Wednesday September 20, 2017
Latest Updates

മലയാളി മനോഭാവം മനോരോഗമോ? ( ഒരു വിശകലനം- ഭാഗം 1-സെബി സെബാസ്റ്റ്യന്‍ )

മലയാളി മനോഭാവം മനോരോഗമോ? ( ഒരു വിശകലനം- ഭാഗം 1-സെബി സെബാസ്റ്റ്യന്‍ )

ലയാളികള്‍ പല മതങ്ങളിലും,ജാതികളിലും,രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ടവരാണെങ്കിലും ഭാഷശൈലിയില്‍ തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ മേഖലകളില്‍ വ്യത്യാസമുണ്ടെങ്കിലും ലോകത്തിന്റെ ഏതു ഭാഗത്തായാലും മലയാളിക്ക് പൊതുവായ ഒരു മനോഭാവമുണ്ട്. അത് അല്പം നെഗറ്റീവായ മനോഭാവമാനെന്നു ഏവരും സമ്മതിക്കും.എന്താണ് ഈ പൊതുവായ മനോഭാവം ?എങ്ങനെയാണ് അത് രൂപപെട്ടത് ?

മലയാളിക്ക് പൊതുവെ എല്ലാവരോടും എല്ലാത്തിനോടും പുച്ഛമാണ്.പരിഹാസമാണ്. മേലധികാരികള്‍ക്ക് തന്റെ കീഴില്‍ പണിയെടുക്കുന്നവരോട് പുച്ഛം അവര്‍ക്ക് തിരിച്ചു മേലാധികാരികളോട്പുച്ഛം .സഹപ്രവര്‍ത്തകര്‍ക്ക് പരസ്പരം പുച്ഛം .അയല്‍ക്കാരോട് പുച്ഛം. എന്ന് വേണ്ട കണ്ണില്‍ കാണുന്ന എല്ലാത്തിനോടും ഒരുതരം പുച്ഛം കലര്‍ന്ന മനോഭാവമാണ് മലയാളി വച്ചുപുലര്‍ത്തുന്നത്.ദേശീയ പക്ഷി,ദേശീയ മൃഗം എന്നതുപോലെ കേരളത്തിന്റെ ദേശീയ വികാരം എന്തെന്ന് ചോദിച്ചാല്‍ ‘പുച്ഛം’എന്ന് ഉത്തരം നല്കാം!!.

puchamഎത്രമാത്രം ഹാസ്യ പരിപാടികളും,അതിനു എത്രമാത്രം കാഴ്ച്ചകാരുമാണ് കേരളത്തില്‍ എന്ന് നമുക്കറിയാം .മറ്റുള്ളവരെ കളിയാക്കുന്നതും അത് കാണുന്നതും മലയാളിക്ക് എന്നും ഹരമാണ്. മൂന്ന് മലയാളികള്‍ കൂടുന്നിടത്തുള്ള സംസാരം അതില്‍ ഇല്ലാത്ത നാലാമനെ കുറിച്ചാവും.പണ്ടുകാലങ്ങളില്‍ വീട്ടമ്മമാര്‍ തിരക്കൊഴിഞ്ഞ നേരങ്ങളില്‍ അയല്‍ വീടുകളിലും അരമതിലുകളിലും നിന്ന് മറ്റുള്ളവരുടെ വിശേഷങ്ങള്‍ പങ്കുവക്കുമായിരുന്നു (അതെ ,പരദൂഷണം തന്നെ!! ). അതുപോലെ, പുരുഷന്മാര്‍ കവലകളിലും ചായകടകളിലും ഇരുന്നു മറ്റുള്ളവരെപറ്റി ചര്‍ച്ച ചെയ്യുമായിരുന്നു.ഈ ആധുനികയുഗത്തില്‍ അതിനുള്ള അവസരങ്ങള്‍ കുറഞ്ഞു എങ്കിലും അതിന്റെ പുതിയ പതിപ്പാണ് മാധ്യമ വാര്‍ത്തകളും അതിനെ പറ്റിയുള്ള ചര്‍ച്ചകളും.അതിലൂടെ മലയാളി പരദൂഷണത്തിനു സമാനമായ ഒരാനന്ദം കണ്ടെത്തുന്നുണ്ട് .

നിരര്‍ത്ഥതകമായ മാധ്യമ ചര്‍ച്ചകള്‍ക്ക് വേണ്ടി എത്രമാത്രം സമയമാണ് മലയാളികള്‍ കളയുന്നത് ?സ്‌കൂളില്‍ കുട്ടിയെ പട്ടികൂട്ടില്‍ അടച്ചു എന്ന് കേട്ടപടി മാധ്യമ ചര്‍ച്ചയാക്കുന്ന മലയാളി,പൃഥിരാജു കുട്ടിക്ക് പേരിട്ടത് ചര്‍ച്ച ചെയൂന്ന മലയാളി ,പൂവാലന്മാരെ തല്ലിയ ധീര വനിതയെ പ്രശംസിക്കുകയും പിന്നിട് സത്യമറിഞ്ഞപ്പോള്‍ തഴയുകയും ചെയ്ത മലയാളി ,യേശുദാസിന്റെ ജീന്‍സു പ്രയോഗം,ഗണേഷ് കുമാറിന്റെ കുടുംബകലഹം,സരിത തുടങ്ങി ആയിരക്കണക്കിനു വിഷയങ്ങള്‍ ചര്‍ച്ച ചെയുന്ന മലയാളി…. സത്യത്തില്‍ നാം എന്താണ് ഇതിലെല്ലാം ചര്‍ച്ച ചെയ്തത് !!?? മറ്റുള്ളവരുടെ ധാര്‍മികത.ഇത് പഴയകാലത്തെ പരദൂഷണത്തിന്റെ പുതിയ മാധ്യമ അവതാരമല്ലാതെ മറ്റെന്താണ് ? ജനങ്ങള്‍ ആഗ്രഹിക്കുന്നത് മാധ്യമങ്ങള്‍ കൊടുക്കുന്നു അല്ലെങ്കില്‍ മലയാളികളുടെ വികലവികാരങ്ങളെ മാധ്യമങ്ങള്‍ മുതലടുക്കുന്നു. 

