Sunday August 20, 2017
Latest Updates

മലയാളികള്‍ ഡബ്ലിന്‍ വിമാനത്താവളം വഴി യാത്ര കുറയ്ക്കുന്നു,കോര്‍ക്കും ഷാനോനും പ്രിയം കൂടുന്നു 

മലയാളികള്‍ ഡബ്ലിന്‍ വിമാനത്താവളം വഴി യാത്ര കുറയ്ക്കുന്നു,കോര്‍ക്കും ഷാനോനും പ്രിയം കൂടുന്നു 

ഡബ്ലിന്‍:അവധിക്കാലം തുടങ്ങിക്കഴിഞ്ഞു.ഇനി യാത്രകളുടെ കാലമാണ്.കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ് അയര്‍ലണ്ടിലെ മലയാളികളും.

പതിവിനു വിപരീതമായി ഇത്തവണ ശ്രദ്ധേയമായ ഒരു പ്രത്യേകത വ്യത്യാസപ്പെടുന്ന യാത്രാ റൂട്ടുകളാണ്.വര്‍ഷങ്ങളായി ഡബ്ലിന്‍ വഴി വിമാന യാത്ര ചെയ്തിരുന്നവര്‍ കോര്‍ക്കും ഷാനോനും അടക്കമുള്ള വിമാനത്താവളങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. അയര്‍ലണ്ടിലെ മലയാളികളില്‍ കൂടുതല്‍ പേര്‍ക്കും സിറ്റിസണ്‍ഷിപ്പ് വഴി ലഭിച്ചിരിക്കുന്ന യാത്രാ ആനുകൂല്യം അവരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി ഉപയോഗിക്കാം എന്നതും ഇതിനു പ്രോത്സാഹകമായി.
ഡബ്ലിനോട് ചേര്‍ന്ന് കിടക്കുന്ന കൌണ്ടികളിലെ മലയാളികള്‍ ഒഴികെയുള്ളവര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴിയുള്ള സഞ്ചാരം കുറയ്ക്കുന്നതായാണ് കണ്ടെത്തല്‍.കൂടുതല്‍ മലയാളികളും ഡബ്ലിന്‍ മേഖലയില്‍ താമസിക്കുന്നതിനാല്‍ അവര്‍ ഇപ്പോഴും ഡബ്ലിന്‍ വിമാനത്താവളം തന്നെയാണ് ഉപയോഗിക്കുന്നത്.

ലണ്ടന്‍ വഴിയോ ഫ്രാങ്ക് ഫോര്‍ട്ട് വഴിയോ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഉപയോഗപ്പെടുത്തുന്നതോടൊപ്പം അവിടെ നിന്നും ഇന്ത്യയിലേയ്ക്ക് താരതമ്യേനെ കുറവുള്ള ടിക്കറ്റ് നിരക്കുകളും ഇത്തരം യാത്രകളെ ആകര്‍ഷകമാക്കുന്നു.

കോര്‍ക്ക്,ഗാള്‍വേഭാഗങ്ങളില്‍ നിന്നും ഡബ്ലിനില്‍ എത്തുന്നതിന് വേണ്ട സമയവും,ടിക്കറ്റ് ചാര്‍ജും ലാഭിക്കാം എന്നതാണ് മറ്റൊരു സൗകര്യം.കോര്‍ക്കില്‍ നിന്നും ഡബ്ലിനില്‍ എയര്‍പോര്‍ട്ട് എയര്‍ കോച്ച് ബസിനുള്ള റിട്ടേണ്‍ ചാര്‍ജ് മാത്രം 30 യൂറോ വരും.

