Monday October 15, 2018
Latest Updates

ഒരമ്മയ്ക്ക് മകനെക്കുറിച്ച് പറയാനുള്ളത്…അവന്റെ ഒരു ചുവടും പിഴയ്ക്കില്ല ….തെറ്റായതൊന്നും അവന്‍ ചെയ്യില്ല

ഒരമ്മയ്ക്ക് മകനെക്കുറിച്ച് പറയാനുള്ളത്…അവന്റെ ഒരു ചുവടും പിഴയ്ക്കില്ല ….തെറ്റായതൊന്നും അവന്‍ ചെയ്യില്ല

ഡബ്ലിന്‍ :’അവന്‍ എല്ലാം തികഞ്ഞ മകനാണ്.അവന്റെ ഒരു ചുവടും പിഴക്കില്ല, തെറ്റായ ഒരു ചുവട് പോലും അവന്‍ വെയ്ക്കില്ല’-ഒരു അമ്മയ്ക്ക് രാഷ്ട്രീയനേതാവായ മകനെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ പറയാനുണ്ടോ. പ്രധാനമന്ത്രി ലിയോ വരദ്കറുടെ അമ്മ മിറിയത്തിന്റേതാണ് വാക്കുകള്‍.’അവന്‍ ശരിയായ പാതയില്‍ നന്മയോടെയാണ് മുന്നേറുന്നത്.

അവന്‍ ആരെങ്കിലുമൊക്കെ,അല്ല ഒരു നേതാവ് ആകുമെന്ന് വിശ്വസിച്ചിരുന്നു. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്താല്‍ അതിന്റെ മുകളിലെത്തുമെന്നും അറിയാമായിരുന്നു’.എന്നാല്‍, ഇത്രയും ഉയരത്തില്‍ പ്രധാനമന്ത്രി പദത്തിലെത്തുമെന്നു കരുതിയിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന മറുപടിയാണ് അമ്മ നല്‍കുക.

അമ്മയ്ക്ക് മകനെപ്പറ്റി പറഞ്ഞ് മതിയാകുന്നില്ല. ‘എനിക്ക് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. എന്നാല്‍ എല്ലാവരുടെയും ആരാധ്യന്‍ ലിയോ ആയിരുന്നു.എല്ലാവര്‍ക്കും അവനെ വലിയ ഇഷ്ടമായിരുന്നു.

അങ്ങനെ ആ ‘സുന്ദരപുരുഷന്‍’ ഫിനഗേലിലെത്തി. അതുമൊരു അത്ഭുതമായിരുന്നു.’എന്റേത് ഒരു ഫിയന ഫോയില്‍ കുടുംബമായിരുന്നു.അശോകവട്ടെ ലേബര്‍ പാര്‍ട്ടിക്കാണ് വോട്ടുചെയ്തിരുന്നത്.

അവന്‍ ഒരിക്കലും ഫിനഗേലിനെക്കുറിച്ച് പറഞ്ഞില്ല,പക്ഷെ പാര്‍ട്ടി നയങ്ങള്‍ കണ്ടുപിടിക്കുകയായിരുന്നു.അശോക്, മകന്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് ഡോക്ടറാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അവന്‍ ഫിനഗേലിന്റെ യുവനേതാവായി ഞങ്ങളുടെ മുന്നില്‍ നിന്നു. അശോക് മറുത്തൊന്നും പറഞ്ഞില്ല’. പ്രിയ മകന്‍ വരദ്കറുടെ ജീവിതവഴിത്താരകളിലൂടെ അമ്മ സഞ്ചരിക്കുകയാണ്…

എന്നാല്‍ മകന്റെ ഇഷ്ടത്തെ ,അവനിലെ നേതൃ ഗുണത്തെ തിരിച്ചറിയുകയായിരുന്നു അവന്റെ അച്ഛന്‍.വാഷിംഗ്ടണില്‍ യുവ നേതാക്കള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത് അശോകായിരുന്നു.അതൊക്കെ വരദ്കറുടെ ജീവിത വഴിയില്‍ ഈട് നല്‍കുന്നതായിരുന്നുവെന്ന് അമ്മ തിരിച്ചറിയുന്നു.

