Sunday December 04, 2016
Latest Updates

സൂര്യഗ്രഹണം ലൈവ്

സൂര്യഗ്രഹണം ലൈവ്

ഡബ്ലിന്‍:പ്രതീക്ഷിച്ചിരുന്നത് പോലെ കൃത്യം 8.21 ന് തന്നെ അയര്‍ലണ്ടില്‍ സൂര്യഗ്രഹണം ദൃശ്യമാവാന്‍ തുടങ്ങി.ലോകമെമ്പാടുമുള്ള ശാസ്ത്ര കുതുകികളോടൊപ്പം ആയിരക്കണക്കിന് സാധാരണക്കാരും ആശങ്കയോടെ മാനത്തു വിരിയുന്ന അത്ഭുതദൃശ്യം മാധ്യമങ്ങളിലൂടെ ലൈവായി കാണുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗത്തും ഗ്രഹണം നേരിട്ട് വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇന്ന് പ്രഭാതം മുതല്‍ എല്ലാവരും വലിയ ആശങ്കയോടെയാണ് പ്രകൃതിയെ വീക്ഷിക്കുന്നത്.

8.21 ന് തുടങ്ങിയെങ്കിലും 9.10 വരെയും അയര്‍ലണ്ടിലെ സൂര്യവെളിച്ചത്തിനു കാര്യമായ കുറവുണ്ടായില്ല.എന്നാല്‍ പ്രകാശം പിന്നീടു കുറഞ്ഞു വന്നു.കിളികളും മറ്റും അന്തിയ്ക്കു ചേക്കേറുമ്പോള്‍ പ്രകടമാക്കുന്ന ശബ്ദവും ചേഷ്ടകളും കാണിച്ചു തുടങ്ങിയതായി ലൈവ് മീഡിയകള്‍ ദൃശ്യമാക്കി.

 9.21 നു രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും നേരിയ ഇരുട്ടില്‍ മുങ്ങിയതായി വിവരം ലഭിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി.
അതുവരേയ്ക്കും ഉണ്ടായിരുന്ന അവസ്ഥ പൂര്‍ണ്ണമായും മാറി.ചിലയിടങ്ങളില്‍ ഇടിമുഴക്കം അനുഭവപെടുന്നതായും പറയപ്പെടുന്നു.

9.34 ഇന്ന് അനുഭവപ്പെടുന്ന സൂര്യഗ്രഹണം കാണാന്‍ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നായി പറയപ്പെട്ടിരുന്നെങ്കിലും രാവിലെ മുതല്‍ മേഘാവൃതമായ അന്തരീക്ഷം സൂര്യനെ മൂടിക്കളഞ്ഞതായും പറയപ്പെടുന്നു.എങ്കിലും ഡോണഗല്‍ കൗണ്ടിയില്‍ ഏതാണ്ട് 90 %വരെ സൂര്യഗ്രഹണം ദൃശ്യമായിരുന്നു.

9.38 :സൂര്യവെളിച്ചം വീണ്ടും എത്തുകയായി.സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗ്രഹണം വീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളിലൂടെ നൂറു കണക്കിന് കുട്ടികള്‍ ഇപ്പോള്‍ അപൂര്‍വമായ പ്രതിഭാസം കണ്ടു കൊണ്ടിരിക്കുകയാണ്.

9.40 :അസ്തമയമായില്ലെന്ന് മനസിലാക്കിയ കിളികള്‍ ചേക്കേറിയ സ്ഥലങ്ങളിലെ ഇരിപ്പിടങ്ങളില്‍ നിന്നും ആശങ്കയോടെ വീണ്ടും വെളിച്ചത്തിലേയ്ക്ക് നോക്കുന്ന ദൃശ്യം യൂ ടി വി കാമറ പുറത്തു വിട്ടു.ഇപ്പോള്‍ പുലരിയില്‍ കിളികള്‍ എങ്ങനെയാണോ പ്രതീകരിക്കുന്നത് അതേ ശബ്ദങ്ങള്‍ ഡബ്ലിന്‍ നഗരത്തില്‍ പോലും കേള്‍ക്കാം!

10.15:അയര്‍ലണ്ടിലെ അന്തരീക്ഷം സാധാരണനിലയിലേയ്ക്ക് തിരികെയെത്തിയെന്ന് വാനനിരീക്ഷകര്‍! സൂര്യഗ്രഹണം കഴിഞ്ഞുവെന്ന് ലൈവ് മീഡിയ കമന്‍രേറ്റര്‍മാര്‍…ലൈവ് വീഡിയോഗ്രാഫര്‍മാര്‍ പാക്കപ്പ് തുടങ്ങി.ഇനി 2026 ലാണ് അയര്‍ലണ്ടില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം കാണാനാവുക.

ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു എന്ന് അടക്കം പറഞ്ഞ് ജനം ഗ്രഹണക്കാഴ്ചകള്‍ അവസാനിപ്പിക്കുന്നു !എങ്കിലും നാളെ മാധ്യമങ്ങളില്‍ പ്രതീക്ഷിക്കാവുന്ന ഒരു വാര്‍ത്ത ഇന്നേ റിപ്പോര്‍ട്ട് ചെയ്ത് ഐറിഷ് മലയാളിയും ലൈവ് റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കുന്നു.ആ വാര്‍ത്ത ഇങ്ങനെയായിരിക്കും ‘ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കിയ മൂന്ന് പേര്‍ക്ക് കാഴ്ച്ച ശക്തി നഷ്ട്ടമായി !’ 

Scroll To Top