Wednesday September 20, 2017
Latest Updates

മലയാളി മനോഭാവം മനോരോഗമോ ? ( വിശകലനം-ഭാഗം 2 -സെബി സെബാസ്റ്റ്യന്‍ )

മലയാളി മനോഭാവം മനോരോഗമോ ? ( വിശകലനം-ഭാഗം 2 -സെബി സെബാസ്റ്റ്യന്‍ )

രു ശരാശരി മലയാളിയുടെ വൈകല്യമാര്‍ന്ന മനോഭാവം രൂപപെടുന്നത് പ്രധാനമായും മൂന്ന് വസ്തുതകളില്‍ നിന്നാണ് .മതം ,രാഷ്ട്രീയം ,വികലമായ ലൈംഗിക സങ്കല്‍പ്പം.ഒരു ത്രികോണത്തിതിന്റെ മൂന്ന് മൂലകള്‍ പോലെ ഈ മൂന്ന് ബിംബങ്ങളില്‍ നിന്നാണ് ശരാശരി മലയാളിയുടെ ചിന്താധാര രൂപപെടുന്നത് (അപവാദങ്ങള്‍ ഉള്ളതുകൊണ്ടാണ് ‘ശരാശരി മലയാളി’ എന്ന പദം ഉപയോഗിക്കുന്നത് )

ലോകത്ത് മതവും ,രാഷ്ട്രീയവും ഒരേ പോലെ ആഴത്തില്‍ സ്വാധീനിക്കപെട്ട ജനസമൂഹം വേറെ ഇല്ല .ലോകത്തിന്റെ ചിലയിടത്ത് മതത്തിന്റെ സ്വാധീനം ഉണ്ടാവാം. വേറെ ചില ഇടങ്ങളില്‍ രാഷ്ട്രീയത്തിന്റെയും. എന്നാല്‍ ,മലയാളി ഒരുപോലെ ഈ രണ്ടിന്റെയും ഇടയില്‍ കിടന്നു വീര്‍പ്പുമുട്ടുകയാണ്.എണ്ണിയാല്‍ തീരാത്ത അത്ര രാഷ്ട്രീയ മത നേതാക്കള്‍ നമുക്കുണ്ട്. എണ്ണിയാലൊടുങ്ങാത്തത്രയുള്ള ഈ നേതാക്കന്മാര്‍ ഒരുശാരാശരി മലയാളിയുടെ മനോഭാവത്തെയും ചിന്താധാരയേയും സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. നാം സ്വയം ഇവര്‍ക്ക് അടിമകളായി തീര്‍ന്നിരിക്കുന്നു!!

സ്വന്തം പാര്‍ട്ടിയെ അന്ധമായി വിശ്വസിക്കുന്നതുകൊണ്ട് മാത്രം ആ പാര്‍ട്ടിയുടെ അധര്‍മങ്ങളെയും അനീതികളെയും ന്യായികരിക്കുകയും പിന്താങ്ങുകയും ചെയ്യേണ്ട ഗതികേട് മലയാളിക്ക് വന്നു ചേര്‍ന്നു.അതുപോലെ തന്നെ എതിര്‍ പാര്‍ട്ടിയുടെ നല്ല പ്രവൃത്തികളെ പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളിക്ക് വൈമനസ്യം വന്നു ചേര്‍ന്നു.തികഞ്ഞ രാഷ്ട്രീയ അടിമത്വം !!

അതുപോലെതന്നെയാണ് മതങ്ങളിലെയും അവസ്ഥ.തന്റെ മതത്തില്‍പെട്ട പുരോഹിതനോ.നേതാവോ ,എന്ത് പറഞ്ഞാലും അതിലെ ശരിതെറ്റുകള്‍ വിശകലനം ചെയ്യാതെ മലയാളി എടുത്തുചാടുകയാണ്.ബുദ്ധി പണയം വച്ചവര്‍ക്ക് വിശകലനം ചെയ്യാന്‍ തലയില്‍ വേറെ എന്താണുള്ളത് !!? തികഞ്ഞ മത അടിമത്വം ! !!

