Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ ഭരണം പിടിയ്ക്കാന്‍ ഇടതുപക്ഷ സഖ്യം തയ്യാറെടുക്കുന്നു,റൈറ്റ് ടു വാട്ടര്‍ പ്രസ്ഥാനവും സിന്‍ഫിനും കൈകോര്‍ക്കുന്നു

അയര്‍ലണ്ടില്‍ ഭരണം പിടിയ്ക്കാന്‍ ഇടതുപക്ഷ സഖ്യം തയ്യാറെടുക്കുന്നു,റൈറ്റ് ടു വാട്ടര്‍ പ്രസ്ഥാനവും സിന്‍ഫിനും കൈകോര്‍ക്കുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ശക്തമായ ഇടതുപക്ഷ സഖ്യം അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പായി രൂപമെടുത്ത് പ്രവര്‍ത്തിക്കുമെന്ന് സൂചനകള്‍. റൈറ്റ് ടു വാട്ടര്‍ എന്ന സമര പ്രസ്ഥാനം ഇടത്പക്ഷത്തെ വിവിധങ്ങളായ രാഷ്ട്രീയ രാഷ്ട്രീയധാരകളിലുള്ളവരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.അയര്‍ലണ്ടിലെ എല്ലാ പ്രദേശത്തും അടിവേരുകളുള്ള റൈറ്റ് ടു വാട്ടര്‍ ജലനിരക്കിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുന്നവരാണ്.ഇവരുടെ സമര മുന്നേറ്റത്തില്‍ സര്‍ക്കാരിന് ആദ്യതീരുമാനം തിരുത്തി ജലനിരക്ക് പലകുറി കുറയ്‌ക്കേണ്ടി വന്നു.

അയര്‍ലണ്ടിലെ ഇടതുപക്ഷ സ്വഭാവമുള്ള ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനമായ സിന്‍ഫിന്‍ പാര്‍ട്ടി പുതിയ സഖ്യ നീക്കത്തിന് പിന്തുണയുമായി രംഗത്ത് വന്നു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. സിന്‍ഫിന്‍ പാര്‍ട്ടിയും റൈറ്റ് ടു വാട്ടര്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന ഇടതു പക്ഷ വിശാല ഐക്യവേദിയും ചേര്‍ന്നാല്‍ അയര്‍ലണ്ടില്‍ ഭരണം പിടിയ്ക്കും എന്നതില്‍ നിലവിലുള്ള അവസ്ഥയില്‍ സംശയമില്ല.കഴിഞ്ഞ ലോക്കല്‍ ഇലക്ഷനില്‍ രാജ്യത്തെ ഏറ്റവും വലിയകക്ഷിയാവാന്‍ ഒറ്റയ്ക്ക് മത്സരിച്ച സിന്‍ഫിന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിരുന്നു. 

റൈറ്റ് ടു വാട്ടര്‍ സംഘടന ഡബ്ലിനില്‍ നടത്തിയ സമ്മേളനത്തിലാണ് രാഷ്ട്രീയകക്ഷി രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായത്.ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, വിവിധ ബഹുജന സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തായിരുന്നു സമ്മേളനം.

ഇടതുപക്ഷ രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി വരുന്ന മാസങ്ങളില്‍ തന്നെ ആശയങ്ങളും, പ്രവര്‍ത്തക തത്വങ്ങളും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ചടങ്ങിനു നേതൃത്വം നല്‍കിയ ബ്രെണ്ടന്‍ ഓഗിള്‍ പറഞ്ഞു. സഖ്യം യാഥാര്‍ഥ്യമായാല്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ.

ആശയ രൂപീകരണത്തിനായുള്ള കൂടിയാലോചനകള്‍ ഡബ്ലിന്‍ സിറ്റി സെന്ററിലുള്ള കമ്മ്യൂണിറ്റി വര്‍ക്കര്‍ യൂണിയന്‍ ക്ലബ്ബില്‍ തുടങ്ങി. ഇത് ജൂണ്‍ 13 വരെ നീളും. വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വേകള്‍ നടത്താനും സംഘടന ആലോചിക്കുന്നു. വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ താന്‍ തന്നെ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയും ഓഗിള്‍ തള്ളികളയുന്നില്ല.

നീക്കത്തെ സിന്‍ ഫീന്‍ പിന്തുണക്കുന്നതായി ചടങ്ങില്‍ സംസാരിക്കവെ സിന്‍ ഫീന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു. വാട്ടര്‍ ചാര്‍ജ് വിഷയത്തില്‍ സര്‍ക്കാറിനെതിരെ വലിയ ജനരോഷം നിലനില്‍ക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

കാതറിന്‍ മര്‍ഫി, പോള്‍ മര്‍ഫി, റൂത് കോപ്പിന്‍ഹര്‍, ക്ലയര്‍ ഡാലി തുടങ്ങി ഇടതുപക്ഷത്തെ പല പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
റെജി സി ജേക്കബ് 

Scroll To Top