Saturday August 19, 2017
Latest Updates

ഡബ്ലിനിലെ ഐറിന്‍ കൊയ്തത് നൂറുമേനി,നാസിലെ ആദിത്യകൃഷ്ണയ്ക്ക് സ്വപ്നസാക്ഷാത്കാരം,ലീവിംഗ് സെര്‍ട്ടില്‍ മലയാളി തിളക്കം

ഡബ്ലിനിലെ ഐറിന്‍ കൊയ്തത് നൂറുമേനി,നാസിലെ ആദിത്യകൃഷ്ണയ്ക്ക് സ്വപ്നസാക്ഷാത്കാരം,ലീവിംഗ് സെര്‍ട്ടില്‍ മലയാളി തിളക്കം

ഡബ്ലിന്‍:ലീവിംഗ് സെര്‍റ്റ് പരീക്ഷയില്‍ മലയാളി സമൂഹത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ചവരില്‍ ഒരു ഡസനോളം മലയാളി വിദ്യാര്‍ഥികളും.ഫല സൂചനകള്‍ അനുസരിച്ച് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലീവിംഗ് സെര്‍റ്റ് പരീക്ഷ എഴുതിയ മുപ്പതോളം മലയാളി വിദ്യാര്‍ഥികള്‍ അഞ്ഞൂറില്‍ അധികം പോയിന്റ് സ്‌കോര്‍ ചെയ്ത് അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

ഡബ്ലിനിലെ ക്ലൂണിയില്‍ നിന്നുള്ള ഐറിന്‍ സെബാസ്റ്റ്യന്‍ അറുനൂറില്‍ അറുനൂറൂ മാര്‍ക്കും നേടി മലയാളികളില്‍ ഒന്നാം സ്ഥാനത്തെത്തി.

കൗണ്ടി കില്‍ഡയറിലെ നാസില്‍ നിന്നുള്ള ആദിത്യ കൃഷണനാണ് 595 പോയിന്റ് നേടി മലയാളികളില്‍ രണ്ടാം സ്ഥാനത്തെത്തിയത്.മുള്ളിന്ഗറില്‍ നിന്നുള്ള ജെഫിന്‍ ഷാജി ജോസഫ് 580 പോയിന്റോടെ പ്രശസ്തവിജയം നേടി. 

ഡബ്ലിന്‍ ലൂക്കനിലെ ആല്‍ബിന്‍ ബെന്നി 575 മാര്‍ക്കോടെ നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഗാള്‍വേയിലെ അനീഷ മംഗളം(565) തൊട്ടുപിന്നാലെയെത്തി.ബ്രേയില്‍ നിന്നുള്ള ജസ്വിന്‍ ജോ ജിമ്മി (560)ബ്ലാഞ്ചസ് ടൌണിലെ ജിസ്‌നാ ജോസ്(560) ഫിംഗ്ലസില്‍ നിന്നുള്ള സാന്ദ്രാ ജോഷി(555 മാര്‍ക്ക് )ക്ലോണ്‍മലില്‍ നിന്നുള്ള റോമാള്‍ഡ് ലാസറസ്(555 മാര്‍ക്ക്) എന്നിവരും പ്രശസ്ത വിജയം നേടിയവരില്‍ ഉള്‍പ്പെടുന്നു.
ഐറിന്‍ സെബാസ്റ്റ്യന് നൂറുമേനി വിജയം,തൊട്ടതെല്ലാം പൊന്നാക്കിയ വീരഗാഥ !
ഡബ്ലിന്‍: പ്രതീക്ഷിച്ചിരുന്നവര്‍ക്കാര്‍ക്കും തെറ്റിയില്ല.ലീവിംഗ് സെര്‍ട്ട് റിസള്‍ട്ട് വരുമ്പോള്‍ ഉന്നതവിജയം ഒരിക്കല്‍ കൂടി ക്ലൂണിയിലെ ഐറിന്‍ സെബാസ്റ്റ്യന്റെ വീട്ടിലേയ്ക്ക് വിരുന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് ഐറിനെ അറിയുന്നവരില്‍ ഏറെയും.ജൂനിയര്‍ സെര്‍റ്റ് പരീക്ഷയില്‍ അടക്കം തൊട്ടതെല്ലാം പൊന്നാക്കിയ ഐറിന്റെ വൈഭവം എത്രയോ തവണ കണ്ടറിഞ്ഞവരാണവര്‍ .
 ബ്ലാഞ്ചസ് ടൌണിലെ ബോംബെ ബസാറിലെ  ജീവനക്കാരനായ ചങ്ങനാശ്ശേരി കുറുപ്പന്‍മ്പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും ജയിംസ് കൊളോണി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലീസമ്മ സെബാസ്റ്റ്യന്റെയും രണ്ടാമത്തെ മകളാണ് ലീവിംഗ് സേര്‍ട്ട് പരീക്ഷയില്‍ മലയാളികളില്‍ ഒന്നാമതെത്തിയ ഐറിന്‍ സെബാസ്റ്റ്യന്‍.പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളിലും ഒരേ പോലെ തിളങ്ങുന്ന ഐറിന്‍ നൃത്തത്തിലും,ക്വിസ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തക കൂടിയാണ് ഐറിന്‍.

