Wednesday September 26, 2018
Latest Updates

ഇതാണ് നിങ്ങള്‍ ഇനിയും അറിയാത്ത ലിയോ വരദ്കര്‍! ഈ ഇന്ത്യക്കാരന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുമോ ?

ഇതാണ് നിങ്ങള്‍ ഇനിയും അറിയാത്ത ലിയോ വരദ്കര്‍! ഈ ഇന്ത്യക്കാരന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുമോ ?

ഡബ്ലിന്‍ :ഐറീഷ് ജനത അവരുടെ ഭാവിഭാഗധേയം ഈ ഇന്ത്യന്‍ വംശജന്റെ കൈകളിലേല്‍പ്പിക്കാനൊരുങ്ങുകയാണെന്ന വ്യക്തമായ സൂചനകളാണ് കണ്ടുവരുന്നത്. ആത്മാര്‍പ്പണത്തോടെയുള്ള രാഷ്ട്രീയസേവനത്തിന് കാലം കാത്തുവെച്ച ഉപഹാരമായിരിക്കാം ഒരുപക്ഷേ ഇദ്ദേഹം സ്വീകരിക്കാനൊരുങ്ങുന്നത്.

ഒരു സുപ്രഭാതത്തില്‍ മുളച്ചുവന്ന രാഷ്ട്രീയ നേതാവല്ല വരദ്കറെന്ന ഈ 38കാരന്‍.15 വര്‍ഷം മുമ്പുതന്നെ ഇദ്ദേഹത്തിന്റെ പ്രതിഭ രാഷ്ട്രീയ അയര്‍ലണ്ട് തിരിച്ചറിഞ്ഞിരുന്നു.ഇദ്ദേഹം ഐറീഷ് ടൈംസിലെഴുതിയ ഒരു കത്ത് ഫിനഗലെന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചട്ടക്കൂടിനെത്തന്നെ പൊളിച്ചെഴുതാന്‍ പര്യാപ്തമായി.ഇവിടെനിന്നാണ് പൊതുരംഗം ഈ ചെറുപ്പക്കാരനെ ശ്രദ്ധിച്ചുതുടങ്ങിയത്.

അന്നത്തെ ഫിനഗലിന്റെ നേതൃമാറ്റ രീതിയില്‍ പൊട്ടിത്തെറിച്ചാണ് ഇദ്ദേഹവും ഒപ്പമുണ്ടായിരുന്ന ലൂസിണ്ട ക്രെയിഗ്ടണും രംഗത്തുവന്നത്.പാര്‍ടി അംഗങ്ങളുമായോ കൗണ്‍സിലര്‍മാരുമായോ ആലോചിക്കാതെ ഏകപക്ഷീയമായി മൈക്കിള്‍ നൂനന്‍ തന്റെ പിന്‍ഗാമിയായി എണ്‍ഡ കെന്നിയെ പ്രഖ്യാപിച്ചതാണ് യുവാക്കളെ ചൊടിപ്പിച്ചത്.ഇത് ശരിയല്ലെന്ന് ഇവര്‍ തുറന്നടിച്ചു.

പുതിയൊരു ഇലക്ഷന്‍ സമ്പ്രദായം ഇവര്‍ പാര്‍ടിക്കു മുമ്പില്‍ വെച്ചു.ഇവരുടെ ഈ നിര്‍ദേശം പാര്‍ടി നേതൃത്വം രണ്ടു വര്‍ഷത്തിനു ശേഷം അംഗീകരിച്ചു.അതോടെ സാധാരണപാര്‍ടി അംഗങ്ങള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നേതാവിനെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ലഭിച്ചു.ആ സിസ്റ്റത്തിന്റെ മുന്നിലാണ് വരദ്കര്‍ എന്ന ജനനേതാവ് തന്റെ രാഷ്ട്രീയ ഭാവിയുടെ തുലാസ് വച്ചിരിക്കുന്നത്.

1997ലാണ് ആദ്യമായി വരദ്കര്‍ ഐറീഷ് ടൈംസിന് കത്തെഴുതിയത്.18വയസ്സുള്ളപ്പോഴായിരുന്നു അത്.സര്‍ക്കാര്‍ വകുപ്പുകളെ നിശിതമായി വിമര്‍ശിച്ചും ഇതൊന്നും പരിഗണിക്കാത്ത, ജീര്‍ണിച്ച മാധ്യമ ലോകത്തെ ചൂണ്ടിക്കാട്ടിയുമായിരുന്നു ആ കുറിപ്പ്.

