Saturday December 03, 2016
Latest Updates

കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒക്‌റ്റോബറില്‍ 

കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒക്‌റ്റോബറില്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍. തീയതി പിന്നീട് പ്രഖ്യാപിക്കും. ജൂലൈ അവസാനത്തോടെ വാര്‍ഡുകളുടെ വിഭജനം പൂര്‍ത്തിയാക്കും.
നവംബര്‍ ഒന്നിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍വരുമെന്നും ഇക്കാര്യത്തില്‍ മാറ്റമുണ്ടാവില്‌ളെന്നും കമീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംവരണ വാര്‍ഡുകള്‍ക്കും സംവരണ സ്ഥാനങ്ങള്‍ക്കും മാറ്റമുണ്ടാകും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ അവസാനത്തോടെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വാര്‍ഡ് വിഭജനംകൂടി പൂര്‍ത്തിയായാല്‍ വീണ്ടുമൊരു പരിശോധന നടത്തി അപേക്ഷകള്‍ സ്വീകരിക്കും.

എല്ലാ പരാതികളും പരിഹരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക ഇതിനെതുടര്‍ന്നാകും തയാറാക്കുക. സംവരണ വാര്‍ഡുകള്‍ പത്ത് വര്‍ഷത്തേക്ക് മാറില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അത് ശരിയല്ല. എല്ലാ സംവരണ വാര്‍ഡുകള്‍ക്കും ചട്ടമനുസരിച്ച് മാറ്റമുണ്ടാകും. വനിതാ സംവരണ വാര്‍ഡുകള്‍ 50 ശതമാനമാണ്. പ്രവാസി വോട്ടുകള്‍ക്ക് അര്‍ഹതയുണ്ട്. അപേക്ഷ നല്‍കിയാല്‍ പരിശോധിച്ചശേഷം വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കും. പിന്നീട് പാസ്‌പോര്‍ട്ടോ അനുബന്ധ രേഖകളുമായോ എത്തി വോട്ട് ചെയ്യാം. നിലവിലുള്ള ചട്ടമനുസരിച്ചാണ് പ്രവാസി വോട്ടുകളുടെ നടപടിക്രമങ്ങള്‍ നടത്തുന്നത്. അതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാറില്‍നിന്നാണ് വരേണ്ടതെന്നും ശശിധരന്‍ നായര്‍ പറഞ്ഞു.

Scroll To Top