Sunday September 23, 2018
Latest Updates

വീട്ടുടമകള്‍ക്ക് മുന്നറിയിപ്പ്, ഇന്‍കം ടാക്‌സ് കുറയ്ക്കും, അവശ്യ സര്‍വീസുകള്‍ പ്രഖ്യാപിക്കും ;സമരങ്ങളും നിരോധിക്കും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാന പെരുമഴയുമായി ലിയോ വരദ്കര്‍

വീട്ടുടമകള്‍ക്ക് മുന്നറിയിപ്പ്, ഇന്‍കം ടാക്‌സ് കുറയ്ക്കും, അവശ്യ സര്‍വീസുകള്‍ പ്രഖ്യാപിക്കും ;സമരങ്ങളും നിരോധിക്കും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാന പെരുമഴയുമായി ലിയോ വരദ്കര്‍

ഡബ്ലിന്‍ : പ്രധാനമന്ത്രിയായാല്‍ പൊതുമേഖലയിലെ അത്യാവശ്യ സര്‍വീസുകളിലെ സമരങ്ങള്‍ നിരോധിക്കുമെന്ന് ലിയോ വരദ്കര്‍.ട്രേഡ് യൂണിയനുകളില്‍ അപ്രിയമുണ്ടാക്കുന്ന കാര്യമാണ് ‘നിര്‍ദിഷ്ട’ പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഗതാഗതമുള്‍പ്പടെയുള്ള അവശ്യ സര്‍വീസുകളെ സമര വിമുക്തമാക്കാന്‍ നിയമം കൊണ്ടുവരുമെന്നും വരദ്കര്‍ പറഞ്ഞു.പാര്‍ടി നേതാവായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് തന്നെ സാമൂഹിക സുരക്ഷാ മന്ത്രി ട്രേഡ് യൂണിയനുകളുമായി ഏറ്റമുട്ടലിനു തയ്യാറാണെന്ന സൂചനയാണ് നല്‍കിയത്. തൊഴില്‍ അവകാശങ്ങളെ നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരുന്നതിലൂടെ ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പു നേരിടേണ്ടി വരും.ഔദ്യോഗിക നയപ്രഖ്യാപനരേഖ ‘അയര്‍ലണ്ട് മുന്നോട്ട് വെക്കുന്നു’ പ്രകാശനം ചെയ്യവെയാണ് ലിയോ വരദ്കര്‍ ട്രേഡ്യൂിയനുകള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.

ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജിനെയും പിആര്‍എസ്ഐയെയും സംയോജിപ്പിച്ച് ഏക സാമൂഹിക ഇന്‍ഷ്വറന്‍സ് പേമെന്റ് ആക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് വരദ്കര്‍ പ്രസ്താവിച്ചു.

മൂന്നുലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ,സമരം നിരോധിക്കുമെന്ന വരദ്കറുടെ പ്രസ്താവന പൊതുമേഖലയില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നാണ് കരുതുന്നത്.അവശ്യ സര്‍വീസുകളെ സമരം ശല്യപ്പെടുത്തുന്നത് അധിക കാലം ഉണ്ടാകില്ലെന്നു ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ വരദ്കര്‍ പറയുന്നു.ലേബര്‍ കോടതിയുടെ ശുപാര്‍ശകള്‍ അനുസരിക്കാന്‍ ഉദ്യോഗസ്ഥരും ട്രേഡ് യൂണിയനുകളും ബാധ്യസ്ഥരാണെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രിക പറയുന്നു.

എന്നാല്‍ അവശ്യ സര്‍വീസുകള്‍ ഏതൊക്കെയെന്നു വെളിപ്പെടുത്താന്‍ വരദ്കര്‍ തയ്യാറായില്ല.അത് ഡെയ്ല്‍ തീരുമാനിക്കുമെന്നായിരുന്നു പ്രതികരണം.

അതേസമയം,സമരം നിരോധിക്കുമെന്ന വരദ്കറുടെ പ്രഖ്യാപനം വിവാദമായി. ഇതിനെതിരെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ രംഗത്തുവന്നു.

യാഥാസ്ഥിതിക മന്ത്രമെന്ന് നാഷണല്‍ ബസ് ആന്റ് റെയില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡെര്‍മോട് ഒ ലീയറി ആക്ഷേപിച്ചു.ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് ഇത്.ചില ബിസിനസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തൊഴിലാളികള്‍ക്കു നേരെയുള്ള പടപ്പുറപ്പാടെന്നും ഇദ്ദേഹം വിമര്‍ശിച്ചു.

വിക്‌ളോയിലെ മറ്റൊരു യോഗത്തിലാണ് ഹൗസ് ഓണര്‍മാര്‍ക്കെതിരെ വരദ്കര്‍ സൂചന നല്‍കിയത്.മറ്റേത് വ്യാപാരം നടത്തുന്നവരെ പോലെ തന്നെയാണ് വീട് വാടകയ്ക്ക് നല്‍കുന്നവരും.അനവധി വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന അവസ്ഥ രാജ്യത്തിന് നാണക്കേട് ഉണ്ടാക്കും വിധം വളര്‍ന്നിരിക്കുന്നു.ഇങ്ങനെയുള്ളവര്‍ കമ്പനി നിയമങ്ങള്‍ അനുസരിക്കേണ്ടി വരും.വരദ്കര്‍ മുന്നറിയിപ്പ് നല്‍കി.വീടുകള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ആള്‍ത്താമസമില്ലാതെ വീടുകള്‍ ഇട്ടിരിക്കുന്നവരെയും കൂടുതല്‍ ടാക്‌സ് ചുമത്തി കൈകാര്യം ചെയ്യുമെന്ന് വരദ്കര്‍ പറഞ്ഞു.

രാജ്യത്തെ ഇന്‍കം ടാക്‌സ് സമ്പ്രദായം ഇപ്പോള്‍ മത്സര ക്ഷമമല്ലെന്നും,നിരക്ക് കുറച്ച് പുനഃക്രമീകരിക്കേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top