Thursday November 23, 2017
Latest Updates

അയര്‍ലണ്ടിലെ ഗാര്‍ഡയുടെ ഓരോരോ തമാശകള്‍ …160 യൂറോ ടി വി ലൈസന്‍സടക്കാഞ്ഞ സ്ത്രീയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ ചിലവായത് 350 യൂറോ 

അയര്‍ലണ്ടിലെ ഗാര്‍ഡയുടെ ഓരോരോ തമാശകള്‍ …160 യൂറോ ടി വി ലൈസന്‍സടക്കാഞ്ഞ സ്ത്രീയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ ചിലവായത് 350 യൂറോ 

ലെറ്റര്‍ കെന്നി ;ടിവി ലൈസന്‍സിന്റെ അടവ് തെറ്റിച്ച 40 കാരിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇവര്‍ അടയ്ക്കാനുള്ള തുകയും അതിനായി അധികൃതര്‍ക്ക് ചെലവഴിച്ച തുകയും കേട്ടാല്‍ നമുക്ക് ചിലപ്പോ ജഗതി ശ്രീകുമാര്‍ അഭിനയിച്ച പഴയ മലയാള സിനിമ ഓര്‍മ്മ വരും. ആയിരം രൂപ തിരികെ മേടിക്കാന്‍ പതിനായിരം രൂപ മുടക്കുന്ന പലിശക്കാരന്‍. 

ഡോണഗലില്‍ താമസമാക്കിയ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സ്ത്രീ, അടയേക്കേണ്ട തുക 160 യൂറോയാണ്, അതിനായി അവരെ അറസ്റ്റ് ചെയ്ത ഗാര്‍ഡ ടാക്‌സിക്ക് നല്‍കിയ കൂലി 350 യൂറോ. ലെറ്റര്‍ക്കെന്നിയില്‍നിന്നും ഡബ്ലിനിലേക്കാണ് ടാക്‌സിയില്‍ അവരെ കൊണ്ടു പോയത്. ഡൊച്ചാസിലെ വനിതാ ജയിലില്‍ മൂന്നു മണിക്കൂറോളം അവരെ പാര്‍പ്പിച്ചു. അതിന്‌ശേഷം വീട്ടിലേക്ക് മടങ്ങി പോകാനുള്ള ബസ് വൗച്ചറും നല്‍കി. 

പിഴ സഹിതം 450 യൂറോ അടയ്ക്കണമെന്ന് ഡിസ്ട്രിക് കോടതി പറഞ്ഞപ്പോള്‍, അതില്‍ 212 യൂറോ അടച്ച് താല്‍ക്കാലികമായി ജയില്‍ശിക്ഷ ഒഴിവാക്കുകയായിരുന്നു അവര്‍ ചെയ്തത്. ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ പണമടയ്ക്കാനുള്ള കരാര്‍ നിലവിലുണ്ടെന്ന സ്ത്രീയുടെ വാദം അംഗീകരിച്ചാണ് കോടതി അവരെ പോകാന്‍ അനുവദിച്ചത്. 

മുന്നറിയിപ്പുകള്‍ നല്‍കാതെ തന്നെ അറസ്റ്റ് ചെയ്തതിലുള്ള രോഷം പിന്നീട് സ്ത്രീ മാധ്യമങ്ങളോട് പങ്ക് വെയ്ക്കുന്നുണ്ടായിരുന്നു. അടവില്‍ മുടക്കം വരുത്തിയെന്നും അതിന് നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും ഒരിക്കല്‍ പോലും മുന്നറിയിപ്പ് നല്‍കുകയോ, നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. വീട്ടുപടിക്കലെത്തിയ ഗാര്‍ഡ പുറത്തേക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വൃത്തിക്ക് വസ്ത്രം ധരിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടുവെന്നും അവര്‍ പറയുന്നു. 

അറസ്റ്റ് ചെയ്ത ശേഷം ലോക്കര്‍ ഗര്‍ഡ സ്‌റ്റേഷനിലേക്കാണ് അവരെ കൊണ്ടു പോയത്. അതിന് ശേഷം അവിടെ നിന്നും ടാക്‌സിയില്‍ ഡബ്ലിനിലെ മൗണ്ടജോയിയിലേക്ക് പോയി. യാത്രാ മധ്യത്തില്‍ ഒരു ഗര്‍ഡ തന്നെയാണ് 212 യൂറോ ഒരു കവറിലിട്ട് തന്ന് സഹായിച്ചതെന്നും അവര്‍ പറയുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ വീട്ടിലെത്തിയപ്പോള്‍ രാത്രി ഒമ്പത് മണിയായി. താന്‍ തിരികെ എത്തുമ്പോള്‍ തന്റെ കുട്ടികള്‍ അവശരായി കട്ടിലില്‍ കിടക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. ഇതിന് മുന്‍പ് ഒരിക്കല്‍ പോലും അറസ്റ്റ് ചെയ്യപ്പെടുകയോ ജയില്‍ കാണുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ താന്‍ വളരെയധികം പരിഭ്രാന്തിയിലായെന്നും അവര്‍ പറഞ്ഞു. 

അതേസമയം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് നിയമലംഘനമാണെന്ന് ഡൊണഗല്‍ കൗണ്ടി കൗണ്‍സില്‍ അംഗമായ ഗ്യാരി ഡൊഹെര്‍ത്തി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ ഭേദഗതി ചെയ്ത നിയമ പ്രകാരം ചെറിയ തുക പിഴ ഉള്ളവര്‍ക്ക് അത് അടച്ചു തീര്‍ക്കാന്‍ സാവകാശം നല്‍കേണ്ടതാണ്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ലെന്നും ഗ്യാരി ഡൊഹെര്‍ത്തി പറഞ്ഞു.

Scroll To Top