Thursday September 21, 2017
Latest Updates

വിമാനക്കമ്പനിയുടെ അനാസ്ഥ : നാലംഗ മലയാളി കുടുംബം അഞ്ചു ദിവസമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര മുടങ്ങിയ നിലയില്‍ 

വിമാനക്കമ്പനിയുടെ അനാസ്ഥ : നാലംഗ മലയാളി കുടുംബം അഞ്ചു ദിവസമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര മുടങ്ങിയ നിലയില്‍ 

ഡബ്ലിന്‍:വിമാനകമ്പനിയുടെ അനാസ്ഥമൂലം നാലംഗ മലയാളി കുടുംബത്തിന്റെ കേരളത്തിലേയ്ക്കുള്ള യാത്ര മുടങ്ങി.ഏഴു മാസം ഗര്‍ഭിണിയായ കുടുംബനാഥയുള്‍പ്പെടെ,ഇവര്‍ കഴിഞ്ഞ അഞ്ചു ദിവസമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപം യാത്രയും കാത്ത് കഴിയുകയാണ്.

കൗണ്ടി കെറിയിലെ ട്രേലിയില്‍ നിന്നുള്ള കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളാണ് എയര്‍ലിംഗസ് വിമാനക്കമ്പനിയുടെ പിടിവാശിയും പിടിപ്പുകേടും മൂലം ദുരിതത്തിലായത്.പുതുവര്‍ഷ പുലരിയില്‍ ഡബ്ലിനില്‍ നിന്നും ഫ്രാങ്ക്‌ഫോര്‍ട്ടിലേയ്ക്കും,അവിടെ നിന്നും ഖത്തര്‍ എയര്‍ വെയ്‌സില്‍ കൊച്ചിയിലേയ്ക്കും യാത്ര ചെയ്യാനാണ് കുടുംബം ടിക്കറ്റ് എടുത്തത്.

ഒന്നാം തിയതി രാവിലെ 7 മണിയ്ക്കുള്ള ഫ്‌ലൈറ്റില്‍ യാത്രചെയ്യാനെത്തിയ കുടുംബം രാവിലെ 5.30 ന് മുന്‍പേ ചെക്ക് ഇന്‍ ചെയ്തു.ബാഗേജ് പരിശോധിച്ചപ്പോള്‍ ഈ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്ന 21.5 ഇഞ്ചിന്റെ ഐ മാക് ലഗേജില്‍ ഉള്‍പ്പെടുത്തി അയക്കാന്‍ സാധിക്കില്ല എന്നറിയിച്ചാണ് എയര്‍ലിംഗസ് അധികൃതര്‍ പ്രശ്‌നം ആരംഭിച്ചത്.ഐ മാക്, ബിന്നില്‍ ഉപേക്ഷിച്ചു യാത്ര ചെയ്യാനോ അഥവാ കാര്‍ഗോയില്‍ അയയ്ക്കാനോ ആയിരുന്നു ഉപദേശം.

ആയിരം യൂറോ വിലയുള്ള ഐ മാക് ഉപേക്ഷിക്കാനാവില്ലെന്നും കാര്‍ഗോയില്‍ അയച്ചുകൊള്ളാമെന്നും കുടുംബം അറിയിച്ചതോടെ ഇവര്‍ക്ക് ബോര്‍ഡിംഗ് പാസ് നല്‍കി.അവശയായിരുന്ന കുടുംബനാഥയ്ക്കായി മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്ന വീല്‍ ചെയര്‍ നല്‍കിയതുമില്ല.ഭാര്യയേയും കുട്ടികളെയും ചെക്ക് ഇന്‍ പോയിന്റിന് സമീപം ഇരുത്തിയ ശേഷം കുടുംബനാഥന്‍ കാര്‍ഗോ അയയ്ക്കാന്‍ ചെന്നെങ്കിലും 7 മണിയ്‌ക്കേ ഓഫിസ് തുറക്കുകയുള്ളു എന്നറിഞ്ഞതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.