ഡബ്ലിനിലെ സ്‌കൂളില്‍ ഇന്ത്യാക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം വരദ്കര്‍

അക്ഷമനും കഠിനഹൃദയനുമായ ചെറുപ്പക്കാരനെന്ന് കാലം വരദ്കറെ അടയാളപ്പെടുത്തി.പാമേഴ്സ് ടൗണിലെ കിംഗ്സ് ഹോസ്പിറ്റല്‍ സ്‌കളില്‍ പഠിക്കുമ്പോള്‍ യുവ ഫെനഗലില്‍ ചേര്‍ന്നു.20ാം വയസ്സില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കെ 1999ല്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മുല്‍ഹഡാര്‍ടില്‍ മല്‍സരിച്ചു.തോറ്റെങ്കിലും രാഷ്ട്രീയത്തില്‍ ഉറച്ചുനിന്നു. ഇരട്ട സ്ഥാനാര്‍ഥി പ്രശ്നത്തില്‍ സെനറ്റര്‍ ഷെയ്ല തേരീസിന് സ്ഥാനമൊഴിയേണ്ടി വന്നപ്പോള്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലില്‍ 2003ല്‍ പകരക്കാരനായി.ഈ ചെറിയ തുടക്കത്തില്‍ നിന്ന് വരദ്കര്‍ കത്തിക്കയറുകയാണ് .ഐറീഷ് ചരിത്രം തിരുത്തിയെഴുതാന്‍ കാലം മാറ്റിവെച്ച കൈയ്യൊപ്പാവാന്‍ വരദ്കര്‍ പടക്കളത്തിലുണ്ട്.

ലിയോ വരദ്കര്‍ തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ അവിടെ ഒത്തുകൂടിയ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരില്‍ ചിരിയാണുണ്ടാക്കിയത്.രാജ്യത്തെ എല്ലാവര്‍ക്കും അറിയാവുന്ന സംഗതി വളരെ ഗൗരവത്തോടെ ആദ്യമായി അംഗീകരിച്ച് പ്രഖ്യാപിച്ച ആ തന്ത്രം മറ്റാരുടെയുമല്ല, ഭാവിയുടെ ഐറീഷ് പ്രധാനമന്ത്രിയും ഫെനഗല്‍ നേതാവുമായി ലിയോ വരദ്കറുടെ സ്വന്തമാണ്. ഇതാണ് മറ്റുള്ളവരെ ഇദ്ദേഹത്തോടടുപ്പിക്കുന്ന രാഷ്ട്രീയ രസതന്തവും.

വര്‍ഷങ്ങളായി ഈ പദവിക്കായി പരിശ്രമിക്കുകയായിരുന്നു ഇദ്ദേഹമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു.എന്നാല്‍ ഇപ്പോഴല്ലാതെ മുമ്പൊന്നും ഇദ്ദേഹം സ്ഥിരീകരിച്ചിരുന്നില്ല. സമയം വരട്ടെ,കാണാം ,നോക്കാം എന്നിങ്ങനെ ഒഴുക്കന്‍ വാക്കുകളിലായിരുന്നു ഇദ്ദേഹത്തിന്റെ മറുപടികള്‍.ഈ നയചാതുരിയില്‍ നിന്നും ഒരു ചോദ്യം ഉരുത്തിരിയുന്നു.’തന്ത്രം പഠിച്ച ഈ ഇന്ത്യന്‍ വംശജന്‍ തന്നെയാവുമോ അയര്‍ലണ്ടിന്റെ അടുത്ത പ്രധാനമന്ത്രി?

പ്രദേശവാസികളെയൊന്നുമറിയിക്കാതെ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആ പ്രഖ്യാപനം.ഡബ്ലിനിലെ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലായിരുന്നു ഈ ഒത്തുകൂടല്‍. ഫോട്ടോഗ്രാഫേഴ്സ് അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരും പബ്ലിക് റിലേഷന്‍സുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ വച്ചാണ് ഈ നാടകീയ പ്രഖ്യാപനം ഉണ്ടായത്. വരദ്കറോടൊപ്പം ഉറച്ച പിന്തുണയുമായി മന്ത്രി പാസ്‌കല്‍ ഡോണോഗുവുമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കോഫി ട്രേയുമായായിരുന്നു ഇദ്ദേഹത്തിന്റെ ‘കിടിലന്‍ എന്‍ട്രി’.

