Saturday March 24, 2018
Latest Updates

കെന്നിയുടെ സര്‍ക്കാര്‍: നഷ്ടം വരേദ്കര്‍ക്ക് മാത്രം,പുതിയ ആരോഗ്യമന്ത്രിയ്ക്ക് പ്രായം 29 വയസ്!

കെന്നിയുടെ  സര്‍ക്കാര്‍: നഷ്ടം വരേദ്കര്‍ക്ക് മാത്രം,പുതിയ ആരോഗ്യമന്ത്രിയ്ക്ക് പ്രായം 29 വയസ്!

leooഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ പുതിയ മന്ത്രിസഭയില്‍ ഏറ്റവും നഷ്ടം സംഭവിച്ചത് ലിയോ വരേദ്കര്‍ക്ക്. ആരോഗ്യ മന്ത്രിയായിരുന്ന വരേദ്കര്‍ക്ക് പുതിയ മന്ത്രിസഭയില്‍ തരംതാഴ്ത്തി,താരതമ്യേനെ പ്രാധാന്യം കുറഞ്ഞ സാമൂഹികസുരക്ഷാ വകുപ്പാണ് എന്‍ട കെന്നി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ എടുത്തതാകാം വരേദ്കറെ തരംതാഴ്ത്തിയതിനു പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്. കെന്നിക്കു ശേഷം ഫിനഗേല്‍ നേതൃസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടവരില്‍ പ്രധാനിയായിരുന്നു വരേദ്കര്‍.ഭരണ കക്ഷിയോടു ഫിയനാഫാളിന്റെ എതിര്‍പ്പിന് പ്രധാനപ്പെട്ട കാരണക്കാരനും ലിയോ വരേദ്കര്‍ തന്നെ.തിരഞ്ഞെടുപ്പിന് മുമ്പ് ഫിയനാഫാളിനെ ഏറ്റവും വിമര്‍ശിച്ച വരേദ്കര്‍ ഫിയനാഫാളിന്റെ പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കില്ലെന്നും പറഞ്ഞിരുന്നു.

ആരോഗ്യകാര്യം വിടുന്നതില്‍ തനിക്കു വിഷമമുണ്ടെന്നു മാധ്യമങ്ങളോട് പറഞ്ഞ വരേദ്കര്‍ ഏതു കാര്യവും തുറന്നു പറയുന്ന തന്റെ സ്വഭാവം തുടരുമെന്നും വെളിപ്പെടുത്തി.ഉപ പ്രധാനമന്ത്രി സ്ഥാനം കൊതിച്ചിരുന്ന ലിയോ കുറഞ്ഞ പക്ഷം വിദേശകാര്യം എങ്കിലും കൂടുതലായി തനിക്കു ലഭിക്കുമെന്ന് കരുതിയിരുന്നു.

അതേസമയം ഈ മൈനോറിറ്റ് ഗവണ്‍മെന്റിന് എത്രകാലം ഭരിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് ഫിനഗേലിന്റെ ഒരു മന്ത്രി ഇന്നലെ പറഞ്ഞു. ഭരണം പരാജയപ്പെട്ടാല്‍ ഫിനഗേല്‍ തെരഞ്ഞെടുപ്പിനൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈമണ്‍ ഹാരിസ്

സൈമണ്‍ ഹാരിസ്

മന്ത്രിസഭയില്‍ വലിയ നേട്ടമുണ്ടാക്കിയത് വെറും 29 വയസ്സ് മാത്രം പ്രായമുള്ള വിക്ലോ ടി ഡി സൈമണ്‍ ഹാരിസാണ്. ആരോഗ്യവകുപ്പ് മന്ത്രിസ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രിസ്ഥാനം ലഭിച്ച ഡണ്‍ലേരി ടി ഡി മേരി മിച്ചല്‍ ഒ കോണര്‍, കാര്‍ഷിക മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മൈക്കല്‍ ക്രീഡ് എന്നിവരും നേട്ടമുണ്ടാക്കി.

കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ ടി.ഡി സിമോണ്‍ കൊവേനിയാണ് പുതിയ പാര്‍പ്പിടവകുപ്പ് മന്ത്രി.പാര്‍ട്ടിയില്‍ പ്രധാനിയായ ഇദ്ദേഹവും കെന്നിയ്ക്ക് ഭീഷണിയായി നേതൃമത്സരത്തിന് ഉണ്ടായിരുന്നു.ഇവിടെയും തന്ത്രപരമായ ‘ഒതുക്കല്‍’ പ്രധാനമന്ത്രി നടത്തി.

ഉപപ്രധാനമന്ത്രിയായി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനെ തെരഞ്ഞെടുത്തപ്പോള്‍ ആര്‍ക്കും യാതൊരു അത്ഭുതത്തിനും അവകാശമില്ല.പ്രധാനമന്ത്രിയുടെ ഉറ്റചങ്ങാതിയായ ഫ്രാന്‍സീസ് മലയാളികള്‍ ഏറെ പാര്‍ക്കുന്ന ലൂക്കന്‍ ഉള്‍പ്പെടെയുള്ള മണ്ഡലത്തില്‍ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്.ഒട്ടേറെ മലയാളികള്‍ ഫ്രാന്‍സ്സീസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പിലുണ്ടായിരുന്നു.

പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ ആന്‍ഡ് റീഫോം വകുപ്പ് മന്ത്രിയായി പാസ്ചല്‍ ഡോണ്‍ഹോയെ തെരഞ്ഞെടുത്തു.ധനമന്ത്രി മൈക്കില്‍ നൂനനൊപ്പം ഇനി സര്‍ക്കാരിന്റെ ധനകാര്യ നയങ്ങള്‍ ഫിംഗ്ലാസില്‍ നിന്നുള്ള ഡോണഗുവാണ് നിശ്ചയിക്കുക. ഗതാഗത മന്ത്രിയായി സ്വതന്ത്രസഖ്യത്തിലെ ഷെയിന്‍ റോസ്സിനെ തെരഞ്ഞെടുത്തു.

പുതിയ മന്ത്രിസഭയിലെ മറ്റുള്ളവര്‍ ഇങ്ങനെ: വിദ്യാഭ്യാസം റിച്ചാര്‍ഡ് ബര്‍ട്ടന്‍, വിദേശകാര്യം ചാര്‍ലി ഫല്‍നാഗന്‍, റീജനല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ഹെതര്‍ ഹംഫ്രീസ്, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് ഡെനിസ് നോട്ടന്‍, ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് അഫയഴ്‌സ് കാതറിന്‍ സപ്പോനെ. ചീഫ് വിപ്പായി മെത്ത് ഈസ്റ്റ് ടി.ഡി റെജിന ഡോഹര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടു.

പോള്‍ കീഹോ, ഫിനിയണ്‍ മക്ഗ്രാത്ത് എന്നിവര്‍ സൂപ്പര്‍ ജൂനിയര്‍ മിനിസ്റ്റര്‍മാരാകും. ജൂനിയര്‍ മിനിസ്റ്റര്‍ സ്ഥാനത്തേയ്ക്കുള്ള ടോസിങ്ങില്‍ കെവിന്‍ ബോക്‌സര്‍ മോറന്‍, സീന്‍ കാന്നിയോട് പരാജയപ്പെട്ടതായും സ്ഥിരീകരണമുണ്ട്. ഈ സ്ഥാനം വാര്‍ഷികമായി കൈമാറ്റം ചെയ്യപ്പെടുന്നതാണ്.

പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സില്‍ നിന്നും അനുമതി ലഭിച്ച് പുതിയ മന്ത്രിസഭ ഇന്നലെ തന്നെ ആദ്യ യോഗം ചേര്‍ന്നു.

Scroll To Top