Saturday October 20, 2018
Latest Updates

വരദ്കര്‍ അധികാരമേല്‍ക്കുന്നത് ഇങ്ങനെ….കാലം സാക്ഷി ചരിത്രം സാക്ഷി

വരദ്കര്‍ അധികാരമേല്‍ക്കുന്നത് ഇങ്ങനെ….കാലം സാക്ഷി ചരിത്രം സാക്ഷി

ഡബ്ലിന്‍ :കാലത്തേയും ചരിത്രത്തേയും സാക്ഷിയാക്കി ഐറീഷ് ജനത അതിന്റെ പരമാധികാരം ലിയോ എറിക് വരദ്കറെന്ന യുവാവിനെ പരമേല്‍പ്പിക്കുകയാണ്.മാറ്റങ്ങളെല്ലാം സംഭവിക്കുന്നത് വളരെ പെട്ടെന്നാണ്.അതുപോലെ ഇവിടേയും. അയര്‍ലണ്ടിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രഗതിയെ അടയാളപ്പെടുത്തുന്ന ആ അധികാര കൈമാറ്റം പൂര്‍ണമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഉച്ചകഴിയുന്നതോടെ ആ ചരിത്രസാക്ഷ്യത്തിനായി രാഷ്ട്രപതി ഭവന്റെ വേദി ഉണരും.രാഷ്ട്രപതി ഭവനില്‍ പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനൊപ്പം വാറണ്ട് ഓഫ് അപ്പോയിന്റ്മെന്റില്‍ ഒപ്പ് രേഖപ്പെടുത്തുന്നതോടെ പ്രധാനമന്ത്രിയെന്ന പദവിയില്‍ ലിയോ വരദ്കര്‍ അവരോധിതനാകും.

ചരിത്രപദവിയിലേക്ക് ലിയോ വരദ്കറെ പ്രസിഡണ്ട് നിയോഗിക്കുകയാണ് ചെയ്യുക.ഡെയ്ല്‍ വോട്ടുചെയ്തു വിജയിപ്പിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ നിയോഗിക്കുന്നത് പ്രസിഡണ്ടാണ്.അധികാരച്ചിഹ്നങ്ങളും ചെങ്കോലുമെല്ലാം ഇനി വരദ്കറുടെ കൈകളിലേക്ക് ;അയര്‍ലണ്ടിന്റെ പുതുതലമുറയിലേക്ക്..എണ്‍ഡ കെന്നി ഇന്നലെ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞിരുന്നു.

വരദ്കറുടെ യുവത്വവും പശ്ചാത്തലവും പിന്നാമ്പുറവുമെല്ലാം ഇന്ന് ലോകവാര്‍ത്താ മാധ്യമങ്ങളില്‍ നിറയും.കാരണം ആധുനികഅയര്‍ലണ്ടിന്റെ ചരിത്ര മുഹൂര്‍ത്തമാണ് ഇത്.പ്രായത്തില്‍ കവിഞ്ഞ ബുദ്ധിശക്തിയുള്ള,കഴിവുള്ള ,ഉല്‍ക്കര്‍ഷേച്ഛുവായ 38കാരന്റെ ജീവിതം മാറുകയാണ് കൂടുതല്‍ ഔന്നത്യത്തിലേക്ക്.