എന്തോ വലിയ ബഹളം നടക്കുന്നതറിഞ്ഞ് പ്രാദേശി വാസികള്‍ അങ്ങോട്ടേക്ക് എത്തിനോക്കി. താരങ്ങളായ ഉന്നത നേതാക്കളെ അടുത്തുകണ്ടത് വിശ്വസിക്കാനാവാതെ അവര്‍ വഴിക്കണ്ണുമായി നിന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോക്ലേറ്റ് കേക്കും കോഫിയും വിതരണം ചെയ്തു.ലിയോ സ്ട്രീറ്റിനെ പ്രതിനിധീകരിച്ചാണ് ഡോണോഗുവെത്തിയത്.’പാര്‍ടിയെ നിയിക്കാന്‍ ഏറ്റവും യോഗ്യനായ ആള്‍ ‘ഡോണോഗു തന്റെ പിന്തുണ ഉറക്കെ വിളിച്ചുപറയാനും മടികാട്ടിയില്ല.

തന്റെ വിജയം ഏറെക്കുറെ ഉറച്ച സാഹചര്യത്തിലും കൂടുതല്‍ വിനയാന്വിതനായി ഫെനഗലിന്റെ താഴേത്തട്ടിലുള്ള ആളുകളുടെ പിന്തുണ തേടിപ്പോവുകയാണ് വരദ്കറിലെ രാഷ്ട്രതന്ത്രജ്ഞന്‍.എതിരാളിയെക്കാള്‍ മുമ്പിലാണ് താനെന്നറിഞ്ഞ ഭാവം വരദ്കറിനില്ല,കാരണം,ഇന്ത്യന്‍ പ്രഥമ ജവഹര്‍ലാല്‍ നെഹൃ പറഞ്ഞതുപോലെ ‘ഇനിയുമേറെ ദൂരമുണ്ട്,എനിക്കുറങ്ങാന്‍’എന്ന് വിശ്വസിച്ചാണ് വരദ്കറുടെ യാത്ര!

ഇടയ്ക്കിങ്ങനെയൊരു കമന്റ് വരദ്കറില്‍ നിന്നുണ്ടായി ‘ഞാനെന്റെ കോഴികളെ എണ്ണിനോക്കാറില്ല’ ഇതിന്റെ അര്‍ഥം രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യുമെന്ന് വരദ്കര്‍ക്കറിയാം.’എന്റെ സഹപ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണയില്‍ ഞാന്‍ പ്രണമിക്കുന്നു.തെരഞ്ഞെടുപ്പ് മണ്ഡപവും സംവാദങ്ങളുമാണ് ഇനി ഞാന്‍ ലക്ഷ്യമിടുന്നത്’ വരദ്കര്‍ പറയാതെയെല്ലാം പറഞ്ഞുവെച്ചു.ഇതിനിടെ കോഫിയും കേക്കും എല്ലാ മാധ്യമ പ്രവര്‍ത്തകരും അകത്താക്കിയിരുന്നു .അതില്‍ ‘ലിയോ’ എന്നു രേഖപ്പെടുത്തിയിരുന്നു.അതിന്റെ അര്‍ഥം തന്ത്രശാലിയായ ലിയോ വരദ്കര്‍ക്ക് വളരെ നന്നായി അറിയാമായിരുന്നു.

