Monday September 25, 2017
Latest Updates

അയര്‍ലണ്ടിലെ മലയാളി രക്ഷിതാക്കളും ജൂണിയര്‍,സീനിയര്‍ സെര്‍റ്റ് പരീക്ഷകളും :ഓര്‍ത്തിരിക്കാന്‍ പത്തു കാര്യങ്ങള്‍ ..

അയര്‍ലണ്ടിലെ മലയാളി രക്ഷിതാക്കളും ജൂണിയര്‍,സീനിയര്‍ സെര്‍റ്റ് പരീക്ഷകളും :ഓര്‍ത്തിരിക്കാന്‍ പത്തു കാര്യങ്ങള്‍ ..

അയര്‍ലണ്ടില്‍ ഇനി പരീക്ഷകളുടെ ദിവസങ്ങളാണ്.എല്ലാ മറ്റു പരിപാടികളും മാറ്റിവെച്ചു രക്ഷിതാക്കളും മക്കളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി.ലീവിങ്ങ് സെര്‍ട്ട്,ജൂനിയര്‍,സെര്‍റ്റ് പരീക്ഷകള്‍ എഴുതുന്ന മലയാളി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും അവധിയെടുത്ത് മക്കളോടൊപ്പമുണ്ട്.ലീവിങ്ങ് സെര്‍ട്ട് എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ പലരും കഴിഞ്ഞ ദിവസങ്ങള്‍ മുതലേ അവധി തുടങ്ങിയിരുന്നു.ഇത് അവര്‍ക്ക് ഒരുക്കത്തിന്റെ ദിവസങ്ങള്‍ തന്നെ.

ഇന്ന് രാവിലെയാണ് പരീക്ഷകള്‍ ആരംഭിച്ചത്.ആകാംഷയുടെ മുഖങ്ങളുമായി രക്ഷിതാക്കളും പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുമ്പിലായി മക്കളെ കാത്തുനിന്നു.മക്കളെക്കാള്‍ പിരിമുറുക്കം രക്ഷിതാക്കളുടെ മുഖത്തായിരുന്നു.ചിലരൊക്കെ പരീക്ഷാ സമയങ്ങളില്‍ അടുത്തുള്ള പ്രാര്‍ഥനാകേന്ദ്രങ്ങളില്‍ കഴിച്ചുകൂട്ടാനാണ് ഇഷ്ട്ടപ്പെട്ടത്.
.
ലീവിങ്ങ് സെര്‍ട്ട്,ജൂനിയര്‍,സെര്‍റ്റ് പരീക്ഷകള്‍ എഴുതാനിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തങ്ങള്‍ കുട്ടിക്കാലത്ത് ഈ പരീക്ഷകള്‍ അടുക്കുമ്പോള്‍ എങ്ങനെയൊക്കെ ഭയാശങ്കകളും , ആധിയും കാണിച്ചിരുന്നോ അതേ അനുഭവം തന്നെയാണ്, ഇപ്പോള്‍ മക്കള്‍ പരീക്ഷ എഴുതുമ്പോഴും അനുഭവപ്പെടുന്നത് എന്നാണ് പറയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ആകെ ടെന്‍ഷനിലാണ് താനെന്നാണ് ഡബ്ലിനിലെ ഒരു മലയാളി അമ്മ പറഞ്ഞത്!
പക്ഷേ കുട്ടികളെ കൂടി പരിഭ്രാന്തരാക്കുന്നതിനു പകരം വരുന്ന പരീക്ഷാവാരത്തെ ശാന്തമായും, ആത്മവിശ്വാസത്തോടെയും എതിരിടാന്‍ കുട്ടികളെ സഹായിക്കുന്നതിനായി രക്ഷിതാക്കള്‍ക്കും ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.മികച്ച പോയിന്റുകള്‍ നേടിയാലും ഇല്ലെങ്കിലും നിരവധി തുടര്‍ പഠനാവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാണ്. മികച്ച പോയിന്റ് നേടുന്നത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നു മാത്രം.