മതത്തിലും ,രാഷ്ട്രീയത്തിലും എതിരാളികളുടെ വീഴ്ചകള്‍ കണ്ടു കയ്യടിച്ചും ,കളിയാക്കിയും ,പരിഹസിച്ചുമാണ് മലയാളി സമൂഹം വളര്‍ന്നത് .അതുപോലെ എതിരാളികളുടെ നന്മകള്‍ക്ക് നേരെ നാം കണ്ണുകള്‍ അടച്ചു. ഈ സംസ്‌ക്കാരം മലയാളിയുടെ വികലമായ മനോഭാവം രൂപപെടാന്‍ വലിയ അളവ് വരെ ഒരു കാരണമാണ് .

മൂന്നാമത്തെതാണ് മലയാളി സ്വകാര്യമായി കൊണ്ട് നടക്കുന്ന ലൈംഗീക വൈകല്യങ്ങള്‍ !പോണ്‍ മൂവികള്‍ ഇന്റെര്‍നെറ്റിലുടെ സുലഭമായി കാണാന്‍ അവസരമുള്ളപ്പോഴും,സരിതയുടെ ‘ക്ലിപ്പിനായി’ ആവേശം കാണിക്കുന്നത് മലയാളിയുടെ മനോരോഗത്തിന്റെ പ്രത്യക്ഷ ലക്ഷണമാണ്.തനിക്കു പരിചയമുള്ള ഒരാളുടെ സ്വകാര്യത അറിയുന്നതിലുള്ള ആനന്ദം ! അങ്ങനെ അയാളെ പരിഹസിക്കാനും പുച്ഛിക്കാനുമുള്ള ഒരവസരം.അപരിചതരെ പുച്ഛിച്ചാല്‍ ഈ ആനന്ദം കിട്ടുകയില്ലല്ലോ..? പണ്ട് കാലത്ത് അടുത്ത വീട്ടിലെ വിന്‍ഡോകളിലുടെ കണ്ടുകൊണ്ടിരുന്ന അതേ കാഴ്ച ആധുനികയുഗത്തില്‍ പുതിയ ‘വിന്‍ഡോസു’കളിലൂടെ കാണുന്നു അത്രമാത്രം !

വ്യഭിചരിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സരിതയെ പങ്കെടുപ്പിച്ച് കഴിഞ്ഞ വാരം ഒരു ചാനല്‍ നടത്തിയ പരിപാടി.അതില്‍ കാഴ്ച്ചക്കാരായി പങ്കെടുത്തതാവട്ടെ പുരുഷ കേസരികള്‍ മാത്രം.

സുന്ദരിയായ സ്ത്രീയാണെങ്കില്‍ കുറ്റവാളികളെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുമെന്ന് തോന്നിപ്പിക്കുമെങ്കിലും ആ ചാനല്‍ യഥാര്‍ഥത്തില്‍ മലയാളിയുടെ അധമ വികാരങ്ങളുടെയും മനോവൈകല്യങ്ങളുടെയും മേല്‍ ചവിട്ടി നിന്ന് ഉന്മാദ നൃത്തം ചെയ്യുകയായിരുന്നു.താന്‍ കേരളത്തിലെ പല ജയിലുകളിലും പോയിട്ടുണ്ടെന്ന് വീരസ്യം പറയുന്ന സരിത പുതു തലമുറയ്ക്ക് കൊടുക്കുന്ന സന്ദേശം എത്ര മ്ലേച്ചമാണ്.