ഫ്രാന്‍സിസ് ഫിറ്റ്സ്‌ജെറാള്‍ഡിന്റെ പിന്തുണ ലിയോ നേരത്തെ ഉറപ്പാക്കിയിരുന്നു.എന്‍ഡ കെന്നിയുടെ പിന്മാറ്റം ഉണ്ടാവുമെന്ന് ഉറപ്പായിരുന്നതിനാല്‍ ലിയോ നേരത്തെ തന്നെ കളത്തില്‍ സ്ഥാനം പിടിച്ചു തന്ത്രങ്ങള്‍ കൃത്യമായി ക്രമീകരിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴത്തെ പ്രചാരണമൊക്കെ ആ തിരക്കഥയിലെ ഒരു അധ്യായം മാത്രം.
ആരോഗ്യമന്ത്രിയാകാന്‍ കൊതിച്ച ഏഴ് വയസ്സുകാരന്‍
വളരെ ചെറുപ്പത്തില്‍ത്തന്നെ മന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് ‘നിയുക്ത പ്രധാനമന്ത്രി ‘ ലിയോവരദ്കര്‍.അമ്മയുടെ സുഹൃത്തുക്കളോടാണ് ആ ഏഴുവയസ്സുകാരന്‍ ആരോഗ്യ മന്ത്രിയാകുമെന്ന് അന്ന് വീമ്പിളക്കിയത്.വാട്ടര്‍ഫോര്‍ഡിലെ ഡണ്‍ഗാര്‍വാനില്‍ നിന്നുള്ള ഒരു നഴ്സായ അമ്മയുടെ കഷ്ട്ടപാടുകള്‍ കണ്ടാണ് കൊച്ചുലിയോ അങ്ങനെ പറഞ്ഞത്.അമ്മയുടെ ജോലി ലഘൂകരിക്കണമെന്ന ആഗ്രഹമായിരുന്നു ആ നിഷ്‌കളങ്ക ആഗ്രഹത്തിന് പിന്നില്‍.


സകുടുംബം.ലിയോയും സഹോദരി സോഫിയയും മാതാപിതാക്കള്‍ക്കൊപ്പം

പക്ഷെ അതേ ലിയോ,ആരോഗ്യമന്ത്രിയായി വര്‍ഷങ്ങളോളം നന്നാക്കാന്‍ നോക്കിയിട്ടും അയര്‍ലണ്ടിലെ നഴ്സുമാരുടെ ദുരിതം കുറഞ്ഞൊന്നുമില്ല എന്നത് മറ്റൊരു സത്യം.പക്ഷെ കുടുംബത്തെ കുറിച്ച് ലിയോയ്ക്ക് ഏറെ അഭിമാനമാണുള്ളത്.മാധ്യമങ്ങളോട് മനസു തുറക്കുമ്പോള്‍ അവരെക്കുറിച്ച് വാചാലനാകും ലിയോ.

18 വയസ്സുള്ളപ്പോള്‍ ലിയോയുടെ ‘അമ്മ ഇംഗ്ലണ്ടിലേക്ക് പോയതാണ് .അവിടെയാണ് അമ്മ നഴ്സിംഗ് പരിശീലിച്ചത്.അച്ഛന്‍ മുംബൈ സ്വദേശിയാണ്.അവരുടെ കുടുംബത്തില്‍ നിന്നും യൂണിവേഴ്സിറ്റിയില്‍ പോയി പഠിച്ച ഏക ആളായിരുന്നു അദ്ദേഹം.50 പൗണ്ടും തോളില്‍ ഷര്‍ട്ടുമായി അദ്ദേഹം ഇംഗ്ലണ്ടില്‍ ജോലി ചെയ്യാനെത്തി.

‘അത്തരമൊരു കഷ്ടപ്പാടിന്റെ സാഹചര്യത്തിലാണ് അച്ഛനുമമ്മയും കണ്ടുമുട്ടിയത്. അവര്‍ ഇംഗ്ലണ്ടില്‍ വെച്ച് വിവാഹിതരായി.മൂത്ത സഹോദരി സോഫി ജനിച്ചതോടെ അവര്‍ ഇന്ത്യയിലേക്ക് പോയി.ഏറെക്കാലം മുംബൈയില്‍ ചിലവഴിച്ച ശേഷം 1973ല്‍ അവര്‍ തിരിച്ചുവന്നു.ഡ്രോഗഡയിലെ ഔര്‍ ലേഡി ലൂര്‍ദ് ഹോസ്പിറ്റലില്‍ അച്ഛന് ഒരു ജോലി ഓഫറിനെ തുടര്‍ന്നായിരുന്നു ഇത്.

വര്‍ഷങ്ങള്‍ക്കു ശേഷം ഹാര്‍കോര്‍ട് സ്ട്രീറ്റ് ആശുപത്രിയില്‍ ചേര്‍ന്നു.1979ലാണ് വരദ്കര്‍ ജനിക്കുന്നത്.അച്ഛന്‍ ജി.പി ആയി ,അമ്മ പ്രാക്ടീസ് മാനേജരുമായി.കാസില്‍നോക്ക് ഹോമിലെ വീട്ടിലായിരുന്നു പ്രാക്ടീസ്.