ഐറീഷ് ജനതയ്ക്ക് അവരുടെ രാഷ്ട്രീയനേതാക്കളുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്.അതുകൊണ്ടുതന്നെ ഒരുപരിധി വരെ അനൗപചാരികതയും അവര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ അതേ സമയം പ്രധാനമന്ത്രിയെന്നത് പ്രത്യേകതയുമുള്ളയാളാണ് .സര്‍ക്കാരിന്റെ പേരില്‍ സംഭവിക്കുന്ന എല്ലാത്തിനും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ടാകും.നിര്‍വഹിക്കുന്ന എല്ലാ കാര്യങ്ങളിലും നിയന്ത്രണവുമുണ്ടാകും.മന്ത്രിയായാല്‍ എന്തെങ്കിലുമൊക്കെ ഒളിപ്പിക്കാം.പക്ഷേ പ്രധാനമന്ത്രിയായാല്‍ ഒന്നിനുമാകില്ല.ആരും യാദൃശ്ചികമായോ അപകടത്തില്‍പ്പെട്ടോ പ്രധാനമന്ത്രിയാകാറില്ല. വര്‍ഷങ്ങള്‍ നീണ്ട, ഒരുപക്ഷേ പതിറ്റാണ്ടു നീണ്ട തിട്ടപ്പെടുത്തലിലൂടെയാണ് അവര്‍ ആ പദവിയിലെത്തുന്നത്.അവര്‍ക്കതിനാവുമെന്ന് അവിടെയത്തുന്നതുവരെ നമ്മളറിയണമെന്നില്ല.

ഇന്നലെ എണ്‍ഡ കെന്നിയുടെ വിടവാങ്ങലിന്റേതായിരുന്നെങ്കില്‍ ഇന്ന് ലിയോ വരദ്കറുടെ ദിവസമാണ്.

രാവിലെ 11മണിയോടെ ഡെയ്ലില്‍ ചടങ്ങുകള്‍ ആരംഭിക്കും.സഹപ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തെ പ്രധാനമമന്ത്രിയായി നാമനിര്‍ദേശം ചെയ്യും മറ്റൊരാള്‍ പിന്താങ്ങും.നാമനിര്‍ദേശ പ്രമേയ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മണിക്കൂര്‍ സമയം എടുക്കും.തുടര്‍ന്ന് 22 മിനിട്ട് നീളുന്ന വോട്ടെടുപ്പാണ്. തുടര്‍ന്ന് നാല് മണിക്കൂര്‍ നേരത്തക്ക് ഡെയ്ല്‍ യോഗം പിരിയും.

വരദ്കര്‍ ഗാര്‍ഡാ അകമ്പടിയോടെ ലെയ്ന്‍സ്റ്റര്‍ ഹൗസ് വിട്ട് ഫിനിക്സ് പാര്‍ക്കിലെത്തും.അവിടെ അദ്ദേഹത്തെ കാത്ത് പ്രസിഡണ്ടും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥവൃന്ദവും.രണ്ട് പേര്‍ ആചാരപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്ന ആ നിമിഷം മുതല്‍ വരദ്കര്‍ രാജ്യത്തിന്റെ നേതാവായി.

അതിനുശേഷം പ്രസിഡണ്ടും പ്രധാനമന്ത്രിയുമായി ചെറിയ ചര്‍ച്ച ,ചായ .സര്‍ക്കാരിന്റെ കാര്യങ്ങള്‍ പ്രധാനമന്ത്രി കൃത്യമായ ഇടവേളകളില്‍ ചര്‍ച്ചചെയ്യണമെന്നാണ് പ്രസിഡണ്ട് ആഗ്രഹിക്കുക.എന്നാല്‍ വരദ്കര്‍ അതിനെത്തുമോയെന്ന് കണ്ടറിയണം!

തുടര്‍ന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ സിറ്റി സെന്ററില്‍ നിന്നും മെറിയോണ്‍ സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ആസ്ഥാനത്തേക്കെത്തുന്നു.ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ ഫോണില്‍ ബന്ധപ്പെട്ട് ഓഫിസിലെത്താന്‍ നിര്‍ദേശിക്കുന്നു.പുതിയ പ്രധാനമന്ത്രിക്ക് പറയാനുള്ളതിന് കാതോര്‍ത്ത് സഹപ്രവര്‍ത്തകര്‍.

