Sunday September 24, 2017
Latest Updates

മാള അരവിന്ദന് കലാകേരളത്തിന്റെ അശ്രുപൂജ,സംസ്‌കാരം വ്യാഴാഴ്ച്ച

മാള അരവിന്ദന് കലാകേരളത്തിന്റെ അശ്രുപൂജ,സംസ്‌കാരം വ്യാഴാഴ്ച്ച

കോയമ്പത്തൂര്‍: പ്രമുഖ ചലച്ചിത്ര താരം മാള അരവിന്ദന്‍ (76) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍ നടക്കും. കോയമ്പത്തൂരില്‍ നിന്നും തൃശൂരില്‍ എത്തിച്ച മൃതദേഹം സംഗീതനാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വെച്ചു. ഇവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി ജന്മനാടായ മാളയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ടോടെ മാള പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും.
ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ 19നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് 24ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.
നാടകങ്ങള്‍ക്ക് തബല വായിച്ചാണ് മാള അരവിന്ദന്‍ കലാ രംഗത്തേക്ക് കടന്ന് വന്നത്. ചെറിയ നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയ മാള പിന്നീട് കേരളത്തിലെ പ്രൊഫഷനല്‍ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സ്ഥിര പ്രതിഷ്ഠ നേടുകയായിരുന്നു. എസ്.എല്‍ പുരം സദാനന്ദന്‍െ ‘നിധി’ എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.
1968 ല്‍ ഡോ. ബാലകൃഷ്ണന്റെ ‘സിന്ദൂരം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തത്തെുന്നത്. നൂറിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് പ്രസിദ്ധനായി. മീശമാധവന്‍, പെരുമഴക്കാലം, മുല്ലവള്ളിയും തേന്‍മാവും, പട്ടാളം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കന്മദം, പട്ടണപ്രവേശം,രേവതിക്കോരു പാവക്കുട്ടി, കുഞ്ഞാറ്റക്കിളികള്‍, എന്റെ ഗ്രാമം, താറാവ്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, ദ്വന്ദയുദ്ധം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
തൃശൂരിനടുത്ത മാള എന്ന സ്ഥലത്തെ മലയാള സിനിമയിലെ ഹാസ്യത്തിന്റെ പര്യായമാക്കി മാറ്റിയാണ് മാള അരവിന്ദന്‍ വിടവാങ്ങുന്നത്.

Scroll To Top