ലിയോ വരദ്കര്‍ അച്ഛന്‍ ഡോ.അശോക് വരദ്കറോടൊപ്പം

വീട് രോഗികളുടെ വിശ്രമകേന്ദ്രമായിരുന്നു-വരദ്കര്‍ ഓര്‍മിച്ചെടുത്തു.രാഷ്ട്രീയത്തിലിറങ്ങാന്‍ അവസരം തന്നതിന് അച്ഛനോടും അമ്മയോടും ഒട്ടേറെ കടപ്പാടും നന്ദിയുമുണ്ട്.അച്ഛനും അമ്മയും സമൂഹത്തില്‍ നല്ല സ്ഥാനമുള്ളവരായിരുന്നത് വലിയ അംഗീകാരമാണ് നല്‍കിയത്.ചര്‍ച് ഓഫ് അയര്‍ലണ്ടിനു കീഴില്‍ ഡബ്ലിനിലെ പാമേഴ്സ് ടൗണില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വരദ്കര്‍ പഠിച്ചത്.

അവിടെ ചേരുന്നതിനു മുമ്പും ഈ കുട്ടിക്കറിയാമായിരുന്നു രാഷ്ട്രീയമാണ് തന്റെ തട്ടകമെന്ന്.ഞാന്‍ മന്ത്രിയാകുമെന്ന് അമ്മയുടെ കൂട്ടുകാരികളോട് പറഞ്ഞതിന് അമ്മ എന്നെ ശകാരിച്ചിരുന്നു. അത്ര കടന്നൊന്നും വിചാരിക്കേണ്ട എന്നായിരുന്നു അമ്മയുടെ വാദം.’അത്രയ്ക്ക് വീമ്പ് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നു എനിക്കും തോന്നി.എനിക്കറിയില്ല എന്തുകൊണ്ടാണ് അന്ന് അമ്മ അങ്ങനെ പറഞ്ഞതെന്ന്. എന്നിരുന്നാലും എന്റെ ഉള്ളില്‍ രാഷ്ട്രീയത്തോട് അടങ്ങാത്ത ദാഹമായിരുന്നു’.

എന്തു കൊണ്ടോ എന്റെ മാതാപിതാക്കള്‍ രാഷ്ട്രീയത്തിലിടപെട്ടില്ല.

അച്ഛന്‍ ഇന്ത്യാക്കാരനായതിനാല്‍ ‘വല്ലാത്തൊരു’ ശ്രദ്ധ കിട്ടിയിരുന്നില്ലേയെന്നു ചോദിച്ചാല്‍ കൃത്യമായ ഒരു മറുപടി ലിയോ പറയില്ല..

‘ഞാന്‍ പിറന്നത് റോട്ടുണ്ട ആശുപത്രിയിലാണ്. ഞാനൊരു നോര്‍ത്ത് ഡബ്ലിന്‍കാരനാണ്. സോഷ്യല്‍ മീഡിയയിലും ട്വിറ്ററിലും ശ്രദ്ധകിട്ടാന്‍ ഇന്ത്യന്‍ ടച്ച് പക്ഷേ സഹായകമായി.തന്റെ ജീവിതത്തിലെ ഏറ്റവും സുവര്‍ണകാലം ഫിംഗല്‍ കൗണ്ടി കൗണ്‍സിലില്‍ അംഗമായിരുന്നപ്പോഴായിരുന്നു.അന്ന് ഞാനൊരു ജൂനിയര്‍ ഡോക്ടറായിരുന്ന ഞാന്‍ ഇന്ന് ജി.പിയാണ്.

ഇതുവരെ ‘സെറ്റില്‍’ ആയില്ലല്ലോയെന്ന ചോദ്യത്തിന് ‘എന്റെ ജോലിക്കും രാഷ്ട്രീയത്തിനുമാണ് മുഖ്യപ്രാധാന്യം.നല്ലൊരു സാമൂഹിക ജീവിതം എനിക്കുണ്ട്.അടുത്ത കുറെ വര്‍ഷങ്ങളായി പേഴ്സനല്‍ ലൈഫിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ചിത്രം മാറി.സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും വരദ്കര്‍ പറഞ്ഞു.പക്ഷേ സെന്റ് വിന്‍സന്റ്‌സ് ആശുപത്രിയിലെ ജൂണിയര്‍ ഡോക്റ്ററായിരുന്ന മൈക്കിള്‍ ബാരറ്റുമായുള്ള സൗഹൃദം അതിര്‍ത്തി കടക്കുന്നത് കണ്ട പാപ്പരാസികള്‍ പിന്നാലെ കൂടുന്നുവെന്ന് മനസിലാക്കാക്കിയ തന്ത്രജ്ഞാനിയായ ലിയോ രഹസ്യങ്ങള്‍ ഒളിച്ചു വെച്ചില്ല.

