Tuesday September 25, 2018
Latest Updates

ഈ ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാകുമോ ?സാധ്യതകള്‍ വരദ്കര്‍ക്ക് അനുകൂലമാവുന്നു

ഈ ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാകുമോ ?സാധ്യതകള്‍ വരദ്കര്‍ക്ക് അനുകൂലമാവുന്നു

ഒരു ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാകുമോ?കേട്ടിട്ട് നെറ്റി ചുളിക്കേണ്ട …അത്തരം ഒരു സാധ്യത അയര്‍ലണ്ടില്‍ ഇപ്പോള്‍ ആരും തള്ളി കളയുന്നില്ല.

2004 ലെ ലോക്കല്‍ ഇലക്ഷന്‍ ,ബ്ലാഞ്ചര്‍ട്‌സ് ടൌണ്‍ വാര്‍ഡില്‍ നിന്നും ഫിംഗല്‍ കൌണ്ടി കൌണ്‍സിലിലേയ്ക്ക് മത്സരിക്കാന്‍ രംഗത്തിറങ്ങിയ ഇരുപത്തിയഞ്ച് വയസുകാരന്‍ പയ്യനെ കണ്ട് പ്രദേശ വാസികളായ ഐറിഷ്‌കാര്‍ അല്പ്പം ഒന്ന് അന്തിച്ചുപോയി.

ആ പ്രായത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നവര്‍ പോലും കുറവ്.അപ്പോള്‍ പൂര്‍ണ്ണമായും ഐറിഷ്‌കാരന്‍ എന്ന് വിളിക്കപ്പെടാന്‍ പോലും അര്‍ഹതയില്ലാത്ത ഈ കറുത്ത തലമുടിക്കാരന്‍ പയ്യന്‍ എന്ത് ചെയ്യാനാണ് ?

ലിയോ വരദ്കര്‍, സ്ഥാനപ്പേരു കേള്‍ക്കുമ്പോള്‍ തന്നെ മനസിലാക്കാം ആളൊരു കുടിയേറ്റക്കാരനാണ്.ഇന്ത്യക്കാരനായ അച്ഛന്‍, ഐറിഷു കാരിയായ അമ്മ.

പ്രചാരണം പൊടി പൊടിച്ചു .ഓംഗാറു മുതല്‍ ബ്ലാഞ്ചര്‍ട്‌സ് ട്വൌണ്‍ വരെയുള്ള എല്ലാ വീടുകളിലും പയ്യന്‍ കയറിയിറങ്ങി.
തങ്ങളുടെ ലോക്കല്‍ ജി പി യുടെ മകനെ പക്ഷേ പ്രദേശവാസികള്‍ നെഞ്ചോട് ചേര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.റിസള്‍ട്ട്
വന്നപ്പോള്‍ ഏതിരാളികള്‍ മാത്രമല്ല .രാജ്യമാകെ അന്തം വിട്ടു .അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥിയായി വരദ്കര്‍.ബ്ലാഞ്ചര്‍ട്‌സ് ടൌണ്‍കാരുടെ പ്രതീക്ഷ തെറ്റിയില്ല.കൌണ്ടിയെ പൊന്നാക്കി മാറ്റാന്‍ ഊണും ഉറക്കവും കളഞ്ഞു പൊരുതുന്ന ഒരാളെ എങ്ങനെ പിന്തുണക്കാതിരിക്കാനാവും?

ആ ലിയോ വരദ്കര്‍ ഇപ്പോള്‍ അയര്‍ലണ്ടിന്റെ തലവര മാറ്റിക്കുറിക്കുന്ന മന്ത്രിമാരില്‍ ഒരാളാണ്.അയര്‍ലണ്ടിന്റെ ടൂറിസം, ട്രാന്‍സ്‌ പോര്‍ട്ട്, സ്‌പോര്‍ട്‌സ് എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി.മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ .ഏറ്റവും തിളക്കമുള്ള വകുപ്പുകള്‍.

ഇപ്പോഴത്തെ ഐറിഷ് പ്രധാനമന്ത്രി എന്റ കെന്നിയുടെ മന്ത്രിസഭയിലെ കാര്യക്ഷമതയുള്ള മന്ത്രിമാരില്‍ മുന്‍പന്തിയില്‍ തന്നെയാണ് ലിയോ വരദ്കര്‍.രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും കൃത്യമായി അംഗീകരിക്കുന്ന കാര്യവുമാണ് ഇത്.അയര്‍ലണ്ടിലെ ബോബി ജിന്റാള്‍ എന്നാണ് വരാദ്കര്‍ അറിയപ്പെടുന്നത്.

