Wednesday September 26, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന് 17 വയസ്, കഠിനവഴികളില്‍ തളരാതെ ഇനിയും മുന്നോട്ട് ….

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റത്തിന് 17 വയസ്, കഠിനവഴികളില്‍ തളരാതെ ഇനിയും മുന്നോട്ട് ….

യര്‍ലണ്ടിലേക്കുള്ള മലയാളികളുടെ സംഘടിത കുടിയേറ്റത്തിന് ഇന്ന്(സെപ്റ്റംബര്‍ ഒന്ന്) പതിനേഴ് വയസ് തികയുകയാണ്.ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ കോറിയിടേണ്ട അപൂര്‍വ്വം ദിവസങ്ങളിലൊന്നാണ് ഐറിഷ് മലയാളികള്‍ക്കിന്ന്.ഒരു സമൂഹത്തിന്റെ മാതൃകയായി ആദ്യ സംഘത്തിലുണ്ടായിരുന്ന ഏഴാളും മാറിയത് പിന്നീടുള്ള കുടിയേറ്റത്തെ സഹായിച്ചെന്നതും നിസ്തര്‍ക്കം

അപ്രതീക്ഷിതമായാണ് അയര്‍ലണ്ടിലേയ്ക്ക് മലയാളികള്‍ എത്തപ്പെട്ടത് എന്നതാണ് സത്യം.1990കളുടെ അവസാന വര്‍ഷങ്ങളില്‍ പോലും അയര്‍ലണ്ട് എന്ന് കേട്ടാല്‍ യൂറോപ്പിലെ മലയാളികള്‍ പുച്ഛത്തോടെയാണ് നോക്കിക്കണ്ടിരുന്നതെന്നാണ് അക്കാലത്തു തന്നെ ഇവിടെ സേവനം ചെയ്തിരുന്ന ഫാ.പോള്‍ തെറ്റയില്‍ പറയുന്നു.യാഥാര്‍ത്ഥത്തില്‍ 1995 മുതല്‍ രണ്ടായിരം വരെയുള്ള കാലത്ത് അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയാണ് അയര്‍ലണ്ടിന് ഉണ്ടായത്.അതിന് തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷക്കാലത്തെ സാമ്പത്തിക തകര്‍ച്ച സൃഷ്ട്ടിച്ച ദുഷ്‌പേര് ,പക്ഷേ അതുകൊണ്ടും മാറിയില്ല’.അയര്‍ലണ്ടിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ‘തലതൊട്ടപ്പനായി’ വിശേഷിപ്പിക്കാവുന്ന ഫാ.പോള്‍ ‘ഐറിഷ് മലയാളിയോട് പറഞ്ഞു.

കേരളത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക് വന്നെത്താന്‍ സാഹചര്യങ്ങള്‍ ഉണ്ടെന്ന് അക്കാലത്ത് അറിഞ്ഞിരുന്നില്ല.അല്ലെങ്കില്‍ തന്നെ യൂറോപ്പിന്റെ രോഗി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഒരു രാജ്യത്തേയ്ക്ക് ആരു വരാന്‍?ഫാ.പോള്‍ ചോദിച്ചു.റോമില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ,വൈദീകനാവും മുമ്പേ അയര്‍ലണ്ടിലെ ക്‌ളോണ്‍മലിലുള്ള പള്ളിയിലേക്ക് ശുശ്രൂഷയ്ക്കായാണ് 1996 ല്‍ അദ്ദേഹത്തെ സഭാധികാരികള്‍ അയച്ചത്.

നഴ്സിംഗ് ക്ഷാമത്തിന്റെ പ്രതിസന്ധിയില്‍ പൊറുതി മുട്ടുകയായിരുന്നു അയര്‍ലണ്ട് അക്കാലത്ത്.സാമ്പത്തിക പ്രതിസന്ധി തീര്‍ത്ത ദോഷവലയത്തില്‍ പെടാതെ സ്വദേശികളായ നഴ്സുമാര്‍ നാട് വിടുകയും കൂടി ചെയ്തതോടെ പത്തു നഴ്സുമാര്‍ വേണ്ട സ്ഥലങ്ങളില്‍ അത് മൂന്നോ,നാലോ ആയി ചുരുങ്ങി.വിദേശ റിക്രൂട്ട്‌മെന്റ് ഇല്ലാതെ പിടിച്ചു നില്‍ക്കാനാവില്ല എന്ന അവസ്ഥയിലാണ് ഇന്ത്യയില്‍ നിന്നും,ഫിലിപ്പൈന്‍സില്‍ നിന്നുമായി പുതിയ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനമായത്.