‘അന്നന്നത്തെ പാഠങ്ങള്‍ അന്നന്ന് തന്നെ പഠിച്ചു.അതാണ് വിജയത്തിന് പ്രധാന കാരണം’.ഐറിന്‍ പറഞ്ഞു.യൂ സി ഡിയില്‍ പഠിക്കുന്ന ചേച്ചി,ഷാരോണ്‍ സെബാസ്റ്റ്യന്റെ പിന്തുണയും സഹായവും ഒത്തിരി സഹായിച്ചു’.കാബ്ര സെന്റ് ഡോമിനിക്‌സ് കോളജിലാണ് ഐറിന്‍ പഠിച്ചത്.പഠനത്തോടൊപ്പം തന്നെ പാര്‍ട്ട്‌ടൈം ജോലി കിട്ടിയിട്ടും അതിനു പോലും പോകാതെ അനുജത്തിയ്‌ക്കൊപ്പമിരുന്ന് പഠിപ്പിച്ച ചേച്ചിയും മാത്തമാറ്റിക്‌സിന് പ്രത്യേകം പരിശീലനം നല്കിയ മിലന്‍ സാറും,തന്ന സഹായം നല്ല വിജയത്തിന് സഹായിച്ചു.പിന്നെ എല്ലാവരുടെയും പ്രാര്‍ഥനയും.ഐറിന്‍ പറഞ്ഞു.

റിസള്‍ട്ട് വന്നപ്പോള്‍ കങ്ങഴയിലെ കുടുംബവീട്ടിലായിരുന്നു ഇന്നലെ ഐറിന്‍.വല്യമ്മച്ചിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ്.ഇന്നലെ രാവിലെ റിസള്‍ട്ട് വന്നെങ്കിലും വൈകിട്ട് അമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് വിജയം ഇത്ര വലുതാണെന്ന് ഐറിന്‍ അറിഞ്ഞത്.ഡബ്ലിനില്‍ ചെന്നിട്ട് ഒന്ന് കൂടി പോയി റിസള്‍ട്ട് നോക്കണം,വിശ്വസിക്കാനാവുന്നില്ല .ഐറിന്‍ ‘ഐറിഷ് മലയാളിയോട് പറഞ്ഞു.’ നല്ല മാര്‍ക്ക് കാണും എന്നറിയാമായിരുന്നു.എങ്കിലും ഇത്ര വലിയ ഒരു വിജയം പ്രതീക്ഷിച്ചില്ല..’ഐറിന്‍ പറയുന്നു.റിസള്‍ട്ട് നോക്കാനുള്ള പിന്‍നമ്പര്‍ നാട്ടിലേയ്ക്ക് പോകാനുള്ള ധൃതിയില്‍ ഐറിന്‍ എടുത്തിരുന്നില്ല.കഴിഞ്ഞ ദിവസം ഡബ്ലിനില്‍ തിരിച്ചെത്തിയ അമ്മ ലിസമ്മയ്ക്കും ആദ്യം പിന്‍നമ്പര്‍ കണ്ടെത്താനായില്ല.പിന്‍നമ്പര്‍ അന്വേഷിച്ച് സ്‌കൂളില്‍ എത്തിയെങ്കിലും അപ്പോഴേയ്ക്കും സ്‌കൂള്‍ അടച്ചു പോവുകയും ചെയ്തു.