2007ല്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ഫീന്‍ഗീലിനെ പ്രതിനിധീകരിച്ചാണ് മത്സരിച്ചതും വിജയിച്ച് എന്റ കെന്നി മന്ത്രിസഭയിലെ ഒരു അംഗമായതും. വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ഒട്ടേറെ വിവാദപരമായ തീരുമാനങ്ങളും പ്രസ്താവനകളും വരദ്കറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ തീരുമാനങ്ങളോ പ്രസ്താവനകളോ ഒന്നും തന്നെ അയര്‍ലണ്ടിനെ ദോഷം ചെയ്യുന്നതായിരുന്നില്ല.അയര്‍ലണ്ടിലെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് ആഫ്രിക്കക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള സഹായധനം നല്‍കണമെന്ന് അദ്ദേഹം മന്ത്രിസഭയോട് ആവശ്യപ്പെട്ടിരുന്നു.

ജോലിയില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായം ചെയ്യണമെന്ന ആവശ്യം വര്‍ഗീയതയായാണ് ചിത്രീകരിക്കപ്പെട്ടത്.2008ല്‍ വ്യാപാര, തൊഴില്‍ മേഖലകളുടെ വക്താവായി പ്രവര്‍ത്തിക്കുമ്പോഴുള്ള കണക്കെടുപ്പില്‍ രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ പത്തു വര്‍ഷമുള്ളതിന്റെ ഇരട്ടിയാണെന്ന കണക്കാണ് വരദ്കറിനെക്കൊണ്ട് ഇങ്ങനെയൊരാവശ്യം സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

പ്രവാസികള്‍ക്ക് രണ്ടോ നാലോ ആറോ മാസത്തെ സാവകാശം കൊടുക്കാനും ഇതിനിടയില്‍ ഒരു ജോലിയില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല എന്ന് കാണുകയാണെങ്കില്‍ അവര്‍ക്ക് തിരികെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള ചിലവുകള്‍ വഹിക്കണമെന്ന ആവശ്യമാണ് വരദ്കര്‍ പാര്‍ലമെന്ററി സമിതിക്കുമുന്‍പില്‍ വച്ചത്.

വളരെയധികം പ്രതിഷേധങ്ങള്‍ക്ക് പാത്രമായ അഭിപ്രായ പ്രകടനമായിരുന്നു ഇത്.ഫിയന്ന ഫെയിനിന്റെ എംപി തോമസ് ബൈന്‍ ഫൈന്‍ഗീലിന്റെ കുടിയൊഴിപ്പിക്കല്‍ പദ്ധതി രാഷ്ട്രീയ പരമായി തരംതാണ പദ്ധതിയായാണ് വിലയിരുത്തിയത്.ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടിയും (ബിഎന്‍പി) ഇതിനെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള അതിക്രമമായാണ് വിലയിരുത്തിയത്.പലരും വരദ്കറിനെ വര്‍ഗീയ വാദി എന്നും അഭിസംബോധന ചെയ്തു.

ഡബ്ലിനിലെ സ്‌കൂളില്‍ ഇന്ത്യാക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം വരദ്കര്‍

ഡബ്ലിനിലെ സ്‌കൂളില്‍ ഇന്ത്യാക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം വരദ്കര്‍

ഡബ്ലിനില്‍ നടന്ന ഒരു അസംബ്ലിയില്‍ വച്ച് സാമൂഹിക കുടുംബക്ഷേമ വകുപ്പ് മന്ത്രി മേരി ഹനാഫിന്‍ പറഞ്ഞത് വരദ്കറിന്റെ അഭിപ്രായം വര്‍ഗീയത നിറഞ്ഞത് തന്നെ ആയിരുന്നുവെന്നാണ്.എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും ലിയോ വരദ്കറിനെ തകര്‍ക്കാന്‍ പറ്റുമായിരുന്നില്ല.വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും അറിഞ്ഞോ അറിയാതെയോ വരദ്കറും ഒരു കുടിയേറ്റക്കാരനാണെന്ന കാര്യം പ്രതിപാദിച്ചതേയില്ല.

