Friday December 09, 2016
Latest Updates

ദ റെഡ് സാരി:സോണിയയുടെ ജീവിതകഥ ഇന്ത്യന്‍ വിപണിയില്‍

ദ റെഡ് സാരി:സോണിയയുടെ ജീവിതകഥ ഇന്ത്യന്‍ വിപണിയില്‍

മുംബൈ : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതകഥ ഏഴുവര്‍ഷത്തിനുശേഷം ഇന്ത്യന്‍ ബുക്ക് സ്‌റ്റോളുകളിലേയ്ക്ക് .സ്പാനിഷ് എഴുത്തുകാരനായ ജാവിയര്‍ മൂറിന്റെ ദ റെഡ് സാരി എന്ന പുസ്തകമാണ് ഇന്ത്യയില്‍ വില്പനയ്ക്ക് എത്തിയിരിക്കുന്നത്.

സോണിയയുടെ ജീവിതത്തെ നാടകീയത കലര്‍ത്തി അവതരിപ്പിക്കുകയാണ് പുസ്തകത്തില്‍. അതുകൊണ്ടുതന്നെ പല കാര്യങ്ങളും അതിനാടകീയതയിലൂടെയാണ് എഴുത്തുകാരന്‍ പറയുന്നത്. നാടകീയത കൂടിയപ്പോള്‍ പലപ്പോഴും സോണിയ ഒരു കേവല സ്ത്രീയായും മാറുന്നുണ്ട് ഈ പുസ്തകത്തില്‍ എന്നും വിമര്‍ശകര്‍ പറയുന്നു.

ഏഴുവര്‍ഷം മുന്‍പ് സ്പാനിഷ് ഭാഷയില്‍ ഇറങ്ങിയ പുസ്തകത്തിന് ഇന്ത്യയില്‍ പ്രസാധനത്തിന് ആളെ കിട്ടാതിരുന്നതും വിമര്‍ശനങ്ങള്‍ നിമിത്തം വില്പന തടസ്സപ്പെടുന്നു എന്ന ഭയത്താലാണ്. എഴുത്തുകാരനെതിരെ കോടതിയില്‍ പോകുമെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് വി ഭീഷണിമുഴക്കിയിട്ടുമുണ്ട്. ഗാന്ധികുടുംബവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ജാവിയര്‍ മൂര്‍ എന്നും സിംഗവി പറയുന്നു.

1984 ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ പോയ വേളയില്‍ സോണിയ ഭര്‍ത്താവിനെ കെട്ടിപിടിച്ച് കരഞ്ഞു എന്നതാണ് എഴുത്തുകാരന്റെ ഒരു കണ്ടെത്തല്‍. അവര്‍ നിങ്ങളെയും ഇതുപോലെ കൊല്ലുമെന്നു പറഞ്ഞായിരുന്നത്രേ സോണിയ വിലപിച്ചത്.

1991 ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് സോണിയഅറിഞ്ഞ നിമിഷവും നാടകീയമായാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. പ്രിയങ്ക പാഞ്ഞുപോയി അമ്മയുടെ ഇന്‍ഹേലര്‍ എടുത്തുകൊണ്ട് വരുമ്പോള്‍ സോണിയ കണ്ണുകളടച്ച് വായ് തുറന്ന് ഒരു കസേരയില്‍ ചാരി ഇരിക്കുകയായിരുന്നു അതുകണ്ടപ്പോള്‍ അമ്മയും മരിക്കാന്‍ പോകുന്നു എന്നാണ് പ്രിയങ്കയ്ക്ക് തോന്നിയെന്ന് എഴുത്തുകാരന്റെ മറ്റൊരു കണ്ടെത്തല്‍.

ഇങ്ങനെ സോണിയായുടെ കുടുംബജീവിതത്തെ അതിനാടകീയമായി അതേസമയം പലപ്പോഴും മാനംകെടുത്തുംവിധം അവതരിപ്പിക്കുന്ന പുസ്തകം ഇന്ത്യന്‍ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം 

Scroll To Top