Wednesday December 07, 2016
Latest Updates

മാഗി ന്യൂഡില്‍സില്‍ മായം; അമിതാഭ് ബച്ചനും, പ്രീതി സിന്റക്കും, മാധുരി ദീക്ഷിത്തിനുമെതിരെ കേസ്

മാഗി ന്യൂഡില്‍സില്‍ മായം; അമിതാഭ് ബച്ചനും, പ്രീതി സിന്റക്കും, മാധുരി ദീക്ഷിത്തിനുമെതിരെ കേസ്

മാഗി ന്യൂഡില്‍സില്‍ അപകടകരമായ അളവില്‍ ഭക്ഷ്യ മയം അടങ്ങിയിരിക്കുന്നുവെന്ന പരാതിയില്‍ നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ കേസെടുത്തു. മൂന്നു താരങ്ങള്‍ ഉള്‍പ്പടെ മറ്റ് അഞ്ചു പേര്‍ക്കെതിരെയും കേസുണ്ട്.

ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നെസ്‌ലെ ഇന്ത്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവരും കേസെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. മാഗി ന്യൂഡില്‍സിന്റെ ഉപയോഗം പരസ്യത്തിലൂടെ പ്രോത്സാഹിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ കീഴിലാണ് കേസെന്ന് ബരാബാങ്കി ഫുഡ് സേഫ്റ്റി ഓഫീസര്‍ വി.കെ. പാണ്ഡെ അറിയിച്ചു.

അപകടകരമായ അളവില്‍ ലെഡിന്റെയും മോണോസോഡിയത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ എഫ്ഡിഎ നിയമനടപടികള്‍ ആരംഭിച്ചിരുന്നത്. മാഗിയില്‍ അപകടകരമായ അളവില്‍ മായം ചേര്‍ത്തതായി സ്ഥിരീകരിക്കപ്പെട്ടതോടെ യുപിയിലെ വിപണികളില്‍ നിന്നും ന്യൂഡില്‍സ് പാക്കറ്റുകള്‍ പിന്‍വലിച്ചിരുന്നു.

മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഉത്തരാഖണ്ഡിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ തന്നെ നോട്ടീസ് അയച്ചിരുന്നു. രണ്ടു മിനിറ്റുകൊണ്ടു തയ്യാറാക്കുന്ന മാഗി ന്യൂഡില്‍സ് എന്ത് പോഷണമാണ് നല്‍കുന്നത് എന്നതു സംബന്ധിച്ച് നടി വിശദീകരിക്കണമെന്ന് നോട്ടീസ് ആവശ്യപ്പെടുന്നു. ഇതിനു പിന്നാലെയാണ് അമിതാഭ് ബച്ചനും പ്രീതി സിന്റയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

 

Scroll To Top