ഓരോ വിഷയത്തിലും കുട്ടികളുടെ അഭിരുചിയും, കഴിവും, കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് തങ്ങള്‍ വിഷയത്തില്‍ എന്തു മനസിലാക്കി എന്നും പരീക്ഷിക്കുന്ന തരത്തിലാണ് സ്റ്റേറ്റ് എക്‌സാംസ് കമ്മീഷന്‍ പേപ്പറുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചില ചോദ്യങ്ങള്‍ ഓരോ വിഷയത്തിലേയും ഏറ്റവും മിടുക്കുള്ള കുട്ടികളെ കണ്ടെത്താനായുള്ളതാണ്. അതിനാല്‍ തന്നെ ഒരു പ്രത്യേക
വിഷയത്തില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ല എന്നതു മൂലം വിഷമിക്കേണ്ട കാര്യമില്ലെന്ന് രക്ഷിതാക്കള്‍ കുട്ടികളെ മനസിലാക്കി കൊടുക്കേണ്ടതുണ്ട്.

ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈയാഴ്ച്ച വലിയ വെല്ലുവിളി കാത്തിരിക്കുന്നത്. ബുധനാഴ്ച്ച ഇംഗ്ലീഷ്, വ്യാഴാഴ്ച്ച ഐറിഷ്,
വെള്ളിയാഴ്ച്ച കണക്കും, ഭൂമിശാസ്ത്രവും എന്നിങ്ങനെ ഓരോ ദിവസവും രണ്ടു പേപ്പറുകള്‍ വീതമാണ് പരീക്ഷകള്‍.

ലിവിങ്ങ് സെര്‍ട്ടുകാര്‍ക്ക് ഈയാഴ്ച്ച അത്ര കഠിനമല്ല. ബുധനാഴ്ച്ച ഇംഗ്ലീഷ് പേപ്പര്‍ 1, വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് ഇംഗ്ലീഷ് പേപ്പര്‍ 2, വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മാത്‌സ് പേപ്പര്‍ 1 എന്നിങ്ങനെ ഇവരുടെ പരീക്ഷകള്‍ നടക്കും.

പരീക്ഷയില്‍ കുട്ടികളെ സഹായിക്കാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