‘എപ്പോഴും അച്ഛനും മകനും തമ്മില്‍ ‘പോരാണ്’,രാഷ്ട്രീയത്തിന്റ പേരില്‍.ഞാന്‍ സോഷ്യലിസ്റ്റാണെന്ന് അശോക് പറയും.ഷാംപെയ്ന്‍ സോഷ്യലിസ്റ്റെന്ന് ഞാന്‍ തിരുത്തും,’ ചിരിച്ചുകൊണ്ട് മിറിയം പറഞ്ഞു.റാം മനോഹര്‍ ലോഹ്യയ്ക്കൊപ്പം ഗോവ വിമോചനത്തിന് വേണ്ടി പോരാടിയ സഹോദരങ്ങള്‍ക്ക് പിന്തുണയുമായി താനും ഉണ്ടായിരുന്നുവെന്ന് അശോക് പറയുന്നു.അശോകിന്റെ രണ്ടു സഹോദരിമാരും സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കൊപ്പം പൊരുതിയ മുത്തച്ഛന്‍മാരുടെ പാരമ്പര്യം അശോകിന്റെ രാഷ്ട്രീയ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു.

അവന്‍ 15ാം വയസ്സില്‍,ജൂനിയര്‍ സെര്‍ട്ട് കഴിഞ്ഞപ്പോള്‍ ട്രാന്‍സിഷന്‍ ഇയര്‍ ചെയ്യില്ലെന്നു പറഞ്ഞത് വീട്ടില്‍ ഭൂകമ്പമുണ്ടാക്കി.വലിയ ബഹളമായിരുന്നു വീട്ടിലെന്നും.ഇത്രയും ഒച്ചപ്പാട് വേറൊരിക്കലുമുണ്ടായിട്ടില്ല.തിടുക്കത്തില്‍ കോളജില്‍ ചേരാനുള്ള വാശിയായിരുന്നു അവന്. എന്താണ് തന്റെ പ്ലാനെന്ന് അവന്‍ വിശദമാക്കിയെങ്കിലും വീട്ടില്‍ സമ്മതിച്ചില്ല. ഒരുവിധത്തില്‍ അവനെ അനുനയിപ്പിച്ച് വേറൊരു ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തു.കൂട്ടുകാരുമൊത്ത താമസിക്കുന്നതിന്റെ സുഖം അവനെ ബോധ്യപ്പെടുത്താനായിരുന്നു അത്. സൗഹൃദമാണ് ജീവിതം ഉണ്ടാക്കുന്നതെന്ന് അവന് അവന് പറഞ്ഞുകൊടുത്തു.അവന്‍ വഴങ്ങി.പഠനം ഒരു ലഹരിയൊന്നുമായി എടുത്തില്ലെങ്കിലും ലിയോയ്ക്ക് ഒരു വാശി ഉണ്ടായിരുന്നത് സ്വന്തം പെങ്ങളോടാണ്.ഗേള്‍സ് സ്‌കൂളില്‍ ഒന്നാം സ്ഥാനക്കാരിയായ സോഫിയയെക്കാള്‍ മാര്‍ക്ക് എല്ലാ പരീക്ഷകള്‍ക്കും വാങ്ങുമെന്ന പ്രതിജ്ഞ ലിയോ എല്ലാ പരീക്ഷകള്‍ക്കും നിറവേറി.സോഫി അവന്റെ മുമ്പില്‍ തോറ്റു തൊപ്പിയിടുക തന്നെ ചെയ്തു എല്ലാ തവണയും.’അമ്മ മിറിയം ഓര്‍ത്തെടുക്കുന്നു.