കങ്ങഴയിലും ,ക്ലൂണിയിലും ഒരേ പോലെ ആശങ്കയുടെ നിമിഷങ്ങള്‍.അവസാനം പിന്‍നമ്പര്‍ കണ്ടെത്തിയതോടെ ഇരട്ടി മധുരമായി വിജയവും വന്നെത്തി.ക്ലൂണിയിലെ വീട്ടിലേയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു പിന്നെ.

‘ഇത്രയും മാര്‍ക്ക് കിട്ടും എന്നറിഞ്ഞിരുന്നെങ്കില്‍ മെഡിക്കല്‍ പ്രവേശനത്തിന് ഒരുങ്ങിയേനെ.’ഐറിന്‍ പറയുന്നു.ഇക്കൊല്ലം ഡെന്റ്റസ്റ്റ്രിയ്ക്ക് ചേരാനുള്ള തയാറെടുപ്പുകളെ ഐറിന്‍ ചെയ്തിരുന്നുള്ളൂ.അടുത്ത കൊല്ലം എന്ട്രന്‍സ് എഴുതി മെഡിസിന് ചേരണം.ഐറിന്‍ നിശ്ചയ ദാര്‍ഡ്യം മറച്ചു വെച്ചില്ല.

ലണ്ടനില്‍ പഠിക്കാന്‍ പോകാന്‍ പൊരുതി നേടിയ ജയം,ആദിത്യ കൃഷ്ണ ഇനി കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കും!തീര്‍ച്ച …
‘ലണ്ടനിലെ കിംഗ്‌സ് കോളജില്‍ ചേര്‍ന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുക്കണം.പിന്നെ കമ്പ്യൂട്ടര്‍ മേഖലയില്‍ ഏറ്റവും നല്ല ഒരു ജോലി കണ്ടെത്തണം.’ഇന്നലെ ലീവിംഗ് സെര്‍ട്ട് ഫലം അറിഞ്ഞ ലഹരിയില്‍ കില്‍ഡയറിലെ ഹിന്ദുസ്ഥാനി സംഗീതസദസിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആദിത്യ കൃഷ്ണ ‘ഐറിഷ് മലയാളിയോട്’മനസ് തുറന്നു.ലീവിംഗ് സെര്‍ട്ടില്‍ ആദിത്യ നേടിയത് 95 % മാര്‍ക്കാണ്.595 മാര്‍ക്ക്. 

നാസിലെ ഒരു പതിനേഴു വയസുകാരന്റെ സ്വപ്നങ്ങളില്‍ മാര്‍ക്ക് നേടണമെന്ന് മോഹങ്ങളൊന്നും ഒരു കാലത്ത് ഉണ്ടായിരുന്നില്ല.പക്ഷേ കിംഗ്‌സ് കോളജും കംബ്യൂട്ടര്‍ പഠനവും തലയില്‍ വന്ന് മോഹമായി കൂടുറപ്പിച്ചപ്പോള്‍ ആദിത്യകൃഷ്ണയ്ക്ക് വാശി കയറി!.ചുരുങ്ങിയത് 95 % മാര്‍ക്കെങ്കിലും കിട്ടിയാലേ കിംഗ്‌സ് കോളജില്‍ അഡ്മിഷന്‍ കിട്ടാന്‍ വഴിയുള്ളൂ എന്ന തിരിച്ചറിവായിരുന്നു ആ വാശിയ്ക്ക് പിന്നില്‍.

