Friday December 09, 2016
Latest Updates

ലൂക്കന്‍ മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കി മന്ത്രി ഫിറ്റ്‌സ്ജറാല്‍ഡ് :’ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും’

ലൂക്കന്‍ മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കി മന്ത്രി ഫിറ്റ്‌സ്ജറാല്‍ഡ് :’ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും’

ഡബ്ലിന്‍:നീതിന്യായ :മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ്ജറാള്‍ഡിന്റെ പ്രത്യേക ക്ഷണമനുസരിച്ച് ലൂക്കന്‍ മലയാളികളുടെ പ്രതിനിധികള്‍ ലിന്‍സ്റ്റര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തി.അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് മലയാളികളുടെ പ്രതിനിധികളെ മന്ത്രി ലിന്‍സ്റ്റര്‍ ഹൌസിലേയ്ക്ക് ക്ഷണിച്ചത്.

മന്ത്രി പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലം ഉള്‍പെടുന്ന ഡബ്ലിന്‍ മിഡ് വെസ്റ്റിലാണ് ലൂക്കന്‍ ഉള്‍പ്പെടുന്നത് എന്നതിനാല്‍ പ്രാദേശിക വികസന പ്രശ്‌നങ്ങളും ചര്‍ച്ചയ്ക്ക് വിഷയമായി.ലൂക്കനില്‍ കുടിയേറ്റകാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ഒരു കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കുക,എന്നതാണ് പ്രധാനമായും മലയാളികള്‍ പ്രാദേശിക വികസന ചര്‍ച്ചയില്‍ ഉന്നയിച്ചത്.

മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ സെക്കണ്ടറി സ്‌കൂളുകളില്‍ ഐറിഷ് നിര്‍ബന്ധിത വിഷയമാക്കി പഠിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഫിറ്റ്‌സ്ജറാള്‍ട് നിവേദക സംഘത്തെ അറിയിച്ചു.അയര്‍ലണ്ടില്‍ ഒരു ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് സഹായിക്കണമെന്ന അഭ്യര്‍ഥിച്ച സംഘത്തോട് മന്ത്രി അനുഭാവ പൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചത്.

കുടിയേറ്റക്കാരുടെ അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ എത്തുന്ന ബന്ധുക്കള്‍ക്കുള്ള വിസ ആറുമാസമായി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു വരുന്നതായി മന്ത്രി അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ ആറുമാസ വിസ പദ്ധതി എങ്ങനെയാണ് നടപ്പാക്കുന്നത് എന്ന് പഠിച്ച് അതിന്റെ ഒരു റിപ്പോര്‍ട്ട് ഇന്ത്യന്‍ എംബസിയുടെ കൂടി സഹകരണത്തോടെ സമര്‍പ്പിക്കാനും മന്ത്രി നിവേദക സംഘത്തോട് നിര്‍ദേശിച്ചു.

ലൂക്കന്‍ മലയാളികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളോടും അനുഭാവ പൂര്‍വമായ സമീപനമായിരുന്നു മന്ത്രി പുലര്‍ത്തിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.15 പേരടങ്ങുന്നതായിരുന്നു ലൂക്കന്‍ മലയാളികളുടെ സംഘം.കൌണ്‍സിലര്‍ വില്ല്യം ലാവലിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.


Scroll To Top