Saturday December 10, 2016
Latest Updates

‘സ്വര്‍ഗസ്ഥനായ പിതാവേ’ പ്രാര്‍ഥന ചൊല്ലുന്നതിനെ സംബന്ധിച്ച് ഐറിഷ് പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത

‘സ്വര്‍ഗസ്ഥനായ പിതാവേ’ പ്രാര്‍ഥന ചൊല്ലുന്നതിനെ സംബന്ധിച്ച് ഐറിഷ് പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത

ഡബ്ലിന്‍: ഐറിഷ് പാര്‍ലമെന്റില്‍ പ്രാര്‍ത്ഥന ചൊല്ലുന്നതില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ ഭിന്നത. പാര്‍ലമെന്റിന്റെ ഓരോ സിറ്റിങ്ങിന് മുന്‍പും ക്രൈസ്തവ രീതിയിലുള്ള പ്രാര്‍ത്ഥന ചൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ടിഡി ക്ലെയര്‍ ഡാലി പറഞ്ഞു. സഭയും സര്‍ക്കാരും രണ്ടാണ്. അവ രണ്ടായി തന്നെ കാണണം. ക്രൈസ്തവരുടെ പ്രാര്‍ത്ഥന പാര്‍ലമെന്റില്‍ ചൊല്ലുന്നത് ആധുനിക അയര്‍ലണ്ടിന് ചേര്‍ന്നതല്ലെന്നും ക്ലെയര്‍ ഡാലി പറഞ്ഞു. മതനിന്ദയ്‌ക്കെതിരെയുള്ള പുതിയ നിയമം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ക്ലെയര്‍ ഡാലി പാര്‍ലമെന്റിലെ പ്രാര്‍ത്ഥനയ്‌ക്കെതിരെ രംഗത്ത് വന്നത്. 

അതേസമയം പാര്‍ലമെന്റില്‍ പ്രാര്‍ത്ഥന നിരോധിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്ന് ടിപ്പെററി ടിഡി മെറ്റി മഗ്രാത്ത് പറഞ്ഞു. ആധുനിക പാര്‍ലമെന്റില്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന നിലപാട് ശുദ്ധ അസംബന്ധമാണെന്നും മഗ്രാത്ത് കുറ്റപ്പെടുത്തി. ഓരോ തവണയും പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് ഇംഗ്ലീഷിലും ഐറിഷിലും ‘സ്വര്‍ഗസ്ഥനായ പിതാവേ’എന്ന് തുടങ്ങുന്ന കര്‍തൃ പ്രാര്‍ത്ഥന ചൊല്ലാറുണ്ട്. 1932 മുതല്‍ ഐറിഷ് പാര്‍ലമെന്റില്‍ ഈ നടപടിക്രമം പാലിച്ചുവരുന്നു. അതേസമയം 2011 ല്‍ തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാര്‍ലമെന്റ് നിലവില്‍ വന്നതുമുതല്‍ ഇത് സംബന്ധിച്ച് വിവാദവും രൂക്ഷമാണ്. 

ചില ലേബര്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നാണ് ഈ ആവശ്യം ആദ്യം ഉയര്‍ന്നത്. പാര്‍ലമെന്റ് കമ്മറ്റി പ്രാര്‍ത്ഥന നിരോധിക്കുകയോ പാര്‍ലമെന്റ് അംഗങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പ്രമേയം കൊണ്ടുവരികയും അത് വിജയിക്കുകയോ ചെയ്താല്‍ മാത്രമേ പാര്‍ലമെന്റിലെ പ്രാര്‍ത്ഥന അവസാനിപ്പിക്കാന്‍ സാധിക്കൂ. 

ഐറിഷ് പാര്‍ലമെന്റ് എന്തൊക്കെ തീരുമാനമെടുത്താലും സിംഗപ്പൂരിലെ രണ്ടു വയസുകാരി സോയ് തോ എന്ന മിടുക്കി കര്‍തൃപ്രാര്‍ഥന പാടുന്നത് പോലെ(താഴെ വിഡിയോ കാണുക ) ലോകത്തില്‍ ഏറ്റവും അധികം പേര്‍ ചൊല്ലുകയും ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന പ്രാര്‍ഥനയായി ഇത് നിലനില്ക്കുമെന്നു നിസംശയം പറയാം 

Scroll To Top