അച്ഛനും അമ്മയും പറഞ്ഞത് മെഡിസന് പോകണം എന്നായിരുന്നു.അങ്ങോട്ടേയ്ക്കില്ലെന്നു ഞാനും വാശി പിടിച്ചു.എന്റെ തലമുറയ്ക്ക് ഇനി വേണ്ടത് പുതിയ സാങ്കേതിക വിദ്യകളാണ്.അടുത്ത പത്തിരുപതു വര്‍ഷങ്ങളിലെങ്കിലും കമ്പ്യൂട്ടര്‍ മേഖലയില്‍ അതിന് വാനോളം സാധ്യതകളുണ്ട്.പിന്നെ ഞാനെന്തിന് മെഡിസന് പോകണം?ആദിത്യ ചോദിക്കുന്നു.

ഇത്തരം ചോദ്യങ്ങളാണ് ആദിത്യയെ വ്യത്യസ്ഥനാക്കുന്നത്.’ഞാന്‍ സ്വപ്നം കാണുന്നുണ്ട്.കമ്പ്യൂട്ടര്‍ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന് പറക്കണം എന്നാണ് എന്റെ ആശ.’ആദിത്യ പറയുന്നു.

തൃശൂര്‍ തിരുവാമ്പാടി’ശ്രീലക്ഷ്മി’യിലെ എസ് ബി ഐ ഉദ്യോഗസ്ഥനായ മുരളികൃഷ്ണയുടെയും,നാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ആശയുടെയും മകനാണ് ആദിത്യ.പഠിക്കണം എന്ന വാശിയില്‍ ഒന്നുമല്ല ഇതേ വരെ പഠിച്ചതെങ്കിലും വളരെ ഉന്നതമായ ഒരു ‘ചരിത്രസംഭവ’മാണ് ആദിത്യനെന്ന് ഒറ്റനോട്ടത്തില്‍ ആരും പറയും.ജൂനിയര്‍ സെര്‍ട്ടില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്,ഗ്രേഡ് വാങ്ങിയായിരുന്നു വിജയം.ശ്രദ്ധേയമായ ബി ടി യംഗ് സയന്റിസ്റ്റ് ബയോളജി സെക്ഷന്റെ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ആദിത്യയായിരുന്നു.കഴിഞ്ഞ വര്‍ഷം നടന്ന കണ്‍സേണ്‍ വേള്‍ഡ് വൈഡിന്റെ നാഷണല്‍ ഡിബേറ്റ് മത്സരത്തിലെ വിജയം,കാര്‍ലോ ഐ ടി സംഘടിപ്പിച്ച സയന്‍സ് ഫെസ്റ്റിലെ പ്രോജക്ട്ടിനുള്ള ഒന്നാം സ്ഥാനം,ഓള്‍ അയര്‍ലണ്ട് ഇന്റര്‍ സ്‌കൂള്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് കോമ്പറ്റീഷനിലെ ഒന്നാം സ്ഥാനം,നാഷണല്‍ യൂത്ത് ഓര്‍ക്കസ്ട്രായിലെ ഏക ഇന്ത്യാക്കാരന്‍,കില്‍ഡയര്‍ യൂത്ത് സര്‍വീസിന്റെ ക്രിസ്ത്മസ് കാര്‍ഡ് ഡിസൈന്‍ മത്സരത്തിലെ ഒന്നാം സ്ഥാനം തുടങ്ങി ഒട്ടേറെ വിജയ കിരീടങ്ങള്‍ക്ക് ഉടമയാണ് ആദിത്യയിപ്പോള്‍.

ക്രിക്കറ്റും വയലിനും ഈ പൂരത്തിന്റെ നാട്ടുകാരന് ഒരു പോലെ വഴങ്ങും.നൃത്തവേദികളില്‍ മാത്രമല്ല സദ്ഗമയ സദ്‌സംഘത്തിന്റെ പ്രാര്‍ഥനാ വേദികളിലും സജീവ സാന്നിധ്യമാണ് ആദിത്യ.ഇനി ലക്ഷ്യം ലണ്ടനാണ്.പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞയുടന്‍ കിംഗ്‌സ് കോളജിലേയ്ക്ക് വിളിച്ചു സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു ഈ മിടുക്കന്‍.

