Wednesday January 17, 2018
Latest Updates

ഇന്ത്യന്‍ മാതാപിതാക്കളില്‍ നിന്നും അയര്‍ലണ്ട് എന്ത് പഠിക്കണമെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ അച്ഛന്റെ ഐറിഷ് മകന്‍ എന്ത് ഉത്തരം പറയും ?

ഇന്ത്യന്‍ മാതാപിതാക്കളില്‍ നിന്നും അയര്‍ലണ്ട് എന്ത് പഠിക്കണമെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ അച്ഛന്റെ ഐറിഷ് മകന്‍ എന്ത് ഉത്തരം പറയും ?

ഡബ്ലിന്‍ :’രാഷ്ട്രീയം ഞങ്ങളെ സംബന്ധിച്ച് പുതിയതല്ല, എന്റെ രണ്ട് ജ്യേഷ്ഠന്മാര്‍ അറിയപ്പെടുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളായിരുന്നു.എന്റെ സഹോദരിമാര്‍ ഗോവന്‍ വിമോചന പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു.ഞങ്ങള്‍ ജനങ്ങള്‍ക്കു നടുവില്‍ നിന്നും വന്നവരാണ്’ പറയുന്നത്, മുതിര്‍ന്ന വരദ്കര്‍.

അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കുന്ന സാക്ഷാല്‍ ലിയോ വരദ്കറുടെ അച്ഛന്‍ അശോക് വരദ്കര്‍.

ഡണ്‍ഗര്‍വാനിലെ നഴ്സായ മിറിയത്തെ ലണ്ടനിലെ പഠനത്തിനിടയില്‍ പ്രണയിച്ച് അയര്‍ലണ്ടിലെത്തിയതാണ് അച്ഛന്‍.
ആ അച്ഛന്റെ മകന്‍ ഐറിഷ് രാഷ്ട്രീയത്തെ പ്രണയിച്ച് രാജ്യത്തിന്റെ തന്നെ നാഥനാവുകയാണ് ഇന്ന്.

മകന്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന വേളയില്‍ അച്ഛന്‍ അഭിമാനപുളകിതനാവുകയാണ്.
അച്ഛന്റെ ദത്തുരാജ്യത്തിന്റെ തലപ്പത്ത് മകന്‍ അധികാരത്തിലെത്തുന്ന അത്യപൂര്‍വ കാഴ്ചയാണ് അയര്‍ലണ്ട് രാഷ്ട്രീയത്തില്‍ കാണാനാവുന്നത്.

‘ അവന്റേത് അര്‍ഹതപ്പെട്ട സ്ഥാനലബ്ധിയാണ്. പത്ത് വയസ്സുള്ളപ്പോള്‍ത്തന്നെ രാഷ്ട്രീയവാര്‍ത്തകള്‍ ശ്രദ്ധിക്കുമായിരുന്നു വരദ്കര്‍.ഇലക്ഷന്‍ കാലമായാല്‍ ടിവിക്കു മുന്നില്‍നിന്നും മാറില്ലായിരുന്നു.ഇലക്ഷന്‍ വാര്‍ത്തകളോട് അത്രയ്ക്കിഷ്ടമായിരുന്നു’ അച്ഛന്‍ ഓര്‍മിച്ചെടുക്കുകയാണ് മകന്റെ ബാല്യം.

‘ആരാണ് ജയിച്ചത്, എത്ര വോട്ടാണ് കിട്ടിയത് എന്നെല്ലാം അവന് കാണാപ്പാഠമായിരുന്നു. അയര്‍ലണ്ടിലെ മാത്രമല്ല.ലോകത്തെ എല്ലാ രാജ്യങ്ങളുടേയും ഇലക്ഷന്‍ വിജയങ്ങള്‍ അവനറിയാമായിരുന്നു ‘ .അതായിരുന്നു ലിയോ വരദ്കര്‍. ആ വരദ്കറാണ് ഇപ്പോള്‍ അയര്‍ലണ്ടിന്റെ പരമാധികാരത്തിലേക്കെത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ടിരുന്ന ലിയോ വരദ്കര്‍ക്കിത് അഭിലാഷ സായൂജ്യ നിമിഷങ്ങളാണ്.2008ലെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കുതിപ്പു നടത്തിയ അയര്‍ലണ്ട് ഇപ്പോള്‍ പുതിയ പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.അടുത്ത അയല്‍ക്കാരന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അയര്‍ലണ്ടിന് നേരിടാനുള്ളത്.പ്രായോഗികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളുണ്ട്.രാജ്യത്തിന്റെ അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ അയര്‍ലണ്ട് യുകെയുടെ ഭാഗമായി നിലകൊള്ളുന്നു.ലണ്ടന്‍ ഭീകരാക്രമണത്തിലെ പ്രതികളിലൊരാള്‍ക്ക് ഡബ്ലിനുമായുള്ള ബന്ധവും പേടിപ്പെടുത്തുന്നതാണ്. അയാള്‍ വിവാഹം കഴിച്ച് ഇവിടെ താമസിക്കുകയും ചെയ്തിരുന്നു.ഇത്തരം ഭീകരതയ്ക്കെതിരെ രാജ്യത്തെ വിളിച്ചുണര്‍ത്തേണ്ടതായുണ്ട്.