ഇന്ത്യയില്‍ മുംബൈയിലും,കോഴിക്കോട്ടുമായിരുന്നു ആദ്യ ഇന്റര്‍വ്യൂ നടന്നത്.കോഴിക്കോട്ടു നിന്നുള്ള റിക്രൂട്ട് മെന്റ് വേണ്ടവിധത്തില്‍ ഫലം കണ്ടില്ല.എച്ച് എസ് ഇ ഏര്‍പ്പെടുത്തിയ ഏജന്‍സിയുടെ അലംഭാവവും,വേണ്ടത്ര പ്രചാരണം ലഭിക്കാഞ്ഞതുമാണ് അതിന് കാരണമായി പറയപ്പെടുന്നത്. മുംബൈയില്‍ നിന്നും റിക്രൂട്ട്‌മെന്റിലൂടെ പക്ഷേ ഏഴു പേരെ ഐറിഷ് സംഘത്തിന് ലഭിച്ചു.ഏഴു പേരും മുംബയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍.

ഇന്റര്‍വ്യൂവിലെ വിജയ വിവരം അറിയിച്ച ഐറിഷ് സംഘം പക്ഷേ ഒരു കാര്യം തീര്‍ത്തു പറഞ്ഞു.’വരികയാണെങ്കില്‍ പെട്ടെന്നു വരണം.എത്രയും പെട്ടന്ന്…’അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കുള്ള ദൗര്‍ലഭ്യമാണ് അവരെ അങ്ങനെ പറയിപ്പിച്ചത്.അങ്ങനെ ഒരാഴ്ചയ്ക്കുള്ളില്‍ ജന്മനാട്ടിലെത്തി യാത്ര പറഞ്ഞാല്‍ ഉടനെ അയര്‍ലണ്ടിലേക്ക് വിമാനം കയറണം എന്ന അവസ്ഥ….അയര്‍ലണ്ടിലെ സാഹചര്യങ്ങള്‍ എന്താണ് എന്ന് ഞങ്ങള്‍ക്കാര്‍ക്കും അന്ന് ഒരു ധാരണയും ഇല്ലായിരുന്നു.ഗള്‍ഫിലോ,അഥവാ യൂ കെയിലോ പോകാനാവും എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അയര്‍ലണ്ട് ഞങ്ങള്‍ക്ക് ഒരു ചോയ്സ് ആയിരുന്നേയില്ല…സംഘാംഗമായ കടുത്തുരുത്തി സ്വദേശി വിമല ബിജു ഓര്‍ക്കുന്നു.

അങ്ങനെ 2000 സെപ്റ്റംബര്‍ 1 ന് ഡബ്ലിനിലെ ഹോളീസ് സ്ട്രീറ്റിലുള്ള നാഷണല്‍ മെറ്റേണിറ്റി ആശുപത്രിയില്‍ ജോലി ചെയ്യാനെത്തിയ ഏഴംഗ നഴ്സുമാരുടെ സംഘമാണ് അയര്‍ലണ്ടിലേക്ക് ആദ്യമായി സംഘടിത കുടിയേറ്റം നടത്തിയ മലയാളികള്‍.ഓഗസ്റ്റ് 31 ന് പാതിരാത്രിയോടെയാണ് ഞങ്ങള്‍ ഡബ്ലിനില്‍ എത്തിയത്.ജോലിയില്‍ പ്രവേശിക്കേണ്ട ഹോളീസ് സ്ട്രീറ്റിലെ നാഷണല്‍ മെറ്റേണിറ്റി ആശുപത്രിയുടെ മേട്രണ്‍ ഇന്ത്യന്‍ സംഘത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു…ആ ദിവസത്തെ സംഘാംഗങ്ങള്‍ ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്.

