Saturday December 03, 2016
Latest Updates

മാഞ്ചസ്റ്ററില്‍ ഇന്നു തീ പാറും; ഡര്‍ബിയില്‍ ഇത്തവണ മുന്‍ തൂക്കം യുണൈറ്റഡിന്

മാഞ്ചസ്റ്ററില്‍ ഇന്നു തീ പാറും; ഡര്‍ബിയില്‍ ഇത്തവണ മുന്‍ തൂക്കം യുണൈറ്റഡിന്

പ്രീമിയര്‍ ലീഗിന് ആവേശമായി ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി. (മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിന് പറയുന്ന പേരാണ് മാഞ്ചസ്റ്റര്‍ ഡര്‍ബി). സാങ്കേതിക തികവോടെ കളിക്കുന്ന ഹെരേര മുതല്‍ കായിക മികവിന്റെ കരുത്തുള്ള ഫെല്ലൈനി വരെയുള്ള എല്ലാ താരങ്ങളും ഫോമിലാണ് എന്നത് യുണൈറ്റഡിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ഫോം കണ്ടെത്താന്‍ പാടുപെടുന്ന താരങ്ങളുമായി സിറ്റി ശ്വാസം മുട്ടുകയാണ്. ലൂയിസ് വാന്‍ ഗാല്‍ യുണൈറ്റഡിന്റെ പരിശീലകനായി എത്തിയത് ടീമിന് നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്.

ഡര്‍ബിയില്‍ കാലാകാലങ്ങളായി യുണൈറ്റഡിനായിരുന്നു മേല്‍ക്കൈ എങ്കിലും ഷൈഖ് മഖ്‌സൂദ് സിറ്റിക്കായി പണമൊഴുക്കിയ ശേഷം സ്ഥിതിഗതികള്‍ മാറി. ഷൈഖ് മഖ്‌സൂദ് ക്ലബ് ഏറ്റെടുത്തതിനു ശേഷം നടന്ന ഏഴു ഡര്‍ബി പോരാട്ടങ്ങളില്‍നിന്നായി 19 ഗോളുകള്‍ സിറ്റി നേടി. ആറ് മത്സരങ്ങളില്‍ ജയം സിറ്റിക്കൊപ്പമായിരുന്നു. എന്നാല്‍ പ്രധാന താരങ്ങളെല്ലാം തന്നെ പരുക്കിന്റെ പിടിയില്‍ അമര്‍ന്നതൊടെ ഇത്തവണ സിറ്റി കിതപ്പിലാണ്.

അഗ്യൂറോയുടെ പരുക്കാണ് സിറ്റിയെ ഇത്തവണ പ്രധാനമായും വലക്കുന്നത്. കാല്‍ മുട്ടിന് പരുക്കേറ്റതു മൂലം പുറത്തു പോകുന്നത് മുന്‍പ് ഈ സീസണില്‍ 14 കളികളില്‍ നിന്നായി താരം 14 ഗോളുകള്‍ നേടിയിരുന്നു. പരുക്ക് ഭേദമായി കളത്തില്‍ തിരികെയെത്തിയ ശേഷം ഫോം കണ്ടെത്താന്‍ അഗ്യൂറോ പാടുപെടുകയാണ്. തിരിച്ചു വരവിനു ശേഷം രണ്ടു പെനാല്‍റ്റി ഗോളുകള്‍ ഉള്‍പ്പടെ മൂന്നു ഗോളുകള്‍ മാത്രമാണ് അഗ്യൂറോ നേടിയത്. അഗ്യൂറോയുടെ ഫോമില്ലാമയെക്കാള്‍ ഉപരിയായി സിറ്റിയെ കുഴയ്ക്കുന്നത് മധ്യനിരയുടെ പ്രകടനക്കുറവാണ്. മധ്യനിരയിലെ താരങ്ങള്‍ ഫോര്‍വേര്‍ഡില്‍ കളിക്കുന്ന താരങ്ങള്‍ക്ക് പന്ത് പാസ് ചെയ്ത് എത്തിച്ചാല്‍ മാത്രമെ ഗോള്‍ പിറക്കുകയുള്ളു. മധ്യനിരയിലെ ടെക്‌നിക്കല്‍ പോരായ്മകള്‍ സിറ്റിക്ക് ഇതുവരെ മറികടക്കാനായിട്ടില്ല.

കിരീട പോരാട്ടത്തിലേക്ക് അടുക്കവേ, തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള മഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ മത്സരം. നിലവില്‍ 30 കളികളില്‍ നിന്നും 70 പോയിന്റോടെ ചെല്‍സിയാണ് ലീഗില്‍ ഒന്നാമത്. 32 കളികളില്‍ നിന്നും 66 പോയിന്റോടെ ആഴ്‌സനല്‍ രണ്ടാമതുണ്ട്. 31 കളികളില്‍ നിന്നായി 62 ഉം 61 ഉം പോയിന്റോടെ യുണൈറ്റഡും സിറ്റിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ആണ്. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡിലാണ് മത്സരം.

 

Scroll To Top