ഇതിനിടെ മറ്റു ചില ഫോണ്‍ വിളികളുമുണ്ടായേക്കാം.നിരാശതയിലായ അസംഖ്യം പേരുണ്ടാകാം.അവരെ അനുനയിപ്പിക്കാനുള്ള ഇടപെടല്‍.എല്ലാ പ്രധാനമന്ത്രിമാരും വെറുക്കുന്ന ഒരു നിമിഷമാണ് നിരാശരോടുള്ള ഈ കര്‍ത്തവ്യ നിര്‍വഹണം.

വരദ്കര്‍ തന്റെ സഹപ്രവര്‍ത്തകരെ ഡെയ്ല്‍ ചേംബറിലേക്ക് നയിക്കും.മുഷിപ്പുളവാക്കുന്ന മൂന്നു മണിക്കൂര്‍ നീളുന്ന നാമനിര്‍ദേശ പ്രമേയ ചര്‍ച്ച.തുടര്‍ന്ന് ഡെയ്ലിന്റെ പിന്തുണ ഉറപ്പിക്കാന്‍ വീണ്ടും വോട്ടെടുപ്പ്.പുതിയ മന്ത്രിമാര്‍ രാഷ്ട്രപതി ഭവനിലെത്തി അവരുടെ ലാവണത്തിന്റെ താക്കോലുകള്‍ സ്വീകരിക്കും.

തുടര്‍ന്ന് പ്രധാനമന്ത്രി ലിയോ വരദ്കറുടെ അധ്യക്ഷതയില്‍ പുതിയ സര്‍ക്കാരിന്റെ പ്രഥമ മന്ത്രി സഭായോഗം.
ജോലികള്‍ തീര്‍ത്ത് വരദ്കര്‍ തന്റെ കാസില്‍നോക്കിലെ അപ്പാര്‍ട്മെന്റിലേക്ക് .സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആയുധധാരികളായ ഗാര്‍ഡകളുടെയും ഡിക്ടക്ടീവുകളുടെയും ശക്തമായ സുരക്ഷ 24 മണിക്കൂറും അദ്ദേഹത്തോടൊപ്പമുണ്ടാകും.വീടിനു പുറത്തു യൂണിഫോംധാരികളായ ഗാര്‍ഡയുടെ സംരക്ഷണവും ഉണ്ടാകും.അങ്ങനെ വലിയൊരു മാറ്റത്തിലേക്ക്…അടുത്ത പിന്‍ഗാമി എത്തുന്നതുവരെ ലിയോവരദ്കറുടെ ജീവിതം ഇങ്ങനെയാവും.

തലശ്ശേരിയില്‍നിന്ന് പോയി കേരളസിംഹമായ വീര പഴശ്ശിയെ വീഴ്ത്തുന്നതിനുള്ള തന്ത്രങ്ങളെല്ലാം പഠിപ്പിച്ചും വയനാടന്‍ കാടുകളില്‍ നുഴഞ്ഞുകയറി ടിപ്പുവിനെതിരെ പടയൊരുക്കി പിന്നീട് കീഴടക്കിയും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പട നയിച്ച് വാട്ടര്‍ലൂവിലെത്തി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ മുട്ടുകുത്തിച്ച് ലോകൈകവീരനായ വെല്ലിങ്ടണ്‍ പ്രഭുവായിമാറിയ ആര്‍തര്‍ വെല്ലസ്ലി പ്രഭുവിന്റെ ഡബ്ലിനിലെ ജന്മ ഗൃഹത്തിന്(ഇപ്പോഴത്തെ മെറിയോണ്‍ ഹോട്ടല്‍) നേര്‍ എതിര്‍വശമുള്ള ഐറിഷ് പാര്‍ലിമെന്റിലേയ്ക്ക് ലിയോ വരദ്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍ നടന്നടുക്കുന്നത് ചരിത്രത്തിന്റെ വിചിത്രമായ ഒരു തിരിച്ചടിയുമാവാം.നിയോഗങ്ങളെ പൂര്‍ത്തിയാക്കാതെ നിയതിയ്ക്ക് മാര്‍ഗ്ഗമില്ലലോ?

റെജി സി ജേക്കബ്

Scroll To Top