താമസ സൗകര്യം ക്രമീകരിച്ചിരുന്നത് ബ്‌ളാക്ക് റോക്കിനടുത്ത് മങ്ക്‌സ് ടൗണിലെ കാരിക്ക് ബ്രണ്ണന്‍ റോഡിലെ 5 മങ്ക്‌സ്ഫീല്‍ഡ് എന്ന വീട്ടിലാണ്.അന്ന് ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ആ ഏഴംഗ സംഘം അറിഞ്ഞിരുന്നില്ല,ചരിത്രത്തിലെ നിര്‍ണായകമായ ഒരു ചുവട് വെയ്പ്പാണ് തങ്ങള്‍ ആരംഭിക്കുന്നതെന്ന്.ഒരാഴ്ചത്തേക്കുള്ള ഭക്ഷണ വിഭവങ്ങള്‍  ആതിഥേയര്‍ ആ വീട്ടില്‍ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു.(അതും ശുദ്ധ ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെ !അരിയും,പരിപ്പും ഉള്‍പ്പെടെ!) ഒരു സാംസ്‌കാരികധാരയെ മറ്റൊരു പ്രതലത്തിലേക്ക് പറിച്ചു നടാനുള്ള സാഹസികമായ തുടക്കം അവിടെയാണ് ആരംഭിച്ചത്.

തൃശൂര്‍ നിന്നുള്ള ആനി സെബാസ്റ്റ്യന്‍,കുമളി വണ്ടിപെരിയാറ്റില്‍ നിന്നുള്ള ബിന്ദു ജോബി,ആലപ്പുഴ തത്തംപള്ളിയില്‍ നിന്നുള്ള ഏലിയാമ്മ ജോസഫ്,അയര്‍കുന്നത്തു നിന്നുള്ള ബെക്സി മാത്യൂ,കടുത്തുരുത്തി മാന്‍വെട്ടത്തു നിന്നുള്ള വിമലമ്മ ജോസഫ്,കോതമംഗലത്തു നിന്നുള്ള പിങ്കു ജോസഫ്,ജെന്നിമോള്‍ ജോയിസ് എന്നിവരായിരുന്നു ആ ഏഴു ‘കുടിയേറ്റക്കാര്‍’

അയര്‍ലണ്ടിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായ വി കെ കൃഷ്ണമേനോന്‍ തുടങ്ങി എംബസി സര്‍വീസിലും, യൂ കെ അടക്കമുള്ള രാജ്യങ്ങള്‍ വഴി സേവനമനുഷ്ടിക്കാനായി വന്നെത്തിയ ലീമെറിക്കിലെ ഡോ.റോയിയും,ഡബ്ലിനിലെ ഡോ.ഷാജുവും,ഡോ.റീമിയും ഉള്‍പ്പെടെയുള്ള അപൂര്‍വ്വം ഡോക്റ്റര്‍മാരും ഒഴികെ മലയാളികള്‍ക്ക് തികച്ചും അന്യമായ രാജ്യമായിരുന്നു അക്കാലത്ത് അയര്‍ലണ്ട്.ട്രിനിറ്റിയില്‍ ജോലി ചെയ്തിരുന്ന പ്രൊഫ. നീലങ്കാവിലാണ് സംഘടിത കുടിയേറ്റത്തിന് മുമ്പേ അയര്‍ലണ്ടില്‍ എത്തിയ മറ്റൊരാള്‍.

സെപ്റ്റംബര്‍ ഒന്നാം തിയതി രാവിലെ തന്നെ ഓറിയന്റേഷന്‍ ക്‌ളാസുകള്‍ ആരംഭിക്കാനുള്ള തിരക്കത്തിലായിരുന്നു ഐറിഷ് അധികൃതര്‍.മുംബൈയില്‍ കാണിച്ച അക്ഷമ ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.പക്ഷേ എല്ലാത്തിനും ആശുപത്രി അധികൃതരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു.ഇന്ത്യയില്‍ നിന്നുള്ള പുതിയ കുടിയേറ്റക്കാരെ പിന്തുണയ്ക്കാന്‍ എല്ലാവരും അക്ഷരാര്‍ഥത്തില്‍ മത്സരിക്കുകയായിരുന്നു.ഓരോരുത്തരെ വീതം ഓരോ വാര്‍ഡിലേക്ക് വിട്ടു കൊടുക്കാന്‍ അങ്ങനെ മേട്രണ്‍ നിര്‍ബന്ധിതയായി.