കുടിയേറ്റത്തോടുള്ള അയര്‍ലണ്ടിന്റെ പൊതു സമീപനം മൂലം രാജ്യത്ത് ഒരു ബഹുസ്വര സമൂഹം വളര്‍ന്നിട്ടുണ്ട്.ഇത് നേട്ടവും അതേസമയം വെല്ലുവിളികളും ഉയര്‍ത്തുന്നതാണ്.അയര്‍ലണ്ടിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം മെഡിക്കല്‍ -ഐടി മേഖലയുമായി ബന്ധപ്പെട്ടതാണ്.അത് വളരെ കാലമായുള്ളതുമാണ്.യുകെയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു സമൂഹമാണ് അയര്‍ലണ്ടിന്റേത്.

പുറത്തുനിന്നുള്ളവര്‍ നോക്കുമ്പോള്‍ ഒരു ഇന്ത്യന്‍ വംശജനായ ഒരു സ്വവര്‍ഗാനുരാഗി അയര്‍ലണ്ടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതിയെന്ന തലക്കെട്ടുകളുടെ പിന്നില്‍ പ്രത്യേകിച്ച് ഒന്നുമുണ്ടാവില്ല.എന്നാല്‍ അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം പുതു തലമുറയുടെ അധികാരക്കൈമാറ്റമാണ് ഈ 38കാരനിലൂടെ സംഭവിച്ചത്.25 ശതമാനത്തോളം കുടിയേറ്റക്കാര്‍ അധിവസിക്കുന്ന തലസ്ഥാനനഗരത്തിന്റെ തനതുവ്യക്തിത്വം ഈ മനുഷ്യനിലൂടെ ഇനി പുറത്തറിയാനിരിക്കുന്നതേയുള്ളു.

ലിയോ വരദ്കറുടേത് ഊര്‍ജിത വ്യക്തിപ്രഭാവമാണ്-ദീര്‍ഘകാല രാഷ്ട്രീയ നിരീക്ഷകനായ ഐറീഷ് ഇന്‍ഡിപെന്‍ഡന്റിന്റെ ലൈസ് ഹാന്‍ഡ് പറയുന്നു.ആളുകള്‍ക്കറിയാം വരദ്കര്‍ വളരെ സ്മാര്‍ടാണണെന്ന്.അധികം താരങ്ങള്‍ അയര്‍ലണ്ടിനില്ല. ഇപ്പോള്‍ നമ്മളോട് വളരെ അടുത്തുള്ള ഒരാള്‍ ഇദ്ദേഹമാണ്. ആ താരപരിവേഷമാണ് എണ്‍ഡ കെന്നിയെ മറികടക്കുന്നതില്‍ ഫിനഗേലിന്റെ ടിഡിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ സഹായിച്ചത്.’ഇക്കാലത്തെ ഏറ്റവും ശരിയായ ആള്‍’ ഉപപ്രധാനമന്ത്രിയും നീതിന്യായ മന്ത്രിയുമായ ഫ്രാന്‍സസ് ഫിട് ജെറാള്‍ഡ് വരദ്കറ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു-

ശാന്തമായി സംസാരിക്കുന്ന,ശ്രദ്ധയോടെ കേള്‍ക്കുന്ന,എല്ലായ്പ്പോഴും വ്യക്തമായ ഉത്തരം പറയാത്ത ആളാണ് അടുത്തറിയുന്ന വരദ്കര്‍. ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ചു ചോദിച്ചാല്‍ ആളുകളെ അങ്ങനെയല്ല വിലയിരുത്തേണ്ടതെന്ന് വരദ്കര്‍ പറയും.ലിംഗമോ വംശമോ ഒന്നുമല്ല രാജ്യത്തിനെന്ത് നല്‍കി എന്ന അടിസ്ഥാനത്തില്‍ വേണം ആളുകളെ വിലയിരുത്താനെന്നാണ് ഈ യുവനേതാവിന്റെ അഭിപ്രായം.എന്റെ ഇന്ത്യന്‍ പാരമ്പര്യത്തില്‍ സന്തോഷവാനാണെന്നു സമ്മതിക്കാനും വരദ്കര്‍ മടികാട്ടുന്നില്ല.അയര്‍ലണ്ടിലെ ഏറെ ആളുകള്‍ക്കും അവ്യക്തമായി മാത്രമേ വരദ്കറുടെ ഇന്ത്യന്‍ വശം അറിയാന്‍ പാടുള്ളു.’എന്തും നേരേ പറയുന്ന ഒരാള്‍’ എന്നേ ഏവര്‍ക്കും അറിയൂ.

