Friday September 22, 2017
Latest Updates

ലിയോ വരേദ്കര്‍ രാഷ്ട്രീയം നിര്‍ത്തുന്നതാണ് നല്ലതെന്ന് ഇന്ത്യാക്കാരന്‍ പിതാവ്:’മകന്‍ ഗേ ആണെന്നറിഞ്ഞപ്പോള്‍ ഞെട്ടി പോയി’

ലിയോ വരേദ്കര്‍ രാഷ്ട്രീയം നിര്‍ത്തുന്നതാണ് നല്ലതെന്ന് ഇന്ത്യാക്കാരന്‍ പിതാവ്:’മകന്‍ ഗേ ആണെന്നറിഞ്ഞപ്പോള്‍ ഞെട്ടി പോയി’

(PHOTO:കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് കാലത്ത് കാമ്പയിനിറങ്ങിയ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടനൊപ്പം ലിയോയുടെ മാതാപിതാക്കള്‍ (നടുക്ക്)
ഡബ്ലിന്‍:ആരോഗ്യമന്ത്രിയും ഫിനഗേല്‍ നേതാവും എന്ന നിലയില്‍ ലിയോ വരേദ്കര്‍ വിജയകരമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും രാഷ്ട്രീയം അവസാനിപ്പിച്ച് മെഡിക്കല്‍ പ്രാക്ടീസിലേക്ക് തിരികെ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ പിതാവും ഇന്ത്യാക്കാരനുമായ ഡോ.അശോക്‌ വരേദ്കര്‍.ഇക്കാര്യം താന്‍ മകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐറിഷ് ജേര്‍ണല്‍ ഓഫ് പ്രാക്ടീഷ്‌നേഴ്‌സിനു നല്കിയ ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞു.

ഗേ ആണെന്നുള്ള ലിയോയുടെ പൊതു പ്രഖ്യാപനം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും ഡോ,അശോക്‌  വരേദ്കര്‍ വെളിപ്പെടുത്തി.ആ സമയത്ത് ഞാന്‍ ഇന്ത്യയിലായിരുന്നു.മാരിയേജ് ഈക്വാളിറ്റി ബില്ലിന് വഴിയൊരുക്കി അത്തരം ഒരു പ്രഖ്യാപനം ലിയോ നടത്തുമെന്ന് ഞാന്‍ സ്വപ്‌നേപി വിചാരിച്ചില്ല.അദ്ദേഹം പറഞ്ഞു.ലിയോയുടെ സഹോദരിയ്ക്ക് അവനൊരു ഗേ ആണെന്ന് സംശയമുണ്ടായിരുന്നു.പക്ഷെ ഞാനത് വിശ്വസിച്ചിരുന്നില്ല’അദ്ദേഹം പറഞ്ഞു.

ഗേ ആയിരിക്കുക എന്നത് അസ്വാഭാവിക കാര്യമല്ലാത്ത ഒരു സാഹചര്യത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ മാത്രമാണ് ഞാന്‍ മകനെ അനുകൂലിക്കുന്നത്.’സന്തോഷമായിരിക്കുന്നിടത്തോളം കാലം അവന്‍ സന്തോഷമായിരിക്കട്ടെ.’ഇക്വാളിറ്റി റഫറണ്ടത്തിന്റെ സമയത്ത് ഗേകളുടെ മാതാപിതാക്കള്‍ക്കൊപ്പം റഫറണ്ടത്തെ അനുകൂലിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതതിനെ പരാമര്‍ശിച്ച് ഡോ അശോക്‌  വരേദ്കര്‍ പറഞ്ഞു.

