Tuesday May 22, 2018
Latest Updates

ലീമെറിക്ക് സംഭവം ഏറ്റെടുത്ത് ഇന്ത്യന്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ : ട്രെയിന്‍ യാത്രക്കിടെ ഐറീഷ് വനിതയുടെ വംശീയ വിദ്വേഷവും അസഭ്യ വര്‍ഷവും;വീഡിയോ ദൃശ്യങ്ങള്‍ വൈറലായി

ലീമെറിക്ക് സംഭവം ഏറ്റെടുത്ത് ഇന്ത്യന്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ : ട്രെയിന്‍ യാത്രക്കിടെ ഐറീഷ് വനിതയുടെ വംശീയ വിദ്വേഷവും അസഭ്യ വര്‍ഷവും;വീഡിയോ ദൃശ്യങ്ങള്‍ വൈറലായി

ഡബ്ലിന്‍:ലീമെറിക്കില്‍ ഇന്ത്യക്കാര്‍ക്കെതിരെ  ട്രയിന്‍ യാത്രക്കിടെയുണ്ടായ വംശവിദ്വേഷം പരത്തുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വാര്‍ത്തയും വൈറല്‍ ആകുന്നു.സംഭവത്തില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കനത്ത പ്രതിഷേധം ഉയര്‍ത്തുകയാണ്.

സംഭവം സംബന്ധിച്ച് ഗാര്‍ഡ അനേഷണവും ആരംഭിച്ചിട്ടുണ്ട്.ഐറിഷ് റെയിലില്‍ യാത്ര ചെയ്തിരുന്ന ഒരു അമേരിക്കന്‍ യുവതിയാണ് ഇന്ത്യന്‍ യാത്രക്കാരനെ വാക്കുകളിലൂടെ കടന്നാക്രമിക്കുന്ന ഐറീഷ് വനിതയുടെ മാരകമായ പ്രകടനം ട്വിറ്ററിലൂടെ പുറത്തുകൊണ്ടുവന്നത്.സംഭവം ഐറീഷ് ജനതയ്ക്ക് വലിയ കളങ്കമുണ്ടാക്കിയതായാണ് ലഭിക്കുന്ന വിവരം.

ഒരു സ്ത്രീക്ക് ഇത്രയും തരംതാഴ്ന്ന വാക്കുകള്‍ ഉപയോഗിക്കാനാവുമെന്നു തെളിഞ്ഞത് രാജ്യത്തെയാകെ ഞെട്ടിച്ചിട്ടുണ്ട്.മറ്റു യാത്രക്കാരുടെ മുന്നില്‍ യാതോരു കൂസലുമില്ലാതെയാണ് ആ വനിത അസഭ്യ വര്‍ഷം നടത്തിയത്. സീറ്റില്‍ ബാഗ് വെച്ചതിന്റെ പേരില്‍ മറ്റൊരു യാത്രികനോടും ഇവര്‍ തട്ടിക്കയറുന്നതും വീഡിയോയിലുണ്ട്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ സംഭവത്തെ വന്‍ വിവാദമാക്കുകയായിരുന്നു.ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡ് സ്റ്റോറിയായിരുന്നു ഇത്.മാത്രമല്ല ഇതു സംബന്ധിച്ചു ഒട്ടേറെ കമന്റുകളും പ്രസിദ്ധീകരിച്ചു.മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് പലരും നടത്തിയത്.’ഐറീഷുകാരെല്ലാം തികഞ്ഞ വംശീയവാദികളാണ്,അവരെക്കൊണ്ട് പൊറുതിമുട്ടി എന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായി.’എന്‍ഡിറ്റിവി,ഹിന്ദു,ഡെക്കാന്‍ ക്രോണിക്കല്‍,തുടങ്ങി എല്ലാ മാധ്യമങ്ങളിലും തന്നെ ലീമെറിക്കിലെ സംഭവം പ്രധാനസ്റ്റോറികളില്‍ ഒന്നായി.