1. പരീക്ഷാ സമയക്രമം അറിഞ്ഞിരിക്കുക
എക്‌സാം ടൈം ടേബിള്‍ വീട്ടില്‍ പ്രധാന ഭാഗത്ത് പതിപ്പിക്കുക. ഓരോ ദിവസവും
വരാനിരിക്കുന്ന പരീക്ഷകള്‍ അടയാളപ്പെടുത്തുക. കുട്ടികള്‍ പരീക്ഷക്കായി
തയ്യാറെടുക്കേണ്ട കാര്യങ്ങള്‍ സമയമടക്കം അടയാളപ്പെടുത്തുക.
2. കുട്ടികള്‍ പരീക്ഷയ്ക്ക് എത്തുന്നുവെന്ന് ഉറപ്പു വരുത്തുക.
ജോലിക്കാരായ മാതാപിതാക്കള്‍ നേരത്തേ വീടുവിട്ടു പോകുന്നവരാണെങ്കില്‍ കുട്ടികള്‍
പരീക്ഷക്ക് പോകാതിരിക്കുന്നത് ഒഴിവാക്കാനായി നേരത്തെ തന്നെ അവരെ ഒരുക്കി
നിര്‍ത്തുക.
3. അതാതു ദിവസത്തെ പരീക്ഷക്കാവശ്യമായ സാധനങ്ങള്‍ കുട്ടികള്‍ എടുത്തുവെന്ന് ഉറപ്പാക്കുക
വീട്ടില്‍ നിന്നും ഇറങ്ങും മുന്‍പ് തന്നെ കുട്ടികള്‍ പരീക്ഷക്കാവശ്യമായ
എഴുത്തുപകരണങ്ങള്‍, റൂളറുകള്‍, കാല്‍കുലേറ്റര്‍, ഇറേസര്‍, കണ്ണട, വെള്ളം തുടങ്ങി
ആവശ്യമായതെല്ലാം ഒരുക്കി വച്ചുവെന്ന് ഉറപ്പു വരുത്തുക.
4. കഴിഞ്ഞു പോയ പരീക്ഷകള്‍ ഓര്‍ത്ത് വേവലാതിപ്പെടാതിരിക്കുക
ഓരോ ദിവസവും പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടിയെ അന്നത്തെ പരീക്ഷകളെ
കുറിച്ച് പറയാന്‍ അനുവദിക്കുക. എന്നാല്‍ പരീക്ഷയില്‍ വരുത്തിയ തെറ്റുകള്‍
തുടര്‍ന്നുള്ള പരീക്ഷകളെ ബാധിക്കുനതല്ലെങ്കില്‍ തിരുത്താന്‍ ശ്രമിക്കരുത്. ഇത്
യാതൊരു ഫലവും ചെയ്യില്ലെന്നു മാത്രമല്ല. കുട്ടികളില്‍ അനാവശ്യ സമ്മര്‍ദ്ദം
വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
5. അടുത്ത ദിവസത്തെ പരീക്ഷകളിലേക്ക് ശ്രദ്ധ തിരിച്ചു വിടുക
വരും ദിവസത്തെ പരീക്ഷയെ കുറിച്ചും, അവയിലെ പ്രധാന ചോദ്യങ്ങളെ കുറിച്ചും
ചോദിക്കുക. ഇത് കുട്ടിയുടെ ശ്രദ്ധ അടുത്ത പരീക്ഷയിലേക്ക് തിരിയാന്‍
കാരണമാവും.
6. ആവശ്യത്തിന് വിശ്രമം ഉറപ്പു വരുത്തുക
കുട്ടികള്‍ക്ക് പഠനവും വിശ്രമവും ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയുന്ന വിധത്തില്‍
സമയക്രമീകരണം ചെയ്തു നല്‍കുക. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരീക്ഷാ
കാലത്തില്‍ എല്ലാ ദിവസവും കുട്ടി ഒരേ പോലെ ആരോഗ്യവാനായിരിക്കുക എന്നത്
പ്രധാനമാണ്. ഉറക്കമിളച്ചുള്ള പഠനം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
7. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
ഉറക്കത്തിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും പഠനം നിര്‍ത്തുക. പഠന മേശയില്‍
നിന്നും നേരെ കിടക്കയിലേക്ക് വീഴുന്നത് ഉറക്കം വൈകിപ്പിക്കും.
കുട്ടികള്‍ക്ക് മാനസികാശ്വാസത്തിനായുള്ള വ്യായാമങ്ങള്‍ ചെയ്യിപ്പിക്കുന്നതും,
ചൂടു വെള്ളത്തിലുള്ള കുളി പോലുള്ളവ പരീക്ഷിക്കുന്നതും നല്ലതാണ്.
8. ഭക്ഷണം ക്രമീകരിക്കുക
കുട്ടികള്‍ എന്തു ഭക്ഷണം കഴിക്കുന്നുവെന്നത് അവരുടെ പ്രവര്‍ത്തനക്ഷമതയെ
സ്വാധീനിക്കും. പരീക്ഷകളില്‍ കുട്ടികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിന്
കുട്ടികള്‍ക്ക് പരീക്ഷാകാലത്ത് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ
ലഭിക്കുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അമിത ഭക്ഷണം
ഒഴിവാക്കുകയും വേണം.
9. കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ കൊടുക്കുക
കൂട്ടായ പരിശ്രമങ്ങള്‍ വിജയം എളുപ്പമാക്കും. കുടുംബാങ്ങള്‍ കുട്ടികളോട്
ഇടപെടുമ്പോഴും, അവരുടെ കൂട്ടുകാരോട് ഇടപഴകുമ്പൊഴുമെല്ലാം കുട്ടികളുടെ
ആത്മവിശ്വാസം വര്‍ദ്ധിക്കും.
10. കുട്ടികള്‍ക്ക് അമിത സമ്മര്‍ദ്ദം നല്‍കാതിരിക്കുക.
അമിത സമ്മര്‍ദ്ദം കുട്ടികള്‍ക്ക് പരീക്ഷയിലുളള്ള ശ്രദ്ധ കുറക്കുന്നതിനു
മാത്രമേ സഹായിക്കുകയുള്ളൂ. പരീക്ഷയിലെ വിജയത്തിനോ പരാജയത്തിനോ തങ്ങള്‍ക്ക്
കുട്ടികളുടെ മേലുള്ള സ്‌നേഹം തരിമ്പും കുറക്കാനാവില്ലെന്ന് രക്ഷിതാക്കള്‍
കുട്ടികളെ മനസിലാക്കി കൊടുക്കേണ്ടതുണ്ട്.


Scroll To Top