Monday December 05, 2016
Latest Updates

മഹീന്ദ്ര കാര്‍ ഡിസൈനിംഗ് കമ്പനിയായ പിനിന്‍ഫരീനയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

മഹീന്ദ്ര കാര്‍ ഡിസൈനിംഗ് കമ്പനിയായ പിനിന്‍ഫരീനയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കാര്‍ ഡിസൈനിംഗ് കമ്പനിയായ പിന്നിന്‍ഫരീനയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാങ്ങാനൊരുങ്ങുന്നു. ഇതിന്റെ ആദ്യവട്ട ചര്‍ച്ചകള്‍ നടന്നതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിനിന്‍ഫരീനയുടെ മേജര്‍ സ്‌റ്റേക്ക് ഓഫ് ഷെയര്‍ (ഓഹരി പങ്കാളിത്തം) എടുക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. ഫെരാരി, മസരട്ടി, റോള്‍സ് റോയ്‌സ് കാഡിലാക്ക് തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ കമ്പനികള്‍ക്ക് വാഹനങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുള്ള കമ്പനിയാണിത്.

പിനിന്‍ഫരീനയെ മഹീന്ദ്ര ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ പിന്നിന്‍ഫരീനയുടെ ഓഹരി വിപണിയില്‍ കുതിച്ചു ചാട്ടമുണ്ടായി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം ഈ ഡീലിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇരു കമ്പനികളും തയാറായില്ല. ടൂറിന്‍ ആസ്ഥാനമായുള്ള കമ്പനിയായ പിനിന്‍ഫരീനയുടെ ചൊവ്വാഴ്ച്ചത്തെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 135 മില്യണ്‍ ഡോളറാണ്. ഒട്ടുമിക്ക കമ്പനികളും ഇന്‍ഹൗസ് ഡിസൈനേഴ്‌സിനെ നിയമിച്ചു തുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി ഇപ്പോള്‍ കടത്തില്‍ മുങ്ങി നില്‍ക്കുകയാണ്. കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ എത്രയാണോ അത്ര തന്നെ കടവും കമ്പിനിക്കുണ്ട്. 1.3 മില്യണ്‍ യൂറോയുടെ നഷ്ടമാണ് ഇപ്പോള്‍ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. കാര്‍ ഡിസൈനിംഗില്‍ രക്ഷയില്ലാ എന്ന് കണ്ടപ്പോള്‍ ഇന്റീരിയര്‍, ബില്‍ഡിംഗ്, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് തുടങ്ങി സകല മേഖലകളിലും പിനിന്‍ഫരീന ഇപ്പോള്‍ കൈവെയ്ക്കുന്നുണ്ട്.

 

Scroll To Top