2010ല്‍ അപ്പോഴത്തെ പ്രധാനമന്ത്രി ആയിരുന്ന ബ്രിയന്‍ കോവന്‍ അദ്ദേഹത്തിന്റെ ഭരണ പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കുകയാണെന്ന് പറഞ്ഞാണ് വരദ്കര്‍ മുന്നോട്ടുവന്നത്.കാര്യക്ഷമമായ ഭരണം കാഴ്ച്ചവെക്കാതെ പത്രമാധ്യമങ്ങളില്‍ വിരസത തോന്നിപ്പിക്കുന്ന ലേഖനങ്ങള്‍ ഏഴുതിവിടുകയാണ് പ്രധാനമന്ത്രി എന്നായിരുന്നു വരദ്കറിന്റെ ആരോപണം.

വരദ്കറിന്റെ സ്വന്തം പാര്‍ട്ടിയായ ഫിനാഗേല്‍ പാര്‍ട്ടി പ്രതിനിധി ഫെര്‍ഗസ് ഒ’ദൗഡ് പോലും അദ്ദേഹത്തിന്റെ അഭിപ്രായത്തെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതായാണ് അഭിപ്രായപ്പെട്ടത്. ഇത്തരം ആരോണങ്ങള്‍ക്കു വിധേയനായെങ്കിലും അദ്ദേഹം പിന്നീട് കമ്മ്യൂണിക്കേഷന്റെയും നാച്ചുറല്‍ റിസോര്‍സസിന്റെയുംവക്താവായി മാറി.ഒടുവില്‍ ഇപ്പോഴത്തെ മന്ത്രിസഭയിലെ സ്‌പോര്‍ട്‌സ് മന്ത്രി എന്ന നിലയിലേക്കും വരദ്കര്‍ വളര്‍ന്നു.

2011ല്‍ അയര്‍ലണ്ട് 85 ബില്ല്യണ്‍ യൂറോയുടെ ബെയിലൗട്ട് നേരിടേണ്ടി വന്നപ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ രാജ്യത്തിനാവശ്യമാണെന്ന വരദ്കറിന്റെ പ്രസ്താവന രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആകുലപ്പെട്ടിരുന്ന സഹപ്രവര്‍ത്തകരെ രോഷാകുലരാക്കുകയാണ് ചെയ്തത്.ഒടുവില്‍ തന്റെ മന്ത്രിസഭയിലെ മന്ത്രിമാരില്‍ ആരും തന്നെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് പൊതു അഭിപ്രായങ്ങള്‍ പറയരുതെന്ന് എന്റ കെന്നിക്ക് കര്‍ശനമായി പറയേണ്ടി വന്നു.

പക്ഷേ പിന്നീടും വരദ്കറിന് തെറ്റുകള്‍ സംഭവിച്ചുകൊണ്ടിരുന്നു!.മറ്റു വികസിത രാജ്യങ്ങളിലേതുപോലുള്ള ഒരു ടൂറിസം മേഖലയല്ല അയര്‍ലണ്ടില്‍ എന്നായിരുന്നു വരദ്കറിന്റെ അടുത്ത ആരോപണം.കസ്റ്റമര്‍ സര്‍വ്വീസ് കൂടുതല്‍ മെച്ചപ്പെടുത്താനും ക്ലെയറിലെ ടൂറിസം കോണ്‍ഫറന്‍സില്‍ വച്ച് വരദ്കര്‍ ആവശ്യപ്പെടുകയുമുണ്ടായി.ടൂറിസ്റ്റുകളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്ന അവസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഡബ്ലിന്‍ ,ഷാനോന്‍ ,കോര്‍ക്ക് എയര്‍ പോര്‍ട്ടുകള്‍ പ്രൈവറ്റാക്കാനും വരദ്കര്‍ നിര്‍ദ്ദേശം വച്ചു. ഇവ തമ്മില്‍ യാതൊരു വിധ മത്സര സ്വഭാവവും ഇല്ലെന്നായിരുന്നു വര്‍ദ്കറുടെ ആക്ഷേപം.സര്‍ക്കാരിനെ ഇത്തരത്തില്‍ വെട്ടില്‍ ചാടിക്കുന്ന വരദ്കറിനെ പുറത്താക്കണമെന്ന് പല രാഷ്ട്രീയ വക്താക്കളും ആവശ്യപ്പെടുകയും ചെയ്തു.leo2

