Wednesday August 23, 2017
Latest Updates

‘മൃഗങ്ങള്‍, മൃഗങ്ങളാല്‍, മൃഗങ്ങള്‍ക്ക് വേണ്ടി…’ തിരുത്തപ്പെടുന്ന ജനാധിപത്യ നിര്‍വചനങ്ങള്‍ !

‘മൃഗങ്ങള്‍, മൃഗങ്ങളാല്‍, മൃഗങ്ങള്‍ക്ക് വേണ്ടി…’ തിരുത്തപ്പെടുന്ന ജനാധിപത്യ നിര്‍വചനങ്ങള്‍ !

‘ മൃഗാധിപത്യം വന്നാല്‍’ എന്നൊരു പംക്തി കുട്ടികളുടെ ഒരു ചിത്രകഥാ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട് .ഭാരതത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ പലവിധ കാരണങ്ങളും ഉണ്ടായിരിക്കുന്നു. മനുഷ്യരെക്കാള്‍ മൃഗങ്ങള്‍ ക്ക് പ്രാധാന്യം കൈവരുന്ന അവസ്ഥയാണല്ലോ മൃഗാധിപത്യം.അടുത്ത കാലത്തായി ഭാരതത്തില്‍ ഉണ്ടായ ചില സംഭവങ്ങള്‍ സൂക്ഷമായി പരിശോധിച്ചാല്‍ മൃഗാധിപത്യത്തിന്റെ സൂചനകള്‍ ലഭിക്കും.ഭരിക്കുന്ന പാര്‍ട്ടിയുടെ ചില നിലപാടുകള്‍ മനുഷ്യരെക്കാള്‍ മൃഗങ്ങള്‍ക്ക് അനുകൂലമായി ഭവിക്കുന്നു.ഇവിടെ പശുക്കള്‍ക്കും പട്ടികള്‍ക്കും താഴെയാണ് മനുഷ്യന്റെ സ്ഥാനം.!

ഗോമാംസം ഭക്ഷിച്ചതിന്റെ പേരിലും, കാലികളെ ട്രക്കില്‍ കയറ്റി കൊണ്ട് പോയതിന്റെ പേരിലും മൂന്ന് കൊലപാതകങ്ങള്‍ ഉത്തരേന്ത്യയില്‍ നടന്നു.പശുക്കള്‍ക്ക് മനുഷ്യജീവനെക്കളും വിലയുണ്ടെന്നും,പശുക്കളെ കൊല്ലുന്നവരെയും തിന്നുന്നവരെയും കൊലപെടുത്തണമെന്നും ഏതെങ്കിലും മതഗ്രന്ഥത്തില്‍ അനുശാസിച്ചിട്ടുണ്ടോ?മനുഷ്യജീവനേക്കാള്‍ മൃഗത്തിന്റെ ജീവന് വിലകല്‍പ്പിക്കണമെന്നു ഏതെങ്കിലും മതം പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെ മതഗ്രന്ഥമെന്നോ മതമെന്നോ വിളിക്കാനാകില്ല.കാരണം മനുഷ്യസ്‌നേഹം പഠിപ്പിക്കുന്നതാകണം മതം 

ബീഫ് കഴിക്കുന്ന മുസ്ലീകള്‍ പാകിസ്ഥാനിലേക്ക് പോകട്ടെ എന്ന് പറയുന്നവര്‍ ബീഫ് കഴിക്കുന്ന ഹിന്ദുക്കളെ എന്ത് ചെയ്യണമെന്നു പറയുന്നില്ല. അവരെ ഇന്ത്യയില്‍ തന്നെ കൊന്നു കുഴിച്ചു മൂടുമോ??? അപ്പോള്‍ ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം ബീഫ് അല്ല , മതപരമായ അസഹിഷ്ണുതയാണ്.പശുക്കളെ കൊല്ലുന്നത് ഏതെങ്കിലും സംസ്ഥാനത്ത് നിയമവിരുദ്ധം ആണെ ങ്കില്‍ ആ നിയമം നടപ്പിലാക്കാന്‍ പോലീസും കോടതിയും ഉണ്ട് .മരണശിക്ഷ വിധിക്കാന്‍ ജനത്തിനു അധികാരമില്ലെന്നിരിക്കെ തന്നെ ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന നേതാക്കള്‍ ആണ് നമ്മെ ആശങ്കപെടുത്തുന്നത്.നിയമവും ശിക്ഷയും ഞങ്ങള്‍ തീരുമാനിക്കും നടപ്പാക്കും എന്ന ധാര്‍ഷ്ട്യം തികഞ്ഞ അരാജകത്വവും ഫാസിസവുമാണ്.പശുവിനോടുള്ള സ്‌നേഹവും ആര്‍ദ്ര തയും അനുകമ്പയും പോലും മനുഷ്യനോടു തോന്നാത്ത ഈ കൂട്ടര്‍ മനുഷ്യത്വ ത്തില്‍നിന്നു എത്രയോ അകന്നു പോയിരിക്കുന്നു .മൃഗങ്ങളെ പോലെ അവര്‍ അധപതിച്ചിരിക്കുന്നു.

