Saturday October 20, 2018
Latest Updates

അയര്‍ലണ്ടില്‍ നിന്നും വീണ്ടും ചില വീട്ടു(വരദ്കര്‍)വിശേഷങ്ങള്‍…..

അയര്‍ലണ്ടില്‍ നിന്നും വീണ്ടും ചില വീട്ടു(വരദ്കര്‍)വിശേഷങ്ങള്‍…..

ഡബ്ലിന്‍: ‘മാറ്റിനെ’ക്കുറിച്ചു പറഞ്ഞുതുടങ്ങിയാല്‍ ഫിനഗലിന്റെ ‘ഭാവി’ നേതാവിന് ആയിരം നാവാണ്.

മാറ്റെന്നെ നല്ല ഒരു മനുഷ്യനാക്കിയെന്ന ഒറ്റ വാചകം മതിയാകും ആ ബന്ധത്തിന്റെ ആഴവും പരപ്പും അറിയാന്‍.ലിയോ വരദ്കറുടെ ബോയ്ഫ്രണ്ടാണ് ഡോ.മാത്യു ബാരെറ്റ്.ഇത്തരത്തിലൊരു ബന്ധം സൂക്ഷിക്കുന്നതിന്റെ സങ്കീര്‍ണതകളെക്കുറിച്ചറിഞ്ഞ് അത് പൊതുസമൂഹത്തെ അറിയിക്കുന്നതുവരെ പൊതുവെളിച്ചത്തില്‍ നിന്നു മാറി നിന്നയാളാണ് സെന്റ് വിന്‌സന്റിസിലെ കാര്‍ഡിയോളജിസ്റ്റ് കൂടിയായിരുന്ന ലിയോവിന്റെ സ്വന്തം മാറ്റ്.

ഒരു പുരുഷനെ ജീവിത പങ്കാളിയാക്കി കൂടെ കൊണ്ട് നടക്കാന്‍ ഇന്ത്യയില്‍ അനുവാദം ഇല്ലെങ്കിലും ലിയോയുടെ ആധുനീക അയര്‍ലണ്ടില്‍ അതിനുള്ള അവസരം ഉണ്ട്.അത്തരമൊരു ബന്ധം , വേണ്ടിവന്നാല്‍ വിവാഹം വരെയെത്തിച്ച് നിയമവിധേയമാക്കാനുള്ള അനുമതി ഈ രാജ്യത്ത് നേടിയെടുക്കാന്‍ പൊരുതിയവരില്‍ മുമ്പന്‍ ഈ മുംബൈക്കാരന്‍ ഇന്ത്യന്‍ ഡോക്റ്ററുടെ മകനായിരുന്നു. ‘ ഈക്വാളിറ്റി’ എന്നൊരു പദം ഉപയോഗിച്ചാണ് ലിയോ അയര്‍ലണ്ടിലെ 68 ശതമാനം പേരുടെയും പിന്തുണ നേടിയെടുത്തത്.

എന്നിരുന്നാലും പ്രധാനമന്ത്രിയായ ശേഷം പൊതുവേദിയില്‍ ലിയോ തന്റെ ‘സ്വന്തം മാറ്റുമായി ‘ പ്രത്യക്ഷപ്പെടുമെന്ന് ആരും കരുതേണ്ട. കാരണം ലിയോ പറയും ‘അങ്ങനെയൊരു പ്ലാന്‍ എനിക്കില്ല.കാരണം ഒന്നാമതായി ഞങ്ങള്‍ വിവാഹിതരല്ല, രണ്ടു വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്നുവെന്നു മാത്രമേയുള്ളു.മാത്രമല്ല അതൊന്നും രാഷ്ട്രീയത്തില്‍ പരമ്പരാഗത ചടങ്ങൊന്നുമല്ല ‘ .

