Sunday December 17, 2017
Latest Updates

ലിമെറിക്കില്‍ മൂവായിരം പേര്‍ക്ക് ജോലി നല്‍കുന്ന ബ്രഹത് പദ്ധതിയെത്തുന്നു,ഇഐബിയുമായി ഇന്ന് കരാര്‍ ഒപ്പുവെക്കും

ലിമെറിക്കില്‍ മൂവായിരം പേര്‍ക്ക് ജോലി നല്‍കുന്ന ബ്രഹത് പദ്ധതിയെത്തുന്നു,ഇഐബിയുമായി ഇന്ന് കരാര്‍ ഒപ്പുവെക്കും

ലിമെറിക്ക് :ലിമെറിക്കില്‍ 3000 പേര്‍ക്ക് ജോലി നല്‍കുന്ന 85 മില്ല്യണ്‍ യൂറോയുടെ നഗര നവോത്ഥാന പദ്ധതി ഒരുങ്ങുന്നു.യൂറോപ്പ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (ഇഐബി) പിന്തുണയ്ക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.ഇന്ന് ലിമെറിക്കില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെക്കും.

ബ്രക്സിറ്റ് പശ്ചാത്തലത്തില്‍ യു.കെ. വിട്ടൊഴിയുന്ന ലോകോത്തര കമ്പനികളുടെ വന്‍തോതിലുള്ള നിക്ഷേപം ലിമറിക്കിലേക്ക് ആകര്‍ഷിക്കാനാണ് ബ്രഹത്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ലിമെറിക്കിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ വാണിജ്യ കേന്ദ്രമെന്നു കരുതുന്ന ‘ഓപ്പറ സെന്റര്‍’വികസനമാണ് പദ്ധതിയുടെ പ്രത്യേക ലക്ഷ്യം.

യൂറോപ്പ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (ഇഐബി) ലിമെറിക് സിറ്റി-കൗണ്ടി കൗണ്‍സിലുകളുമായി ഇതു സംബന്ധിച്ച 85 മില്ല്യണ്‍ യൂറോയുടെ കരാറിലാണ് ഒപ്പുവെക്കുകയെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.സിറ്റി സെന്ററിന്റെ 3.7 ഏക്കര്‍ ഭൂമി ഇതിനായി ഇ ഐബിക്ക് വിട്ടുകൊടുക്കും.അയര്‍ലണ്ടിലെ ഏറ്റവും വലിയ നഗരവികസന പരിപാടികളില്‍ ഒന്നായി ലിമെറിക്ക് പദ്ധതിയും മാറും. 3,000 തൊഴിലവസരങ്ങളാണ് ഈ പദ്ധതി സൃഷ്ടിക്കുന്നത്.

റുട്ലാന്റ് സ്ട്രീറ്റ്, പാട്രിക് സ്ട്രീറ്റ്, തെക്ക് എല്ലന്‍ സ്ട്രീറ്റ്, കിഴക്ക് മൈക്കല്‍ സ്ട്രീറ്റ്, ബാങ്ക് പ്ലേസ് ദി നോര്‍ത്ത് എന്നിവയാണ് നിലവിലുള്ള ഇവിടുത്തെ പ്രധാന സൈറ്റുകള്‍. ഇവയെ ‘പ്രോജക്ട് ഓപ്പറ’യുടെ ഉപയോഗത്തിനായി വികസിപ്പിച്ചെടുക്കും.പൊതു / സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ ചെറുകിട ചില്ലറ വ്യാപാരത്തില്‍ ഊന്നിയായിരിക്കും പദ്ധതികള്‍.

അടുത്തുള്ള സ്ട്രീറ്റുകളിലേക്കുള്ള നടപ്പാതകളും ഉള്‍പ്പെടുന്ന പബ്ലിക് സ്‌ക്വയറും ഇവിടെ വികസിപ്പിച്ചെടുക്കും.താമസസൗകര്യങ്ങളൊരുക്കുന്നതിന് 550,000 ചതുരശ്ര അടി കെട്ടിടങ്ങളും പൂര്‍ത്തീകരിക്കും.സിറ്റി കൗണ്‍സിലിന്റെ സിഇഒ കോണ്‍ മുറൈ,ലിമറിക്ക് വികസന കമ്പനി ചെയര്‍മാന്‍ ഡെനിസ് ബ്രോസ്നാന്‍ എന്നിവരുമായി ഇതു സംബന്ധിച്ച കരാര്‍ ഒപ്പിടുന്നതിനായി ഇഐബി വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ മക്ഡവല്‍ ഇന്ന് ഉച്ചകഴിഞ്ഞ് കൗണ്‍സിലിന്റെ സിറ്റി ആസ്ഥാനത്തെത്തും.

Scroll To Top