മുംബൈക്കാരനായ ഡോ.അശോക്‌  വരേദ്കര്‍ ഇംഗ്‌ളണ്ടില്‍ പ്രാക്ടീസ് ചെയ്യുമ്പോഴാണ് വാട്ടര്‍ ഫോര്‍ഡിലെ ഡണ്‍ഗാര്‍വന്‍ സ്വദേശിനിയായ നഴ്‌സ് മിറിയത്തെ വിവാഹം ചെയ്തത്.പിന്നീട് ഇന്ത്യയില്‍ താമസമുറപ്പിച്ച ദമ്പതികള്‍ 1970 ലാണ് അയര്‍ലണ്ടിലേയ്ക്ക് തിരികെയെത്തുന്നത്.കൂബ് ആശുപത്രിയിലെ മിഡ്വൈഫായ സോണിയ,ലണ്ടനില്‍ ഡോക്ട്ടറായ സോഫിയ എന്നിവരാണ് ഇവരുടെ മറ്റുമക്കള്‍.

ബ്രിട്ടണില്‍ ആയിരുന്ന കാലത്ത് ലേബര്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.അശോക്‌ അയര്‍ലണ്ടില്‍ എത്തിയ ശേഷം പക്ഷെ ഫിയന ഫാളിനെ പിന്തുണച്ചു.രാഷ്ട്രീയത്തിലുള്ള തന്റെ താത്പര്യം മകനെയും സ്വാധീനിച്ചിട്ടുണ്ടാവുമെന്ന് ഡോ അശോക്‌  വരേദ്കര്‍ പറഞ്ഞു.അടുത്ത സര്‍ക്കാര്‍ ആരുടെതാവും എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ താന്‍ ഫിനഗേലിനെയാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

മകന്‍ ഐറിഷ് പ്രധാനമന്ത്രി ആവുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആഗ്രഹവും,നിശ്ചയ ദാര്‍ഡൃവുമുണ്ടെങ്കില്‍ ആര്‍ക്കും എന്തുമാവാം എന്നായിരുന്നു ലിയോ വരേദ്കറുടെ പിതാവിന്റെ മറുപടി.തന്റെ മകന്‍ പ്രധാനമന്ത്രി ആവുന്നതില്‍ നല്ലത് വിദേശകാര്യ മന്ത്രി ആവുന്നതാണെന്നും ഡോ.അശോക്‌  വരേദ്കര്‍ അഭിപ്രായപ്പെട്ടു!.

എന്നാല്‍ താന്‍ ഗേ ആണെന്ന് നേരത്തെ തന്നെ അപ്പനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അഭിമുഖത്തെ പറ്റി ആരോഗ്യ മന്ത്രി ലിയോ വരേദ്കറുടെ പ്രതീകരണം.കഴിഞ്ഞ ജനുവരിയിലാണ് മന്ത്രി ലിയോ താനൊരു ഗേ ആണെന്ന് ഒരു റേഡിയോ അഭിമുഖത്തില്‍ പരസ്യമായി വെളിപ്പെടുത്തിയത്.അതിനും രണ്ടു മാസം മുംമ്പ് എന്റെ ലൈംഗീക സ്വഭാവത്തെ പറ്റി അപ്പനോട് പറഞ്ഞിരുന്നു.ഞാന്‍ പ്രതീക്ഷിച്ചതിലും സഹായകമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.അദ്ദേഹം 70 വയസായ ഒരു ഇന്ത്യാക്കാരനല്ലേ?മറ്റു ഗേ കളെക്കാള്‍ ഭാഗ്യമുള്ളവനാണ് ഞാനെന്ന് ചിലപ്പോഴെങ്കിലും വിചാരിക്കാറുണ്ട്.ലിയോ മാധ്യമങ്ങളോട് പ്രതീകരിച്ച്ത് ഇങ്ങനെയാണ്.

എന്തായാലും അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് വരെ എത്തിയെക്കാമെന്ന് നിരീക്ഷകരും മാധ്യമങ്ങളും പ്രവചിച്ചിരുന്ന ലിയോയുടെ ജനപ്രീതി അല്പം ഇടിഞ്ഞിട്ടുണ്ടെന്നു തന്നെയാണ് പൊതു അഭിപ്രായം.ബ്ലാഞ്ചസ് ടൌണ്‍ ഉള്‍പ്പെടുന്ന ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ഇത്തവണയും ലിയോ ജനവിധി തേടുന്നത്.
ഐറിഷ് മലയാളി ന്യൂസ് സര്‍വീസ് Scroll To Top