ഫിനഗേലിന്റെ വലിയ നേതാവായതോടെ മകന്‍ സ്വവര്‍ഗാനുരാഗി ആണെന്ന് വാര്‍ത്ത വന്നത് വീട്ടില്‍ വലിയ വിഷയമായില്ലെന്ന് അമ്മ ഓര്‍മിക്കുന്നു.എന്നിരുന്നാലും ഇപ്പോള്‍ പത്രത്താളുകളില്‍ അയര്‍ലണ്ടിന് ഗേ പ്രധാനമന്ത്രി എന്ന് എട്ടുകോളം വാര്‍ത്ത വന്നത് ഈ അമ്മയ്ക്ക് തീരെ സഹിക്കുന്നില്ല. ‘ എനിക്കത് തീര്‍ത്തും ഇഷ്ടമായില്ല,എന്തിനാണ് അവര്‍ ഇങ്ങനെ എഴുതിയത്.38കാരനായ ഡോക്ടര്‍ പ്രധാനമന്ത്രിയായി എന്നെഴുതാത്തതെന്താണ് ,അമ്മ ചോദിക്കുന്നു.എന്നാണ് ഇവരിത് അവസാനിക്കുന്നത്,വ്യക്തിയുടെ ജീവിത നേട്ടേങ്ങള്‍ കാണാതെ ഗേ എന്നു മാത്രം കാണുന്നതെന്താണ്. എന്നാണ് ഈ വൃത്തികെട്ട കാഴ്ച അവസാനിക്കുന്നത്.ഒന്നോര്‍ത്തുകൊള്ളു. ഞങ്ങള്‍ക്കിതൊന്നും വലിയ കാര്യമല്ല.അവന്‍ സന്തോമായിരിക്കണം, അതാണ് കുടുംബം ആഗ്രഹിക്കുന്നത്.

വിമര്‍ശിക്കുന്നതിനേക്കാള്‍ ആളുകളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് അശോക് കൂട്ടിച്ചേര്‍ത്തു.സ്വവര്ഗാനുരാഗികള്‍ക്ക് മകന്റെ സര്‍ക്കാര്‍ പ്രയോജനപ്രദമായ സംഗതികള്‍ ചെയ്തുകൊടുക്കുമെന്ന് അച്ഛനും അമ്മയും ഒരേപോലെ വിശ്വസിക്കുന്നു.ഇന്ത്യയില്‍പ്പോലും ഇപ്പോള്‍ സ്വവര്‍ഗാനുരാഗികളുടെ പ്രശ്നങ്ങള്‍ ഉയരുന്നുണ്ട്. അവര്‍ ഇന്ത്യാക്കാര്‍, നമ്മെപ്പോലെ ക്ഷമിക്കുന്നവരല്ല അശോക് പറഞ്ഞു.എന്നാല്‍ മകന്റെ സ്വവര്‍ഗാനുരാഗ ആഭിമുഖ്യം തന്നെ തളര്‍ത്തി കളഞ്ഞതായി അശോക് ഓര്‍മ്മിച്ചു.’ഞാന്‍ ഇന്ത്യയില്‍ പോയ ഒരു സമയത്താണ് അവന്‍ അത്തരമൊരു വെളിപ്പെടുത്തലിന് തയാറായത്.വീട്ടില്‍ അവന്റെ സഹോദരിയോട് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ലിയോ പറഞ്ഞിരുന്നത്.പക്ഷേ ഓരോരുത്തരുടെയും സ്വകാര്യമായ പ്രത്യേകതകളെ മാനിക്കുകയെന്നത് അംഗീകരിക്കാതെ വയ്യല്ലോ ?അദ്ദേഹം പറയുന്നു.

‘അവന്‍ വലിയവനാണ്. ഞങ്ങള്‍ അവന്റെ മാതാപിതാക്കള്‍ മാത്രമാണ്. എന്നാല്‍ എന്റെ ഭാഗം കൃത്യമായി നിറവേറ്റി.ഞാനവനെ പ്രധാനമന്ത്രി വരെയാക്കി’. സന്തോഷാതിരേകത്താല്‍ അമ്മ പറഞ്ഞു.

മകന്‍ പ്രധാനമന്ത്രിയായതൊന്നും ജീവിതം മാറ്റി മറിക്കുമെന്ന് ഈ അച്ഛനും അമ്മയും കരുതുന്നില്ല. ഏഴുവര്‍ഷം മുമ്പ്,റിട്ടയര്‍ ചെയ്യുംവരെ ഒരു പ്രാദേശിക ജിപിയായിരുന്നു അശോക്.മിറിയം നഴ്സും.ഇവിടെ ബാഞ്ചഡ്‌സ് ടൗണില്‍ ഞങ്ങളെ എല്ലാവരും അറിയും.

