Tuesday September 25, 2018
Latest Updates

ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക നിഗമനം,ഇനി കേരളാ സര്‍ക്കാര്‍ മാപ്പ് പറയാതെ വയ്യ 

ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക നിഗമനം,ഇനി കേരളാ സര്‍ക്കാര്‍ മാപ്പ് പറയാതെ വയ്യ 

കോവളം: ലിഗയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ ആരോപണത്തോട് അനുകൂലമായി പ്രതീകരിച്ച് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം.ഇതവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ പുറത്തുവിടുകയുള്ളു.

ഇതിനിടെ ലിഗ ഒതളങ്ങ തിന്ന് ആത്മഹത്യ ചെയ്തതാണെന്ന ആദ്യ പ്രചാരണത്തില്‍ നിന്നും പോലീസ് മെല്ലെ പിന്‍മാറുകയാണ്.ഐറിഷ് ,ലാത്വിയന്‍ സര്‍ക്കാരുകളും, അന്താരാഷ്ട്ര മാധ്യമങ്ങളും ലിഗയുടെ മരണകാരണം ആകാംഷയോടെ കാത്തിരിക്കുകയാണ് എന്നതിനാല്‍ കേരളത്തില്‍ സാധാരണ എഴുതി തള്ളുന്നത് പോലെ ഈ കേസ് അവസാനിപ്പിക്കാനാവില്ലെന്ന് പൊലീസിന് ഉറപ്പായിട്ടുണ്ട്.

സ്വാഭാവിക മരണമെന്ന പോലീസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഫോറന്‍സികിന്റെ നിഗമനവും മറ്റ് മൊഴികളും. മരണത്തെ കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. മൂന്ന് എസിപിമാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആക്കിയിട്ടുണ്ട്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഡിഎന്‍എ പരിശോധനാ ഫലവും നാളെ വൈകുന്നേരത്തേയ്ക്ക് ലഭിക്കും.

ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. 1500-രൂപയോളം കൈയിലുണ്ടായിരുന്ന ലിഗ ഓട്ടോറിക്ഷാക്കൂലിയായി 800രൂപ നല്‍കിയിരുന്നു ലിഗയുടെ മൃതദേഹത്തില്‍ കിടക്കുന്ന ജാക്കറ്റ് കോവളത്ത് കൊണ്ടു വിടുമ്പോള്‍ ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഓട്ടോ ഡ്രൈവരുടെ മൊഴി. ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇല്‍സിയും പറഞ്ഞിരുന്നു. ബീച്ചിനടുത്തു നിന്ന് ചൈനാനിര്‍മ്മിത ജാക്കറ്റ് 200 രൂപയ്ക്ക് വാങ്ങി. ഈ ജാക്കറ്റ് വിറ്റയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യാ സാധ്യത മാത്രമല്ല, എല്ലാ വശങ്ങളും പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. പോത്തന്‍കോട്ടെ ഓട്ടോഡ്രൈവര്‍ ഷാജിയുടെ ഓട്ടോറിക്ഷയില്‍ മാര്‍ച്ച് 14-ന് കോവളം ഗ്രോവ് ബീച്ചില്‍ ലിഗ വന്നിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു. മറ്റിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലിഗയെ കണ്ടെത്താനായിട്ടില്ല.

വിദേശ വനിത ലിഗ വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി ചില മൊഴികളും ഇതിനിടെ പുറത്തു വരുന്നുണ്ട്..മത്സ്യബന്ധനത്തിന് പോയവരാണ് പോലീസില്‍ ഇങ്ങനെ മൊഴി നല്‍കിയതത്രേ. സമീപവാസിയായ സ്ത്രീ തങ്ങളോട് ഇങ്ങനെ പറഞ്ഞതായെന്നാണ് യുവാക്കളുടെ മൊഴി. സമുദ്രബീച്ചിലെത്തി, തീരംവഴി നടന്ന് വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയിലെത്തിയെന്നാണ് പോലീസിന്റെ നിഗമനം.

തിരോധാനം നടന്നതുമുതല്‍ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതുവരെ കോവളത്തെ 245 ഹോട്ടലുകള്‍ പരിശോധിക്കുകയും 375 പേരെ നേരില്‍ കണ്ട് ചോദിക്കുകയും 40 സിസിടിവി ക്ലിപ്പിങ്ങുകള്‍ 20 കോള്‍ ടീറ്റെയില്‍സ് റെക്കോര്‍ഡുകളും പരിശോധിക്കുകയും ചെയ്തിരുന്നു. ഡ്വാഗ് സ്‌ക്വാഡിന്റെ പരിശോധനയും നടത്തിയിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ക്കുപുറമേ രാമേശ്വരവും മംഗലാപുരവും ഗോവയും വേളാങ്കണ്ണിയുമുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി വന്നപ്പോള്‍ ഹൈക്കോടതിയിലും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ലിഗയുടെ കുടുംബാംഗങ്ങളോട് ഏറ്റവും സഹാനുഭുതിയോടെയാണ് പോലീസ് ഇടപെട്ടിട്ടുള്ളത് എന്ന് പോലീസ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നുണ്ട്..വിക്ടിം ലെയ്സണ്‍ ഓഫീസറായി കുടുംബത്തെ സഹായിക്കുന്നതിന് ഡിജിപി യുടെ ടീമിലെ ഒരു ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സംഭവത്തില്‍ കേരള സര്‍ക്കാര്‍ മാപ്പ് പറഞ്ഞ് മുഖം രക്ഷിക്കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മുഖ്യമന്ത്രി തന്നെ അത്തരമൊരു പ്രസ്ഥാവന നടത്തിയേക്കും.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top