Friday December 09, 2016
Latest Updates

‘മലയാളഭാഷ പഠനകളരി’:ജൂണ്‍ 28നു ബ്രേയില്‍ തുടക്കം

‘മലയാളഭാഷ പഠനകളരി’:ജൂണ്‍ 28നു ബ്രേയില്‍ തുടക്കം

ഡബ്ലിന്‍:ഒരു നാടിന്റെ ജീവിതരീതിയും സംസ്‌കാരവും തൊട്ടറിയാനുള്ള ഉപാധിയാണ് മാതൃഭാഷ പഠനം. അയര്‍ലണ്ടിലെ പ്രവാസിമലയാളികളുടെ കുട്ടികളില്‍ മലയാളഭാഷ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഭാഷാപഠന ക്ലാസ്സുകള്‍ക്ക് മലയാളം സാംസ്‌കാരിക സംഘടന രൂപം നല്‍കുന്നു.

അക്ഷരങ്ങളും മുത്തശ്ശികഥകളും പാട്ടുകളുമായി അയര്‍ലണ്ടിലെ കുരുന്നുകളെ മലയാളഭാഷയുടെ തിരുമുറ്റത്തേക്ക് ആനയിക്കുവാനായി പഠന കളരിക്ക് തിരി തെളിയുന്നു. മലയാള ഭാഷ പഠന കളരിയുടെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ 28 ഞായറാഴ്ച രാവിലെ 10 ന് ബ്രേയിലെ വില്‍ട്ടന്‍ ഹോട്ടലില്‍ വച്ച് ഓള്‍ അയര്‍ലണ്ട് ക്വിസ് മല്‍സരം 2015 ന്റെ വിജയികള്‍ സംയുക്തമായി നിര്‍വഹിക്കുന്നു. ജൂനിയര്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ ലെസ്സ്‌ലിന്‍ വിനോദ്, അലന്‍ സെബാസ്റ്റ്യന്‍ സീനിയര്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ മെല്‍ബിന്‍ ഡേവിഡ്, കിരണ്‍ വില്‍സണ്‍ എന്നിവര്‍ സംയുക്തമായി കളരിയുടെ ഉല്‍ഘാടനം നിര്‍വഹിക്കുന്നതാണ്.

സ്‌കൂള്‍വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ഈ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുവാന്‍ ഉദേശിക്കുന്നത്. മലയാളഭാഷ പഠനത്തോടൊപ്പം ബാലസാഹിത്യകൃതികളും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. സാഹിത്യ അഭിരുചിയുള്ള കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കളരിയില്‍ നിന്നും ലഭിക്കുന്നതാണ്.

മലയാളഭാഷയുടെ മൂല്യവും സംസ്‌കാരവും പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാനാണ് ഭാഷാപഠനക്ലാസ്സിലൂടെ മലയാളം സാംസ്‌കാരിക സംഘടന ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പഠനകളരികള്‍ സംഘടിപ്പിക്കുവാന്‍ താല്‍പര്യമുള്ള ഏതൊരു കൂട്ടായ്മക്കും മലയാളം സംഘടനയുമായി ബന്ധപ്പെടാവുന്നതാണ്.ക്ലാസ്സുകളുടെ നടത്തിപ്പിനാവശ്യമായ പഠനസാമഗ്രികളും അദ്ധ്യാപകനെയും മലയാളം സംഘടനയുടെ നേതൃത്വത്തില്‍ ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വി. ഡി. രാജന്‍ 0870573885
ഷാജു ജോസ് 0876460316
പ്രിന്‍സ് ജോസ് 0871202784

Scroll To Top