‘അഞ്ചെലാ മെര്‍ക്കലിന്റെ കാര്യമെടുക്കൂ,ഇത് അവരുടെ മൂന്നാം വട്ടമാണ്. മൂന്നു യൂണിവേഴ്സിറ്റികളുടെ മേധാവിയാണവര്‍. അവര്‍ക്കൊരു ഭര്‍ത്താവുണ്ട് (ജോയാചിം സോവര്‍).അദ്ദേഹത്തിനു ഒരു ജോലിയുമുണ്ട്.ഒരിക്കല്‍പ്പോലും പൊതുചടങ്ങില്‍ അവരോടൊപ്പം വന്നിട്ടേയില്ല.ഇതൊക്കെ ഒരു തലമുറമാറ്റമായി കണ്ടാല്‍ മതി.പുരുഷ നേതാവ്, അയാള്‍ക്കൊരു ഭാര്യ ,അവര്‍ വീട്ടിലെ കാര്യങ്ങള്‍ മാത്രം നേക്കുന്നു. അതൊക്കെ പഴഞ്ചനാചാരങ്ങളാണ്.നാമിപ്പോള്‍ വേറൊരു യുഗത്തിലാണ്. അവിടെ ആണിനും പെണ്ണിനും ജോഡികള്‍ക്കുമെല്ലാം അവരുടെതായ ജോലികളുണ്ട്.’

ക്രൊഗ് പാട്രിക്ക്കുരിശുമല കയറുന്ന മാറ്റ്

ക്രൊഗ് പാട്രിക്ക്കുരിശുമല കയറുന്ന മാറ്റ്

എന്നാല്‍ ഈ തലമുറ മാറ്റത്തിന്റെ ഭാഗമായി താങ്കളുടെ ബോയ് ഫ്രണ്ടിനെ ജനമധ്യത്തിലെത്തിച്ചുകൂടെ,എന്‍ഡ കെന്നി ഭാര്യ ഫെനൂലയെ കൊണ്ടുപോകുന്നത് പോലെ പൊതു ചടങ്ങുകളില്‍ പങ്കെടുപ്പിച്ചു കൂടേയെന്നു ചോദിച്ചാലോ ‘ ഇല്ല അതിനു കഴിയില്ല. അതാണ് യാഥാര്‍ഥ്യം..എന്റെ തിരഞ്ഞടുപ്പു പ്രചാരണ വേദികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവനുണ്ടായിരുന്നു.അതു മാത്രമാണ് എന്നോടൊത്തുള്ള ഏക രാഷ്ട്രീയ ബന്ധം.പക്ഷേ പകല്‍ അവന് വേറെ ജോലിയുണ്ട്’ എന്നാണ് ലിയോയുടെ മറുപടി.

പ്രധാനമന്ത്രിയായാല്‍ ഇതിനു മാറ്റമുണ്ടാകുമോ യെന്നു ചോദിച്ചാല്‍ ‘ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നായിരിക്കും ലിയോവിന്റെ പ്രതികരണം.എന്നാണ് നിങ്ങളുടെ കല്യാണമെന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍ ‘ അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലെന്നു പറയും വരേദ്കര്‍.

കുട്ടികളൊക്കെ വേണ്ടെയെന്നു ചോദിച്ചാലോ ‘ എനിക്ക് എന്റെ മരുമക്കളുണ്ട്, മറ്റു ബന്ധുക്കളുടെ കുട്ടികളുണ്ട്.പിന്നെ എനിക്കും കൂടി എന്തിനാണ്.അവരെയൊക്കെ ഞാനെന്റെ മക്കളായാണ് കാണുന്നത്.ഇപ്പോഴത്തെ അവസ്ഥയില്‍ എന്റെ ജീവിതം, ജോലി,രാഷ്ട്രീയ ഭാവി എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ എനിക്കൊരു നല്ല രക്ഷിതാവാകാന്‍ കഴിയില്ലെന്നതാണ് സത്യം’.മാറ്റിനെ ലിയോവിന്റെ ‘വാമ ഭാഗമായി’ കുടുംബവും അംഗീകരിച്ചിട്ടുണ്ട്!

മാറ്റിന്റെ ഗുണവിശേഷങ്ങള്‍ ലിയോ പറയുന്നത് കേള്‍ക്കൂ.’എന്നേക്കാളും വളരെ ബുദ്ധിയുളളയാളും തന്ത്രശാലിയുമാണ്.എന്നേക്കാള്‍ വേഗത്തില്‍ വായിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയും.ഒരിക്കലും രാഷ്ട്രീയത്തില്ലാതിരുന്നിട്ടും എളുപ്പത്തില്‍ മാറ്റങ്ങള്‍ മനസ്സിലാകും.

