Friday December 09, 2016
Latest Updates

ഒക്ടോബറിലെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്കും അവസരമൊരുങ്ങുന്നു,ഓണ്‍ ലൈന്‍ വോട്ടിംഗിന് മന്ത്രിസഭ ശിപാര്‍ശ നല്‍കി 

ഒക്ടോബറിലെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്കും അവസരമൊരുങ്ങുന്നു,ഓണ്‍ ലൈന്‍ വോട്ടിംഗിന് മന്ത്രിസഭ ശിപാര്‍ശ നല്‍കി 

(ഫോട്ടോ:പഞ്ചായത്ത് ഇലക്ഷന്‍ 2015(തിയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല,തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പിനായി അനൌദ്യോഗികമായി കരുതുന്ന ദിവസങ്ങളാണ് ഒക്ടോബര്‍ 24,26 എന്നിവ)

ഡബ്ലിന്‍:ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അയര്‍ലണ്ടിലെയടക്കം ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് വോട്ടു ചെയ്യാനായേക്കുമെന്നു എതാണ്ട് ഉറപ്പിച്ചു കൊണ്ട് സംസ്ഥാനത്ത് പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ടവകാശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയോഗമാണ് പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ഏറെ വൈകാതെ തന്നെ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാകും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക.അടുത്ത തിരഞ്ഞെടുപ്പില്‍ തന്നെ വോട്ടു ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് ഉമ്മന്‍ ചാണ്ടിയും ,മന്ത്രി കെ സി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം കൈകൊണ്ടത്. പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സമവായമുണ്ടാക്കി തീരുമാനം അറിയിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ സാങ്കേതികത്വത്തെ കുറിച്ച് പ്രതിപക്ഷം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വരെ പ്രതിപക്ഷത്തിന് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാന്‍ സമയം അനുവിദിച്ചിരുന്നുവെങ്കിലും സംശയം നിലനിര്‍ത്തികൊണ്ടുള്ള മറുപടിയാണ് അവര്‍ നല്‍കിയത്. എന്നാല്‍ പ്രവാസി വേട്ടവകാശം ഉറപ്പാക്കാന്‍ സര്‍വവകക്ഷി യോഗം തീരുമാനിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വോട്ടിംഗുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ഉണ്ടാകണമെന്നതാണ് സര്‍ക്കാറിന്റെ നിലപാട്. തദ്ദേശതെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉടനെ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണ്ടതുണ്ട്. ഓണ്‍ലൈന്‍ വോട്ടിങ് അല്ലെങ്കില്‍ പ്രോക്‌സി വോട്ടിങ് (പകരം വോട്ട്) ആണ് സര്‍ക്കാറിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ പ്രോക്‌സി വോട്ടിങ് സംവിധാനത്തോട് ഒരു കക്ഷിയും യോജിച്ചില്ല.

തുടര്‍ന്നാണ് ഓണ്‍ലൈന്‍ വോട്ടിംഗുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പദ്ധതി നടപ്പാക്കേണ്ട ചുമതല. ഓണ്‍ലൈന്‍ വോട്ടിങ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ തെരഞ്ഞെടുപ്പ് വേളയില്‍ നാട്ടിലുള്ള, വോട്ടര്‍പ്പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സംവിധാനമുണ്ട്. എന്നാല്‍ വളരെ കുറച്ചുപേര്‍ക്കേ ഇത് പ്രയോജനം ചെയ്യുന്നുള്ളൂ. പുതിയ സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ ലോത്തെവിടെയുമുള്ള മലയാളികള്‍ക്ക് നാട്ടിലെ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാന്‍ കഴിയും.

Scroll To Top