കൂടുതല്‍ പ്രശസ്തിയൊന്നും ശരിയാകില്ല. അതിനാല്‍ മാന്‍ഷന്‍ ഹൗസ് ഉപേക്ഷിക്കുകയാണ് ഇരുവരും.മകനു നല്‍കാനുള്ള ഉപദേശത്തെക്കുറിച്ച് ചോദിച്ചു.’അവന്‍ മഹാനാണ്.ഞങ്ങള്‍ അവനോട് ഒന്നും ചോദിച്ചിട്ടില്ല,ഒന്നും കൊടുത്തിട്ടുമില്ല. ഏറ്റവും അവശരായവരെ സഹായിക്കുക, സഹായം വേണ്ടവരെ കൈവിടാതിരിക്കുക’ ഇതാണ് അമ്മയ്ക്ക് നല്‍കാനുണ്ടായിരുന്ന മറുപടി.

അവന്‍ അത്തരത്തിലുള്ള ആളുകളെയൊന്നും മറക്കില്ലെന്ന് എനിക്ക് ഉറപ്പാണ് അശോക് പറഞ്ഞു.വളരെ പക്വമതിയായ നേതാവാണ് ലിയോ.അവന്‍ ജനങ്ങളെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. ആ ചിന്തകള്‍ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.എന്റെ രാഷ്ട്രീയ സ്വാധീനം ഏതെങ്കിലും വിധത്തില്‍ അവന് കിട്ടിയിട്ടുണ്ടെങ്കില്‍ അതായിരിക്കും വലിയ കാര്യം.ഇന്ത്യയിലെ സോഷ്യലിസ്റ്റ് പാരമ്പര്യത്തില്‍ നിന്നും പാവപ്പെട്ടവരുടെ പക്ഷം ചേരാനുള്ള മനസ് ,ഊതി കാച്ചാനുള്ള തീക്കനല്‍ പോലെ ഉള്ളില്‍ സൂക്ഷിക്കുന്ന അശോക് പറഞ്ഞു.

അധികാരമേല്‍ക്കുംഅച്ഛന്റെ ഉപദേശം ചോദിച്ചു ‘എനിക്കറിയാം അവന് സാധിക്കും’ എന്ന ഹ്രസ്വ മറുപടിയില്‍ എല്ലാ പ്രതീക്ഷയും സമര്‍പ്പിക്കുകയായിരുന്നു ഡോ അശോക് വരദ്കര്‍.അടുത്ത് എല്ലാം ശുഭമാകുമെന്ന പ്രതീക്ഷ കണ്ണകളില്‍ നിറച്ച് സ്നേഹനിധിയായ അമ്മ മിറിയവും.

ലിയോ വരദ്കര്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്.കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് ലിയോയെ നയിക്കുന്നതും.അതുകൊണ്ടു തന്നെ പലരും കരുതുന്നത് പോലെ കുടുംബം വിട്ടൊരു കളിക്കും വരദ്കര്‍ തയ്യാറാവില്ല തന്നെ.

വാല്‍ക്കഷണം:
ലിയോ വരദ്കര്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായേക്കാമെന്ന് അധികമാരും പ്രതീക്ഷിക്കും മുമ്പേ,2013 ഒക്ടോബറില്‍ ‘ഐറിഷ് മലയാളി’അത്തരമൊരു നിരീക്ഷണത്തിന് മുതിര്‍ന്നിരുന്നു.ലിയോ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാകും എന്ന പ്രവചനാത്മകമായ ഒരു ലേഖനം പ്രസിദ്ധീകരിച്ച ആദ്യ മാധ്യമങ്ങളില്‍ ഒന്നായിരുന്നു ‘ഐറിഷ് മലയാളി’.