ഉന്നത കുലത്തില്‍പ്പെട്ടവരാണെന്ന തെറ്റായ വിശ്വാസത്തില്‍ നിന്നാണ് ആ സ്ത്രീ അങ്ങനെ പെരുമാറിയതെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.വിവാദ ഐറീഷ് നായികയ്ക്കെതിരെ എന്തു നടപടിയാണ് ഇത്രയും മോശമായ പെരുമാറ്റം നടത്തിയതിന് സ്വീകരിച്ചതെന്നും ഐറീഷ് റയില്‍വേ അധികൃതരോട് പലരും ചോദിക്കുന്നു.ഈ പ്രശ്നത്തില്‍ കര്‍ക്കശ ശിക്ഷയുണ്ടാകണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.മിക്ക ഐറിഷ് മാധ്യമങ്ങളും സ്ത്രീയുടെ മുഖം മറച്ചു വെച്ചാണ് വാര്‍ത്തയും വീഡിയോയും നല്കിയതെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങളില്‍ അവരുടെ മുഖം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി എണ്‍ഡാ കെന്നി പ്രശ്നത്തില്‍ ഇടപെടണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്തണമെന്നും ചില വായനക്കാരന്‍ ആവശ്യപ്പെടുന്നു.

വ്യത്യസ്തമായി അഭിപ്രായം പറയുന്നവരുമുണ്ട്. ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒരു വായനക്കാരന്‍ പറയുന്നു:’ഐറീഷുകാര്‍ക്ക് ഇന്ത്യക്കാരോട് വിദ്വേഷമൊന്നുമില്ല.അവര്‍ക്ക് മുസ്ലീങ്ങളോടാണ് പ്രശ്നം. എന്നാല്‍ അവര്‍ക്ക് പാക്കിസ്ഥാന്‍-ഇന്ത്യന്‍, മുസ്ലീം-ഹിന്ദു വേര്‍തിരിവ് സംബന്ധിച്ച് അറിവില്ല.ബ്രിട്ടനിലും യൂറോപ്പിലും അവിടത്തുകരല്ലാത്ത എല്ലാവരേയും ഏഷ്യന്‍സ് എന്നു പരക്കെ പറയാറുണ്ട്.അവരില്‍ നല്ലൊരു വിഭാഗം ഏഷ്യാക്കാരെല്ലാം മുസ്ലീങ്ങളാണെന്നാണ് കരുതുന്നത്.

പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് റയില്‍വേ അധികൃതരും രംഗത്തെത്തി.അങ്ങേയറ്റം അപലപനീയമായ ആ സംഭവവുമായി ബന്ധപ്പെട്ട തെളിവുനല്‍കാന്‍ ആളുകള്‍ തയ്യാറാകണം. ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട് ഗാര്‍ഡക്കു നല്‍കിയതായും റയില്‍വെ വക്താവ് വെളിപ്പെടുത്തി.

എന്നാല്‍ ഇന്ത്യക്കാര്‍ക്ക് എതിരെയുള്ള അതിക്രമണങ്ങള്‍ക്ക് എതിരെ സര്‍ക്കാരും വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്.അതിക്രമണത്തിന് ഇരയായവര്‍ ഇന്ത്യയ്ക്കാരാണെങ്കില്‍(അഥവാ മറ്റു മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍)അയര്‍ലണ്ടിലെ മാധ്യമങ്ങള്‍ വാര്‍ത്ത പോലും നിരാകരിക്കുകയാണ് ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.രണ്ട് വര്‍ഷം മുമ്പ് സെന്റ് വിന്‌സന്റ്റ്സ്‌  ആശുപത്രിയിലെ നോര്‍ത്ത് ഇന്ത്യയ്ക്കാരിയായ ഒരു ജൂനിയര്‍ ഡോക്റ്ററെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് സാന്‍ഡി മൗണ്ട് ബീച്ചില്‍ ഉപേക്ഷിച്ച സംഭവമടക്കം ആരും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല എന്ന് മാത്രമല്ല,ഒരു അനന്തര നടപടിയും ഗാര്‍ഡയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