ഇത്രയൊക്കെ ആരോപണങ്ങളില്‍ പെട്ടിട്ടും തെറ്റുകള്‍ സംഭവിച്ചിട്ടും വരദ്കര്‍ എന്റ കെന്നി മന്ത്രിസഭയിലെ മന്ത്രിമാരില്‍ മികച്ച മന്ത്രിയായി നിലകൊള്ളുകയും പ്രധാനമന്ത്രിസ്ഥാനത്തിന് യോഗ്യനായിരിക്കുകയും ചെയ്യുന്നു.സാധാരണക്കാരായ ഐറിഷ്‌കാര്‍ക്ക് പോലും പ്രിയങ്കരനായ ജനകീയ നേതാവായി വളരുകയാണ് ഈ മുപ്പത്തിനാല് വയസുകാരന്‍.
അടുത്തയിടെ ഡബ്ലിന്‍ ബസ് ജീവനക്കാര്‍ നടത്തിയ സമരം വരാദ്കര്‍ കൈകാര്യം ചെയ്ത രീതി ഏവരുടെയും സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

വരദ്കര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ രാഷ്ട്രീയപ്രവര്‍ത്തകന്‍ തന്നെയാണെന്ന് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ തലവനും പൊളിറ്റിക്‌സ് പ്രഫസറുമായ ഡേവിഡ് ഫാറല്‍ അഭിപ്രായപ്പെട്ടു.വരദ്കര്‍ മന്ത്രി എന്ന നിലയില്‍ കഴിവു തെളിയിച്ചിട്ടുണ്ടെന്നും ഫിനാഗേലിന്റെ അംഗങ്ങളില്‍ പാര്‍ട്ടി നേതൃസ്താനത്തേക്കു വരുവാന്‍ യോഗ്യനായ നേതാവാണ് അദ്ദേഹം എന്നും ഫാറല്‍ കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ പ്രായത്തില്‍ തന്നെ വരദ്കറിന് തന്റെ കഴിവ് ഐറിഷ് രാഷ്ട്രീയത്തില്‍ തെളിയിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സേവിയര്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റികല്‍ പ്രഫസര്‍ തിമോതി ജെ. വൈറ്റ് അഭിപ്രായപ്പെട്ടു. 30,000ത്തോളം ഇന്ത്യന്‍ വംശജര്‍ മാത്രമേ ഇപ്പോള്‍ അയരലണ്ടിലുള്ളു. അയര്‍ലണ്ടിലെ ജനസംഖ്യയുടെ ഒരു ശതമാനമാനം പോലുമില്ല ഇത് വരദ്കര്‍ പാതി ഇന്ത്യനാണ് എന്ന് ഇതിനകം തന്നെ പലപ്പോഴായി മാധ്യമങ്ങള്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഇത് വിവാദങ്ങളൊന്നും വിളിച്ചുവരുത്തുകയുണ്ടായില്ലെന്ന് വൈറ്റ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ അയര്‍ലണ്ട് തങ്ങള്‍ നേരിടേണ്ട സാമ്പത്തിക പ്രതിസന്ധിടെക്കുറിച്ചുതന്നെയാണ് കൂടുതല്‍ ചിന്തിക്കുന്നത്. അടുത്ത ഇലക്ഷന്‍ 2016ലാണ് . ഇന്ത്യന്‍ വംശജനായ ആദ്യ ഐറിഷ് പ്രധാനമന്ത്രി എന്ന സ്ഥാനം അലങ്കരിക്കാനുള്ള ശ്രമങ്ങള്‍ വിജയിപ്പിക്കാന്‍ വരദ്കറിന് ഇനിയും സമയമുണ്ട്.ഇത്തവണയല്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഈ ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ടിന്റെ പ്രധാന മന്ത്രി സ്ഥാനത്തു എത്തുമെന്ന് പ്രതീക്ഷിക്കുന്നവരാണ് അദ്ദേഹത്തിന്റെ ഫിന്‍ഗേല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം പ്രവര്‍ത്തകരും .

റെജി സി ജേക്കബ് (2013 സെപ്റ്റംബര്‍ 23 ന് ഐറിഷ് മലയാളിയില്‍ പ്രസിദ്ധികരിച്ച ഫീച്ചറിന്റെ പുന:പ്രസിദ്ധീകരണം.അന്ന് ടൂറിസം,ഗതാഗതം.സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ആയിരുന്ന വരെദ്കര്‍ ഇപ്പോള്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ മന്ത്രിയാണ് )

Scroll To Top