അഭിഷേകാഗ്‌നി തുണച്ചു!,മുള്ളിംഗറിലെ ജെഫിന്‍ ഷാജിയ്ക്ക് പറയാനുള്ളത് ദൈവകൃപയുടെ വിജയ സാക്ഷ്യം 
മുള്ളിംഗര്‍ :പ്രാര്‍ഥിച്ചാല്‍ കൈവിടുന്നവനല്ല ദൈവം,എന്ന് ഒരിക്കല്‍ കൂടി അനുഭവിച്ചറിയാന്‍ കഴിഞ്ഞതിലാണ് മുള്ളിംഗറിലെ ജെഫിന്‍ ഷാജി ജോസഫിന് മാര്‍ക്ക് കൂടുതല്‍ ലഭിച്ചതിനേക്കാള്‍ സന്തോഷം.മുള്ളിംഗര്‍ സി ബി എസ് സ്‌കൂളിലെ മികച്ച വിദ്യാര്‍ഥികളില്‍ ഒരാളായി തിളങ്ങുമ്പോഴും പഠനത്തില്‍ മാത്രമല്ല സ്‌കൂളിലെ എല്ലാ എക്‌സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നയാളും കൂടിയായിയിരുന്നു ജെഫിന്‍.

കാഞ്ഞിരപ്പള്ളി സ്വദേശികളായ ഷാജി ജോസഫിന്റെയും,മുള്ളിംഗര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ മിനിയുടെയും മകനായ ജെഫിന്‍ സ്‌കൂളിലെ മികച്ച കെമിസ്റ്റിനുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.ഒരു പക്ഷേ മെഡിസിന് പ്രവേശനം ലഭിക്കുമെങ്കിലും ഡബ്ലിനിലെ റോയല്‍ കോളജില്‍ ഫാര്‍മസി കോഴ്‌സിന് ചേരാനുള്ള തയാറെടുപ്പുകള്‍ ജെഫിന്‍ നടത്തുന്നതിന് കാരണവും കെമിസ്ട്രിയോടുള്ള ഈ താത്പര്യം കൊണ്ട് തന്നെ.

ഓരോ ആഴ്ച്ചയും ഞായറാഴ്ചകളില്‍ ടി വിയില്‍ കൂടി ലൈവ് സംപ്രേക്ഷണം ചെയ്യുന്ന ‘അഭിഷേകാഗ്‌നി’ പ്രോഗ്രാം തന്നെ ഏറെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തതായി ജെഫിന്‍ പറയുമ്പോള്‍ അതിന്റെ പിന്നിലെ ചേതോവികാരം ദൈവത്തോടുള്ള നിറഞ്ഞ നന്ദി തന്നെ.
580 പോയിന്റാണ് ജെഫിന്‍ കരസ്ഥമാക്കിയിരിക്കുന്നത്.ഇന്ത്യാക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമുള്ള സ്‌കൂളില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്താന്‍ കഴിഞ്ഞതിലും ജെഫിന് ഏറെ സന്തോഷം 
റെജി സി ജേക്കബ് 
(അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലിവിംഗ് സെര്‍ട്ട് പരീക്ഷാ ഫലം സംബന്ധിച്ച വാര്‍ത്ത തയാറാക്കിയിരിക്കുന്നത്.മാന്യ വായനക്കാരുടെ അറിവില്‍ 550 മാര്‍ക്കില്‍ കൂടുതല്‍ ലഭിച്ചിരിക്കുന്ന വിദ്യാര്‍ഥികള്‍ ആരെയെങ്കിലും ഈ റിപ്പോര്‍ട്ടില്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ 089 4895416 എന്ന ഫോണ്‍ നമ്പറിലോ infoirishmalayali@gmail.com എന്ന ഇ മെയിലിലോ ‘ഐറിഷ് മലയാളി’യെ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.(എഡിറ്റര്‍)


 

 

Scroll To Top