Tuesday December 06, 2016
Latest Updates

മഗ്ദലൈന്‍ ലോണ്ടറീസില്‍ മരിച്ചത് 1663 ഐറിഷ് സ്ത്രീകളെന്ന് ജസ്റ്റിസ് ഫോര്‍ മഗ്ദലൈന്‍സ് ഗ്രൂപ്പ്

മഗ്ദലൈന്‍ ലോണ്ടറീസില്‍ മരിച്ചത് 1663 ഐറിഷ് സ്ത്രീകളെന്ന് ജസ്റ്റിസ് ഫോര്‍ മഗ്ദലൈന്‍സ് ഗ്രൂപ്പ്

ഡബ്ലിന്‍: മഗ്ദലൈന്‍ ലോണ്ടറീസില്‍ മരിച്ചത് 1663 ഐറിഷ് സ്ത്രീകളെന്ന് ജസ്റ്റിസ് ഫോര്‍ മഗ്ദലൈന്‍സ് ഗ്രൂപ്പ്. സെനറ്റര്‍ മാര്‍ട്ടിന്‍ മക്കലീസിന്റെ നേതൃത്വത്തില്‍ ഐറിഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മറ്റി കണ്ടെത്തിയതിന്റെ ഇരട്ടിയാണ് ഇത്.2013 ലാണ് മക്കലീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഐറിഷ് കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളില്‍ 879 സ്ത്രീകള്‍ മരിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ അതിന്റെ ഇരട്ടി വരുമെന്നാണു പുതിയ കണ്ടെത്തല്‍. മരിച്ച സ്ത്രീകളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഉള്‍ക്കൊള്ളുന്ന ജസ്റ്റിസ് ഫോര്‍ മഗ്ദലൈന്‍സ് എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
കത്തോലിക്ക സ്ഥാപനങ്ങളിലെ സ്ത്രീകളുടെ മരണത്തെക്കുറിച്ച് ഉത്തരം നല്‍കുന്നതിന് പകരം നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് മക്കലീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതെന്ന് ജസ്റ്റിസ് ഫോര്‍ മഗ്ദലൈന്‍സ് ഗ്രൂപ്പ് കുറ്റപ്പെടുത്തി. മക്കലീസ് റിപ്പോര്‍ട്ടില്‍ യഥാര്‍ത്ഥ മരണ സംഖ്യ ഉള്‍പ്പെടുത്തിയില്ല. 1922 ന് മുമ്പുള്ള മരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് മൌനം പാലിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് മഗ്ദലൈന്‍സ് ഗ്രൂപ്പ് ഉന്നയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ചില ശവക്കല്ലറകളെക്കുറിച്ച് പരാമര്‍ശമില്ലെന്നും ഗ്രൂപ്പ് കുറ്റപ്പെടുത്തി. മുഴുവന്‍ വിവരങ്ങളും
ഉള്‍പ്പെടുത്താത്ത റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും ഗ്രൂപ്പ് കുറ്റപ്പെടുത്തി.

അതേസമയം മക്കലീസ് കമ്മറ്റി ഇപ്പോള്‍ നിലവിലില്ലെന്ന് മഗ്ദലൈന്‍ ഗ്രൂപ്പിന്റെആരോപണങ്ങള്‍ക്ക് മറുപടിയായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. മഗ്ദലൈന്‍ ഗ്രൂപ്പിന്റെ പുതിയ കണ്ടെത്തല്‍ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചു.

Scroll To Top