ഐഇഎല്‍ടിഎസ്സോ,നഴ്സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷനോ പോലും ഇല്ലാതെ,പരിചയ സമ്പത്തിന്റെ ബലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘത്തെ എച്ച് എസ് ഇ കൊണ്ടുവന്നത്.അഡാപ്‌റ്റേഷന് ശേഷം നാട്ടിലേയ്ക്കുള്ള മടക്കവും സര്‍ക്കാര്‍ ചിലവില്‍ തന്നെയായിരുന്നു.ആന്‍ ബോര്‍ഡ് രജിസ്‌ട്രേഷന് വേണ്ടി വരുന്ന ദിവസങ്ങള്‍ ശമ്പളമുള്ള അവധിയായി പരിഗണിച്ചാണ് ആശുപത്രി അധികൃതര്‍ പുതിയ ഏഴംഗ സംഘത്തിന്റെ ക്ഷേമം ഉറപ്പുവരുത്തിയത്!

ഒരു മാസത്തോളമുള്ള അവധിക്കാലത്തിന് ശേഷം തിരിച്ച് അയര്‍ലണ്ടിലെത്തിയ സംഘത്തെ ആഹ്‌ളാദ പൂര്‍വ്വമാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്.ആദ്യകാലഘട്ടത്തില്‍ മലയാളികള്‍ക്ക് ലഭിച്ച അംഗീകാരം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല…വിമല ബിജു പറയുന്നു.

മലയാളികള്‍ ജോലി ചെയ്യാന്‍ മടിയില്ലാത്തവരാണെന്നും,അറിവുള്ളവരാണെന്നും ഹോളീസ് സ്ട്രീറ്റില്‍ നിന്നും ലഭിച്ച ‘ശുഭവാര്‍ത്തകള്‍’ കൂടുതല്‍ നഴ്സുമാരെ ഇന്ത്യയില്‍ നിന്നും കണ്ടെത്താനുള്ള അയര്‍ലണ്ടിലെ എച്ച് എസ് ഇ അധികൃതരുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി.കൂടുതല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ ഇന്ത്യക്ക് വിടാനുള്ള തീരുമാനം അക്കാലത്തുണ്ടായി.

മലയാളി നഴ്സുമാരുടെ മുന്നണി പടയാളികളായി എത്തിയ ഏഴു പേരില്‍ രണ്ടു പേര്‍ ബെക്സി മാത്യുവും,പിങ്കു ജോസഫും പിന്നീട് അയര്‍ലണ്ട് വിട്ടു.പിങ്കു യൂ എസിലേക്ക് കുടിയേറിയപ്പോള്‍,ബെക്സി മാത്യു കേരളത്തിലേയ്ക്ക് തിരികെ പോയി.

ആനി സെബാസ്റ്റ്യന്‍,ഏലിയാമ്മ ജോസഫ്,വിമല ബിജു,എന്നിവര്‍ ഇപ്പോഴും നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ തന്നെ സേവനം തുടരുമ്പോള്‍,ജെന്നിമോള്‍ ജോയ്സ്,ജെയിംസ് കോണോലി ഹോസ്പിറ്റലിലും,ബിന്ദു ജോബി സ്വോര്‍ഡ്സിലെ പോര്‍ട്ട്‌റെന്‍ സെന്റ് ഇതാസ് ഹോസ്പിറ്റലിലും ജോലി ചെയ്യുന്നു.