ഇന്ത്യന്‍ എംബസി 2014 ല്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷവേളയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലിയോയോട്(അന്ന് ആരോഗ്യമന്ത്രി ആയിരുന്നു അദ്ദേഹം) എനിക്ക് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു.രാജ്യം കൂടുതല്‍ നഴ്സുമാരെ ആവശ്യപ്പെട്ടിരുന്ന ഒരു വേളയായിരുന്നു അത്.നഴ്‌സുമാരുടെ വരവിനായി എറ്റിപ്പിക്കല്‍ വിസ ക്രമപ്പെടുത്തുന്നതിനും,അഡാപ്‌റ്റേഷന്‍ വഴിയല്ലാതെ പ്രത്യേക ടെസ്റ്റ് നടത്തി വളരെ പെട്ടന്ന് അവര്‍ക്ക് നിയമനം നല്‍കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട് എന്ന് അദ്ദേഹം നേരിട്ട് പറഞ്ഞപ്പോള്‍ വിശ്വാസമായില്ലെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അവ പ്രാവര്‍ത്തികമായപ്പോഴാണ് ലിയോയുടെ മാന്ത്രിക വൈഭവം ശരിക്കും അറിഞ്ഞത്.രാജ്യത്തിന് ആവശ്യമുള്ളത് എന്തെന്ന് മുന്‍ കൂട്ടി അറിയാനുള്ള പ്രധാനമന്ത്രിയുടെ കഴിവ് അയര്‍ലണ്ടിന്റെ സുസ്ഥിരഭാവിയ്ക്ക് മുതല്‍കൂട്ടാവുകതന്നെ ചെയ്യും.

ചിലര്‍ അവകാശപ്പെടുന്നത് പോലെ ലിയോയുടെ സ്വവര്‍ഗാനുരാഗത്തെയും സ്ഥിരമായ ഒരു ശീലമായി ഞാന്‍ കരുതുന്നില്ല.മാത്യു ബാരറ്റ് എന്ന യുവ ഡോക്റ്ററുമായി ലിയോയ്ക്ക് അതിരുകടന്ന സൗഹൃദങ്ങളുണ്ടെന്ന് പറയുമ്പോഴും,ആ ‘അതിരുകള്‍ക്ക് പരിധി’ വെച്ചിട്ടുണ്ടെന്ന നിഗമനങ്ങളാണ് ലിയോയോട് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്.ഒരു വേള പുതിയ ഐറിഷ് പ്രധാനമന്ത്രി വിവാഹിതനാവുന്നു എന്നൊരു വാര്‍ത്ത വന്നാലും അതിശപ്പെടേണ്ടതില്ല.പ്രധാനമന്ത്രിയുടെ കസേരയില്‍ അടുത്ത നാല് വര്‍ഷത്തെ കാലാവധി ലിയോ തികയ്ക്കുകയാണെങ്കില്‍ അത്തരം ഒരു വാര്‍ത്തയ്ക്കുള്ള സാധ്യത ഏറെയാണ് എന്നാണ് സൂചനകള്‍.

സ്വവര്‍ഗാനുരാഗ പ്രഖ്യാപനം വഴി യുവത്വത്തിന്റെ ചാപല്യവും,സത്യം മൂടി വെയ്ക്കാതെ തുറന്ന് പറയാനുള്ള ആര്‍ജ്ജവവുമാണ് ലിയോ കാട്ടിയതെന്ന് സമ്മതിക്കുന്നവരാണ് അധികവും.കുടുംബത്തിന്റെ രൂപീകരണത്തിലും,സവിശേഷതകളിലും പവിത്രമായ കാഴ്പ്പാടുള്ളവരാണ് അയര്‍ലണ്ടിലെയും ഇന്ത്യയിലെയും മുന്‍ തലമുറ.അതില്‍ നിന്നും വ്യതിചലിക്കാനുള്ള സാദ്ധ്യതകള്‍ ഈ ഇന്ത്യന്‍-ഐറിഷ് പാരമ്പര്യക്കാരനുമുണ്ടാവില്ലെന്നാണ് വരദ്കറെ അടുത്തറിയാവുന്ന ചിലരെകിലും കരുതുന്നത്.

-റെജി സി ജേക്കബ്

Scroll To Top