kerala 3നമുക്ക് ചര്‍ച്ച ചെയ്യാന്‍ ധാരാളം പ്രയോജനകരമായ വിഷയങ്ങള്‍ ഉള്ളപ്പോഴും നാം എന്തിനു ഇതിനു പുറകെ പോകുന്നു ?കേരളത്തിലെ റോഡുകളുടെ അവസ്ഥ, ഉദ്യോഗസ്ഥന്മാരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതി,സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഷയങ്ങളെ നാം പാര്‍ശ്വവല്‍ക്കരിച്ചിരിക്കുന്നു. MLA മാരുടെയും MP മാരുടെയും, അവരുടെ എണ്ണമറ്റ പേര്‍സണല്‍ സ്റ്റാഫിന്റെയും ശമ്പളത്തെയും അലവന്‍സുകളെയും പറ്റി എത്ര മാധ്യമ ചര്‍ച്ചകളും ചാനല്‍ ചര്‍ച്ച കളും നടന്നിട്ടുണ്ട് കേരളത്തില്‍? ഒരു സര്‍ക്കാര്‍ വകുപ്പിലെ അഴിമതിയും കൈക്കൂലിയും മാറ്റാന്‍ എന്തൊക്കെ ചെയ്യാമെന്ന് എത്ര ചാനലുകള്‍ ചര്‍ച്ച നടത്തി ? ഋഷിരാജ് സിംഗ് എന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥന്‍ ഉന്നതരുടെ അടക്കം വൈദ്യുതി മോഷണം പിടിച്ചത് എന്തുകൊണ്ട് മലയാളി വിശദമായി ചര്‍ച്ച ചെയ്തില്ല ?നമുക്ക് ഇവയേക്കാള്‍ പ്രധാനപെട്ടത് പട്ടികൂടും , ജീന്‍സും, പേരിടലും ആയതു എന്തുകൊണ്ട് ? അതിനു ഉത്തരം തേടുമ്പോള്‍ ആണ് മലയാളി എത്തിനില്‍ക്കുന്ന പരിതാപകരമായ മനോരോഗസ്ഥയെ നാം തിരിച്ചറിയുന്നത് !! ഒരു പ്രത്യകതരം മനോവൈകല്യത്തിനു അടിമകളായ മനോരോഗികളാണ് നാം എന്ന സത്യം തിരിച്ചറിയുന്നത് !!

വിമാനത്തില്‍ യാത്ര ചെയുമ്പോള്‍ വിമാനം നിര്‍ത്തുന്നതിനു മുന്‍പ് ബാഗുമായി ചാടി ഇറങ്ങാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളിയെ പലരും കണ്ടിട്ടുണ്ടാവും . പണ്ട് കേട്ട ഒരു സംഭവം ഓര്‍മ വരുന്നു. KSRTC ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കമ്പിയില്‍ പിടിച്ചുതൂങ്ങി നിന്ന ഒരു നമ്പൂതിരിയോട് കണ്ടക്ടര്‍ ഒഴിവു വന്ന സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞു .അപ്പോള്‍ നമ്പൂതിരി പറഞ്ഞു

‘ഇരിക്കനോന്നും സമയമില്ല ,പോയിട്ടി ധൃതിയുണ്ട് ‘

സീരിയലുകളെ കുറ്റം പറയുന്ന മലയാളിക്ക് പക്ഷെ സീരിയലുകളിലെ കഥ അറിയാം .ക്യു തെറ്റിക്കുന്നവനുമേല്‍ ചാടിവീഴുന്ന മലയാളി തരം കിട്ടിയാല്‍ സ്വയം ക്യു തെറ്റിക്കുന്നു.മറ്റുള്ളവരെ സദാചാരത്തില്‍ നടത്തണമെന്ന് നിര്‍ബദ്ധമുള്ള മലയാളി തരം കിട്ടിയാല്‍ സദാചാരം സ്വയം മറക്കുന്നു.കൈക്കൂലിക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന മലയാളി സ്വന്തം കാര്യസാധ്യത്തിനായി ആര്‍ക്കാണ് കൈക്കൂലി കൊടുക്കേണ്ടത് എന്ന് സ്വയം അന്വേഷിച്ചു കണ്ടെത്തുന്നു.മലയാള ഭാഷ പരിപോഷിപ്പിക്കണമെന്നു പറയുമ്പോള്‍ തന്നെ മലയാളം പഠിച്ചിട്ടു എന്ത് കാര്യം എന്ന് സ്വയം ആലോചിക്കുന്നു

seby sഅങ്ങനെ, ഒരേ സമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോപ്പം വേട്ടയാടുകയും ചെയുന്നു മലയാളി . ..ഇരുട്ടിലും വെളിച്ചത്തുമായി രണ്ടു മുഖങ്ങളുള്ളവന്‍ മലയാളി ……( തുടരും )

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 


Scroll To Top