ഇക്കാലത്ത് തന്നെ ഫാ.പോള്‍ തെറ്റയില്‍ മുഖേനെ അയര്‍ലണ്ടില്‍ സാധ്യതകള്‍ ഉണ്ടെന്ന് മനസിലാക്കിയ അങ്കമാലി മേഖലയില്‍ നിന്നുള്ള ഒട്ടേറെപ്പേരും ആന്‍ ബോര്‍ഡ് രജിസ്‌ട്രേഷന് അപേക്ഷിക്കുകയുണ്ടായി.’അവധിയ്ക്ക് നാട്ടിലെത്തുമ്പോള്‍ ഇറ്റലിയിലേക്ക് നഴ്സായി പോകാന്‍ സഹായിക്കണമെന്ന ആവശ്യവുമായി എന്റെ പരിചയക്കാരും,നാട്ടുകാരുമൊക്കെ വരുമായിരുന്നു.ഞാന്‍ റോമിലാണ് ജോലി ചെയ്യുന്നത് എന്നാണ് അവരില്‍ മിക്കവരും കരുതിയിരുന്നത്.എങ്കിലും അവരാരും അറിയാത്ത അയര്‍ലണ്ടില്‍ ഒരു കൈ നോക്കാമെന്ന് ഞാനും വിചാരിച്ചു.അങ്ങനെ ഡന്‍ഡാല്‍ക്കില്‍ എനിക്ക് പരിചയമുള്ള ഐഎന്‍എംഓ ഭാരവാഹി കൂടിയായ പാട്രീഷ്യ എന്ന ലേഡി മുഖേനെ ആന്‍ബോര്‍ഡുമായി ബന്ധപ്പെട്ട് അപേക്ഷാ ഫോമുകള്‍ നാട്ടിലേയ്ക്ക് അയച്ചു കൊടുക്കാനായി’.ഫാ.പോള്‍ പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്റര്‍വ്യൂ വഴി 2000 ഒക്ടോബര്‍ 16 ന് രണ്ടുപേര്‍ കൂടി അയര്‍ലണ്ടിലെത്തി.ബേബി പെരേപ്പാടന്റെ ഭാര്യ ജിന്‍സി,ബെന്നി മൂഞ്ഞേലിയുടെ ഭാര്യ റീന തോമസ്,എന്നിവരാണ് അവര്‍.ആന്‍ ബോര്‍ഡ് രജിസ്‌ട്രേഷനോടെയാണ് ഇവര്‍ ഇരുവരും അയര്‍ലണ്ടില്‍ എത്തിയത്.താല ഹോസ്പിറ്റലിലേക്ക് ആയിരുന്നു ഇവരുടെ നിയമനം.

നവംബറില്‍ നാലംഗങ്ങള്‍ ഉള്‍പ്പെടുന്ന അടുത്ത ബാച്ചും എത്തിയതോടെ മലയാളി സാന്നിധ്യം അയര്‍ലണ്ടില്‍ സജീവമാകാന്‍ തുടങ്ങി.ഇവരും താല കേന്ദ്രീകരിച്ചാണ് ജോലിയും,താമസവും തുടങ്ങിയത്.റെക്‌സി ജോയ്സ് ,മെറിന്‍ റെജി, ഷൈന ,ഹെലന്‍ ചാക്കോ എന്നിവരാണ് താല ഹോസ്പിറ്റലില്‍ ചേര്‍ന്ന ഈ നാല്‍വര്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇന്നസെന്റ് കുഴിപ്പിള്ളിയും,മനോജ് മാത്യുവും  അടക്കമുള്ള മെയില്‍ നഴ്സുമാര്‍ ജനുവരിയില്‍ എത്തിയതോടെ അയര്‍ലണ്ടിലെ മലയാളി സമൂഹം വളര്‍ച്ചയുടെ പുതിയ പ്രതീക്ഷകള്‍ കണ്ടു.

ജനുവരി മാസത്തില്‍ തന്നെ മറ്റൊരു മേഖലയിലും കുടിയേറ്റം നടന്നു.ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഒരു ഇലക്ട്രിക്കല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ജോസഫ് വര്‍ഗീസടക്കമുള്ള ഒരു സംഘം പേര്‍ കൗണ്ടി ടിപ്പററിയിലെ ക്‌ളോണ്‍മലില്‍ എത്തിയതാണ് അത്..

അയര്‍ലണ്ട് എന്ന കൊച്ചു രാജ്യം മലയാളിയുടെ സ്വപ്ന സാമ്രാജ്യത്തില്‍ ഇടം കണ്ടെത്തിയത് അങ്ങനെയാണ്.പിന്നീടുള്ള ഓരോ മാസവും അയര്‍ലണ്ടില്‍ എത്തുന്നവരുടെ എണ്ണം കൂടി കൂടി വന്നു.

അരക്ഷിതാവസ്ഥയുടെയും ആശങ്കയുടെയും കാലമായിരുന്നു കുടിയേറ്റത്തിന്റെ ആദ്യവര്‍ഷങ്ങള്‍ എന്ന് പറയുന്നവരാണ് അധികവും.അവര്‍ അങ്ങനെ പറയാന്‍ ഒരു കാരണവുമുണ്ട്.(തുടരും)

റെജി സി ജേക്കബ്

Scroll To Top