഗേലിന്റെ തന്നെ മൈക്കില്‍ റിംഗിനും 13180 വോട്ടുകള്‍ കിട്ടി.അഞ്ചു പേരെ തിരഞ്ഞടുക്കുന്ന മണ്ഡലത്തില്‍ മൂന്നാം സ്ഥാനവും ഫിനഗേലിന്റെ തന്നെ മൈക്കില്‍ മുഹേരിനു ലഭിച്ചപ്പോള്‍,നാലാമത്തെ സീറ്റ് ഫിയനാ ഫാളിന്റെ ഡാരാ കലേരി പിടിച്ചെടുത്തു. അഞ്ചാമത്തെ സീറ്റ് വീണ്ടും ഫിനഗേല്‍ സ്ഥാനാര്‍ഥി ജോണ്‍ ഓ മഹോണി നേടി.ചുരുക്കത്തില്‍ ഫിനഗേലിന്റെ ശക്തി കേന്ദ്രമാണ് മേയോ..പോള്‍ ചെയ്ത ഒന്നാം വോട്ടുകളില്‍ അമ്പത് ശതമാനത്തില്‍ അധികം അവര്‍ക്കാണ് ലഭിച്ചത്.ഏന്‍ഡ കെന്നിയ്ക്ക് ഒരു ചുക്കും പേടിക്കാനില്ലെന്ന് ചുരുക്കം!

എങ്കിലും കഴിഞ്ഞ തവണത്തെ അവസ്ഥയല്ല ഇത്തവണയെന്നാണ് പ്രതിപക്ഷം പറയുന്നത്.അതിലെത്ര സത്യമുണ്ടെന്ന് വോട്ടെണ്ണല്‍ കഴിഞ്ഞാലെ പറയാനാവു!

.

Scroll To Top