ആദ്യമായി ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ചു റേഡിയോയിലൂടെ ലിയോ ലോകത്തെ അറിയിച്ചപ്പോള്‍ എന്തു തോന്നിയെന്ന് മിസ്സിസ് അശോക് വരദ്കറോട് ചോദിച്ചപ്പോള്‍ ‘ഞാന്‍ അത് അംഗീകരിച്ചു,എല്ലാവരും ചെയ്തതുപോലെ, എന്നായിരുന്നു മറുപടി.;മറ്റെന്ത് ചെയ്യാനാവും എന്നായിരുന്നു അവരുടെ ചോദ്യം.
തിരഞ്ഞെടുപ്പു പോരാട്ടത്തിനിടയിലും വീട്ടില്‍ ‘വെറും സാധു ‘ ലിയോയെയാണ് എല്ലാവര്‍ക്കും കിട്ടുന്നത്.അമ്മയാണ് വരദ്കറുടെ വീടിന്റെ ഐശ്വര്യം.ബ്ലാഞ്ചാര്‍ഡ്സ് ടൗണിലെ വീട്ടില്‍ പിതാവ് ഡോ.അശോക്,ലിയോയുടെ മൂത്ത സഹോദരി സോണിയ അവരുടെ ഇരട്ട ആണ്‍മക്കള്‍ എറിക്,അലക്സ് എന്നിവരും ഈ സ്നേഹഭവനത്തിലുണ്ട്.വീട്ടിലെത്തിയാല്‍ എറികിനും അലക്സിനുമൊപ്പമുള്ള ‘യുദ്ധത്തി’ലാണ് നമ്മുടെ അയര്‍ലണ്ടിന്റെ നായകന്‍ ലിയോ വരദ്കര്‍.

സഹോദരിയുടെ മക്കളോടൊപ്പം ലിയോ 

സഹോദരിയുടെ മക്കളോടൊപ്പം ലിയോ

എല്ലാവരോടും സ്നേഹവും കരുതലുമുള്ളയാളാണ് ഞങ്ങളുടെ ലിയോയെന്ന് ചേച്ചി സോണിയ പറയും. ചെറുപ്പത്തില്‍ ഞങ്ങളൊരുമിച്ച് ഒരു റൂമിലാണ് കിടന്നിരുന്നത്.വായന ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ഹരമായിരുന്നു.എനിക്കു മാത്രമായി റൂം കിട്ടിയപ്പോള്‍ ഞാനാകെ സങ്കടത്തിലായിപ്പോയി.ഇന്ന് എന്റെ മക്കളുടെ പ്രായമായിരുന്നു അവന്.സോണിയയുടെ മനസ്സ് ഓര്‍മകളിലേക്ക് ഊളിയിട്ടു.

അതിനിടെ, അമ്മ മിറിയം നഴ്സറി ക്ലാസില്‍പ്പോകാന്‍ വലിയ മടി കാട്ടിയ ലിയോയെ അവതരിപ്പിച്ചു.ആകെ മഞ്ഞും തണുപ്പുമാണമ്മേയെന്ന് പറഞ്ഞ് നേരത്തേ ഉറക്കമുണരില്ലായിരുന്നു. എന്നും അതൊരു ബഹളമായിരുന്നു.തീരെ നിവൃത്തിയില്ലാത്ത ദിവസം അവനെ സ്‌കൂളില്‍ വിടില്ലായിരുന്നു .സോണിയ ഇടയ്ക്കുകയറിപ്പറഞ്ഞു.