ഇനി നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് നോക്കാം.മറ്റുള്ളവരുടെ കുറ്റം വാര്‍ത്തയാക്കുന്ന ശീലം നമുക്ക് ഉപേക്ഷിക്കാം .പരദൂഷണം നമ്മെ പുരോഗതിയിലേക്ക് നയിക്കില്ല. ക്രിയാത്മകമായ വാര്‍ത്തകളെ നമുക്ക് സ്വാഗതം ചെയ്യുകയും പരദുഷണപരവും ഇക്കിളിപെടുതുന്നതുമായ വാര്‍ത്തകളെ തമസ്‌കരിക്കുകയും ചെയ്യാം .അതിനായി ആദ്യം നാം നല്ല വ്യക്തിത്വത്തിന് ഉടമകളാവണം.അല്ലെങ്കില്‍ മാധ്യമങ്ങള്‍ ഇതേ വാര്‍ത്തകള്‍ തന്നെ വച്ചുവിളബി നമ്മുടെ മനോവൈകല്യത്തെ മുതലെടുക്കുകയും, അതോടൊപ്പം തന്നെ പുഷ്ടിപെടുത്തുകയും ചെയ്തുകൊണ്ടിരിക്കും . പുതിയ വിവാദങ്ങള്‍ നമുക്ക് ആവശ്യമില്ല. ഇവിടെ ഇതിനകം തന്നെ വിവാദമാക്കേണ്ട ധാരാളം വാര്‍ത്തകള്‍ തമസ്‌കരിച്ചു കിടപ്പുണ്ട്. നമ്മുടെ ചിന്താശീലങ്ങളും, വിവേകവും ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും , മത നേതാക്കള്‍ക്കും അടിയറവെക്കാതിരിക്കുക

പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് അന്തസ്സ് കൊടുക്കട്ടെ . സ്ത്രീകള്‍ തങ്ങള്‍ കാഴ്ച വസ്തുക്കളാണെന്നു സ്വയം കരുതാതിരിക്കുക .ഒരു സ്ത്രീക്ക് പുരുഷന്മാര്‍ അന്തസ്സ് കല്‍പ്പിച്ചു കൊടുത്താല്‍ പിന്നെ ആ സ്ത്രീയുടെ ലൈംഗികതക്ക് പുരുഷന്റെ മനോവൈകല്യത്തിനും അപ്പുറത്തായിരിക്കും സ്ഥാനം. 

കാസര്‍കോട് മുതല്‍ പാറശാല വരെ പരന്നു കിടക്കുന്ന ഒരു കൂട്ടം മനോരോഗികളുടെ നാടാവരുത് കേരളം. നമ്മെ മനോവൈകല്യങ്ങള്‍ക്ക് അടിപെടുത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെയും ചാനലുകളേയും തിരിച്ചറിയണം .സ്വന്തം ബിസിനസ് സാമ്രാജ്യങ്ങള്‍ വിപുലപെടുത്താന്‍ മാധ്യമങ്ങള്‍ക്ക് ഏറ്റവും വളക്കുറുള്ള മണ്ണായി കേരളം മാറിയില്ലേ ? ഇത്രയധികം വാര്‍ത്ത ചാനലുകള്‍ കേരളത്തില്‍ എന്തുകൊണ്ട് ഉണ്ടായി എന്ന് ചിന്തിച്ചിട്ടുണ്ടോ ? മറ്റുള്ളവരുടെ സ്വകാര്യതകള്‍ വിറ്റും, അത് ആസ്വദിച്ചും കേരളം വളരുമ്പോള്‍ ,നാം മനോവൈകല്യത്തിന്റെ അടുത്ത ഘട്ടത്തിതിലേക്ക് കടക്കുമെന്നു ഓര്‍ക്കുക. അതിനു ഒരിക്കലും ഇടവരാതിരിക്കട്ടെ.

seby sസ്വാമി വിവേകാനന്ദന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു വച്ചത് നമുക്കുള്ള ഓര്‍മക്കുറിപ്പാകട്ടെ ‘കേരളം ഒരു ഭ്രാന്താലയമാണ്’ !!

 സെബി സെബാസ്റ്റ്യന്‍

Scroll To Top