2015 ജനുവരിയില്‍ ആര്‍.ടി.ഇ.റേഡിയോക്കനുവദിച്ച ഒരു അഭിമുഖത്തില്‍ മിറിയാം ഒ കല്ലഹാനുമായി സംസാരിക്കവെയാണ് വരദ്കര്‍ അയര്‍ലണ്ടിനെ ഞെട്ടിച്ച ഒരു രഹസ്യം പുറത്തുവിട്ടത്.മധുരമെന്നു തോന്നുമ്പോഴും വാക്കുകളില്‍ നിഗൂഢതയൊളിപ്പിച്ചാണ് വരദ്കര്‍ അന്ന് സംസാരിച്ചത്.’ ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ് .അതില്‍ രഹസ്യത്തിന്റെ കാര്യമില്ല ‘ വരദ്കര്‍ പറഞ്ഞു.

താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് വെളിപ്പെടുത്തിയ ശേഷം വെറും നാല് മാസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ട് എന്ന കത്തോലിക്കാ രാജ്യത്തിലെ 62 ശതമാനം പേരെ അതേ ആശയത്തിനനുകൂലമായി വോട്ടു രേഖപ്പെടുത്തി ഗേ മാരിയേജിന് അനുമതി നല്കാന്‍ പ്രാപ്തരാക്കി മാജിക്ക് കാട്ടാന്‍ ലിയോ വരദ്കര്‍ക്ക് കഴിഞ്ഞു.

ലിയോ വരദ്കറെക്കുറിച്ച് കുറെപ്പേര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസത്തിനുള്ള ഏക കാരണവും അദ്ദേഹത്തിന്റെ സ്വവര്‍ഗ ലൈംഗീകാഭിമുഖ്യമാണ്. മികച്ച സംഘാടകനായും,ഭരണകര്‍ത്താവായും,കഴിവ് തെളിയിച്ചയാള്‍ എന്ന നിലയ്ക്ക് തന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ആരും പരതി നോക്കേണ്ടതില്ലഎന്നാണ് അദ്ദേഹത്തിന്റെ വാദം.

വ്യക്തിപരമായി ഞാന്‍ എന്താണെങ്കിലും,എന്റെ കുടുംബവും സുഹൃത്തുക്കളുമാണ് എന്റെ അതിര്‍ത്തി.ഞാന്‍ രാഷ്ട്രീയത്തിലിറങ്ങി അവരത് ചെയ്തില്ല അത്രമാത്രം.-വരദ്കര്‍ പറയുന്നു.

ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഒന്നും പാളിച്ചയില്ലാതെ നിര്‍വഹിച്ച വരദ്കര്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കാത്തിരിക്കുന്നവര്‍ക്കുള്ള പ്രതീക്ഷ ചെറുതൊന്നുമല്ല.കുത്തകകള്‍ക്കും,ചമയക്കാര്‍ക്കും എതിരെ പൊരുതാനുള്ള അവസരങ്ങളൊന്നും ലിയോ വരദ്കര്‍ നഷ്ടപെടുത്തിയിട്ടില്ല.ജൂണ്‍ 2 ന് നടക്കുന്ന പാര്‍ട്ടി നേതൃ മത്സരത്തില്‍ ഇനി വരദ്കര്‍ പരാജയപ്പെട്ടാലും,അതിന് കാരണം അവരൊക്കെ തന്നെയാവും.പക്ഷേ അയര്‍ലണ്ട് ഉയരുന്നത് ഉണര്‍വിന്റെ പുതിയ പ്രഭാതത്തിലേക്കാവും എന്ന് കരുതുന്നവരാണ് ഏറെയും.

ഐറിഷ് മലയാളി ന്യൂസ്

 

 

Scroll To Top