അയര്‍ലണ്ട് സ്വവര്‍ഗ വിവാഹം അംഗീകരിച്ചതിനു തൊട്ടു മുമ്പാണ് താനൊരു ഗേ ആണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചത്. അത് വല്ലാത്തൊരു അംഗീകാരവും വാല്‍സല്യവും നന്ദിയുമൊക്കെയാണ് ലിയോയ്ക്കു നല്‍കിയത്. അതൊരു വഴിത്തിരിവും ഒരു അടയാളവുമായിരുന്നു’

മുന്‍വിധിക്ക് അയര്‍ലണ്ടില്‍ ഒരു സ്ഥാനവുമില്ലെന്ന ലിയോ വരദ്കറുടെ പ്രഖ്യാപനം ഏറെ ജനപ്രിയമായി.5000മൈലുകള്‍ താണ്ടി ഒരു വീടുണ്ടാക്കാന്‍ അയര്‍ലണ്ടിലെത്തിയ എന്റെ അച്ഛന്‍ ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവുമോ അദ്ദേഹത്തിന്റെ മകന്‍ ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന്. അതുകൊണ്ടാണ് പറയുന്നത് മുന്‍വിധി വേണ്ടെന്ന്-വരദ്കര്‍ പിന്നീട് കൂടുതല്‍ വിശദമാക്കി.

പതിനേഴാമത്തെ വയസ്സിലാണ് വരദ്കര്‍ ഫെനഗലിലെത്തിയത്.2007ല്‍ അദ്ദഹം ഡെയില്‍(ലോവര്‍ഹൗസ്)അംഗമായി. 2010ല്‍ എണ്‍ഡകെന്നിക്കെതിരെ ഒരു നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ അതെല്ലാം മറികടക്കാനും എണ്‍ഡ കെന്നിയുടെ വിശ്വാസം നേടി 2011ലെ മന്ത്രിസഭയില്‍ അംഗമാകാനും കഴിഞ്ഞു.

തുടര്‍ച്ചയായ റേഡിയോ പ്രഭാഷണങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും സാധാരണക്കാരായ അണികളിലും ആളുകളിലും വേരുറപ്പിച്ചു.2014ല്‍ ആരോഗ്യമന്ത്രിയായി.

ആഗോള ഇന്‍ഷ്വറന്‍സിന്റെ തകര്‍ച്ചയോടെ സര്‍ക്കാരിന്റെ പ്രോഗ്രാം നിലച്ചപ്പോള്‍ ആറിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്കെല്ലാം സൗജന്യ വൈദ്യസഹായമെത്തിക്കാന്‍ വരദ്കര്‍ക്ക് കഴിഞ്ഞു.2016ല്‍ ആ വകുപ്പ് ഉപേക്ഷിക്കില്ലെന്നു പ്രചാരണമുണ്ടായെങ്കിലും വരദ്കര്‍ സാമൂഹിക സുരക്ഷാ വകുപ്പിന്റെ അമരക്കാരനായി.കൂടുതല്‍ സമയം നേതൃ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കണ്ടെത്താനായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി.ഗര്‍ഭഛിദ്രം സംബന്ധിച്ച റഫറണ്ടം നടത്താനും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപമൊരുക്കാനും സാര്‍വദേശീയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുമൊക്കെയുള്ള തയ്യാറെടുപ്പിലാണ് ലിയോ വരദ്കര്‍.

എന്താണ് ഇന്ത്യന്‍ മാതാപിതാക്കളില്‍ നിന്നും അയര്‍ലണ്ട് പഠിക്കേണ്ടതെന്ന ചോദ്യത്തിന് ‘വിദ്യാഭ്യാസത്തിന് അവര്‍ കൊടുക്കുന്ന മൂല്യവും മക്കളെ മുന്നിലെത്തിക്കാന്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വവും’ എന്നായിരുന്നു മറുപടി.വരദ്കര്‍ അച്ഛന്റെ പൊന്നുമോനാകുന്നത് അങ്ങനെയാണ്.അച്ഛന്റെ ഇച്ഛയില്‍ നിന്നാണ് വരദ്കര്‍ വളര്‍ന്നത്.പഠിച്ച പ്രൊഫഷനെ മറികടന്നും, ഇഷ്ടമുള്ള പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ അച്ഛന്‍ നല്‍കിയ അനുമതിയാണ് അയര്‍ലണ്ടിന് ഇന്ത്യന്‍ വംശജനായ ഒരു പ്രധാനമന്ത്രിയെ ആദ്യമായി സമ്മാനിക്കുന്നതിന് കാരണമായതെന്നതിനും സംശയമൊന്നും വേണ്ട.വരദ്കറുടെ വിജയം അത് കൊണ്ട് തന്നെ അശോക് വരദ്കര്‍ എന്ന കുടിയേറ്റക്കാരന്റെ കൂടി വിജയമാണ്.
ഐറിഷ് മലയാളി ന്യൂസ്

 

Scroll To Top