കഴിഞ്ഞ ആഴ്ചയില്‍, ഡബ്ലിനില്‍ പഠിക്കാനെത്തിയ ഒരു യുവതിയ്ക്ക് നേരെ ലൈംഗീക അതിക്രമണം ഉണ്ടായ വിവരം ഒരു പ്രമുഖ മാധ്യമം പുറത്തു വിട്ടെങ്കിലും അയര്‍ലണ്ടിലെ മറ്റു മാധ്യമങ്ങളെല്ലാം വാര്‍ത്ത മുക്കി ‘രാജ്യസ്‌നേഹം’ പ്രകടിപ്പിച്ചു.

അയര്‍ലണ്ടില്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇരുപതോളം ഇന്ത്യക്കാരാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ മാത്രം കേസുകളില്‍ ഉള്‍പ്പെട്ടത്.ഇതില്‍ കൂടുതലും തനി വംശീയ അടിസ്ഥാനത്തില്‍ നല്‍കപ്പെട്ട കേസുകളാണ് എന്നതാണ് യാഥാര്‍ഥ്യം.ലൈംഗീക അതിക്രമം എന്ന നിലയിലേയ്ക്ക് കേസുകളെ തദ്ദേശീയര്‍ മാറ്റുമ്പോള്‍ അത് അങ്ങനെയല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വവും പ്രതിസ്ഥാനം ആരോപിക്കുന്നവര്‍ക്കുണ്ട്.മലയാളികളടക്കം ചിലരാവട്ടെ ഇങ്ങനെ കേസുകള്‍ തെളിയിച്ച് പരാതിക്കാരോട് നഷ്ടപരിഹാരം വാങ്ങിയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.

പഠിക്കാനെത്തുന്ന വിദ്യര്‍ഥികളും മറ്റും അയര്‍ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതെയും,ഗോപ്യമാക്കപ്പെടേണ്ട അതിക്രമണങ്ങളിലൂടെയും തിരിച്ചുപോകേണ്ട അവസ്ഥ പോലും ഉണ്ടാകാറുണ്ട്.ലീമെറിക്കില്‍ പഠിക്കാനെത്തിയ മലയാറ്റൂര്‍ സ്വദേശിയായ മലയാളി യുവതിയടക്കം  നിരവധി പേരാണ് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ അയര്‍ലണ്ടിലെ ദൗത്യം പൂര്‍ത്തിയാക്കാനാവാതെ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ തന്നെ തിരിച്ചുപോയത്.

പൊതു സമൂഹവും ഐറിഷ് മാധ്യമങ്ങളും മറച്ചു വെയ്ക്കാനാഗ്രഹിക്കുമെങ്കിലും ഗത്യന്തരമില്ലാതെ ഇരകള്‍ വിവരം പുറത്തു വിടുന്നതോടെയാണ് ഇത്തരം ആക്രമണവാര്‍ത്തകള്‍ പുറത്തറിയുന്നത്.അയര്‍ലണ്ടില്‍ ഇന്‍ഡ്യക്കാര്‍ക്കെതിരെയും കുടിയേറ്റക്കാര്‍ക്കെതിരെയും ഉണ്ടാക്കപ്പെടുന്ന ചെറുതെങ്കിലും ഗൗരവമാര്‍ന്ന ഇത്തരം ആക്രമണങ്ങളെ നിസ്സാരവത്കരിക്കുന്നതിലൂടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുകയാണ് ചെയ്യുന്നത്.ചുരുങ്ങിയ പക്ഷം ഇരകള്‍ക്ക് നിയമ സഹായം നല്‍കി ആശ്വസിപ്പിക്കാനെങ്കിലും ഇന്ത്യന്‍ എംബസിയും ഇന്‍ഡ്യയില്‍ നിന്നുമുള്ള കുടിയേറ്റകാരുടെ സംഘടനകളും രംഗത്തെത്തേണ്ടതുണ്ട്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top