മനുഷ്യനെക്കാള്‍ പശുവിനെ സ്‌നേഹിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ ഭയമാകുന്നു.
ആര്‍ഷ ഭാരത സംസ്‌കാരം കാട്ടാള സംസ്‌കാരമായി അധപതിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏതൊരാളെയും ദു:ഖിപ്പിക്കേണ്ടതാണ്.നാം വണ്ടിയോടിച്ചു പോകുമ്പോള്‍ അറിയാതെ ഒരു മനുഷ്യനെ ഇടിച്ചു വീഴ്ത്തിയാലും കുഴപ്പമില്ല .എന്നാല്‍ ഒരു പശുവിനെ ഇടിച്ചു വീഴ്ത്തിയാല്‍ നാം കൊല്ലപെട്ടേക്കാം.ആള്‍കൂട്ടം നമ്മെ തല്ലി കൊന്നേക്കാം.മരണം പശുവി ന്റെ രൂപത്തില്‍ നമുക്ക് ചുറ്റും പതിയിരിക്കുന്നു.

പശുവിനെ കാണുമ്പോള്‍ തന്നെ ഭയമാകുന്നു.. ഒരിക്കല്‍ നമ്മെ തേടിയും അവര്‍ വരും.. പശു മാംസത്തിന്റെ ഗന്ധം തേടി നമ്മുടെ അടുക്കളകളിലേക്ക് കൊലകത്തിയുമായി ഒരുനാള്‍ അവര്‍ വരും.. എല്ലാം,മതത്തിന്റെ പേരില്‍.മനുഷ്യനന്മക്കായി രൂപം കൊണ്ട മതങ്ങള്‍ മനുഷ്യനാശത്തിനു വഴിതെളിക്കുന്ന ഈ വിരോധാഭാസത്തിന്റെ ഉത്തരവാദികള്‍ ആരാണ്?? തീര്‍ച്ചയായും മതങ്ങളുടെ നടത്തിപ്പുകാര്‍ തന്നെ.കാലങ്ങളായി മനുഷ്യനെ വഴിതെറ്റിക്കുന്ന ഒരു വിഭാഗം പുരോഹിതവര്‍ഗത്തിന് ഈ തെറ്റുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകുമോ??

ഗാന്ധിയേക്കാള്‍ രാജ്യസ്‌നേഹം ഗാന്ധിഘാതകന്‍ ഗോഡ്‌സേയില്‍ കാണുന്നവരെ മൃഗങ്ങള്‍ എന്നുതന്നെ വിളിക്കണം.ലോകം മുഴുവന്‍ ആദരിക്കുന്ന മഹാത്മാഗാന്ധിയെ കൊലപെടുത്തിയ വ്യക്തിയെ ആദരിക്കുന്ന സംസ്‌കാരം ആര്‍ഷ ഭാരതത്തിന്റെയോ അതോ കാട്ടളന്റെയോ?? പണ്ഡിതരും എഴുത്തുകാരും കൊല്ലപെടുന്നു.അറിവിന്റെ തീ നാളങ്ങള്‍ അണച്ച് കളയുന്നത് ആര്‍ഷ ഭാരത സംസ്‌കാരമോ അതോ കാട്ടാള സംസ്‌കാരമോ ??ധാരാളം എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ മടക്കികൊടുത്തു പ്രതിഷേധി ക്കുന്നു. മൃഗസ്‌നേഹികള്‍ക്ക് ആ പ്രതിഷേധ ത്തിന്റെ അര്‍ത്ഥം മനസ്സി ലാക്കാന്‍ കഴിഞ്ഞെന്നു വരില്ല .എല്ലാ അറിവുകളും സത്യങ്ങളും അണ ച്ചുകളഞ്ഞു ഭാരതം മുഴുവന്‍ ഇരുട്ട് പടരുമ്പോള്‍ ഇരുട്ടിന്റെ ഈ സന്തതികള്‍ക്ക് ആര്‍ത്തട്ടഹസി ക്കാം !!

ദളിതരുടെയും അന്യ മതസ്ഥരുടേയുംയും ചോര കുടിച്ചും,പശുക്കളെ മാറോടണച്ചു സംരക്ഷിച്ചും ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാന്‍ ഈ അടുത്തകാലത്തായി ഇറങ്ങി പുറപ്പെട്ടവരെക്കള്‍ നാം ഭയക്കേണ്ടത് മൌനം പാലിച്ചു നിഷ്‌ക്രിയമായിരിക്കുന്ന അധികാരികളെയാണ് ..നാളെ ‘ഗാന്ധി ജയന്തി’ക്കു പകരം ‘ഗോഡ്‌സേ ജയന്തി’ പൊതു അവധി ദിനമാകുമ്പോള്‍, ‘ശിശുദിന’ത്തിന് പകരം ‘ഗോദിനം’ ആചരിക്കുമ്പോള്‍ നമ്മുടെ ഇന്നത്തെ മൌനത്തെ ഓര്‍ത്തു നാം ദുഖിക്കും.അതിനാല്‍ മൃഗങ്ങളുടെ കൈകളില്‍ നിന്ന് ഭാരതത്തെ വീണ്ടെടുക്കാന്‍ നമുക്ക് കൈകോര്‍ക്കാം .എല്ലാ മതസ്ഥരും സന്തോഷത്തോടെ കഴിയുന്ന ക്ഷേമരാഷ്ട്രത്തിനായി നമുക്ക് യത്‌നിക്കാം… 

Sebi Sebastian celbridge 

Scroll To Top