ഡബ്ലിനില്‍ നിന്നും ദുബായിലേയ്ക്ക് പോകാന്‍ എത്തിയിരുന്ന ഒരു മലയാളിയെ അവിടെ വെച്ച് കണ്ട് സഹായം അഭ്യര്‍ഥിച്ചതിനാല്‍,അദ്ദേഹത്തെ യാത്രയയ്ക്കാനെത്തിയ ആളുടെ കൈവശം ഐ മാക് കൊടുത്ത ശേഷം നിമിഷനേരം കൊണ്ട് ഗേറ്റില്‍ എത്തിയപ്പോഴേയ്ക്കും ഗേറ്റ് അടച്ചിരുന്നു.ഗേറ്റ് ഇനി തുറക്കാന്‍ ആവില്ലെന്നും ,വിമാനം പുറപ്പെടുകയാണ് എന്നുമായിരുന്നു ഇവരുടെ വിശദീകരണം.ഇതിനിടെ കുടുംബ നാഥയുടെയും കുട്ടികളുടെയും ബോര്‍ഡിംഗ് പാസ് തിരികെ വാങ്ങിയ കമ്പനിക്കാര്‍ അവരുടെ പാസ്‌പോര്‍ട്ട് തിരികെ നല്കിയിരുന്നു.

‘ഫ്‌ലൈറ്റ് പുറപ്പെടാന്‍ അര മണിക്കൂറോളം ബാക്കിയുള്ളപ്പോഴാണ് ബോര്‍ഡിംഗ് പാസ് ലഭിച്ച ഞങ്ങളെ യാതൊരു ഉത്തരവാദിത്വവും തങ്ങള്‍ക്കില്ലെന്നറിയിച്ചു എയര്‍ ലിംഗ്‌സ്‌കാര്‍ പെരുവഴിയില്‍ തള്ളിയത്’.വിമാനതാവളത്തിനടുത്ത് ബി ആന്‍ഡ് ബി യില്‍ അടുത്ത വിമാനവും കാത്തിരിക്കുന്ന കുടുംബനാഥന്‍ ‘ഐറിഷ് മലയാളിയോട് ‘പറഞ്ഞു. ‘കടുത്ത അനീതിയാണ് ഞങ്ങളോട് കാട്ടിയത്.ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും,തങ്ങളെ പരിഗണിക്കാന്‍ പോലും വിമാനക്കമ്പനി തയാറായില്ല.’ഏതെങ്കിലും യൂറോപ്യന്‍ യാത്രികരെ ആയിരുന്നുവെങ്കില്‍ വിമാനക്കമ്പനി ഇപ്രകാരം ഉപേക്ഷിക്കാന്‍ ധൈര്യം കാണിക്കുമായിരുന്നോയെന്ന് മലയാളി യുവാവ്’ ചോദിച്ചു.ദീര്‍ഘകാല മെറ്റെണിറ്റി ലീവിന് പോകുന്നതിനാല്‍ ട്രേലിയിലെ വാടക വീടും ഡിസംബര്‍ 31 ന് ഇവര്‍ ഒഴിഞ്ഞു കൊടുത്തിരുന്നു.

ഇവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് എയര്‍ലിംഗസിനെ ബന്ധപ്പെട്ട് അടിയന്തരമായി വിശദീകരണം ചോദിച്ചെങ്കിലും യാത്രികര്‍ സമയത്തിനു ചെക്ക് ഇന്‍ നടത്തിയില്ലെന്ന വിചിത്രമായ മറുപടിയാണ് എയര്‍ലിംഗസ് നല്‍കിയത്.പിന്നെങ്ങനെ ബോര്‍ഡിംഗ് പാസ് നല്‍കിയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ എയര്‍ലിംഗസിനായിട്ടുമില്ല.ഖത്തര്‍ എയര്‍വെയ്‌സിനാവട്ടെ അയര്‍ലണ്ടില്‍ ഓഫിസ് ഇല്ലാത്തത് മൂലം നടപടിക്രമങ്ങള്‍ക്ക് കാലതാമസം എടുക്കുന്നു.

ഇത്രയൊക്കെയായിട്ടും താമസ സൗകര്യം നല്കാനോ പകരം സംവിധാനം ഒരുക്കാനും വിമാന കമ്പനികള്‍ തയാറായില്ല എന്നതാണ് മറ്റൊരു ദുരിതമായത്.അവസാനം സ്വന്തം പണം മുടക്കി ബുധനാഴ്ച്ചത്തേയ്ക്ക് ടിക്കറ്റ് എടുത്തു കാത്തിരിക്കുകയാണ് ഈ കുടുംബം.

റെജി സി ജേക്കബ് 

Scroll To Top