ഡബ്ലിനില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ചില വിമാന കമ്പനികളോടുള്ള എതിര്‍പ്പും യാത്ര വഴി മാറ്റി വിടാന്‍ പ്രേരകമാവുന്നു എന്നാണ് ചില യാത്രക്കാര്‍ പറയുന്നത്.എത്തിഹാദും എമറൈയ്റ്റ്‌സും ആണ് ഡബ്ലിനില്‍ നിന്നും കേരളത്തിലേയ്ക്കു നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍.എന്നാല്‍ എത്തിഹാദിനെ പോലെ സ്ഥിരതയില്ലാത്ത ഒരു വിമാന കമ്പനിയെ കേരളീയര്‍ തിരഞ്ഞെടുക്കുന്നത് മറ്റു വഴികള്‍ ഒന്നും ഇല്ലാത്തതിനാലാണ് എന്നാണ് യാത്രക്കാര്‍ പറയുന്നത്.

സമയത്തിലോ യാത്രികരുടെ ലഗേജിന്റെ സുരക്ഷയിലോ യാതൊരു ഉത്തരവാദിത്വവും ഇത്തിഹാദ് പുലര്‍ത്തുന്നില്ല എന്ന പരാതി ഉണ്ടെങ്കിലും കമ്പനി അത്തരത്തിലുള്ള പരിവേദനങ്ങള്‍ക്ക് പുല്ലുവില പോലും കൊടുക്കുന്നില്ലെന്നതാണ് വാസ്തവം.യൂറോപ്പിലേയ്ക്കുള്ള മലയാളി യാത്രികരെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പല തവണയാണ് കൊച്ചിയില്‍ നിന്നും ഉള്ള വിമാനത്തില്‍ അബുദാബിയില്‍ എത്തിയ മലയാളി യാത്രികര്‍ക്ക് ഡബ്ലിന്‍ കണക്ഷന്‍ നഷ്ട്ടപ്പെട്ടത്.കൊച്ചിയില്‍ നിന്നും വൈകി പുറപ്പെടുകയും അബുദാബിയില്‍ വൈകി എത്തുകയും ചെയ്യുന്നതാണ് ഇതിനു കാരണം.

കണക്ഷന്‍ ഫ്‌ലൈറ്റ് നഷ്ട്ടപ്പെടുന്ന ഡബ്ലിന്‍ മലയാളികള്‍ ഒരു മണിക്കൂറുകളോളം അബുദാബിയില്‍ കാത്തിരിക്കുമ്പോള്‍ അന്താരാഷ്ട്ര യാത്രാ നിയമങ്ങള്‍ അനുസരിച്ചുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഇത്തിഹാദ് തയാറാവുന്നുമില്ല.പതിനഞ്ചു മണിക്കൂര്‍ വരെ അബുദാബിയിലെ വിമാനത്താവള ത്തില്‍ കാത്തിരിക്കുവാനുള്ള നിര്‍ദേശം നല്കുന്നതല്ലാതെ താമസത്തിനുള്ള സൗകര്യം നല്‍കാന്‍ ഇത്തിഹാദ് ഒരുക്കമല്ല.

കഴിഞ്ഞ ദിവസവും ഇത്തിഹാദില്‍ കൊച്ചിയില്‍ നിന്നും അബുദാബിയില്‍ എത്തിയ യാത്രക്കാര്‍ക്ക് ഒരു ദിവസത്തോളമാണ് ഡബ്ലിനിലേയ്ക്കുള്ള വിമാനം കാത്തു കിടക്കേണ്ടി വന്നത്.കൊച്ചു കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ എത്തിഹാദ് നല്കിയ നരകയാതന അനുഭവിക്കാതെ വഴിയില്ലായിരുന്നു. ഇതിനെക്കാള്‍ ഭേദം ലണ്ടന്‍ വഴി യാത്ര ചെയ്ത് ഖത്തര്‍ എയര്‍വെയ്‌സ് ഉള്‍പ്പെടെയുള്ള മറ്റു വിമാന കമ്പനികളുടെ സര്‍വീസ് ഉപയോഗിക്കുകയാണ് എന്നാണ് യാത്രക്കാരുടെ അഭിപ്രായം. 


Scroll To Top