ലിയോയ്ക്ക് സോഫിയെന്ന മറ്റൊരു സഹോദരി കൂടിയുണ്ട്. അവര്‍ ലണ്ടനിലാണ് താമസം.ഇലക്ഷന്‍ പ്രമാണിച്ച് സോഫിയും എത്തിയിട്ടുണ്ട്.മര്യാദക്കരനും വലിയ ചിന്തകനുമായിരുന്നു എന്റെ കുഞ്ഞനിയന്‍ സോഫി ഓര്‍മിക്കുന്നു.’അവനോട് സംസാരിച്ചിരുന്ന് നുറുങ്ങ് വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ എനിക്കൊത്തിരി ഇഷ്ടമായിരുന്നു.ഇന്നത്തെപ്പോലെ അന്നും വിശ്വസ്ഥരായ ഒരു പറ്റം കൂട്ടുകാര്‍ എപ്പോഴും അവനോടൊപ്പമുണ്ടാകുമായിരുന്നു’.

നീന്തല്‍ ഭയന്ന ലിയോയുടെ ബാല്യം അമ്മ പറഞ്ഞു. ‘എത്ര പറഞ്ഞാലും വെള്ളത്തിലിറങ്ങില്ല. ദേഹത്ത് ആകെപ്പറ്റിച്ചേര്‍ന്ന് കെട്ടിപ്പിടിച്ച് കരയും.അടിയും കൊടുത്ത് വീട്ടില്‍ ക്കൊണ്ടുപോകുമായിരുന്നു.ഒടുവില്‍ സോഫിയാണ് ആ പേടി മാറ്റിയത്. സമീപത്തെ നീന്തല്‍ പരിശീലനകേന്ദ്രത്തില്‍ അവള്‍ കൊണ്ടുപോയി വിടുകയായിരുന്നു ചെയ്തത്.അതോടെ അവന്റെ പേടി മാറി. നന്നായി നീന്താന്‍ പഠിച്ചു.ഇന്നവന്‍ നല്ല നീന്തല്‍ വിദഗ്ധനാണ്’.

ഫിനഗല്‍ നേതൃ പോരാട്ടവും അതിന്റെ ചര്‍ച്ചകളുമെല്ലാം വീട്ടിലും സജീവമാണ്.ഫിനഗല്‍ നായകനായി,അയര്‍ലണ്ടിന്റെ നേതാവായി അവരുടെ ലിയോ വരദ്കര്‍ ഉദയംചെയ്യുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്ലാവരും.അതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് ലിയോയുടെ വാക്കുകള്‍.

‘ എന്നെ 2011ല്‍തന്നെ അടുത്ത നേതാവായി ആളുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് വേണ്ടി മാത്രമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്തുകൊണ്ടോ പൊതുജനം അങ്ങനെ കണ്ടിരുന്നു,കാണുന്നു. 2011ല്‍ ഇലക്ഷനില്‍ എണ്‍ഡ കെന്നിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായി ആളുകളെ സമീപിച്ച വേള മുതല്‍ അവര്‍ ആ വിശ്വാസം എന്നിലേക്ക് പകരുന്നതാണ്. പിന്നെ ഞാനെന്തിന് ആശങ്കപ്പെടണം’. ഇതാണ് ഈ നായകന്റെ ആത്മവിശ്വാസം.അത് തുണയാകുമോയെന്ന് കാത്തിരുന്നു കാണാനേ നിവൃത്തിയുള്ളു.

അങ്ങനെയെങ്കില്‍ ഇന്ന്(ജൂണ്‍ 2,ശനിയാഴ്ച) അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു ദിവസമാകും.ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ മകന്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു നിയോഗമായി എത്തുമ്പോള്‍ യൂറോപ്പിന്റെയാകെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു തീരുമാനമായിരിക്കും ഫിനഗേല്‍ പാര്‍ട്ടി എടുക്കുന്നതെന്ന് കരുതുന്നവരും ഏറെയാണ്.കാരണം ലിയോ വരദ്കര്‍ അതാണ്.അയര്‍ലണ്ടിന്റെ ആരോഗ്യമന്ത്രി ആകാനുള്ള ആഗ്രഹമേ ലിയോ വരദ്കര്‍ക്ക് ചെറുപ്പത്തില്‍ ഉണ്ടായിരുന്നുള്ളു.ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് ലിയോ പായുകയാണ്.ദ്വിഗ് വിജയിയാവാന്‍….

ഐറിഷ് മലയാളി ന്യൂസ്

Scroll To Top